•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ലോകം ആണവയുദ്ധഭീഷണിയില്‍?

രാഴ്ചകൊണ്ട് അവസാനിപ്പിക്കാമെന്നു കരുതി റഷ്യ തുടങ്ങിവച്ച യുക്രെയ്ന്‍ യുദ്ധം  ഈ മാസം 24-ാം തീയതി പതിനൊന്നു മാസം പിന്നിടുകയാണ്. യുക്രെയ്‌നെ കൈയയച്ചു സഹായിക്കുന്ന പാശ്ചാത്യശക്തികള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ ആണവായുധങ്ങളുള്‍പ്പെടെയുള്ളവ തങ്ങളുടെ കൈവശം സജ്ജമാണെന്നും തക്കസമയത്ത് അവ പ്രയോഗിക്കാന്‍ മടിക്കില്ലെന്നുമുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഭീഷണിയാണ് യുക്രെയ്ന്‍ സംഘര്‍ഷം ഒരു ആണവയുദ്ധത്തിലേക്കു നീങ്ങുമോയെന്ന ഭയത്തിന്റെ അടിസ്ഥാനം.
ഈ പ്രശ്‌നത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പുടിന്‍ പറഞ്ഞത്  ''ഞാന്‍ ഒരു ഭ്രാന്തനായി മാറിയിട്ടില്ല'' എന്നായിരുന്നു. ആണവായുധങ്ങള്‍ ശത്രുരാജ്യത്തെ ഭയപ്പെടുത്തി നിറുത്താനുള്ള ഒരു പ്രതിരോധമാര്‍ഗമാണെന്നും, എന്നാല്‍, ഗത്യന്തരമില്ലാതെ വരുന്നപക്ഷം അവ പ്രയോഗിക്കാന്‍ മടിക്കില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
''ഞങ്ങളുടെ മാതൃരാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ആ ലക്ഷ്യം നേടാന്‍ ഏതറ്റം വരെയും പോകും, ആണവായുധങ്ങള്‍ പ്രയോഗിക്കേണ്ടിവന്നാല്‍പ്പോലും. മറ്റെല്ലാ രാജ്യങ്ങള്‍ക്കും ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട അണുവായുധങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്'' - പുടിന്‍  വെളിപ്പെടുത്തി.
റഷ്യന്‍പ്രസിഡന്റിന്റെ ഭീഷണിയോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം  ഇപ്രകാരമായിരുന്നു: ''യുക്രെയ്‌നില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുന്ന  പക്ഷം വലിയ അബദ്ധങ്ങളിലേക്കാകും റഷ്യ ചെന്നെത്തുക. അത്തരം കടുത്ത നടപടികള്‍ സ്വീകരിച്ചാല്‍ റഷ്യയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പു തരുകയാണ്.''
റഷ്യയും അമേരിക്കയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന അവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്ന് രണ്ടു നേതാക്കളുടെയും പ്രസ്താവനകളില്‍നിന്നു വ്യക്തമാകും. രണ്ടു വന്‍ശക്തി രാഷ്ട്രങ്ങളും നേരിട്ടേറ്റുമുട്ടുമായിരുന്ന 1962 ലെ ക്യൂബന്‍ പ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും സങ്കീര്‍ണമായ അവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. മൂന്നാം ലോകമഹായുദ്ധത്തിലേക്കു വീഴുമെന്ന് ലോകം ഭയപ്പെട്ട അന്നത്തെ പ്രതിസന്ധി തലനാരിഴയ്ക്കാണ് ഒഴിവായത്. ഇപ്പോഴാകട്ടെ, ഓരോ ദിവസത്തെയും സംഭവവികാസങ്ങള്‍ ചുരുളഴിയുമ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്ന സ്ഥിതിയാണുള്ളത്.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഇക്കഴിഞ്ഞ മാസം 22-ാം തീയതി നടത്തിയ സാഹസികമായ യു എസ് സന്ദര്‍ശനത്തിനു പിന്നാലെ പേട്രിയറ്റ് മിസൈല്‍ സംവിധാനം നല്കി സഹായിക്കാമെന്ന ജോ ബൈഡന്റെ വാഗ്ദാനം യുക്രെയ്ന്‍ സംഘര്‍ഷം ഒരു പുതിയ ഘട്ടത്തിലേക്കു കടക്കുകയാണെന്ന സൂചനയാണു നല്കുന്നത്. ശത്രുസൈന്യത്തിന്റെ മിസൈലുകളെ വളരെ അകലെനിന്നുതന്നെ തിരിച്ചറിഞ്ഞു നശിപ്പിക്കുന്ന ഈ സംവിധാനത്തിന് 40 ലക്ഷം ഡോളര്‍ വില വരും (ഏകദേശം 3,200 കോടി രൂപ). യു എസില്‍നിന്ന് ജര്‍മനിയിലുള്ള നാറ്റോയുടെ വ്യോമതാവളത്തിലെക്കുന്ന പേട്രിയറ്റ് മിസൈലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് യുക്രെയ്ന്‍ സൈനികര്‍ക്ക് പ്രത്യേകപരിശീലനം നല്കും. സൈനികരുടെ പരിശീലനത്തിനുശേഷമാകും പേട്രിയറ്റ് മിസൈലിനെ യുക്രെയ്‌നിലെ തന്ത്രപ്രധാനസ്ഥാനത്ത് വിന്യസിക്കുക. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 24-ന് യുദ്ധം തുടങ്ങിയശേഷം ഇതുവരെ സാമ്പത്തികവും സൈനികവുമായി 2,200 കോടി ഡോളറിന്റെ സഹായം അമേരിക്കയില്‍നിന്നു യുക്രെയ്‌നു നല്കിക്കഴിഞ്ഞതായി പെന്റഗണ്‍ റിപ്പോര്‍ട്ടു ചെയ്തു (ഏകദേശം 1,76,000 കോടി രൂപ).
റഷ്യ കൈവശപ്പെടുത്തിയ ഡോണെറ്റ്‌സ്‌ക് മേഖലയില്‍ തമ്പടിച്ചിരുന്ന റഷ്യന്‍ സൈനികരില്‍ 89 പേരെ ഇക്കഴിഞ്ഞ പുതുവര്‍ഷദിനത്തില്‍ യുക്രെയ്ന്‍ സൈനികര്‍ മിസൈലാക്രമണത്തില്‍ കൊലപ്പെടുത്തിയത് പുതിയ സംഭവവികാസമാണ്. യുക്രെയ്‌നിലെ വിവിധ മേഖലകളിലായി നടന്ന ഏറ്റുമുട്ടലുകളില്‍ അന്നേദിവസത്തെ റഷ്യന്‍ സൈനികരുടെ ആകെ മരണസംഖ്യ 800 തികഞ്ഞുവെന്നും യുക്രെയ്ന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഈ കൂട്ടക്കൊലയുടെ പ്രതികാരമെന്നോണം ഈ മാസം 8-ാം തീയതി നടത്തിയ ശക്തമായ പ്രത്യാക്രമണത്തില്‍ അറുന്നൂറിലേറെ യുക്രെയ്ന്‍ സൈനികരെ വധിച്ചതായി റഷ്യയും അവകാശപ്പെട്ടു. രണ്ടു രാജ്യങ്ങളിലെയും ഓര്‍ത്തഡോക്‌സ് സഭ ക്രിസ്മസ് ആചരിച്ച ഈ മാസം ഏഴാം തീയതി റഷ്യ ഏകപക്ഷീയമായി പ്രഖ്യാപിച്ച 36 മണിക്കൂര്‍ വെടിനിറുത്തലിനുശേഷമായിരുന്നു ഈ തിരിച്ചടി. 1,300 ഓളം യുക്രെയ്ന്‍ സൈനികര്‍ താമസിച്ചിരുന്ന ക്രാമറ്റോര്‍സ്‌ക് നഗരത്തിലെ കോളജ് ഹോസ്റ്റലിനു നേരേ നടത്തിയ മിസൈലാക്രമണത്തിലാണ് ഇത്രയേറെ സൈനികര്‍ വധിക്കപ്പെട്ടത്. എന്നാല്‍, ആ വാര്‍ത്ത റഷ്യന്‍ സൈനികനേതൃത്വം മനഃപൂര്‍വം മെനഞ്ഞെടുത്ത നുണക്കഥയാണെന്ന് ക്രാമറ്റോര്‍സ്‌ക് മേയര്‍ പറയുന്നു. മിസൈലുകള്‍ പതിച്ച കോളജിന്റെ രണ്ടു കോമ്പൗണ്ടുകളില്‍ ആഴമേറിയ രണ്ടു ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും സൈനികരുടെ മൃതശരീരങ്ങളൊന്നും ദൃശ്യമായിരുന്നില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. ഏഴാം തീയതി മധ്യാഹ്നംമുതല്‍ എട്ടാം തീയതി അര്‍ദ്ധരാത്രിവരെയുള്ള റഷ്യയുടെ വെടിനിറുത്തല്‍ പ്രഖ്യാപനം വെറും കാപട്യമായിരുന്നുവെന്ന് വിശേഷിപ്പിച്ച യുക്രെയ്ന്‍ ഭരണകൂടം റഷ്യയുടെ  നടപടിയോട് സഹകരിക്കാതെ യുദ്ധം തുടരുകയായിരുന്നു. കഴിഞ്ഞവര്‍ഷം യുദ്ധം ആരംഭിച്ചശേഷമുള്ള ആദ്യവെടിനിറുത്തല്‍ പ്രഖ്യാപനമായിരുന്നു ഇതെന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റു മുതല്‍ നേരിടുന്ന തിരിച്ചടികളില്‍നിന്നും  പാഠമുള്‍ക്കൊണ്ട് യുദ്ധം എങ്ങനെയും അവസാനിപ്പിക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നുവെന്ന സൂചനയായി വെടിനിറുത്തലിനെ കാണുന്നവരുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ലക്ഷ്യത്തിനുമപ്പുറം, തുടര്‍ച്ചയായ തോല്‍വികളും കനത്ത ആള്‍നാശവുമാണ് വെടിനിര്‍ത്തലിനു പുടിന് പ്രേരണ നല്‍കിയതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തിയത്.
നാറ്റോ  അംഗരാജ്യങ്ങളായ യു എസ്, യു കെ, ജര്‍മനി, ഫ്രാന്‍സ് എന്നിവ ഇതുവരെ നല്കിയ സഹായങ്ങള്‍ക്കുപുറമേ കൂടുതല്‍ കവചിതവാഹനങ്ങളും മിസൈലുകളുള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങളും യുക്രെയ്‌നിലെത്തിക്കാന്‍ ഒരുങ്ങുന്നു വെന്ന വാര്‍ത്തയും  ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇറാനില്‍നിന്നും റഷ്യയ്ക്കു നല്‍കിവരുന്ന ഡ്രോണുകള്‍ യുക്രെയ്ന്‍ നഗരങ്ങളുടെ മുകളിലെത്തിച്ച് വിസ്‌ഫോടനം നടത്തുന്ന പുതിയ ആക്രമണരീതി തടയാന്‍ ആധുനികയുദ്ധോപകരണങ്ങള്‍ക്കും പേട്രിയറ്റ് മിസൈലിനും കഴിയും.
ഇതിനിടെ, റഷ്യയുടെയും ചൈനയുടെയും സേനാവ്യൂഹങ്ങള്‍ ജപ്പാന്‍ കടലിലും പടിഞ്ഞാറന്‍ പസഫിക്കലിലുമായി സംയുക്തസൈനികാഭ്യാസങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തകളും വരുന്നുണ്ട്. ചൈനയുടെ 2,000 കാലാള്‍പ്പടയും 300 സൈനികവാഹനങ്ങളും 21 യുദ്ധവിമാനങ്ങളും മൂന്നു യുദ്ധക്കപ്പലുകളുമാണ് റഷ്യയുമായുള്ള സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. പസഫിക് മേഖലയിലെ അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനികസാന്നിധ്യത്തെ ചെറുക്കാന്‍ രണ്ടു രാജ്യങ്ങളുടെയും സൈന്യത്തെ സജ്ജമാക്കി നിറുത്തുകയാണ് ലക്ഷ്യം. 
2023 അവസാനിക്കുമ്പോഴേക്കും ആണവമേഖലയില്‍ ഇപ്പോഴുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും പുതിയവ നിര്‍മിക്കാനുമുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തിയതായി റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ജി  ഷോയ്ഗു വെളിപ്പെടുത്തിയത് അടുത്ത നാളുകളിലാണ്. 6,257 അണുബോംബുകള്‍ സ്വരുക്കൂട്ടി വച്ച ഒരു രാജ്യമാണ് റഷ്യ. യുഎസിന്റെ കൈവശം 5,550 ഉം ചൈനയില്‍ 350 ഉം അണുബോംബുകളുണ്ട്. ഇന്ത്യയും ഒരു ആണവരാജ്യം തന്നെ, അണുബോംബുകളുടെ എണ്ണം 156.
അമേരിക്കന്‍ ഭൂഖണ്ഡത്തിലെത്താന്‍ കെല്പുള്ള ആണവമിസൈലുകളുടെ നിര്‍മാണം ഉത്തരകൊറിയയില്‍ പുരോഗമിച്ചുവരുന്നു. പ്രവര്‍ത്തനസജ്ജമായ 50 അണുബോംബുകള്‍ അവരുടെ കൈവശമുള്ളതും അപായസൂചനയാണ്.
ഒരു 'ചീത്ത ബോംബ്' യുക്രെയ്‌നില്‍ പ്രയോഗിക്കാന്‍ റഷ്യ ഒരുക്കങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തയും ഇടയ്ക്കു പ്രചരിച്ചിരുന്നു. ആണവാവശിഷ്ടങ്ങള്‍ വായുവില്‍ വിതറി അണുപ്രസരണത്തിലൂടെ മനുഷ്യരെ സാവകാശം കൊന്നൊടുക്കാന്‍ കെല്പുള്ള ഇത്തരം 'ചീത്ത ബോംബുകള്‍' യുക്രെയ്‌ന്റെ കൈവശമുണ്ടെന്ന് റഷ്യ ആരോപിച്ചു. യുദ്ധമേഖലയിലെ ഏതെങ്കിലുമൊരു നഗരത്തില്‍ ബോംബു വര്‍ഷിക്കുകയും കുറ്റം യുക്രെയ്‌നുനേരെ ചുമത്തുകയും  ചെയ്യുകയാണ് ഈ ആരോപണത്തിനു പിന്നിലെ ലക്ഷ്യമെന്ന് നിരീക്ഷിക്കുന്നവരുണ്ട്.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കുമുമ്പ് രൂപംകൊടുത്ത ശാക്തികചേരികള്‍ക്കു സമാനമായി ലോകത്തെ പ്രബലരാജ്യങ്ങള്‍ ചേരി തിരിഞ്ഞ് യുദ്ധസജ്ജരായി നില്ക്കുന്നത് ഒരു വലിയ യുദ്ധത്തിനുള്ള പടപ്പുറപ്പാണെന്നു വ്യാഖ്യാനമുണ്ട്. റഷ്യയും ചൈനയും ഇറാനും ഉത്തരകൊറിയയും അവരോടു ചേര്‍ന്നുനില്ക്കുന്ന ചെറിയ രാജ്യങ്ങളും ഒരുവശത്തും, യു എസും യു കെയും ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും, ജപ്പാനും ഓസ്‌ട്രേലിയയും മറുവശത്തുമായി എല്ലാം നശിപ്പിക്കുന്ന ഒരു ആണവയുദ്ധത്തിലേക്ക് യുക്രെയ്‌നിലെ സംഘര്‍ഷം വഴിമാറാന്‍ ഇനി അധികകാലമില്ല. 2026 ല്‍ തുടങ്ങി 27 വര്‍ഷം നീണ്ടുനില്ക്കുന്ന മൂന്നാംലോകമഹായുദ്ധം 2053 ല്‍ അവസാനിക്കുമ്പോള്‍ ഭൂമിയില്‍ ഒന്നും അവശേഷിക്കാനുണ്ടാവില്ല എന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)