കഞ്ഞിയും പയറും എന്നതില്‍നിന്ന് കപ്പയും മീന്‍കറിയും എന്നതിലേക്കുമുള്ള മാറ്റം സാവധാനത്തിലായിരുന്നു. പിന്നെ അത് കപ്പ ബിരിയാണിയായി മാറി. അതിനുശേഷം ചിക്കന്‍ബിരിയാണി, പൊറോട്ട, ബീഫ് എന്നിവയൊക്കെ മലയാളിയുടെ ഇഷ്ടഭക്ഷണമായി. യുവാക്കള്‍ ഐ.റ്റി. മേഖലയില്‍ ജോലിയെടുത്തു തുടങ്ങിയതോടെ ഉച്ചയൂണിന് അരമണിക്കൂര്‍ കളയാനില്ലായെന്ന കാരണം പറഞ്ഞു ബര്‍ഗറും കോളയുമായി അടുപ്പം കാണിച്ചു. പിന്നാലെ ഷവര്‍മയും കുഴിമന്തിയും അല്‍ഫാമും അടങ്ങിയ അറബിക്ഭക്ഷണത്തിലേക്കു മലയാളി എടുത്തുചാടി. ഇതോടെ ഭക്ഷണം കഴിച്ചവര്‍ ആശുപത്രിയിലാകുന്നതും മരണപ്പെടുന്നതും വാര്‍ത്തയായി.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യവസ്തുക്കള്‍ക്കു ദാരിദ്ര്യം അനുഭവപ്പെട്ടപ്പോള്‍ അല്പം ചോറും അതിലേറെ കഞ്ഞിവെള്ളവും അതിനു കൂട്ടാനായി ഉപ്പുമാങ്ങ കാന്താരിമുളകു ചേര്‍ത്തു ചതച്ചതും ആര്‍ഭാടഭക്ഷണമായിരുന്നു നമ്മുടെ മാതാപിതാക്കള്‍ക്ക്. പഴങ്കഞ്ഞി കുടിച്ച് ആരും മരിച്ചതായി വായിക്കാന്‍ ഇടയായിട്ടില്ല. കപ്പബിരിയാണി കഴിച്ച് ആശുപത്രിയില്‍ എത്തിയവരെക്കുറിച്ചും കേട്ടിട്ടില്ല. എന്നാല്‍, അറേബ്യന്‍വിഭവങ്ങളായ ഷവര്‍മ, കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണരീതികളിലേക്കു മലയാളി മാറിത്തുടങ്ങിയതോടെ മരണവും മരണത്തിനു കാരണമാകുന്ന കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും അടിമപ്പെടുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇത്തരം ഭക്ഷണം പാകം ചെയ്യാന്‍ പരിശീലനം ലഭിച്ചവരല്ല ഇവ ഉണ്ടാക്കുന്നത്. ഡിമാന്റു കൂടുന്നതോടെ വിദഗ്ധജോലിക്കാരെ കിട്ടാത്ത സാഹചര്യത്തില്‍ വടക്കേയിന്ത്യയില്‍നിന്നു തൊഴില്‍തേടിയെത്തുന്നവരെ അടുക്കളയില്‍ നിയമിക്കും. തൊഴിലാളികളുടെ ശുചിത്വക്കുറവും വൃത്തിഹീനമായ അടുക്കളയും അണുബാധ ക്ഷണിച്ചുവരുത്തുന്നു. റെസ്റ്റോറന്റില്‍ ആളുകള്‍ ക്യൂവായിത്തുടങ്ങിയാല്‍ നന്നായി വേവിക്കേണ്ട മാംസാഹാരം പകുതിവേവാകുമ്പോള്‍ വിളമ്പിക്കൊടുക്കും. പലപ്പോഴും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരുടെ പിന്നില്‍ ആളുകള്‍ അടുത്ത അവസരത്തിനായി ക്യൂ നില്‍ക്കുമ്പോള്‍ കഴിച്ചുപൂര്‍ത്തിയാകാത്ത ഭക്ഷണം പായ്ക്കുചെയ്യാന്‍ ആവശ്യപ്പെടുന്നതും സാധാരണമാണ്. ഇതു പിറ്റേന്നു കഴിക്കുന്നതും അപകടകരമാണ്.
മുട്ടയും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കുന്ന മയോണൈസിന്റെ ആയുസ്സ് രണ്ടു മണിക്കൂറാണ്. ഈ സമയത്തിനുമുമ്പായി ഇത് ഫ്രിഡ്ജില്‍ വച്ചില്ലെങ്കില്‍ വളരെ അപകടകാരിയായിമാറും. പലപ്പോഴും രാവിലെ ഉണ്ടാക്കുന്ന മയോണൈസ് തണുത്ത പ്രതലത്തില്‍ വയ്ക്കാതെ വൈകിട്ടു വിളമ്പുന്നുണ്ടാവും.
ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളുടെ ഗുണനിലവാരവും കമ്മിയാണ്. കേടായ ഭക്ഷണസാധനങ്ങള്‍ ചില കെമിക്കലുകളും തക്കാളിസോസും ചേര്‍ത്ത് സുഗന്ധവ്യഞ്ജനങ്ങളുടെ അകമ്പടിയോടെ രുചിയും മണവും ഉണ്ടാക്കി വില്ക്കാനാണ് അടുത്തശ്രമം. ഭക്ഷണശാലകളില്‍ ഇത്തരത്തില്‍ ഉണ്ടാക്കിവച്ചിരിക്കുന്ന ഉത്പന്നങ്ങള്‍ ഇടയ്ക്കിടയ്ക്കു പരിശോധിച്ചാല്‍ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ കഴിയും. ഇത്തരം പരിശോധനകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുകയും ആ സ്ഥാപനങ്ങളുടെ പേരുള്‍പ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്താല്‍ അത്തരം സ്ഥാപനങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ക്കു കഴിയും. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുമുണ്ട്. ഭക്ഷണപദാര്‍ഥങ്ങളില്‍ മായം ചേര്‍ത്താലോ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരണപ്പെട്ടാലോ ഭക്ഷണം ഉണ്ടാക്കിയവര്‍ക്കും വിതരണം ചെയ്തവര്‍ക്കും ഏഴു വര്‍ഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, ഭക്ഷണപദാര്‍ഥങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ച് തെളിവുകളോടെ ബന്ധപ്പെട്ട കോടതിമുമ്പാകെ എത്തിക്കാന്‍ നമ്മുടെ ഭക്ഷ്യസുരക്ഷാവകുപ്പിനു കഴിയുന്നില്ല. ഇതിന് ഇവര്‍ പറയുന്ന കാരണങ്ങള്‍ അടിസ്ഥാനസൗകര്യങ്ങളും ആവശ്യത്തിനു ജീവനക്കാരുമില്ലാെയന്നതാണ്.
ഇപ്പോള്‍ പ്രധാനമായും പരിശോധന നടക്കുന്നത് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമുള്ള മൂന്നു റീജിയണല്‍ ലാബുകളിലാണ്. ഈ ലാബുകള്‍ ആധുനികവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2021-22 വര്‍ഷങ്ങളിലായി ആറുകോടി രൂപ അനുവദിച്ചത് വകമാറ്റി ചെലവഴിച്ചെന്നാണ് ആക്ഷേപം. ഭക്ഷണപദാര്‍ഥങ്ങളിലെ ബാക്ടീരിയ ഉള്‍പ്പെടെയുള്ള സുക്ഷ്മാണുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനു മൈക്രോബയോളജി അടിസ്ഥാനമാക്കിയുള്ള ആധുനികപരിശോധന നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ കുറ്റവാളികള്‍ രക്ഷപ്പെടില്ല.
പതിന്നാല് ജില്ലാ നോഡല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ കീഴില്‍ 140 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരാണ് നിലവില്‍ കര്‍മരംഗത്തുള്ളത്. ജില്ലാതലത്തില്‍ പത്തനംതിട്ടയിലും കണ്ണൂരുമാണ് പരിശോധനാലാബുകള്‍ ഉള്ളത്. പതിന്നാലു ജില്ലകളിലും മൊബൈല്‍ ലാബുകള്‍ ഉണ്ടെങ്കിലും ഇവിടെ ശാസ്ത്രീയമായ പരിശോധനയ്ക്കുള്ള സംവിധാനം ഇല്ല.
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജാശുപത്രി നഴ്‌സ് രശ്മി രാജ്, പാര്‍ക്ക് മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങിയതിന്റെ തെളിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. നമ്മളൊക്കെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം വെയ്റ്റര്‍ കൊണ്ടുവരുന്ന ബില്ലും പണവുംകൂടി വെയ്റ്ററെ ഏല്പിക്കുകയാണു ചെയ്യുന്നത്. വെയ്റ്റര്‍ ഈ പണം ക്യാഷ് കൗണ്ടറില്‍ എത്തിച്ചുകഴിയുമ്പോള്‍ ബില്ലു വാങ്ങി കൗണ്ടറിലിരിക്കുന്ന ആണിയില്‍ തൂക്കുന്നു. എന്നാല്‍, ഈ ബില്ല് ഭക്ഷണം കഴിച്ചവര്‍ തിരിച്ചു വാങ്ങിയിരിക്കണം. മറ്റേതൊരു ബിസിനസ് സ്ഥാപനത്തിലാണെങ്കിലും ഉടമ ബില്ല് തിരിച്ചുവാങ്ങാറില്ല. ബില്ല് പണം മുടക്കിയവനുള്ളതാണ്. ഭക്ഷണം കഴിച്ചത് ഏതു ഹോട്ടലിലാണെന്നുള്ളതിന് ഏകതെളിവ് ഈ ബില്ലു മാത്രമാണ്. ശാരീരികാസ്വാസ്ഥ്യം ഇല്ലെന്നു ബോധ്യമായി രണ്ടു ദിവസം കഴിയുമ്പോള്‍ ബില്ലു നശിപ്പിച്ചുകളഞ്ഞാലും പ്രശ്‌നമില്ല.
ഒരാള്‍ മരണപ്പെടുമ്പോള്‍ മാത്രമാണ് ഏതുവിഷയത്തിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ഉല്ലാസയാത്രയ്ക്കിടയില്‍ ബോട്ടില്‍നിന്ന് ഒരാള്‍ വീണു മരിച്ചാല്‍ ഉടന്‍ അന്വേഷണമായി. എല്ലാ ബോട്ടിലും ലൈഫ് ജാക്കറ്റ് ഉണ്ടാവണമെന്ന് ഉത്തരവിടുകയും ചെയ്യും. പിഴക് ബസപകടം നടന്ന ഉടനെ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പെട്ടെന്നു പുറത്തിറങ്ങാന്‍ കഴിയാതെവന്നപ്പോള്‍ എല്ലാ ബസുകളുടെയും പിറകിലും വലതുവശത്തും എമര്‍ജന്‍സി ഡോര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ഏറ്റവും ഒടുവില്‍ വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തെത്തുടര്‍ന്ന് ടൂറിസ്റ്റ് ബസുകളുടെ കളര്‍ വെളുത്തതാണെങ്കില്‍ അപകടം ഉണ്ടാവില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏതു മേഖലയിലും ഒരു മരണം ഉണ്ടായിക്കഴിയുമ്പോള്‍ അതുമായി ബന്ധപ്പെട്ട ചില ഉത്തരവുകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, അവ കൃത്യമായി നടപ്പാക്കുന്നില്ലാത്തതാണ് കേരളം നേരിടുന്ന പ്രശ്‌നം. ഏതു നിയമവും അട്ടിമറിക്കാന്‍ ബന്ധപ്പെട്ടവര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നതിന്റെ ഒരുദാഹരണം കുറിക്കട്ടെ: അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലെത്തുന്ന മത്സ്യം മായം കലര്‍ന്നതാണെന്ന ആക്ഷേപം വര്‍ദ്ധിച്ചുവന്നപ്പോള്‍ പരിശോധനകള്‍ നടന്നു. സര്‍ക്കാര്‍തലത്തിലുള്ള പരിശോധനാഫലം വൈകുന്നത് പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ഇടയാക്കാറുണ്ട്. 2015-16 കാലഘട്ടത്തില്‍ കേരളത്തിലെത്തുന്ന മത്സ്യത്തില്‍ വ്യാപകമായി ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ വിഷരാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മീന്‍ വാങ്ങാന്‍ മാര്‍ക്കറ്റിലെത്തുന്ന ഏതൊരാള്‍ക്കും വളരെ എളുപ്പത്തിലും ചെലവു കുറഞ്ഞ രീതിയിലും മീനിലെ മായം കണ്ടെത്താനുള്ള സ്ട്രിപ്പ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഷിഷറീസ് ടെക്‌നോളജിയിലെ ശാസ്ത്രജന്മാര്‍ 2017 ല്‍ കണ്ടുപിടിച്ചു. ഒരു തുള്ളി ലായനി സ്ട്രിപ്പില്‍ ഒഴിച്ച് മീനിന്റെ പുറത്തുവച്ചാല്‍ ഉണ്ടാകുന്ന നിറംമാറ്റത്തിലൂടെ മായം കലര്‍ന്ന മീനാണോ എന്നു കണ്ടെത്താന്‍ കഴിയുമെന്നും ഇതിന് അഞ്ചു രൂപയുടെ മാത്രം ചെലവേ ഉണ്ടാകുകയുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ സ്ട്രിപ്പ് ആവശ്യാനുസരണം കേരളത്തിലെ എല്ലാ മത്സ്യമാര്‍ക്കറ്റിലും എത്തിക്കുമെന്നു പറഞ്ഞെങ്കിലും നടപടിയായില്ല.
നിയമനിര്‍മാണം നടത്തിയതുകൊണ്ടുമാത്രം കാര്യമായില്ല. അതു നടപ്പാക്കിയാലേ നിയമത്തിന്റെ ഗുണം ജനങ്ങളിലേക്ക് എത്തുകയുള്ളൂ. ഏതു നിയമവും അട്ടിമറിക്കാന്‍ ബന്ധപ്പെട്ടവര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കും. ചെലവു കുറഞ്ഞതും സങ്കീര്‍ണതകളില്ലാത്തതുമായ പരിശോധാരീതികള്‍ കണ്ടുപിടിച്ചതുകൊണ്ടുമാത്രം അതിന്റെ ഗുണം ജനങ്ങള്‍ക്കു കിട്ടില്ല. അതു വേണ്ടവിധത്തില്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി അധികാരികള്‍ക്കുണ്ടാവണം. ഇങ്ങനെയുള്ള പരിശോധനയുടെ അടിസ്ഥാനത്തില്‍ ആരാണു പ്രതികളാകേണ്ടതെന്നാണ് അടുത്ത ചോദ്യം. ഹോട്ടലുടമ പ്രതിയാകുന്നതാണ് സാധാരണ കണ്ടുവരുന്നത്. അവര്‍ക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. എന്റെ അഭിപ്രായത്തില്‍ ഹോട്ടലുടമകളെപ്പോലെതന്നെ ഉത്തരവാദിത്വം ഭക്ഷണം ഉണ്ടാക്കുന്ന പാചകക്കാര്‍ക്കുമുണ്ട്. അവര്‍ തങ്ങളുടെ പേരും പ്രശസ്തിയും നിലനിറുത്താനും തങ്ങള്‍ കാരണമാണ് ഹോട്ടലുകളില്‍ കസ്റ്റമേഴ്‌സ് കൂടുതലുണ്ടാവുന്നതെന്നു സ്ഥാപിക്കാനും കൂടുതല്‍ രുചിയും മണവും ലഭിക്കുന്നതിനുള്ള കൃത്രിമ ചേരുവകള്‍ ചേര്‍ക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്.
ഹോട്ടലുകളില്‍ നടത്തുന്ന ഭക്ഷ്യസുരക്ഷാപരിശോധന വെറുമൊരു പ്രഹസനം മാത്രമാണെന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം. പരിശോധനയ്ക്കുവരുന്ന ഉദ്യോസ്ഥര്‍ യൂണിഫോം ധരിക്കണമെന്നു നിയമമുണ്ട്. ഈ നിയമം പരിശോധനാസമയങ്ങളില്‍ പാലിച്ചുകാണാറില്ല. പരിശോധനയുടെ പേരില്‍ സ്ഥാപനങ്ങളില്‍നിന്ന് ബ്രാന്‍ഡ് കമ്പനികളുടെ സാധനങ്ങള്‍ മാത്രം ശേഖരിച്ചുകൊണ്ടുപോകുന്നുവെന്നും പരാതികളുണ്ട്.
പാകം ചെയ്ത ഭക്ഷണം പരിശോധിക്കുന്നതോടൊപ്പംതന്നെ ഉണ്ടാക്കാന്‍ വാങ്ങിവച്ചിരിക്കുന്ന സാധനങ്ങളും നിലവാരമുള്ളതാണോ എന്നു പരിശോധിക്കണം. ഉദാഹരണത്തിന്, പലപ്രാവശ്യം ഉപയോഗിച്ചു മാറ്റിവച്ചിരിക്കുന്ന കറുത്തനിറമുള്ള എണ്ണയാണോ വീണ്ടും വീണ്ടും പാചകത്തിന് ഉപയോഗിക്കുന്നതെന്നു പരിശോധിക്കണം. അങ്ങനെ കാണപ്പെടുന്ന ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും എതിരെ നടപടികള്‍ എടുക്കേണ്ടതുമാണ്.
ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ടകാര്യം പരസ്യങ്ങളില്‍ ആകൃഷ്ടരായി അവയ്ക്കു പിന്നാലെ പോകരുതെന്നതാണ്. പലവിധ പരസ്യങ്ങളുടെ സ്വാധീനത്തില്‍പ്പെട്ടു കബളിപ്പിക്കപ്പെടുന്നവര്‍ അനവധിയാണ്. സുപ്രീംകോടതിയില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഒരു കേസ് വന്നപ്പോള്‍ കേന്ദ്രഗവണ്‍മെന്റിനോട് ഒരു കൗണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടു. ഈ അഫിഡവിറ്റില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്, ഇന്ത്യയില്‍ വിതരണം ചെയ്യുന്ന പാലില്‍ സിന്തറ്റിക് സാധനങ്ങള്‍ ചേര്‍ക്കുന്നതിനു പുറമേ, സോപ്പുപൊടി, എണ്ണ, കാസ്റ്റിക് സോഡ, വെളുത്ത പെയിന്റ് തുടങ്ങിയ പലതും ചേര്‍ക്കുന്നുണ്ടെന്നാണ്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന പാല്‍, ഫുഡ് ആന്റ് സേഫ്റ്റി നിയമപ്രകാരം 68 ശതമാനംപോലും സുരക്ഷിതമല്ലെന്നു തെളിഞ്ഞു.
യാതൊരു തത്ത്വദീക്ഷയുമില്ലാതെ ലാഭത്തിനുവേണ്ടിമാത്രം പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരെ പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നുകാണിക്കേണ്ടതാണ്. ഇത്തരം വാര്‍ത്തകള്‍ വന്നതിന്റെ വെളിച്ചത്തില്‍ പല സ്ഥാപനങ്ങളും പേരുമാറ്റി 'വീട്ടില്‍ ഊണ്, ഹോംലി ഫുഡ്' തുടങ്ങിയ പുതിയപേരുകളില്‍ കളം മാറിച്ചവിട്ടുന്നു.
ഹോട്ടലുകള്‍ കൊലയാളികളായി മാറുന്നുണ്ടോ എന്ന ചിന്ത മലയാളികളില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. പല സാഹചര്യങ്ങള്‍കൊണ്ടും ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കേണ്ടിവരുന്ന ആളുകള്‍ക്കു നല്ല ഭക്ഷണം കൊടുത്താല്‍ പൊതുജനാരോഗ്യം തകരാറിലാകാതിരിക്കുകയും ഹോട്ടലുകളുമായി ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ക്കു ജീവസന്ധാരണത്തിനാവശ്യമായ വരുമാനം കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും.