•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കഥ

മരിച്ചാലും ജീവിക്കുന്നവര്‍

  • ജിന്‍സി റോഷിന്‍
  • 12 January , 2023

കുര്‍ബാന കഴിഞ്ഞ് റോഷന്‍ പള്ളിയില്‍നിന്നിറങ്ങി നേരേ പോയത് സെമിത്തേരിയിലേക്കാണ്.  കല്ലറകള്‍ക്കിടയിലൂടെ നടന്നുനീങ്ങിയ അയാള്‍ ചെന്നുനിന്നത് ഒരു പുതിയ മാര്‍ബിള്‍ കല്ലറയുടെ മുമ്പിലാണ്:
''ഐസക് ആന്റണി''
തന്റെ പ്രിയ സുഹൃത്ത്.
ഐസക്കിന്റെ ചിരിക്കുന്ന മുഖം മനസ്സിലേക്കോടിവന്നു. ഒപ്പം സ്‌നേഹം നിറഞ്ഞ ആ വിളിയും ''ഹായ്... റോഷാ...''
താന്‍ എങ്ങനെയാണ് അവന്റെ പ്രിയസുഹൃത്തായത്? വെറുമൊരു ഞായറാഴ്ചക്രിസ്ത്യാനിയായ, അധികമാരോടും സംസാരിക്കാത്ത അന്തര്‍മുഖനായ തന്നെ എങ്ങനെയാണ് അവന്‍ കൈയിലെടുത്തത്?
തന്റെ രണ്ടു വീട് അപ്പുറമുള്ള ചാക്കോച്ചേട്ടന്റെ വീട് വാങ്ങിയതാണ് അവര്‍. ഐസക്കിന്റെ കുടുംബത്തിന് ഗള്‍ഫിലായിരുന്നു. അവിടത്തെ ജോലി മതിയാക്കി ഇവിടെ വന്നു വീടും സ്ഥലവും വാങ്ങിയതാണവര്‍.
താനന്ന് ക്രിസ്ത്യന്‍ കോളജില്‍ രണ്ടാം വര്‍ഷ ബിരുദത്തിനു പഠിക്കുകയാണ്. വീട്ടില്‍നിന്നു കുറച്ചകലെയാണ് ബസ്‌സ്റ്റോപ്പ്. അവിടെനിന്ന് അരമണിക്കൂര്‍ ബസ് യാത്ര.
അങ്ങനെ ഒരു ദിവസം ബസ്‌സ്റ്റോപ്പിലേക്കു നടക്കുകയാണ്. ചാക്കോച്ചേട്ടന്‍ വിറ്റ വീടിന്റെ അടുത്തെത്താറായപ്പോള്‍ ഗേറ്റിനകത്തുനിന്ന് ഒരു വിളി: 
''ഹലോ...'' ഓച്ചിറക്കണ്ണിട്ടൊന്നു നോക്കി. ഓ, പുതിയ താമസക്കാരന്‍ പയ്യനാണ്. അവന്റെ ഗള്‍ഫ് പത്രാസ് കാണിക്കാനാകും. നോക്കണ്ട, നേരേ പോകാം. ഒന്നുമറിയാത്തതുപോലെ നടന്നുനീങ്ങി.
ഈ വിളി പലദിവസം ആവര്‍ത്തിച്ചു. താന്‍ ഒരിക്കലും അതു ശ്രദ്ധിച്ചതേയിമില്ല. അങ്ങനെയൊരു ദിവസം വിളിയുടെ ട്യൂണ്‍ മാറി: ''ഹായ്... റോഷാ...''
വിളിച്ചിടത്തേക്കു നോക്കാതിരിക്കാന്‍ പറ്റിയില്ല, ഒന്നു നില്ക്കാതിരിക്കാനും. കോളജ് ബാഗും തോളിലിട്ട് അവന്‍ തന്റെയടുത്തേക്ക് ഓടിവന്നു. എന്നിട്ടു പറഞ്ഞു: ''ഞാന്‍ എത്ര ദിവസമായി വിളിക്കുന്നു, കേട്ടുകാണില്ല അല്ലേ!''
താന്‍ ഒന്നും മിണ്ടിയില്ല. അവന്‍ തുടര്‍ന്നുപറഞ്ഞു: ''റോഷാ, ഞാനും ക്രിസ്ത്യന്‍ കോളജിലാ കേട്ടോ, ഒന്നാം വര്‍ഷം ബിരുദത്തിന്. ഇനി ഞാനുമുണ്ട് കെട്ടോ കൂടെ.''
'ഇവന് വണ്ടിയൊക്കെയുണ്ടല്ലോ. അതില്‍ പൊയ്ക്കൂടേ' എന്നു താന്‍ ചിന്തിച്ചു. അതു മനസ്സിലാക്കിയിട്ടെന്നോണം അവന്‍ പറഞ്ഞു: ''എനിക്കു നടക്കുന്നതാ ഇഷ്ടം. കാഴ്ചയൊക്കെ കണ്ട്, വര്‍ത്തമാനമൊക്കെ പറഞ്ഞ്...''
അവന്‍ എല്ലാ ദിവസവും കുര്‍ബാനയ്ക്കു പോകുന്നതു കാണാമായിരുന്നു. ഒരു ദിവസം സംസാരത്തിനിടയില്‍ അവനെന്നോടു ചോദിച്ചു: ''റോഷന്‍ കുമ്പസാരിച്ചിട്ടെത്ര നാളായി?'' താന്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി. പെട്ടെന്ന് അവന്‍ പറഞ്ഞു: ''വി. കുര്‍ബാന സ്വീകരിക്കുന്നതു കാണുന്നില്ല. അതുകൊണ്ടു ചോദിച്ചതാ.''
''ഉം... കുറച്ചുനാളായി'' താന്‍ പതുക്കെ ഞരങ്ങി. അവന്‍ പിന്നൊന്നും ചോദിച്ചില്ല. ''ഒരു ദിവസം ഭരണങ്ങാനം പള്ളിയില്‍ പോയാലോ?''പറ്റില്ലെന്നു പറയാന്‍ കഴിഞ്ഞില്ല. പോകാമെന്നുതന്നെ പറഞ്ഞു. 
പിറ്റേശനിയാഴ്ച തങ്ങള്‍ ഭരണങ്ങാനത്തിനു പോയി. അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ അവന്‍ ചോദിച്ചു: ''നമുക്കൊന്നു കുമ്പസാരിക്കാന്‍ പോയാലോ?''
'അയ്യോ! ഞാന്‍ ഒരുങ്ങിയിട്ടൊന്നുമില്ല' എന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ, പറയാന്‍ കഴിഞ്ഞില്ല. അവന്‍ പറഞ്ഞു: ''നമുക്കൊരു പത്തു മിനിറ്റ് ഇവിടിരുന്ന് കുമ്പസാരത്തിനായി ഒരുങ്ങാം.'' 
അന്ന് ആദ്യമായി ഒരു നല്ല കുമ്പസാരം താന്‍ നടത്തി. ഞായറാഴ്ചക്കുര്‍ബാനയ്ക്ക് വി. കുര്‍ബാന സ്വീകരിക്കാനും തുടങ്ങി.
ഇരുപത്തഞ്ചു നോയമ്പാകാറായി. അപ്പോള്‍ അതാ അടുത്ത ആവശ്യം: ''നമുക്കു നോയമ്പിനു എല്ലാ ദിവസവും പള്ളിയില്‍ പോയാലോ?'' ഇതും നിഷേധിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അങ്ങനെ താനും അവന്റെയൊപ്പം എന്നും പള്ളിയില്‍പോകാന്‍ തുടങ്ങി.
ബസ്‌യാത്രയില്‍ സീറ്റ് കിട്ടിയാല്‍ താന്‍ ഒന്നുമറിയാത്ത മട്ടില്‍ ഉറങ്ങുന്നതായി ഭാവിക്കും. ആര്‍ക്കെങ്കിലും സീറ്റ് ഏറ്റുകൊടുക്കണമല്ലോ എന്നു കരുതി... എന്നാല്‍, ഐസക്കിന് ഇരിക്കാന്‍ സീറ്റു കിട്ടിയാല്‍ അവന്‍ ഓരോ സ്റ്റോപ്പിലും ആകാംക്ഷയോടെ നോക്കിക്കൊണ്ടിരിക്കും. അര്‍ഹര്‍ക്ക് ആര്‍ക്കെങ്കിലും കൊടുക്കേണ്ടതുണ്ടോ എന്ന്. ഇനി, അവന്‍ ബസില്‍ നില്‍ക്കുകയാണെങ്കിലോ... വയ്യാത്തവര്‍ ആരെങ്കിലും കയറിയാല്‍, അവന്‍ ആരോടെങ്കിലുമൊക്കെ  ചോദിച്ച് അവര്‍ക്ക് സീറ്റു നല്‍കും.
രോഗബാധിതനായി എന്നറിഞ്ഞ് പല തവണ താന്‍ അവനെ കാണാന്‍ പോയിരുന്നു. ഒരു സങ്കടവും അവനെ ബാധിച്ചിരുന്നില്ല. പഴയ പ്രസന്നത അവന്റെ മുഖ ത്തുണ്ടായിരുന്നു. ഇടയ്ക്കു പറയും: ''റോഷാ... ഞാനില്ലെന്നു കരുതി പള്ളീപ്പോക്കൊന്നും നിര്‍ത്തിയേക്കരുത് കേട്ടോ.''
''ഇല്ല കൂട്ടുകാരാ, നീ ഈ ലോകത്ത് ഇല്ലെങ്കിലും എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്. എന്റെ അടുത്തുണ്ട്. നീ എനിക്കു കാണിച്ചുതന്ന നല്ല മാര്‍ഗങ്ങള്‍ ഞാന്‍ ഒരിക്കലും വിട്ടുകളയില്ല. നീ മരിച്ചാലും ഈ ലോകത്ത് നീ ജീവിക്കൂടാ...'' 
കല്ലറയ്ക്കു മുമ്പില്‍ പ്രാര്‍ഥനകളര്‍പ്പിച്ചശേഷം അയാള്‍ നടന്നുനീങ്ങി.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)