കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച ''ആധ്യാത്മികജീവിതത്തിന്റെ മതബോധനം'' എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം.
മനസ്താപം
പാപികളോടു ക്ഷമിക്കാന്‍ ദയാനിധിയായ ദൈവം വലിയ ഔദാര്യം കാണിക്കുന്നു. പാപികളായി സ്വയം കണക്കാക്കാന്‍ തയ്യാറായെങ്കില്‍ മാത്രമേ പാപമോചനത്തിന് അര്‍ഹരാകൂ എന്ന വസ്തുതയാണ് കര്‍ദിനാള്‍ സറാ വിശദമാക്കുന്നത്. ഇന്നു മിക്കവരും പാപികളാണെന്നു സ്വയം സമ്മതിക്കാന്‍ വിമുഖരാണ്. അതിനുപകരം മറ്റുള്ളവരെയും സാഹചര്യങ്ങളെയും അവര്‍ പഴിക്കുന്നു. റോമന്‍ റീത്തിലെ വി. കുര്‍ബാനയിലെ അനുതാപശുശ്രൂഷയില്‍ ''സഹോദരരേ, നമ്മള്‍ പാപികളാണെന്ന് അംഗീകരിച്ചുകൊണ്ട് ദിവ്യരഹസ്യങ്ങള്‍ കൊണ്ടാടാനായി ഒരുങ്ങാം'' എന്ന പ്രാര്‍ഥനാഭാഗം ഗൗരവപൂര്‍വം കാണണമെന്ന് ഗ്രന്ഥകര്‍ത്താവ് ഓര്‍മിപ്പിക്കുന്നു.
കുറ്റബോധം മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെയും മനുഷ്യമഹത്ത്വത്തിന്റെയും അടയാളമാണ്. കാരണം, അതുവഴി അവന്‍ തന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അതു പശ്ചാത്താപത്തിലേക്കു നയിക്കുകയും ചെയ്യുന്നു. പാപംവഴി ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തിനാണ് ഉലച്ചില്‍ തട്ടുന്നത്. സങ്കീര്‍ത്തകന്‍ പറയുന്നു: ''അങ്ങേക്കെതിരായി, അങ്ങേക്കുമാത്രമെതിരായി, ഞാന്‍ പാപം ചെയ്തു. അങ്ങയുടെ മുമ്പില്‍ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു (സങ്കീ. 51:4).
അനുരഞ്ജനം
ബന്ധങ്ങള്‍ ശിഥിലമാകുമ്പോഴാണ് അനുരഞ്ജനംവഴി അതു വീണ്ടെടുക്കേണ്ടത്. മനുഷ്യന്റെ ജീവിതം സംഘര്‍ഷഭരിതമാണ്. കായേനും ആബേലുംതന്നെ പ്രഥമോദാഹരണം. ആദിമാതാപിതാക്കള്‍ സ്രഷ്ടാവായ ദൈവത്തെ ധിക്കരിച്ചുകൊണ്ട് ചെയ്ത ആദ്യപാപത്തിന്റെ ആഴവും അതിന്റെ പ്രത്യാഘാതങ്ങളും നമ്മുടെ മതബോധനത്തില്‍നിന്ന് അപ്രത്യക്ഷമായോ എന്നു കര്‍ദിനാള്‍ സറാ ചോദിക്കുന്നു.
ഈശോമിശിഹായിലൂടെ മനുഷ്യകുലത്തിനു പാപമോചനവും അനുരഞ്ജനവും നേടിത്തരാന്‍ മുന്‍കൈയെടുക്കുന്നത് ദൈവമാണ്; ദൈവം മാത്രമാണ്.
''മിശിഹാവഴി നമ്മെ തന്നോടു രഞ്ജിപ്പിക്കുകയും അനുരഞ്ജനശുശ്രൂഷ ഞങ്ങള്‍ക്ക് ഏല്പിച്ചുതരുകയും ചെയ്ത ദൈവത്താല്‍ എല്ലാം പുതുതായി ഭവിച്ചിരിക്കുന്നു. അതായത്, ദൈവം മിശിഹാവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തി (2 കൊറി. 5:18-19).
അനുരഞ്ജനം വിശുദ്ധഗ്രന്ഥത്തില്‍
പഴയനിയമത്തിലുടനീളം ലോകത്തെ ദൈവവുമായി രമ്യതപ്പെടുത്താന്‍ ദൈവത്തിനുള്ള ആഗ്രഹം പ്രകടമാണ്. പ്രവാചകന്മാര്‍ നിരന്തരം ഈ അനുരഞ്ജനത്തിന്റെ ആഹ്വാനം മുഴക്കുന്നു. ജോയേല്‍ പ്രവാചകന്‍ ദൈവത്തിന്റെ വാക്കുകളായി വിളിച്ചുപറഞ്ഞു: ''കര്‍ത്താവ് അരുള്‍ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടുംകൂടി നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍. നിങ്ങളുടെ ഹൃദയങ്ങളാണ്, വസ്ത്രങ്ങളല്ല കീറേണ്ടത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍'' (ജോയേ. 2:12). ദൈവം തന്റെ സൃഷ്ടിയായ മനുഷ്യനോടു പ്രകടിപ്പിച്ചിരുന്ന വികാരങ്ങള്‍ ഏഴു വാക്കുകളില്‍ സംഗ്രഹിക്കണമെന്ന് കര്‍ദിനാള്‍ സറാ എഴുതുന്നു: ''അവ സ്‌നേഹം, കാരുണ്യം, അനുകമ്പ, ക്ഷമ, മാനസാന്തരം, അനുരഞ്ജനം, ജീവന്‍ എന്നിവയാണ്.'' പുതിയനിയമത്തില്‍ ഈശോമിശിഹായില്‍ ഈ അനുരഞ്ജനം പൂര്‍ത്തിയാകുന്നു. ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെ ഈശോതന്നെ പിതാവുമായുള്ള ഈ അനുരഞ്ജപ്പെടലിന്റെ ചിത്രം നമ്മെ വരച്ചുകാണിക്കുന്നു.
ദൈവത്തോടു രമ്യതപ്പെടുന്നതുപോലെതന്നെ മനുഷ്യര്‍ തമ്മിലും രമ്യതപ്പെടേണ്ടതിന്റെ ആവശ്യകതയും പഴയനിയമത്തിലും പുതിയനിയമത്തിലും കണ്ടെത്താവുന്നതാണ്. പഴയനിയമത്തില്‍ പൂര്‍വയൗസേപ്പ് ഒരു കുടുംബത്തിലെ അനുരഞ്ജനത്തിന്റെ ഉദാഹരണമാണ്. സഹോദരന്മാരുടെ അസൂയയും വിദ്വേഷവുമാണ് ഇളയ സഹോദരനെ വിറ്റുകളയാന്‍ പ്രേരിപ്പിച്ചത്. അപവാദങ്ങളും ദുരാരോപണങ്ങളും അപകീര്‍ത്തിപ്പെടുത്തലും വ്യാജപ്രചാരണങ്ങളും മറ്റു പലവിധത്തിലുള്ള കുതന്ത്രങ്ങളുംവഴി ഇന്നും മറ്റുള്ളവരെ ഇല്ലായ്മ ചെയ്യുന്നതില്‍ ക്രൂരമായ ആനന്ദം കണ്ടെത്തുന്നവരുണ്ട്. അവരുടെ ഹൃദയപരിവര്‍ത്തനം അനുരഞ്ജനത്തിന് എത്രമാത്രം അനിവാര്യമാണെന്ന് ഗ്രന്ഥകാരന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
അനുരഞ്ജനകൂദാശയുടെ നന്മകള്‍
കര്‍ത്താവിന്റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവരാണ് നമ്മള്‍. നമ്മുടെ പാപങ്ങള്‍ നമ്മെ തളര്‍ത്തുമ്പോള്‍ അനുരഞ്ജനകൂദാശയിലൂടെ നമ്മെ നവീകരിക്കാനും സുഖപ്പെടുത്താനും പുതുജീവന്‍ പകരാനും കര്‍ത്താവ് പാപസങ്കീര്‍ത്തനവേദിയില്‍ ഒരു വൈദികനെ തന്റെ പകരക്കാരനായി ഇരുത്തിയിരിക്കുകയാണെന്ന് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നുണ്ട്.
''ഞാന്‍ പാപങ്ങള്‍ ഏറ്റുപപറയാതിരുന്നപ്പോള്‍, ദിവസം മുഴുവന്‍ കരഞ്ഞ് എന്റെ ശരീരം ക്ഷയിച്ചുപോയി. രാവും പകലും അങ്ങയുടെ കരം എന്റെമേല്‍ പതിച്ചിരുന്നു. വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്തി വരണ്ടുപോയി. എന്റെ പാപം അവിടുത്തോട് ഞാന്‍ ഏറ്റുപറഞ്ഞു. എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല. എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയുമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ പാപം അവിടുന്നു ക്ഷമിച്ചു (സങ്കീ. 32:3-5).
മിശിഹായുടെ ശുശ്രൂഷകരും ദിവ്യരഹസ്യങ്ങളുടെ കാര്യസ്ഥരുമായ (1 കൊറി. 4:1) പുരോഹിതരുടെ പക്കല്‍ പാപികളാണെന്നു സമ്മതിച്ചുകൊണ്ട് മനസ്താപത്തോടെ പാപങ്ങള്‍ ഏറ്റുപറയാനുള്ള എളിമയാണ് നമ്മുടെ നിത്യരക്ഷയ്ക്ക് ആവശ്യമായിരിക്കുന്നത്.
ആണ്ടില്‍ ഒരിക്കലെങ്കിലും കുമ്പസാരിക്കണമെന്നത് തിരുസ്സഭയുടെ കല്പനയാണ്. ഗൗരവമുള്ള പാപം ചെയ്താല്‍ അനുരഞ്ജനകൂദാശയിലൂടെ പാപമോചനം പ്രാപിച്ചശേഷമേ ദിവ്യകാരുണ്യം സ്വീകരിക്കാവൂ എന്നതും സഭയുടെ പഠനമാണ്. ലഘുവായ പാപങ്ങളും അടുക്കലടുക്കല്‍ ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് പതിവായി വിശുദ്ധകുര്‍ബാന സ്വീകരിക്കുന്നത് ആത്മീയജീവിതത്തിന് അനുപേക്ഷണീയമാണ്.
മന്ദതയും വിരസതയും
ആധ്യാത്മികജീവിതത്തെ ദോഷകരമായി ബാധിക്കുന്ന രണ്ട് അപകടകരമായ കാര്യങ്ങളാണ് മന്ദതയും വിരസതയുമെന്ന് കര്‍ദിനാള്‍ സറാ ചൂണ്ടിക്കാണിക്കുന്നു. ''നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. നീ തണുപ്പോ ചൂടോ ഉള്ളവനല്ല. നീ തണുപ്പുള്ളവനോ ചൂടുള്ള വനോ ആയിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനായിരിക്കുന്നതിനാല്‍, എന്റെ വായില്‍നിന്ന് നിന്നെ ഞാന്‍ പുറത്തുകളയും (വെളി. 3:15,16).
വിരസതയ്ക്ക് ഉറവിടം അലസമായ പ്രവൃത്തികളാണ്; പതിവിന്റെ പേരില്‍മാത്രം ചെയ്യുന്ന ആത്മീയചടങ്ങുകളായിരിക്കരുത് വി. കുമ്പസാരം എന്നു ഗ്രന്ഥകാരന്‍ ഓര്‍മിപ്പിക്കുന്നു.
മന്ദത മറികടക്കാന്‍ വിനയമുള്ള മനസ്സോടെ അനുദിനം ജീവിതം നവീകരിക്കാന്‍ പരിശീലിക്കണമെന്ന് കര്‍ദിനാള്‍ സറാ ഉപദേശിക്കുന്നു: ''ഈശോ എല്ലാവരോടുമായി അരുള്‍ചെയ്തു: എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ'' (ലൂക്കാ. 9:23).
സ്വാതന്ത്ര്യം മനുഷ്യന്റെ മഹത്ത്വം
ഈ പ്രപഞ്ചത്തില്‍ മനുഷ്യനുമാത്രമാണ് ബുദ്ധിശക്തിയും സ്വാതന്ത്ര്യവും ദൈവം നല്കിയിരിക്കുന്നത്. ദൈവം മനുഷ്യനെ അവന്റെ തീരുമാനത്തിന്റെ കരങ്ങളില്‍ വിട്ടുകൊടുക്കാന്‍ തിരുമനസ്സായി. എങ്കിലും ദൈവവരപ്രസാദസഹായമില്ലാതെ ഈ സ്വാതന്ത്ര്യം ശരിയാംവിധം വിനിയോഗിക്കാന്‍ മനുഷ്യന്‍ പ്രാപ്തനല്ല. (സഭ ആധുനികലോകത്തില്‍ നമ്പര്‍ 17).
സ്വാതന്ത്ര്യത്തെ തെറ്റായി മനസ്സിലാക്കിയാല്‍ എല്ലാ ധാര്‍മികമൂല്യങ്ങളെയും തള്ളിക്കളയാനും ദൈവത്തെത്തന്നെ നിഷേധിക്കാനും ഇടവരുന്നു. ആധുനികസഭ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇതാണെന്നും കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു.
ദൈവകൃപ
''ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്'' (1 കൊറി. 15:10). ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും നമ്മുടെമേല്‍ ധാരാളമായി ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ജഡമോഹങ്ങളില്‍ വ്യാപരിക്കാനായി ഈ ദൈവകൃപ തള്ളിക്കളയരുതെന്ന് പൗലോസ് ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നുണ്ട് (ഗലാ. 5:13). സത്യത്തിലും സ്‌നേഹത്തിലും ജീവിക്കാനാണ് നമ്മെ കര്‍ത്താവ് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കു വിളിച്ചിരിക്കുന്നത്.
ദൈവം എപ്പോഴും പാപികളായ നമ്മോടു രമ്യതപ്പെടുവാന്‍ സന്നദ്ധനാണ്. മനുഷ്യന്‍ ക്ഷമിക്കാന്‍ അസാധ്യമെന്നു കരുതുന്ന കാര്യങ്ങള്‍ ക്ഷമിക്കാന്‍ ദൈവത്തിന്റെ സ്‌നേഹത്തിന്റെയും ക്ഷമയുടെയും ആഴം ഗ്രഹിക്കേണ്ടിയിരിക്കുന്നു.
ഗ്രന്ഥകാരന്‍ ബര്‍ണാര്‍ഡ്രോ ബര്‍ത്തുലൂച്ചിയുടെ 'അവസാനത്തെ സമ്രാട്ട്' എന്ന സിനിമയിലെ ഒരു രംഗം ഓര്‍മിപ്പിക്കുന്നു. അവിടെ ചക്രവര്‍ത്തി കുഞ്ഞായിരുന്നപ്പോള്‍ ഒരു തെറ്റു ചെയ്താല്‍ ഒരടിമയാണു ശിക്ഷിക്കപ്പെട്ടിരുന്നത്. നമ്മുടെ രക്ഷാകരചരിത്രത്തില്‍ സൃഷ്ടി ചെയ്യുന്ന കുറ്റത്തിന്റെ ശിക്ഷ സ്രഷ്ടാവ് സ്വയം ഏറ്റെടുക്കുന്നു. എത്രയോ മഹനീയ ദിവ്യരഹസ്യം!!