മൃത്യുവിന്റെ നിഗൂഢതയെക്കാള്‍ ഭീതിദം പലപ്പോഴും പരിത്യാഗത്തിന്റെ ഗദ്ഗദങ്ങളാകുന്നു വെന്നു കാലം കടന്നുചെല്ലുമ്പോള്‍ നാം മനസ്സിലാക്കാറുണ്ട്. ജീവിതത്തില്‍ അപരിഹാര്യമായ നഷ്ടങ്ങള്‍ സംഭവിക്കുന്നത് മിക്കപ്പോഴും അ്രപതീക്ഷിതമായിട്ടാണല്ലോ, ഞാന്‍ പറഞ്ഞുവരുന്നത് ദൈവത്തിന്റെ ഇഷ്ടപ്പെട്ട സൃഷ്ടികളില്‍ അപൂര്‍വം ചിലരില്‍ ഒരാളായ ബെനഡിക്ട് പാപ്പായെപ്പറ്റിത്തന്നെ.
1974 മുതല്‍ പരിചയമുള്ള വ്യക്തി - ഫാ. ജോസഫ് റാറ്റ്‌സിംഗര്‍. അന്നു ഞാന്‍ ജര്‍മനിയിലെ ഏറ്റവും മികച്ച ലുഡ്‌വിഗ് - മാക്‌സിമില്യന്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി. ലോകത്ത് ഏറ്റവും കൂടുതല്‍ നൊബേല്‍ സമ്മാനജേതാക്കളെ സമ്മാനിച്ച സര്‍വകലാശാലകളില്‍ പതിനേഴാം സ്ഥാനമലങ്കരിക്കുന്നു ലുഡ്‌വിഗ് - മാക്‌സ്മില്യന്‍ യൂണിവേഴ്‌സിറ്റി.
മ്യൂണിക് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍മുതല്‍ ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ജോസഫ് റാറ്റ്‌സിംഗറച്ചനുമായി നേരില്‍ക്കണ്ടു പരിചയപ്പെടാന്‍ ഉത്കടമായ ആഗ്രഹമുണ്ടായി. 1950 കളില്‍ത്തന്നെ ഈ യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ റാറ്റ്‌സിംഗറച്ചന്‍ ബോണ്‍, മ്യൂന്‍സ്റ്റര്‍, ത്വീബിങ്ങന്‍ എന്നീ യൂണിവേഴ്‌സിറ്റികളിലെ തിയോളജി അധ്യാപനത്തിനുശേഷം റേഗന്‍സ്ബുര്‍ഗ് സര്‍വകലാശാലയിലെത്തി. അവിടെ ഡോഗ്മാറ്റിക് തിയോളജിയുടെ വകുപ്പുമേധാവി. ഈ അധ്യാപനകാലയളവിലാണ് അദ്ദേഹം നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങള്‍ രചിച്ചത്. അദ്ദേഹത്തിന്റെ 'ക്രൈസ്തവികതയ്ക്ക് ഒരാമുഖം' എന്ന ഗ്രന്ഥം ലോകപ്രസിദ്ധമാണ്. അന്നു ഞാന്‍ പഠിച്ചിരുന്ന ക്ലാസ്സുകള്‍ക്കു തൊട്ടടുത്തുതന്നെ പ്രഫ. റാറ്റ്‌സിംഗര്‍ തിയോളജിക്ലാസ്സുകളെടുക്കാന്‍ വരും. മ്യൂണിക് യൂണിവേഴ്‌സിറ്റിയിലെ തിയോളജിവിദ്യാര്‍ഥികള്‍ക്കായുള്ള ബ്ലോക്കാണത്. അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ കേള്‍ക്കാന്‍ കയറിക്കൂടിയ എന്നെ കൗതുകത്തോടെ റാറ്റ്‌സിംഗര്‍ അടുത്തേക്കു വിളിച്ച് ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും കത്തോലിക്കരുടെ ആരാധനക്രമങ്ങളെപ്പറ്റിയും മറ്റും വിശദമായി ചോദിച്ചിരുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധം ഏറെ അടുത്തു. ആ സ്‌നേഹം റാറ്റ്‌സിംഗറിന്റെ കുടുംബത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.
ഒരു ദിവസം ക്ലാസ്സുകഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ കാത്തുനിന്നു. കണ്ടപ്പോള്‍ സൗഹൃദസംഭാഷണങ്ങള്‍ക്കു ശേഷം പെന്റ്മിങ്ങിലെ വീട്ടിലേക്കു ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. മ്യൂണിക്കില്‍നിന്ന് ട്രെയിനില്‍ റേഗന്‍സ്ബുര്‍ഗ് റെയില്‍വേസ്റ്റേഷനില്‍ എത്തിയ എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ റാറ്റ്‌സിംഗറച്ചന്‍ കാറുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പെന്റ്‌ലിങ്ങിലെ വസതിയില്‍ അവിവാഹിതയായ മൂത്ത സഹോദരി മരിയയോടൊപ്പം ജ്യേഷ്ഠന്‍ ജോര്‍ജ് റാറ്റ്‌സിംഗറച്ചനും താമസിച്ചിരുന്നു. മരിയയാണ് അനുജന്മാര്‍ക്ക് ഭക്ഷണം പാകം ചെയ്തുകൊടുക്കുന്നതും, വീട്ടുകാര്യങ്ങള്‍ നടത്തുന്നതും. ഫാ. ജോര്‍ജ് റാറ്റ്‌സിംഗര്‍ അന്ന് റേഗന്‍സ്ബുര്‍ഗ് കത്തീദ്രലിലെ ഗായകസംഘം മേധാവി (കപ്പേല്‍ മൈസ്റ്റര്‍). ആ മൂന്നു റാറ്റ്‌സിംഗര്‍ സഹോദരങ്ങള്‍ ഒരുമിച്ചുകഴിഞ്ഞിരുന്ന അവസാനവേളയാണ് പെന്റ്‌ലിങ്ങിലെ കാലമെന്ന് പിന്നീട് മാര്‍പാപ്പാ പറഞ്ഞിട്ടുണ്ട്. പല ഞായറാഴ്ചകളിലും ഞാന്‍ പെന്റ്‌ലിങ്ങില്‍ പോയി റാറ്റ്‌സിംഗര്‍ സഹോദരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്.
കൊളുത്തിവച്ച വിളക്കുപോലെ പ്രകാശപൂരിതമാണ് ജോസഫ് റാറ്റ്‌സിംഗറുടെ ജീവിതരേഖ. 1927 ഏപ്രില്‍ 16-ാം തീയതി ജനനം. പിതാവ് ജോസഫ് പോലീസുകാരന്‍, മാതാവ് മരിയ ഹോട്ടലിലെ പാചകക്കാരി. മ്യൂണിക്കിന്റെ തെക്കുഭാഗത്തുള്ള മാര്‍ക്റ്റല്‍ അം ഇന്‍ എന്ന ഗ്രാമമാണ് ജന്മസ്ഥലം. പതിന്നാലു വയസ്സുള്ളപ്പോള്‍ ഹിറ്റ്‌ലര്‍ യൂത്തില്‍ ചേരാന്‍ നിര്‍ബന്ധിതനായി. 1945 ല്‍ യുദ്ധം അവസാനിച്ചശേഷം വൈദികസെമിനാരിയില്‍ പഠനം തുടങ്ങുന്നു. നിര്‍ബന്ധിത നാസി പട്ടാളജീവിതവും യുദ്ധത്തടവുകാരുടെ ക്യാമ്പിലെ തിക്താനുഭവങ്ങളുമെല്ലാം അയവിറക്കിയാണ് ജോസഫ് റാറ്റ്‌സിംഗര്‍ തന്റെ വൈദികപഠനം തുടര്‍ന്നത്. 1951 ല്‍ സഹോദരന്‍ ജോര്‍ജ് റാറ്റ്‌സിംഗറോടൊപ്പം ഒരേ ദിവസം വൈദികപട്ടം സ്വീകരിച്ചു. പിന്നെ അവഗാഹമായ അധ്യാപനജീവിതത്തിലേക്കു കടക്കുകയാണ്.
റേഗന്‍സ്ബുര്‍ഗില്‍ പഠിപ്പിച്ചും പുസ്തകങ്ങള്‍ എഴുതിയും കത്തോലിക്കാസഭയെ വിശ്വാസത്തിലും ആരാധനക്രമങ്ങളുടെ പ്രസക്തിയിലും നവീകരിച്ചും ശുദ്ധീകരിച്ചും മുന്നോട്ടുപോകവെയാണ് അതുണ്ടായത് - മ്യൂണിക്കിലെയും ഫ്രൈസിങ്ങിലെയും ആര്‍ച്ചുബിഷപ്പായ കര്‍ദിനാള്‍ ജൂലിയസ് ഡോഫ്‌നറുടെ നിര്യാണത്തോടെ പോള്‍ ആറാമന്‍ മാര്‍പാപ്പാ ഫാ. റാറ്റ്‌സിംഗറെ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പാക്കി വാഴിച്ചു. 1977 ല്‍ ജോസഫ് റാറ്റ്‌സിംഗര്‍ ആര്‍ച്ചുബിഷപ്പും കര്‍ദിനാളുമായി. സുഹൃത്തായ റാറ്റ്‌സിംഗറച്ചന്‍ ആര്‍ച്ചുബിഷപ്പായപ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസസംബന്ധമായ എന്റെ കഷ്ടപ്പാടുകള്‍ക്ക് ഏറെക്കുറെ അറുതിയുണ്ടായി. കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ ജര്‍മന്‍ ബിഷപ്‌സ് കോണ്‍ഫെറന്‍സിന്റെ വക ഒരു സ്‌കോളര്‍ഷിപ്പ് എനിക്കു തരപ്പെടുത്തിത്തന്നു. അതിരൂപതയുടെ വക ഒരു ഹോസ്റ്റലില്‍ കുറഞ്ഞ ചെലവില്‍ താമസം. ജര്‍മനിയിലെ എന്റെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് റാറ്റ്‌സിംഗര്‍ തരപ്പെടുത്തിത്തന്ന സാമ്പത്തികസഹായങ്ങള്‍കൊണ്ടു മാത്രമാണ്.
കത്തോലിക്കാസഭയുടെ വിശ്വാസസംരക്ഷകനായിട്ടാണ് ജോസഫ് റാറ്റ്‌സിംഗര്‍ അന്ന് അറിയപ്പെട്ടിരുന്നത്. ഈവ്‌കോംഗാര്‍, കാള്‍ബര്‍ത്ത്, കാള്‍ റാനര്‍ എന്നീ ദൈവശാസ്ത്രകാരന്മാരുടെ വൈരുധ്യാത്മകമായ കാഴ്ചപ്പാടുകളെ തിരുത്തിയെടുക്കാന്‍ റാറ്റ്‌സിംഗര്‍ മുന്നിട്ടുനിന്നു. തന്റെ സമകാലികനായ ഹന്‍സ് ക്രൂങ്ങിന്റെ വിപ്ലവകരമായ ദൈവശാസ്ത്രവിമര്‍ശനങ്ങളെ ശക്തിയുക്തം എതിര്‍ത്തു. മാര്‍പാപ്പായുടെ അപ്രമാദിത്വ അധികാരങ്ങളെ ചോദ്യം ചെയ്ത ഹാന്‍സ് ക്യുങ്ങിനെ നിലയ്ക്കുനിര്‍ത്താന്‍ റാറ്റ്‌സിംഗര്‍ പുസ്തകങ്ങളെഴുതി. സഭയുടെ ആന്തരികസത്തയെ വചനബദ്ധമായി പുനര്‍നിര്‍വചിക്കുന്ന 'ജനതകളുടെ പ്രകാശം' എന്ന പ്രമാണരേഖയും സഭയും ലോകവുമായുള്ള ബന്ധത്തെ വ്യക്തമാക്കുന്ന 'സഭ ആധുനികലോകത്തില്‍' എന്ന പ്രമാണരേഖയും രൂപപ്പെടുത്തുന്നതില്‍ റാറ്റ്‌സിംഗര്‍ തന്റെ ആത്മീയവെളിപാടുകളെ അപരിമേയമാക്കി. ദൈവശാസ്ത്രത്തിന്റെ നൂലാമാലകള്‍ കെട്ടഴിച്ച് സുതാര്യമാക്കി ലോകത്തിനുമുമ്പില്‍ പ്രതിഷ്ഠിച്ച റാറ്റ്‌സിംഗറെ ആഗോളസഭയുടെ അമരത്തേക്ക് ആനയിക്കാനായി ദൈവം സാവധാനം ഒരുക്കുകയായിരുന്നു. അങ്ങനെയാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ 1981 ല്‍ വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ടായി കര്‍ദിനാള്‍ റാറ്റ്‌സിംഗറെ വത്തിക്കാനിലേക്കു ക്ഷണിക്കുന്നത്.
ഓരോ നെന്മണിയിലും എഴുതപ്പെട്ടിട്ടുണ്ട്, അത് ആരു ഭക്ഷിക്കണമെന്നത്. പ്രശ്‌നകലുഷിതമായ ഒരു കാലഘട്ടത്തിലാണ് സഭാനൗകയെ നയിക്കാനായി ജോണ്‍ പോള്‍ രണ്ടാമന്‍ നിയമിക്കപ്പെടുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വികലമായ ദൈവശാസ്ത്രചിന്തകളെ നിയന്ത്രിക്കാനും സഭയിലെ പുരോഗമനവാദികള്‍ക്കു നേര്‍വഴി കാണിച്ചുകൊടുക്കാനും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ഏറെ പണിപ്പെട്ടു. തത്ത്വത്തില്‍ ഒരു ദൈവശാസ്ത്രപണ്ഡിതനല്ലായിരുന്ന പാപ്പായ്ക്ക് സഭയെ ആഗോളമായി ബാധിച്ചിരുന്ന വിശ്വാസശോഷണത്തിനു പരിഹാരം കാണാന്‍ പ്രാപ്തനായ ഒരു സഹായിയെ ആവശ്യമായിവന്നു. അതിനായി പാപ്പാ കണ്ടുപിടിച്ച വിശ്വസ്തനായ വ്യക്തിയായിരുന്നു കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍. ദൈവവചനത്തിലും ആരാധനക്രമങ്ങളിലും സഭാപിതാക്കന്മാരുടെ പഠനങ്ങളിലും അടിസ്ഥാനമിടുന്നതായിരുന്നു റാറ്റ്‌സിംഗറുടെ പ്രഘോഷണശൈലി. അങ്ങനെ ജോണ്‍പോള്‍ രണ്ടാമന്റെ ഗൗരവമേറിയ ദൈവശാസ്ത്രപരമായ തീരുമാനങ്ങള്‍ക്കു പിന്നില്‍ തലച്ചോറായി വര്‍ത്തിക്കാന്‍ കര്‍ദിനാള്‍ റാറ്റ്‌സിംഗറെ വത്തിക്കാനിലേക്കു വിളിച്ചു. 1981 ല്‍ റാറ്റ്‌സിംഗറെ വിശ്വാസതിരുസംഘം, അന്താരാഷ്ട്രദൈവശാസ്ത്രകമ്മീഷന്‍, പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ എന്നീ സുപ്രധാന തസ്തികകളുടെ അധ്യക്ഷനായി നിയമിച്ചു.
കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ വത്തിക്കാനിലേക്കു വിളിക്കപ്പെട്ടതോടെ മ്യൂണിക് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിക്കൊണ്ടിരുന്ന ഈയുള്ളവന്‍ ഒറ്റപ്പെട്ടതുപോലെതോന്നി. എന്തിനും എപ്പോഴും കയറിച്ചെല്ലാവുന്ന മ്യൂണിക്കിലെ അരമന എന്നില്‍നിന്നകന്നുപോയ പ്രതീതി. മെഡിക്കല്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി ബിരുദാനന്തരബിരുദപഠനം തുടങ്ങുന്നതിനുമുമ്പ് വത്തിക്കാനില്‍പോയി പിതാവിന്റെ അനുഗ്രഹം വാങ്ങി.
വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ടായശേഷം കര്‍ദിനാള്‍ റാറ്റ്‌സിംഗറുടെ ആദ്യത്തെ ഉദ്യമം എണ്‍പതുകളില്‍ പ്രബലമായിക്കൊണ്ടിരുന്ന വിമോചനദൈവശാസ്ത്രത്തിനെതിരേ സഭയുടെ നിലപാട് ശക്തമാക്കുക എന്നതായിരുന്നു. അതുപോലെ, ആരാധനക്രമത്തിന്റെ പ്രബുദ്ധതയും ചരിത്രത്തെയും കാലത്തെയും അതിജീവിക്കുന്ന ശ്രേഷ്ഠതയും പുനര്‍വ്യാഖ്യാനം ചെയ്യുന്നതിനും അതു സഭയുടെ കേന്ദ്രബിന്ദുവാകാന്‍ സഹായിക്കുന്നതിനും റാറ്റ്‌സിംഗര്‍ രചിച്ച കൃതിയാണ് 'ആരാധനക്രമത്തിന്റെ ആത്മാവ്'. സഭയുടെ നവീകരണവും പരമമായ ശുദ്ധീകരണവും നടക്കേണ്ടത് ആരാധനക്രമത്തിലൂടെയാണെന്ന് റാറ്റ്‌സിംഗര്‍ അടിവരയിട്ടു പറഞ്ഞു.
വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ട് എന്ന നിലയില്‍ തനിക്കാവുന്നതെല്ലാം ചെയ്തശേഷം റേഗന്‍സ്ബുര്‍ഗിലേക്കു മടങ്ങണമെന്നും ശിഷ്ടകാലം വായനയിലും എഴുത്തിലുമായി ഒതുങ്ങിക്കൂടണമെന്നും കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ അതിനദ്ദേഹത്തെ അനുവദിച്ചില്ല. ജോണ്‍പോള്‍ രണ്ടാമന്റെ ആരോഗ്യനില വഷളായപ്പോള്‍ വത്തിക്കാനിലെ എല്ലാക്കാര്യവും റാറ്റ്‌സിംഗറുടെ ചുമലിലായി. 84-ാമത്തെ വയസ്സില്‍ പാപ്പാ കാലം ചെയ്തതോടെ കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ബെനഡിക്ട് പതിനാറാമന്‍ എന്ന നാമം സ്വീകരിച്ചു. 2005 ഏപ്രില്‍ 19 ന് റാറ്റ്‌സിംഗര്‍ ബെനഡിക്ട് പതിനാറാമനായി പ്രഖ്യാപനം വന്നു. ഞാനന്ന് എറണാകുളത്ത് ലൂര്‍ദ് ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുന്നു. അനുമോദിച്ചുകൊണ്ട് പിതാവിനെഴുതിയപ്പോള്‍ ഉടന്‍ മറുപടി വന്നു, വത്തിക്കാനില്‍ കുടുംബസമേതം വരണമെന്നു ക്ഷണിച്ചുകൊണ്ട്. അതേത്തുടര്‍ന്ന് പിതാവിന്റെ സ്ഥാനത്യാഗംവരെ പലവട്ടം വത്തിക്കാനില്‍ ഭാര്യ ഡോ. ശുഭയോടൊപ്പം പോയി കണ്ടു.
ഇന്ന്, കേരളത്തില്‍, ഒരുപക്ഷേ ഇന്ത്യയില്‍ത്തന്നെ ബെനഡിക്ട് പതിനാറാമന്‍ പാപ്പായെ വൈദികനായിരുന്നപ്പോള്‍മുതല്‍ നാലു പതിറ്റാണ്ടോളം ഏറെയടുത്തു പരിചയമുള്ള മറ്റൊരാളുണ്ടോ എന്നു സംശയം. അത് ദൈവം എനിക്കു തന്ന കാരുണ്യം. ബെനഡിക്ട് പാപ്പായ്ക്ക് ഞാനുമായുള്ള ബന്ധത്തിന്റെ കഥയാണ് ഈയിടെ പ്രസിദ്ധീകരിച്ച ''സ്വര്‍ണം അഗ്നിയിലെന്നപോലെ'' എന്ന എന്റെ പുസ്തകം. പിതാവിന്റെ നിഴലില്‍ ഞാന്‍ വലുതായ എന്റെ അനുഭവസാക്ഷ്യങ്ങള്‍. ബെനഡിക്ട് പതിനാറാമന്റെ ജീവചരിത്രകാരനാകാന്‍ സാധിച്ചതില്‍ ദൈവത്തിനു സ്തുതി. ആ പുണ്യപുരുഷന്റെ ഹൃദയത്തുടിപ്പുകള്‍ അനുഭവിച്ചറിയാന്‍ സാധിച്ചതു ദൈവകൃപ.