•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് മെസി

പെലെ ആഗ്രഹിച്ച ലോകകപ്പ് കൈനീട്ടി വാങ്ങാതെ നെയ്മറും ബ്രസീലും ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു തോറ്റുമടങ്ങിയപ്പോള്‍ മറഡോണയുടെ ഓര്‍മകളുണര്‍ത്തി ലയണല്‍ മെസി അര്‍ജന്റീനയ്ക്കായി ഫിഫ ലോകകപ്പ് ഉയര്‍ത്തി. ഒപ്പം, മികച്ച കളിക്കാരനുള്ള സ്വര്‍ണപ്പന്തും മെസിക്കുതന്നെ. പെലെയ്ക്കും മറഡോണയ്ക്കും പിന്‍ഗാമികളായെത്തിയ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒപ്പം ലൂക്കാ മോഡ്രിച്ചും ലോകകപ്പിനോടു വിടപറയുമ്പോള്‍ കിലിയന്‍ എംബാപ്പെയും എന്‍സോ ഫെര്‍ണാണ്ടെസും ഫുട്‌ബോള്‍ കളിയുടെ താളവും ചാരുതയും അടുത്ത തലമുറയില്‍ സുരക്ഷിതമെന്ന് ഉറപ്പുനല്‍കുന്നു.
അവസാനവിസില്‍ മുഴങ്ങുംവരെ സാധ്യതകള്‍ മാറിമറിയാമെന്നു വിളിച്ചറിയിച്ച കലാശക്കളിയും.എണ്‍പതു മിനിറ്റുവരെ വിജയം ഉറപ്പിച്ചു കുതിച്ച അര്‍ജന്റീനയുടെ പോസ്റ്റില്‍ 97 സെക്കന്‍ഡിലാണ് എംബാപ്പെ രണ്ടു ഗോള്‍ അടിച്ച് കളിയുടെ ഗതിമാറ്റിയത്.
പെനാല്‍റ്റി ഷൂട്ടൗട്ടിലെ വിജയം ആര്‍ക്കായാലും അതു ഭാഗ്യത്തിന്റേതുകൂടിയാണ്. അതുകൊണ്ട് ഫ്രാന്‍സ് തോറ്റുവെന്നു പൂര്‍ണമായി പറയാനാവില്ല. ഫൈനലിലെ ഹാട്രിക്കും സ്വര്‍ണബൂട്ടും എംബാപ്പെയെ മെസിക്കൊപ്പം ഉയര്‍ത്തുന്നു. ഇതിഹാസങ്ങളുടെ ഒഴിഞ്ഞുപോക്ക് ലോകഫുട്‌ബോളില്‍ ശൂന്യത സൃഷ്ടിക്കില്ലെന്നുറപ്പ്.
2018 ല്‍ ഫൈനലില്‍ ഫ്രാന്‍സിനോടു കീഴടങ്ങിയ ക്രൊയേഷ്യ മൂന്നാം സ്ഥാനവുമായാണു മടങ്ങുന്നത്.
സെമിയില്‍ കടന്ന മൊറോക്കോ ലോകഫുട്‌ബോളിലെ ആഫ്രിക്കന്‍ - അറബ് കരുത്ത് വിളിച്ചോതി. പോര്‍ച്ചുഗലിനെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചപ്പോള്‍ മൊറോക്കോ ചരിത്രമെഴുതുകയായിരുന്നു. 1990 ല്‍ കാമറൂണും 2002 ല്‍ സെനഗലും 2010 ല്‍ ഘാനയും ക്വാര്‍ട്ടറില്‍ കടന്നതാണ് ഇതിനുമുമ്പുള്ള ആഫ്രിക്കന്‍ നേട്ടം. ഇംഗ്ലണ്ടും നെതര്‍ലാന്‍ഡ്‌സും മികവറിയിച്ചാണു വിടവാങ്ങിയത്
'സാധാരണയല്ലാത്ത സമയം. ഒരു ഫുട്‌ബോള്‍ സീസണിന്റെ മധ്യത്തിലാണിത്. ലീഗ് സീസണ്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങള്‍ മാത്രം. കളിക്കാരൊക്കെ മത്സരങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ. കലണ്ടര്‍വര്‍ഷം മധ്യേ നടക്കേണ്ട ലോകകപ്പ് വര്‍ഷാവസാനത്തേക്കു നീട്ടിയത് ഖത്തറിനുവേണ്ടി മാത്രം. അതും വെറുതേയല്ല. യൂറോപ്യന്‍ ലീഗ് കളിക്കുന്ന താരങ്ങളെ ദേശീയ ടീമിനായി പിന്‍വലിച്ചതിന് ഫിഫ ക്ലബുകള്‍ക്കു നഷ്ടപരിഹാരവും നല്‍കി. പക്ഷേ, പല സുപ്പര്‍ താരങ്ങളും ടീമുമായി സെറ്റ് ആകാന്‍ സമയമെടുത്തു. തുടക്കത്തിലുണ്ടായ അട്ടിമറികള്‍ക്കു കുറെയൊക്കെ കാരണവും അതുതന്നെ. ഖത്തറില്‍ വന്‍ അട്ടിമറി നടത്തിയ ടീമുകള്‍ക്ക് ആ മികവു തുടരാന്‍ കഴിഞ്ഞില്ല. 
യോഗ്യതാറൗണ്ടില്‍ എല്ലാ മത്സരവും ജയിക്കാന്‍ ഒരു ടീമിനും കഴിഞ്ഞിരുന്നില്ല. ജര്‍മനിയും ഡെന്മാര്‍ക്കുമാണ് മെച്ചപ്പെട്ട റെക്കോര്‍ഡുമായി ഖത്തറില്‍ എത്തിയത്. ഇരുടീമുകളും പത്തു മല്‍സരങ്ങളില്‍ ഒന്‍പതും ജയിച്ചിരുന്നു.
ആതിഥേയര്‍ എന്ന ലേബലില്‍ മത്സരിക്കാതെ യോഗ്യത നേടിയ ഖത്തര്‍ ഒഴിച്ചാല്‍ യോഗ്യത നേടിയ ആദ്യ ടീമാണു ജര്‍മനി. ഏഷ്യയില്‍നിന്ന് ആദ്യമെത്തിയത് ഇറാനും. രണ്ടു ടീമും ആദ്യറൗണ്ടില്‍ പുറത്ത്.
പ്രാഥമികറൗണ്ടിലെ എട്ടു ഗ്രൂപ്പുകളില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മനിയും സ്‌പെയിനും ഒരേ ഗ്രൂപ്പില്‍ വന്നതും 2018 ലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബല്‍ജിയവും മറ്റൊരു ഗ്രൂപ്പില്‍ വന്നതും മാത്രമാണ് കടുപ്പമായിത്തോന്നിയത്. എന്നാല്‍, കടലാസിലെ കരുത്ത് പലര്‍ക്കും കളത്തില്‍ കാണിക്കാനായില്ല.
അര്‍ജന്റീനയെ ആദ്യറൗണ്ടില്‍ പരാജയപ്പെടുത്തി സൗദിയാണ് അട്ടിമറി തുടങ്ങിയത്. അര്‍ജന്റീന അടുത്ത രണ്ടു കളിയും ജയിച്ചു മടങ്ങിവന്നു. പക്ഷേ, ജര്‍മനിക്ക് ഉയിര്‍ത്തെഴുന്നേല്പു സാധിച്ചില്ല. ജപ്പാന്‍ എല്പിച്ച ഞെട്ടലില്‍നിന്നു കരകയറാന്‍ അവര്‍ക്കായില്ല. ജപ്പാന്‍ സ്‌പെയിനിനെയും തോല്പിച്ചു. ജപ്പാന്റെ കുതിപ്പാകട്ടെ പ്രീ ക്വാര്‍ട്ടറില്‍ അവസാനിക്കുകയും ചെയ്തു. വമ്പന്‍മാരെ തോല്പിച്ച ജപ്പാന്‍ ആദ്യ റൗണ്ടില്‍ കോസ്റ്ററിക്കയോടു തോറ്റെന്ന് ഓര്‍ക്കണം. സൗദിയാകട്ടെ അടുത്ത രണ്ടു കളിയും തോറ്റു.
മൊറോക്കോ ബെല്‍ജിയത്തെയും പ്രീ ക്വാര്‍ട്ടറില്‍  സ്‌പെയിനിനെയും തോല്പിച്ചു. കാമറൂണ്‍ ബ്രസീലിനെയും ടുണീഷ്യ ഫ്രാന്‍സിനെയും പരാജയപ്പെടുത്തി. ദക്ഷിണ കൊറിയയുടെ അട്ടിമറിവിജയം പോര്‍ച്ചുഗലിനെതിരേയായിരുന്നു.
പക്ഷേ, പ്രാഥമിക റൗണ്ടിലെ മൂന്നാം മത്സരത്തില്‍ വമ്പന്‍മാര്‍ തോറ്റത് അട്ടിമറിയായി എണ്ണാനാവില്ല. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ പ്രമുഖ കളിക്കാര്‍ക്ക് പരിശീലകര്‍ വിശ്രമം നല്‍കി.
ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും കുതിപ്പ് പ്രീ ക്വാര്‍ട്ടറില്‍ അവസാനിച്ചു. ഏഷ്യന്‍ മുന്നേറ്റവും അതോടെ തീര്‍ന്നു. അമേരിക്കയും ഓസ്‌ട്രേലിയയും സെനഗലുംകൂടി പുറത്തായതോടെ ക്വാര്‍ട്ടറിലെ അപ്രതീക്ഷിത അതിഥികള്‍ ആഫ്രിക്കയുടെ അറബ് ടീമായ മൊറോക്കോ മാത്രമായി.
യോഗ്യതാറൗണ്ടില്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ ഇറ്റലിയും ആഫ്രിക്കയുടെ കരുത്തരായ ഈജിപ്തും വീണതുപോലെ ജര്‍മനിയും സ്‌പെയിനും ബല്‍ജിയവുമൊക്കെ കീഴടങ്ങിയപ്പോള്‍ കണക്കുകൂട്ടല്‍പോലെ ബ്രസീലും അര്‍ജന്റീനയും ക്വാര്‍ട്ടറില്‍ കടന്നു.
ആദ്യകളിയില്‍ ഏഴു ഗോളടിച്ച് അതിഗംഭീര തുടക്കമിട്ട സ്‌പെയിനിന്റെ മടക്കം ദയനീയമായി. മെസിയും റൊണാള്‍ഡോയും നെയ്മറും ആയിരുന്നു കഴിഞ്ഞ രണ്ടു ലോകകപ്പിലും (2018, 2022) താരത്തിളക്കം കൂട്ടിയത്. റഷ്യയിലെ പ്രകടനത്തിന്റെ മികവില്‍ ലൂക്കാ മോഡ്രിച്ചും തൊട്ടുപിന്നില്‍ നിന്നു. ഇവര്‍ക്കെല്ലാം ഖത്തര്‍ അവസാനലോകകപ്പായി കണക്കാക്കപ്പെടുകയും ചെയ്തു. നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് നടത്തിയ പരീക്ഷണം അതിരുവിട്ടതായിരുന്നു. പക്ഷേ, പകരമിറങ്ങിയ ഗോണ്‍സാലോ റാമോസ് ഹാട്രിക് നേടിയപ്പോള്‍ റാമോസിനൊപ്പം സാന്റോസും ഹീറോയായി. അഞ്ചു ലോകകപ്പില്‍ തുടരെ ഗോള്‍ നേടിയ ആദ്യതാരമെന്ന ലേബല്‍ പക്ഷേ, റൊണാള്‍ഡോയ്ക്കു സ്വന്തം.
ബല്‍ജിയം സൂപ്പര്‍ താരവും നായകനുമായ ഈഡന്‍ ഹസാര്‍ഡ് ആകട്ടെ തോല്‍വിയോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിടവാങ്ങി.
ഫ്രാന്‍സിന്റെ കരിം ബന്‍സാമയ്ക്ക് മുപ്പത്തിനാലാം വയസ്സില്‍ അവസാനലോകകപ്പിന് പരുക്ക് വിലങ്ങുതടിയായി. ജര്‍മന്‍ നായകനും ഗോളിയുമായ മാനുവല്‍ ന്യൂയറിനും തന്റെ അവസാന ലോകകപ്പ് ദുഃഖസ്മരണയായി.
മറുവശത്ത്, ചില പുത്തന്‍ താരത്തിളക്കം ദൃശ്യമായി. നെതര്‍ലന്‍ഡ്‌സിന്റെ ഗാക്‌പോ, ഡെന്‍സന്‍ ഡം ഫ്രൈസ്, ഫ്രാന്‍സിന്റെ ഒലിവര്‍ ജിറൂദ്, ബ്രസീലിന്റെ റിച്ചാര്‍ലിസന്‍, ക്രൊയേഷ്യയുടെ ആന്ദ്രേ ക്രമാരിച്ച്, ഇംഗ്ലണ്ടിന്റെ കൗമാരതാരം ജ്യൂഡ് ബെല്ലിങാം. ആ നിര നീളും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)