ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ 'ഒന്നിനും കൊള്ളാത്തവന്‍' എന്നാണ് ക്ലാസ് ടീച്ചര്‍ വിശേഷിപ്പിച്ചിരുന്നത്. നാലു വയസിനുശേഷമാണ് ഐന്സ്റ്റീന് സംസാരിക്കാന്‍ തുടങ്ങിയത്. പതിനേഴാമത്തെ വയസില്‍ സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് പോളിടെക്നിലേക്കുള്ള പ്രവേശനപ്പരീക്ഷയില്‍ തോറ്റയാളാണ്. ഏവരും എഴുതിത്തള്ളിയ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആധുനിക ഫിസിക്സിന്റെ പിതാവായിമാറി. 1921 ല്‍ നോബല്‍ സമ്മാനം ലഭിച്ചു. രക്ഷിതാക്കളും അധ്യാപകരും 'നിന്നെ ഒന്നിനും കൊള്ളില്ല' എന്ന ശകാരം ഉയര്‍ത്തിയ പലരും പ്രഗല്ഭരും പ്രശസ്തരുമായി മാറിയിട്ടുണ്ട്. ചിലരൊക്കെ ആത്മാഭിമാനം നഷ്ടപ്പെട്ട്, ആത്മവിശ്വാസം ആര്‍ജ്ജിക്കാനാകാതെ പിന്തള്ളപ്പെട്ടുപോയിട്ടുമുണ്ട്. ഒരിക്കല്‍പ്പോലും കുട്ടികളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന പദപ്രയോഗങ്ങള്‍ ആരും പറയരുത്. ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് വിജയത്തിന്റെ കാതല്‍. അതു തകര്‍ന്നിട്ടും വിജയികളായവര്‍ ധാരാളമുണ്ട്.
'മരമണ്ട'നെന്നു പറഞ്ഞ് അധ്യാപകര്‍ തള്ളിക്കളഞ്ഞയാളാണ് തോമസ് ആല്‍വ എഡിസണ്. നിങ്ങളുടെ മകന് കഴിവില്ലാത്തവനാണെന്നും സ്കൂളില്‍നിന്നു കൊണ്ടുപൊയ്ക്കോളാനും പറഞ്ഞ് ക്ലാസ്സ് ടീച്ചര്‍ എഡിസന്റെ അമ്മയ്ക്കു കത്തു നല്കി. 'കാര്യക്ഷമതയില്ല' എന്നുപറഞ്ഞ് ജോലികളില്‍നിന്നു പിരിച്ചുവിട്ടു. അദ്ദേഹം പിന്നീട് 1,093 കണ്ടുപിടിത്തങ്ങള്‍ നടത്തി, ശാസ്ത്രപ്രതിഭയായിമാറി. ജനറല്‍ ഇലക്ട്രിക് ഉള്‍പ്പെടെ 14 കമ്പനികള്‍ സ്ഥാപിച്ചു. എഡിസനെ പുറത്താക്കിയവര്തന്നെ പിന്നീട് എഡിസന്റെ കണ്ടുപിടിത്തങ്ങള്‍ ക്ലാസില്‍ പഠിപ്പിച്ചു. അഭിനയംകൊണ്ടും ശബ്ദഗാംഭീര്യംകൊണ്ടും ശ്രദ്ധേയനായ അമിതാഭ്ബച്ചനോട്, 'താങ്കളുടെ ശബ്ദം നല്ലതല്ല' എന്നുപറഞ്ഞ് ഓള് ഇന്ത്യ റേഡിയോയിലെ അനൗണ്സര് തസ്തികയിലേക്കുള്ള അപേക്ഷ തള്ളിക്കളഞ്ഞിരുന്നു. 1999 ല്‍ ബി.ബി.സി. നടത്തിയ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പില്‍ ഈ നൂറ്റാണ്ടിലെ സൂപ്പര്‍ സ്റ്റാറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയോടാണ്, ഇന്ത്യയിലെ എക്കാലത്തെയും സൂപ്പര്സ്റ്റാറിനോടാണ് ഇങ്ങനെ പറഞ്ഞതെന്നോര്‍ക്കുക.
'ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത ഈ കുട്ടിക്ക് ഒരിക്കലും വിജയിക്കാന്‍ പറ്റില്ലെന്ന്' മൈക്കിള്‍ ഫെല്‍പ്സിന്റെ അമ്മയോട് ടീച്ചര്‍ പറഞ്ഞു. തല വെള്ളത്തില്‍ മുക്കാന്‍ മൈക്കിളിനു പേടിയായിരുന്നു. അതുകൊണ്ട് മൈക്കിള്‍ പിറകോട്ടു നീന്തി പരിശീലിച്ചു. ലോകത്തിലെ ഏറ്റവും മികച്ച നീന്തല്‍ താരമായി മാറിയ മൈക്കിള്‍ ഫെല്‍പ്സ്, 39 ലോകറിക്കാര്‍ഡുകള്‍ നീന്തലില്‍ നേടി. ഒളിംപിക്സില്‍ 16 മെഡലുകള്‍ നീന്തലിനു ലഭിച്ചു. 1999 ല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വശ്യസുന്ദരിയായി പീപ്പിള്‍ മാസിക തിരഞ്ഞെടുത്ത മര്ലിന് മണ്‍റോയ്ക്ക് 1947ല്‍ ഒരു വര്‍ഷത്തെ മോഡലിംഗ് കോണ്ട്രാക്ടിനുശേഷം 'സുന്ദരിയല്ല' എന്ന കാരണത്താല്‍ കരാര്‍ പുതുക്കിനല്‍കിയില്ല. കുട്ടിക്കാലത്ത് അനാഥാലയത്തിലാണ് മര്ലിന് വളര്‍ന്നത്. അമ്മ മാനസികരോഗിയും വിധവയുമായിരുന്നു. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സിനിമാചരിത്രത്തിലെ ഏറ്റവും പ്രഗല്ഭയായ താരമായി മര്ലിന് മണ്‍റോ പിന്നീട് അറിയപ്പെട്ടു.
'റോക് എന്‍ റോള്‍' അതികായനായ എല്‍വിസ് പ്രിസ്ലിക്ക് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ സംഗീതത്തിന് 'സി' ഗ്രേഡാണ് ടീച്ചര്‍ നല്‍കിയത്. 1977 ല്‍ പ്രിസ്ലി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ 600 മില്യണ്‍ കോപ്പി ആല്‍ബങ്ങള്‍ വിറ്റുകഴിഞ്ഞിരുന്നു. 36ാമത്തെ വയസില്‍ 'ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും' ലഭിച്ചു. ബാള്‍ട്ടിമോറിലെ ടിവി ചാനലില്‍ അവതാരകയായി ചേര്‍ന്ന ഓഫ്ര വിന്‍ഫ്രിയെ ചാനല്‍ മേധാവി വൈകാതെ പുറത്താക്കി. 'അവതരണം കൊള്ളില്ല' എന്നതായിരുന്നു കാരണം. വര്‍ഷങ്ങള്‍ക്കുശേഷം ചരിത്രത്തിലെ എക്കാലത്തെയും പ്രശസ്തയായ ടിവി അവതാരികയും ചാനല്‍ ഉടമയുമായി അവര്‍ മാറി. 144 രാജ്യങ്ങളില്‍ ആരാധകരുള്ള ഓഫ്ര വിന്‍ഫ്രി ഷോയ്ക്ക് ആഴ്ചയില്‍ 44 ദശലക്ഷം അമേരിക്കന്‍ കാഴ്ചക്കാരുണ്ട്. ഏറ്റവും ധനികയായ കറുത്ത അമേരിക്കക്കാരിയാണവര്‍. ഭാവനാശേഷിയും പുതിയ ആശയങ്ങളുമില്ലെന്ന ന്യായത്തില്‍ വാള്‍ട്ട് ഡിസ്നിയെ 'ഒന്നിനും കൊള്ളില്ലെന്നു'പറഞ്ഞ് അദ്ദേഹം ജോലി ചെയ്തിരുന്ന പത്രസ്ഥാപനത്തില്നിന്നു പറഞ്ഞുവിട്ടു. ലോകത്തെ മാറ്റിമറിച്ച ഡിസ്നി കാര്‍ട്ടൂണ്‍ പിറവിക്ക് അതു കാരണമായി. ദക്ഷിണ കാലിഫോര്‍ണിയായില്‍ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്ട്സില്‍ പ്രവേശനം നേടാന്‍ അപേക്ഷ അയച്ച് രണ്ടു തവണ പിന്തള്ളപ്പെട്ടയാളാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്ന ഹോളിവുഡിലെ ഏറ്റവും വലിയ സംവിധായകന്. മൂന്ന് ഓസ്കാര്‍ അക്കാദമി പുരസ്കാരങ്ങള്‍ നേടിയ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ പേരില്‍ ഒരു കെട്ടിടംതന്നെ സര്‍വകലാശാല അദ്ദേഹത്തോടുള്ള ആദരസൂചകമായി അവിടെ പണിതു. പഠിക്കാന്‍ കഴിവില്ലെന്നുപറഞ്ഞ് മിക്കദിവസവും ബഞ്ചില്‍ കയറ്റിനിര്‍ത്തി ശിക്ഷിക്കപ്പെട്ടയാളാണ് ലോകപ്രശസ്ത ചിത്രകാരന് പാബ്ലോ പിക്കാസോ.
പോരായ്മകളും ചെറിയ പരാജയങ്ങളുംവച്ച് കുഞ്ഞുങ്ങളെയെന്നല്ല ആരെയും അളക്കരുത്. മോശം മാര്‍ക്ക് ഷീറ്റോ പരീക്ഷകളിലെ പരാജയങ്ങളോ ഒന്നുമല്ല ജീവിതവിജയം നിര്‍ണയി ക്കുന്നത്. തളര്‍ത്താതെ, തകര്‍ക്കാതെ കൂടുതല്‍ ഉയരങ്ങളിലേക്കു പറക്കാന്‍ കുഞ്ഞുങ്ങള്‍ക്കു താങ്ങാകുക. തണലാകുക. 'എന്തില്ല' എന്നു നോക്കാതെ 'എന്തുണ്ട്' എന്നു തിരിച്ചറിയുക; വളര്‍ത്തുക. മക്കള്‍ പ്രതിഭകളാണ്, അനശ്വരപ്രതിഭകള്.