നൂറ്റാണ്ടുകള്‍ക്കപ്പുറം മഞ്ഞണിഞ്ഞ ഡിസംബര്‍ മാസത്തില്‍, രാവിന്റെ നിശ്ശബ്ദതയില്‍, താരാഗണങ്ങള്‍ കണ്ണുചിമ്മി നില്ക്കവേ, ബത്‌ലഹേമിലെ മലഞ്ചെരുവില്‍ വൈക്കോല്‍ഗന്ധം നിറഞ്ഞുനില്ക്കുന്ന ഒരു കാലിത്തൊഴുത്തില്‍, സമാധാനരാജാവായി ലോകരക്ഷകന്‍ പിറന്നു. പ്രപഞ്ചം മുഴുവനെയും ഹര്‍ഷപുളകിതമാക്കി സ്വര്‍ഗം ഭൂമിയെ ചുംബിച്ച അനര്‍ഘനിമിഷം!
അനുസരണക്കേടുവഴി പാപം ചെയ്ത് പറുദീസ നഷ്ടപ്പെടുത്തിയ ആദിമാതാപിതാക്കളോടു കരുണ തോന്നിയ ദൈവം അവര്‍ക്കു രക്ഷകനായി തന്റെ പ്രിയപുത്രനെ വാഗ്ദാനം ചെയ്തു. ആ വാഗ്ദാനപൂര്‍ത്തീകരണമാണ് മിശിഹായുടെ മനുഷ്യാവതാരം. 'സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുദാരനായ ദൈവം' (പുറ. 34:6) മനുഷ്യരക്ഷ സാധിതമാക്കാന്‍ തന്റെ മടിയിലിരുന്ന ഏകജാതനെ ഭൂമിയിലേക്ക് അയച്ചുകൊണ്ട് അവിടുത്തെ നിരുപമസ്‌നേഹത്തെ വെളിപ്പെടുത്തി. ''ദൈവം സ്‌നേഹമാണ്. തന്റെ ഏകപുത്രന്‍വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഇടയില്‍ വെളിപ്പെട്ടിരിക്കുന്നു'' (1 യോഹ. 4: 8-9). മനുഷ്യമനസ്സുകളില്‍ സമാധാനത്തിന്റെ ദീപം കൊളുത്താന്‍ സ്വര്‍ഗീയപിതാവ് ഭൂമിക്കു കൈമാറിയ സ്‌നേഹസമ്മാനമാണ് പുല്‍ക്കൂട്ടിലെ ഉണ്ണീശോ. കരുണയുടെ നിറസാന്നിധ്യമായി, എളിമയുടെ ദിവ്യസങ്കീര്‍ത്തനമായി പിള്ളക്കച്ചയില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ ശയിക്കുന്ന 'എമ്മാനുവേല്‍' ദൈവസ്‌നേഹത്തിന്റെ പാരമ്യം വെളിപ്പെടുത്തുന്നു. കരുണാര്‍ദ്രസ്‌നേഹം ഒരിക്കലും അസ്തമിക്കാത്ത ദൈവകരുണയുടെ കവിഞ്ഞൊഴുകലാണ് തിരുപ്പിറവിയില്‍ നാം ദര്‍ശിക്കുന്നത്.
മനുഷ്യഹൃദയങ്ങളില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും നക്ഷത്രവിളക്കുകള്‍ തെളിക്കുവാന്‍, നിര്‍മലസ്‌നേഹത്തിന്റെ സൂര്യോദയമായി മന്നിലവതരിച്ച രാജാധിരാജന്‍ അന്ധകാരത്തില്‍ ചരിക്കുന്നവര്‍ക്കും മരണത്തിന്റെ നിഴലില്‍ വസിക്കുന്നവര്‍ക്കും പ്രത്യാശയുടെ പ്രകാശം പകര്‍ന്നു. പ്രപഞ്ചം മുഴുവന്‍ വംശദേശവ്യത്യാസമില്ലാതെ ഏറ്റുവാങ്ങിയ ഒരു തിരുപ്പിറവിയുടെ ഉത്സവമായി വീണ്ടും ക്രിസ്മസ് വന്നണയുമ്പോള്‍ ഇരുട്ടിന്റെ സാന്ദ്രതയില്‍ ഉദിച്ചുയര്‍ന്ന നീതിസൂര്യനെ വിനയപൂര്‍വം ഹൃദയത്തില്‍ പ്രതിഷ്ഠിക്കാം. അതിനായി നമ്മുടെ ഹൃദയമാകുന്ന ശ്രീകോവില്‍ നന്മകളാലും സുകൃതങ്ങളാലും അലങ്കരിച്ചു വിശുദ്ധമാക്കാം.