കഥാപ്രസംഗ-ദൃശ്യാവിഷ്‌കാരം
(വേദിയുടെ ഒരു പകുതിയില്‍ കാഥികനും പിന്നണിയും ഉള്‍പ്പെടുന്ന സംഘം. കീബോര്‍ഡ്, തബല, സിംബല്‍ തുടങ്ങിയ അത്യാവശ്യ വാദ്യോപകരണങ്ങള്‍ ഉണ്ടായാല്‍ നന്ന്. വേദിയുടെ മറുപകുതി ദൃശ്യാവിഷ്‌കരണത്തിനായി ഉപയോഗിക്കാം. സദസ്സിന്റെ വിവിധ ഭാഗങ്ങളും ഇതിനായി ഉപയോഗപ്പെടുത്താം.)
കഥാപ്രസംഗശൈലിയില്‍ കാഥികന്‍ ആരംഭിക്കുന്നു: പ്രിയ കലാസ്‌നേഹികളേ, നിങ്ങള്‍ക്കെന്റെ വിനീതമായ കൂപ്പുകൈ!
സന്തോഷം അലയടിച്ചുയരുന്ന ഈ ക്രിസ്മസ്‌വേളയില്‍ ഞങ്ങള്‍ അഭിമാനപൂര്‍വം കാഴ്ചവയ്ക്കുന്നു - സമ്മാനം!
ഈ കലാവിരുന്ന് ആസ്വദിക്കാന്‍ എത്തിയിരിക്കുന്ന നിങ്ങളെ ഞാന്‍ ഒരു യാത്ര പോകാന്‍ ക്ഷണിക്കുകയാണ്. എങ്ങോട്ടാണ് എന്നല്ലേ? കേട്ടോളൂ...
ദൂരേ കിഴക്കായി കാണുന്നൊരു ദേശം
ചന്തം തികഞ്ഞൊരു നല്ല ഗ്രാമം
മലയും വയലുമായ് മഞ്ഞും മഴയുമായ്
മാനവര്‍ ജീവിക്കും നല്ലനാട്.
(ഗാനങ്ങള്‍ പിന്നണിയോടൊപ്പം പാടുന്നു)
അതേ, മഞ്ഞുപെയ്യുന്ന ബത്‌ലേഹം. അപ്പത്തിന്റെ ഭവനം എന്നു പേരുള്ള നാട്. കൃഷീവലന്മാരും ആട്ടിടയരുമുള്ള നാട്. ഇപ്പോഴവിടെ ഡിസംബറിന്റെ കുളിരാണ്. വെയില്‍ ചാഞ്ഞുതുടങ്ങിയ നേരം.
(ജോസഫും മറിയവും ദൂരെനിന്ന് വേദിയിലേക്കു നടന്നടുക്കുന്നു)
അതാ, അങ്ങോട്ടു നോക്കൂ. ആ വരുന്ന രണ്ടുപേരെ കണ്ടോ? ജോസഫും മറിയവുമാണവര്‍. ഒറ്റനോട്ടത്തിലറിയാം. അവര്‍ ക്ഷീണിതരാണ്. ഈ നടപ്പു തുടങ്ങിയിട്ട് ദിവസം കുറച്ചായി. ഒന്നു വിശ്രമിക്കാന്‍ ഇടമില്ല.
പാലസ്തീനായിലെ നസ്രത്ത് എന്ന ഗ്രാമത്തിലാണ് അവരുടെ വീട്. രാജകല്പനയനുസരിച്ച് ജനസംഖ്യാകണക്കെടുപ്പില്‍ പേരുചേര്‍ക്കാന്‍ ഇവിടെ വന്നതാണവര്‍. അവരെ ഒന്നു ശ്രദ്ധിച്ചുനോക്കൂ. മറിയം പൂര്‍ണഗര്‍ഭിണിയാണ്. ജോസഫ് അവളെ താങ്ങി നടത്തുന്നതു കണ്ടോ? അവര്‍ക്കു താമസിക്കാന്‍ ഒരിടം വേണം. ജോസഫ് പല വീടുകളിലും സത്രങ്ങളിലും മുട്ടിനോക്കി. എങ്ങും സ്ഥലമില്ലത്രേ. ഇനിയെന്തു ചെയ്യും? മറിയത്തെ എവിടെ കിടത്തും? അവള്‍ എവിടെ പ്രസവിക്കും? അവര്‍ അന്വേഷണം തുടരുകയാണ്.
(ജോസഫും മറിയവും വേദിയിലെത്തി രണ്ടുവട്ടം നടന്ന് പിന്നിലേക്കു നടന്നുമറയുന്നു)
ചുവടൊന്നു വയ്ക്കുവാന്‍ ആവതില്ലാ
തലയൊന്നു ചായ്ക്കുവാന്‍ ഇടവുമില്ല
ദയതോന്നി നല്‍കണേ ഞങ്ങള്‍ക്കിന്ന്
രാത്രി കഴിക്കുവാന്‍ അല്പമിടം.
ഒടുവില്‍ ഒരു കാലിത്തൊഴുത്തില്‍ അവര്‍ക്ക് അന്തിയുറങ്ങാന്‍ ഇടം കിട്ടി. കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിയില്‍ വൈക്കോല്‍കൊണ്ട് കിടക്കവിരിച്ച് ജോസഫ് മറിയത്തെ കിടത്തി. അവര്‍ ദൈവത്തിനു നന്ദി പറഞ്ഞു. ഇതെങ്കിലും കിട്ടിയല്ലോ. അപ്പോഴേക്കും നേരം രാത്രിയായി.
ഇതേസമയം സ്വര്‍ഗത്തിലെ ഗായകസംഘം ആകാശത്തു നിരന്നു. വാദ്യോപകരണങ്ങളുമായി മാലാഖമാര്‍ ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി.
(വേദിയില്‍ മാലാഖമാരുടെ ഗായകസംഘം പാടുന്നു)
കാലിത്തൊഴുത്തില്‍ പിറന്നിടുന്നു
കാലത്തിന്‍ നാഥനാം ഉണ്ണിയിന്ന്
ഭൂമിയിലെല്ലാര്‍ക്കും കൈവരുന്നു
സന്മനസ്സുള്ളോര്‍ക്കു ശാന്തിയെന്നും.
പാടിടാം പാടിടാം മോദമോടെ
ഉണ്ണിക്ക് കീര്‍ത്തനമാലപിക്കാം.
(പാട്ടുതീര്‍ന്ന് മാലാഖമാര്‍ വശങ്ങളിലേക്കു നീങ്ങുമ്പോള്‍ ജോസഫിനെയും മറിയത്തെയും ഉണ്ണിയെയും വേദിയില്‍ കാണാം)
കാലിത്തൊഴുത്തിലെ വൈക്കോല്‍മെത്തയില്‍ മറിയം തന്റെ ഉണ്ണിയെ പ്രസവിച്ചു. ഓമനത്തം തുളുമ്പുന്ന ഒരുണ്ണി. തുണിയില്‍ പൊതിഞ്ഞ ഉണ്ണിയെ മറിയം പാലൂട്ടി. ജോസഫ് ഉണ്ണിക്ക് യേശു എന്നു പേരിട്ടു. അതിനു സമീപമുള്ള വയലില്‍ രാത്രിയില്‍ ആടുകളെ കാത്തുകൊണ്ട് ഇടയന്മാര്‍ ഉണ്ടായിരുന്നു. അതാ, ഒരു മാലാഖ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു.
(വേദിയുടെ മറ്റൊരു വശത്ത് മാലാഖ കൈയില്‍ നക്ഷത്രവടിയുമായി പ്രത്യക്ഷപ്പെടുന്നു)
വെള്ളച്ചിറകുകള്‍ വീശി മാലാഖ അവരോടു പറഞ്ഞു: ''ഇതാ, നിങ്ങള്‍ക്ക് വലിയൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ യേശു ഇന്ന് ജനിച്ചിരിക്കുന്നു. സകല മനുഷ്യര്‍ക്കും വേണ്ടിയുള്ള രക്ഷകനാണ് അവന്‍. നിങ്ങള്‍ പോയി ആ ഉണ്ണിയെ കാണുവിന്‍.''
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു ആമോദരായ്
(ആട്ടിടയന്മാര്‍ ആട്ടിന്‍കുട്ടികളെയും കൂട്ടി വേദിയിലേക്കു വരുന്നു. ഉണ്ണിക്കു മുമ്പില്‍ വണങ്ങിനില്‍ക്കുന്നു.)
ആട്ടിടയന്മാര്‍ ഒട്ടും വൈകാതെ കാലിത്തൊഴുത്തിലേക്കു യാത്രയായി. ഒപ്പം ആട്ടിന്‍കുട്ടികളും. പുല്‍ക്കൂട്ടില്‍ കിടത്തിയ ഉണ്ണിയേശുവിനെ അവര്‍ കൗതുകത്തോടെ നോക്കിനിന്നു. ആട്ടിടയര്‍ മുട്ടുകുത്തി വണങ്ങി.
പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണീ നിന്‍
തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ (2)
ആട്ടിടയന്മാരുടെ ഉള്ളില്‍ സന്തോഷം നിറഞ്ഞു. കാരണമെന്തെന്നോ? ലോകത്തിലെ ഏറ്റവും വലിയ സമ്മാനമാണ് ഉണ്ണിയേശു. സ്വര്‍ഗം ഭൂമിക്കു നല്‍കിയ സമ്മാനം. ദൈവം മനുഷ്യനു നല്‍കിയ വലിയ സമ്മാനം. ആ ദിവ്യസമ്മാനത്തെ ആദ്യമായി കാണാന്‍ കഴിഞ്ഞതില്‍ ആട്ടിടയര്‍ അതിയായി സന്തോഷിച്ചു. അപ്പോഴതാ, ഒരു നക്ഷത്രം അകലെനിന്ന് അടുത്തേക്കു വരുന്നത് അവര്‍ കണ്ടു.
(അകലെനിന്നു വേദിയിലേക്കു വലിച്ചുകെട്ടിയ കയറിലൂടെ ചലിക്കുന്ന ഒരു നക്ഷത്രം. അതിനു താഴെയായി മൂന്നു രാജാ ക്കന്മാര്‍ നടന്നുവരുന്നു. നക്ഷത്രം പുല്‍ക്കൂട്ടിനുമുമ്പില്‍ വന്നുനില്‍ക്കുന്നു. രാജാക്കന്മാര്‍ ഉണ്ണി ക്കു സമ്മാനങ്ങള്‍ നല്‍കുന്നു.)
നക്ഷത്രത്തിനു താഴെയായി മൂന്നു രാജാക്കന്മാര്‍ വരുന്നതു കണ്ടോ? അവരുടെ കൈയില്‍ വിലപിടിച്ച സമ്മാനങ്ങളുമുണ്ട്. ഉണ്ണിയേശുവിനു നല്‍കാന്‍ സമ്മാനവുമായി വരികയാണവര്‍.
ദൂരെനിന്നും ദൂരെദൂരെനിന്നും
മരുഭൂവിന്‍ വഴികളിലൂടെ
ഒരു കാലിത്തൊഴുത്തു തേടി
മൂന്നു രാജാക്കന്മാരെത്തി.
അതാ, അവര്‍ ഉണ്ണിയുടെ അടുത്തെത്തിക്കഴിഞ്ഞു. അവര്‍ സമ്മാനം നല്‍കുകയാണ്. ഒന്നാമന്‍ സ്വര്‍ണം സമ്മാനമായി നല്‍കുന്നു. രണ്ടാമന്‍ മീറ നല്‍കുന്നു. മൂന്നാമന്‍ കുന്തുരുക്കം കാഴ്ചവയ്ക്കുന്നു. എന്നിട്ടവര്‍ വണങ്ങിനില്‍ക്കുന്നു.
കൂട്ടുകാരേ, രാജാക്കന്മാര്‍ മാത്രമല്ല, ഈ ക്രിസ്മസ്‌വേളയില്‍ ലോകമെമ്പാടും എല്ലാവരും ഉണ്ണിയേശുവിനു സമ്മാനങ്ങള്‍ നല്‍കുകയാണ്. നമുക്കും ഇപ്പോള്‍ സമ്മാനം നല്‍കാം.
(മുന്‍കൂട്ടി നിശ്ചയിച്ച വ്യക്തികള്‍ വേദിയിലെത്തി സമ്മാനം നല്‍കുന്നു. കുട്ടികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍, വൈദികര്‍, സന്ന്യസ്തര്‍, സംഘടനാഭാരവാഹികള്‍ തുടങ്ങി എല്ലാവരുടെയും പ്രതിനിധികള്‍ ആകാം.)
ഓരോ ക്രിസ്മസ് കാലത്തും ഉണ്ണിയേശുവിന്റെ ജനനത്തെപ്പറ്റി അറിയിച്ചുകൊണ്ട്, സന്തോഷവും സമാധാനവും ആശംസിച്ചുകൊണ്ട് ഗായകസംഘം സഞ്ചരിക്കും. ക്രിസ്മസ് കരോള്‍ എന്ന് അറിയപ്പെടുന്ന ആ സംഘം നമ്മുടെ ഇടയിലും എത്തിച്ചേര്‍ന്നിരിക്കുന്നു. നമുക്കവരെ സ്വീകരിക്കാം, അവരോടൊത്തു പാടാം.
(നേരത്തേ തയ്യാറാക്കിയ കരോള്‍സംഘവും ക്രിസ്മസ് ഫാദറും കുട്ടികള്‍ക്കിടയിലൂടെ വേദിയിലേക്കു വരുന്നു. അവര്‍ കാഥികസംഘത്തോടു ചേരുന്നു. മുന്‍കൂട്ടി പരിശീലിച്ച ഉചിതമായ കരോള്‍ഗാനങ്ങള്‍ ആലപിക്കുന്നു.)