•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

പാലായിലെ ക്രിസ്മസ് നാളുകള്‍

ക്രിസ്മസിനെ അതിന്റെ മതാത്മകതയില്‍നിന്നു വേര്‍പെടുത്തിയെടുത്തിട്ട് ഏറെ നാളായി.  ക്രിസ്തുവിന്റെ ജനനനവുമായി ബന്ധപ്പെട്ട ഈ ആഘോഷം ഇപ്പോള്‍ വിപണി പിടിച്ചടക്കുകയും ചെയ്തിരിക്കുന്നു. ക്രിസ്തുമസിനോടനുബന്ധിച്ച് വൈദ്യുതദീപങ്ങള്‍കൊണ്ടുള്ള അലങ്കാരങ്ങള്‍ ഇന്ന് ലോകത്താകമാനം പ്രാധാന്യം നേടിയിരിക്കുന്നു. കേരളത്തിലും വൈദ്യുതിയുടെ സുലഭതയോടെ ഈ പരിഷ്‌കാരം പ്രചലിതമായിട്ടുണ്ട്.  ഇവിടെ, ഷിക്കാഗോയില്‍ എന്റെ വീടുള്‍പ്പെടെ, ചുറ്റുമുള്ള എല്ലാ വീടുകളും രാത്രിയില്‍ എല്‍ഇഡി ബള്‍ബിന്റെ വെട്ടത്തില്‍ പ്രകാശിക്കുകയാണ്. 

വൈദ്യുതി അത്ര ലഭ്യമല്ലായിരുന്ന ക്രിസ്മസ് ദിനങ്ങളാണ് എന്റെ പാലാ ഓര്‍മകള്‍ സമ്മാനിക്കുന്നത്. പുല്‍ക്കൂടുണ്ടാക്കി അലങ്കരിക്കുന്നതാണ് മിക്കവരുടെയും പ്രധാന ആവേശം. ചെറിയ ഇല്ലിക്കമ്പുകള്‍ സ്വല്പം വളച്ച് വര്‍ണക്കടലാസ് ഒട്ടിച്ച് വലിയ നക്ഷത്രവിളക്കുകളുണ്ടാക്കും. പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവും യൗസേപ്പും മറിയവും. ചിലപ്പോള്‍ കിഴക്കുനിന്നു വന്ന മൂന്നു രാജാക്കന്മാരും പശുക്കളും ആടുകളും യുക്തം പോലെ. എന്റെ ആത്മാര്‍ഥസുഹൃത്ത് പുളിക്കക്കുന്നേല്‍ സക്കറിയ പുല്‍ക്കൂടും രൂപങ്ങളും ഉണ്ടാക്കുന്നതില്‍ വിദഗ്ധനാണ്. കണ്ണാടിയുറുമ്പില്‍നിന്നു കടപ്പാട്ടൂരേക്കുള്ള ചെറിയ റോഡിന്റെ അരികിലാണ് സക്കറിയയുടെ വീട്. കളിമണ്ണു കുഴച്ച് യൗസേപ്പിനെയും കന്യാമറിയത്തെയും ഉണ്ണിയേശുവിനെയും സ്വതവേയുള്ള കലാചാതുരിയോടെ  നിര്‍മിച്ചെടുക്കും സക്കറിയ. പുലിയന്നൂരുള്ള ശിവരാമനും ഞാനും ഈ നിര്‍മിതി വീക്ഷിക്കാന്‍ അവിടെ പലപ്പോഴും എത്തും. ഞങ്ങള്‍ ഒരു മൂവര്‍ സംഘമാണ് (ഇപ്പോഴുമതേ, നാട്ടിലെത്തി, ഒത്തുകൂടാന്‍ സാഹചര്യം കിട്ടുമ്പോഴൊക്കെ). സക്കറിയയും ഞാനും നാടക/കലാമത്സരങ്ങളില്‍ സ്ഥിരം പങ്കാളികളുമായിരുന്നു. അന്ന് കുട്ടികളുടെ കൈയില്‍ പണം എത്തിച്ചേരുന്നത് വിരളമായിരുന്നതിനാല്‍ സക്കറിയ കൈയില്‍ കിട്ടിയ എന്തും ഉപയോഗിച്ചു രൂപങ്ങള്‍ നിര്‍മിച്ചെടുക്കും, പുല്‍ക്കൂട് ഗംഭീരമാക്കും.  ഉണ്ണിയേശുവിനെ നോക്കിനില്‍ക്കുന്ന ആടുകളും പശുക്കളും തന്മയത്വമാര്‍ന്നവയാണ്. പാലാഭാഗത്തെ മറ്റു വീടുകളിലെ പുല്‍ക്കൂടുകളും അലങ്കാരങ്ങളും കാണാന്‍ ചുറ്റിനടക്കുന്നതുതന്നെയാണ്  പ്രധാന വിനോദം. പട്ടി കടിക്കാന്‍ വരാത്ത വീടുകളിലെ പുല്‍ക്കൂടുകള്‍ അടുത്തുചെന്നു കാണും. നക്ഷത്രവിളക്കിനുള്ളില്‍ ബള്‍ബ് വയ്ക്കാന്‍ പറ്റാത്തവര്‍ മെഴുകുതിരി കത്തിച്ചു വയ്ക്കുകയാണു പതിവ്. ക്രിസ്മസ് സംബന്ധിയായ ഒന്നും പാലായിലെ കടകളില്‍ അന്ന് ലഭ്യമായിരുന്നില്ല.  ഗ്രീറ്റിങ് കാര്‍ഡുകള്‍ വിപണിയില്‍ ഇല്ലതന്നെ. ഞങ്ങള്‍തന്നെ വരച്ചെടുത്ത ക്രിസ്മസ് കാര്‍ഡുകളാണ് കൈമാറിയിരുന്നത്.  
പാലായിലും പരിസരങ്ങളിലും കടകളോ വീടുകളോ ബള്‍ബുമാലകളാല്‍ അലങ്കരിക്കുന്ന പതിവുണ്ടായിരുന്നില്ല. അതെങ്ങനെയാ, വൈദ്യുതി ഉണ്ടായിട്ടുവേണ്ടേ? ഇടുക്കി അണക്കെട്ട് പണിയുന്നതല്ലേയുള്ളൂ? നിതാന്തമായി മിന്നിത്തിളങ്ങിയിരുന്നത് പാലാ സെന്‍ട്രല്‍ ബാങ്കിന്റെ  പേരെഴുതിയ നിയോണ്‍ ലൈറ്റ് മാത്രം. അതിന്റെ പ്രതിബിംബം മീനച്ചിലാറ്റില്‍ പതിഞ്ഞുവീണ് ഓളങ്ങളില്‍ വെട്ടിത്തിളങ്ങുന്നത് വലിയപാലത്തില്‍നിന്നുള്ള നയനാനന്ദകരമായ കാഴ്ചയായിരുന്നു. ബാങ്ക് പൊട്ടി, അവിടെ ക്രിസ്തുരാജ് ആശുപത്രി തുടങ്ങി. നിയോണ്‍ ലൈറ്റും ഇല്ലാതായി.
സവിശേഷമായ പഞ്ചസാരപ്പലഹാരങ്ങളാണ് ക്രിസ്മസ് ഓര്‍മകളെ മധുരതരമാക്കുന്നത്. ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് പായസം, അരിയുണ്ട, സുഖിയന്‍ എന്നിവയൊക്കെ മാത്രമാണ് പരിചയം. ക്രിസ്തന്‍സുഹൃത്തുക്കള്‍ നല്‍കുന്നത് മറ്റു വെറൈറ്റി മധുരങ്ങളാണ്. രണ്ടു ഡൈമണ്ട് കട്ടകള്‍ ഒന്നിച്ചു ചേര്‍ത്തുവച്ചതുപോലുള്ള 'കേക്ക്' എന്നു വിളിക്കുന്ന ഒരു പലഹാരം കടകളിലും എത്തിത്തുടങ്ങിയിരുന്നു. ചില വീടുകളില്‍നിന്നു ബോര്‍മ (Oven എന്നതിന്റെ പാലാഭാഷയാണ് 'ബോര്‍മ')യില്‍ ബേക്ക് ചെയ്ത കേക്ക് കിട്ടും. അച്ചപ്പവും കുഴലപ്പവും വേറേ. മിസ്സിസ് കെ എം മാത്യുവിന്റെ പാചകവിധി പരീക്ഷിക്കുന്ന ക്രിസ്ത്യന്‍കുടുംബങ്ങള്‍  ഉണ്ടായിരുന്നതുകൊണ്ട്, അന്ന് അത്ര ലഭ്യമല്ലാതിരുന്ന 'അമേരിക്കന്‍ മാവ്' (ഇന്ന് സുലഭമായതും മലയാളിക്കു പൊറോട്ടയാക്കിത്തിന്നാന്‍ അവശ്യം വേണ്ടതുമായ മൈദ)കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ പുതിയ രുചികള്‍ സമ്മാനിച്ചിരുന്നു. 'കോക്കനട്ട് നന്‍കട്ട' ഒരു സുഹൃത്തിന്റെ അമ്മ ഉണ്ടാക്കിത്തന്നതിന്റെ മാധുര്യം ഇന്നും നാവിലുണ്ട്. അപ്പം (കള്ളപ്പം, പാലപ്പം എന്നൊക്കെ അറിയപ്പെടുന്നത്) കടകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല, ക്രിസ്ത്യന്‍വീടുകളില്‍നിന്ന് ഞങ്ങള്‍ക്ക് അതിന്റെയൊക്കെ രുചിയറിയാന്‍ സാധിച്ചു. പാലായില്‍ അന്ന് ബേക്കറി ഉണ്ടായിരുന്നോ എന്നുതന്നെ സംശയം. അതുകൊണ്ട് കൂട്ടുകാരുടെ വീട്ടില്‍നിന്നു കിട്ടുന്ന ക്രിസ്മസ്പലഹാരങ്ങള്‍ക്ക് അപൂര്‍വതയുടെ പ്രത്യേക സ്വാദായിരുന്നു.
ഇവിടെ ഷിക്കാഗോയില്‍ ചില വീടുകളുടെ മുന്നില്‍ പുല്‍ക്കൂട് (Nativity scene എന്ന് അറിയപ്പെടുന്നു) കാണുമ്പോള്‍ പാലാ ക്രിസ്മസാണ് ഓര്‍മയില്‍ വരുന്നത്. യൗസേപ്പിന്റെയും മറിയത്തിന്റെയും വലിയ പ്രതിമകളായിരിക്കും ചിലപ്പോള്‍ കാണുന്നത്. എല്ലാ വീട്ടിലും മതഭേദമെന്യേ ക്രിസ്മസ് മരങ്ങളുണ്ട്, പ്ലാസ്റ്റിക് നിര്‍മിതമോ ശരിക്കും പൈന്‍മരമോ. അതിന്റെ ചുവട്ടില്‍ ക്രിസ്മസ്ദിനത്തിനു രാവിലെ തുറക്കാനുള്ള സമ്മാനപ്പെട്ടികള്‍ എന്റെ മക്കളുടെയും കൗതുകകരമായ ആകാംക്ഷയാണ്. എന്റെ സുഹൃത്ത് രാജേഷ് നായര്‍ നാട്ടിലേക്കു തിരിച്ചുപോയപ്പോള്‍ വച്ചിട്ടുപോയ ക്രിസ്മസ്മരമടക്കം രണ്ടെണ്ണമാണ് എനിക്കുള്ളത്. രണ്ടും മിന്നുന്ന ബള്‍ബിട്ട്, തോരണങ്ങള്‍ തൂക്കി അലങ്കരിച്ചിട്ടുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)