•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

'സ്വര്‍ണം അഗ്നിയിലെന്നപോലെ' പ്രകാശനം ചെയ്തു

ഡോ. ജോര്‍ജ് തയ്യില്‍ രചിച്ച ''സ്വര്‍ണം അഗ്നിയിലെന്നപോലെ - ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകള്‍'' എന്ന ഗ്രന്ഥം ഡിസംബര്‍ രണ്ടിന് എറണാകുളം ലൂര്‍ദ് ആശുപത്രി കോണ്‍ഫെറന്‍സ് ഹാളില്‍ വരാപ്പുഴ മെത്രാപ്പോലീത്താ മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു. 
എഴുപതുകളുടെ ആദ്യം കൈയിലൊരു ഡിഗ്രിസര്‍ട്ടിഫിക്കറ്റുമായി മ്യൂണിക് എന്ന മഹാനഗരത്തിലെത്തിയ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ സ്വന്തം കുടുംബത്തോടു ചേര്‍ത്തുവച്ച ഒരു മഹാവ്യക്തിയോടുള്ള ആദരപൂജയാണ് ''സ്വര്‍ണം അഗ്നിയിലെന്നപോലെ.'' നാലു പതിറ്റാണ്ടിലേറെ നീണ്ട അത്യപൂര്‍വമായ ഒരു ഹൃദയബന്ധത്തിന്റെ ആവിഷ്‌കാരവുമാണിത്. ആ മഹാവ്യക്തി പില്‍ക്കാലത്ത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായായതും വിദ്യാര്‍ഥി ലോകപ്രശസ്തനായ ഹൃദ്രോഗവിദഗ്ധനായതും കാലത്തിന്റെ സവിശേഷകാരുണ്യം. 
ബെനഡിക്ട് പതിനാറാമന്റെ ഇതുവരെ ലോകം കേട്ടിട്ടില്ലാത്ത ഒട്ടുവളരെ സവിശേഷതകള്‍ ഡോ. തയ്യില്‍ തന്റെ ജീവിതസഞ്ചാരക്കുറിപ്പുകള്‍ക്കൊപ്പം ഈ ഗ്രന്ഥത്തില്‍ അനാവരണം ചെയ്യുന്നു. ഇരുപതു കൊല്ലത്തിലേറെയാണ് അദ്ദേഹം റാറ്റ്‌സിംഗറുടെ കുടുംബത്തിലെ ഒരംഗമെന്നോണം കഴിഞ്ഞിരുന്നത്. 
അതീവചാരുതയുള്ള ഭാഷയാണ് ഡോ. തയ്യില്‍ ഈ ഗ്രന്ഥരചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. കാല്പനികവും ഒപ്പം ഗഹനവുമാണ് അദ്ദേഹത്തിന്റെ എഴുത്തുരീതി. 
പഠിക്കുന്ന കാലത്തുതന്നെ എഴുത്തില്‍ തിളങ്ങിയിരുന്ന ഒരു പ്രതിഭയാണ് ഡോ. ജോര്‍ജ് തയ്യില്‍. പത്രപ്രവര്‍ത്തകനും എഴുത്തുകാരനും കഥാകൃത്തുമായി ജീവിതമാരംഭിച്ച ഡോ. ജോര്‍ജ് തയ്യില്‍ എന്ന ഹൃദ്രോഗവിദഗ്ധന്റെ അതിമനോഹരവും അതേസമയം ഒട്ടേറെ വിഷയങ്ങളുടെ വൈപുല്യംകൊണ്ടു ഗൗരവമേറിയതുമായ ഒരു ഗ്രന്ഥമാണിത്. 
സംസ്‌കൃതസര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ. എസ്.  രാധാകൃഷ്ണനാണ് ഈ ഗ്രന്ഥത്തിന് അവതാരിക രചിച്ചിരിക്കുന്നത്. ഡി.സി.ബുക്‌സ്/കറന്റ് ബുക്‌സ് ആണ് പ്രസാധകര്‍. വില-299 രൂപ. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)