•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ജി 20 ന് ഇന്ത്യന്‍ നായകത്വം: പുതിയ ലോകക്രമത്തിന് വഴി തുറക്കുമോ?

  • തോമസ് കുഴിഞ്ഞാലിൽ
  • 15 December , 2022

ജി 20 കൂട്ടായ്മയുടെ അധ്യക്ഷപദം ഡിസംബര്‍ ഒന്നാം തീയതി ഇന്ത്യ ഏറ്റെടുത്തതോടെ നമ്മുടെ രാജ്യത്തിനു നയതന്ത്രബന്ധങ്ങളുടെ ചരിത്രത്തില്‍ 2023 നിര്‍ണായകവര്‍ഷമായി മാറുകയാണ്. വ്യാവസായികവളര്‍ച്ചയേറിയതും വളര്‍ന്നുവരുന്നതുമായ പത്തൊമ്പതു രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളും ചേര്‍ന്ന 47 രാഷ്ട്രങ്ങളുടെ ഈ കൂട്ടായ്മയുടെ നേതൃത്വം കൈവന്നത് ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്.

ലോകജനസംഖ്യയുടെ 65 ശതമാനവും ആഗോളവ്യാപാരത്തിന്റെ 75 ശതമാനവും ആകെ ജിഡിപിയുടെ 85 ശതമാനവും കൈകാര്യം ചെയ്യുന്നത് ജി 20 രാജ്യങ്ങളാണ്. ഇക്കാരണത്താല്‍, കൂട്ടായ്മയിലെ അംഗങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളും നടപ്പാക്കുന്ന നയപരിപാടികളും ലോകസമ്പദ്‌വ്യവസ്ഥയെ നേരിട്ടു
ബാധിക്കുന്നവയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജി 20 ന്റെ അധ്യക്ഷപദം വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ ഈ കൂട്ടായ്മയുടെ നിലപാടുകള്‍ ഏവരും ഉറ്റുനോക്കുകയാണ്. ലോകരാജ്യങ്ങള്‍ ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്കു കൂപ്പുകുത്തുന്നുവെന്നു മാത്രമല്ല, പല ദരിദ്രരാജ്യങ്ങളും ഭീമമായ കടക്കെണിയിലും കുടുങ്ങിക്കിടക്കുന്നു. യുക്രെയ്‌നുമേലുള്ള റഷ്യന്‍ ആക്രമണം വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. ആഗോളതാപനംമൂലമുള്ള കാലാവസ്ഥാവ്യതിയാനത്തിന് അടുത്ത ഭാവിയിലെങ്ങും പരിഹാരം കാണാമെന്ന പ്രതീക്ഷയും അസ്തമിച്ച നിലയിലാണ്.
''ഒരു ഭൂമി,  ഒരു കുടുംബം, ഒരു ഭാവി'' എന്നതാണ് ജി 20 രാജ്യങ്ങളുടെ അടുത്തവര്‍ഷത്തെ മുദ്രാവാക്യം. ഇതിനെ ''വസുധൈവ കുടുംബകം'' എന്ന് ഇന്ത്യയും
വിശേഷിപ്പിക്കുന്നു. നമ്മുടെ അമ്മയായ ഭൂമിയെ സംരക്ഷിക്കുന്നതിനും നമ്മുടെ കുടുംബങ്ങളില്‍  ഐക്യം സൃഷ്ടിക്കുന്നതിനും നമ്മുടെ ഭാവിയെക്കുറിച്ചു പ്രതീക്ഷ പകരുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം അടിസ്ഥാനമാക്കി സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ ഒരു ജീവിതരീതിയാണ് സ്വീകരിക്കേïത്. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന തീവ്രവാദവും പകര്‍ച്ചവ്യാധികളും കാലാവസ്ഥാവ്യതിയാനംപോലുള്ള സങ്കീര്‍ണപ്രശ്‌നങ്ങളും പരിഹരിക്കാനുള്ള കര്‍മപദ്ധതികള്‍ക്കു രൂപംനല്‍കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ മാതാവെന്നനിലയില്‍ ആജ്ഞയിലൂടെയല്ലാതെ ദശലക്ഷക്കണക്കായ സ്വതന്ത്ര
ശബ്ദങ്ങളെ സമന്വയിപ്പിച്ച് ഒരുമയുടെയും സാഹോദര്യത്തിന്റെയും ഒരു പുതുലോകം കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും ജി 20 ന്റെ അധ്യക്ഷപദം ഏറ്റെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. ലോകത്തെ മുഴുവന്‍ ഒന്നായിക്കണ്ട് എല്ലാവരുടെയും ഉന്നതിക്കായി പ്രവര്‍ത്തിക്കാനായിരിക്കും തന്റെ രാജ്യം ശ്രദ്ധിക്കുകയെന്നും മോദി സൂചിപ്പിച്ചു.
'ഐക്യത്തിന്റെയും പ്രത്യാശയുടെയും മാര്‍ഗങ്ങളിലൂടെ രാജ്യങ്ങള്‍ക്കിടയിലുള്ള വൈരം അവസാനിപ്പിക്കാന്‍ ഈ അധ്യക്ഷപദം ഉപയോഗിക്കും. വര്‍ത്തമാനകാലത്തെ ആഗോളനയത്തില്‍ കരുത്തുറ്റ രാഷ്ട്രീയസ്വാധീനം ചെലുത്താന്‍ ജി 20 രാഷ്ട്രങ്ങള്‍ക്കു കഴിയുമെന്നാണു പ്രത്യാശിക്കുന്നത്. ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം, സുസ്ഥിരവികസനം, കാലാവസ്ഥാവ്യതിയാനം, ഡിജിറ്റല്‍ പരിവര്‍ത്തനം തുടങ്ങിയവയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കാനും നമുക്കു കഴിയും' മോദി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികസ്ഥിരത ഉറപ്പാക്കുന്നതും രാജ്യാന്തരനികുതികള്‍ യുക്തിസഹമാക്കുന്നതും ദരിദ്രരാജ്യങ്ങളുടെ കടബാധ്യതകള്‍ ഒഴിവാക്കുന്നതുമുള്‍പ്പെടെയുള്ള അനേകം മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ ഇതുവരെയുള്ള കാലയളവില്‍ അധ്യക്ഷപദം അലങ്കരിച്ച 17 രാജ്യങ്ങള്‍ക്കും കഴിഞ്ഞതായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍, മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി കൂട്ടായ്മയുടെ ഭാവിപരിപാടികള്‍ നിശ്ചയിക്കുന്നതിനുള്ള അവസരംകൂടിയാണ് ഇന്ത്യയ്ക്കു കൈവന്നിട്ടുള്ളത്. 
അതിവേഗം വളരുന്ന സമ്പദ്‌വ്യസ്ഥയായതിനാല്‍ വികസ്വരരാജ്യങ്ങളുടെ യഥാര്‍ഥ പ്രതിനിധിയായി പ്രവര്‍ത്തിക്കാനും ഇന്ത്യയ്ക്കാകും. ഇക്കാര്യങ്ങള്‍ മനസ്സില്‍വച്ച് കാലാവസ്ഥാധനകാര്യത്തിലും സാങ്കേതികവിദ്യയിലും മാത്രമല്ല, വികസ്വരരാജ്യങ്ങള്‍ക്കുള്ള ഊര്‍ജസംരക്ഷണം ഉറപ്പുവരുത്താനും കഴിയുമെന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി നിയമിതനായ അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമായ 'ആധാര്‍' വിജയകരമായി നടപ്പാക്കിയതുവഴി ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ നമ്മുടെ രാജ്യം ഒന്നാംസ്ഥാനത്താണെന്നു തെളിയിച്ചിട്ടുണ്ടെന്നും  അമിതാഭ് കാന്ത് സാക്ഷ്യപ്പെടുത്തി. കൃഷിമുതല്‍ വിദ്യാഭ്യാസംവരെയുള്ള വിവിധമേഖലകളിലെ സാങ്കേതികവിദ്യാധിഷ്ഠിതവികസനത്തിനു നൂതനമായ അറിവുകള്‍ ഇതര രാജ്യങ്ങളുമായി പങ്കുവയ്ക്കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വന്‍ശക്തിരാഷ്ട്രങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വികസന അജണ്ടകള്‍ നിഷ്പ്രഭമാക്കുമെന്ന ഭീഷണി നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് ജി 20 അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന 17-ാമത് ഉച്ചകോടിയില്‍ തയ്യാറാക്കിയ കരടു വിജ്ഞാപനത്തില്‍ സമവായം രൂപപ്പെടുത്തുന്നതിലും നമ്മുടെ രാജ്യം നിര്‍ണായകപങ്കു വഹിച്ചു. 'ഇത് യുദ്ധത്തിന്റെ യുഗമല്ല' എന്നു പ്രഖ്യാപിച്ചുകൊണ്ട് സമാധാനത്തിന്റെ കാവലാള്‍ എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാനും ബാലി വേദിയായി. അധ്യക്ഷപദവി ഏറ്റെടുത്ത ആദ്യദിവസം ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജ്യത്തെ 75 സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ആശയവിനിമയം നടത്തി. ആരോഗ്യം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ഊര്‍ജഭദ്രത എന്നിവയടക്കമുള്ള വിഷയങ്ങളില്‍ ജി 20 വഴി ഇന്ത്യ സജീവ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. സമ്പന്നമായ  ചരിത്രവും ലോകത്ത് ഏറ്റവും കൂടുതല്‍ യുവതയുമുള്ള രാജ്യമെന്ന നിലയില്‍ (രാജ്യത്തെ ജനസംഖ്യയുടെ 52 ശതമാനം)  ജനസംഖ്യാപരവും തന്ത്രപരവുമായ സ്വാധീനം ചെലുത്താന്‍ ഇന്ത്യയ്ക്കാകുമെന്നും ജയശങ്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 100 സ്മാരകമന്ദിരങ്ങള്‍ വൈദ്യുതദീപങ്ങളാല്‍ പ്രകാശിപ്പിച്ചുകൊണ്ടാണ് സ്ഥാനമേറ്റെടുക്കുന്നതിന്റെ ആഘോഷങ്ങള്‍ക്കു തുടക്കമിട്ടത്. ഡല്‍ഹിയിലെ ചെങ്കോട്ട, കുത്തബ് മീനാര്‍  അടക്കമുള്ള ചരിത്രസ്മാരകങ്ങളിലും കേരളത്തില്‍ മട്ടാഞ്ചേരി ഡച്ചുകൊട്ടാരത്തിലും ഫോര്‍ട്ടുകൊച്ചിയിലുള്ള വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയിലും ദീപാലാങ്കാരങ്ങളുണ്ടായിരുന്നു. 2023 സെപ്റ്റംബര്‍ 9 നും 10 നും ഡല്‍ഹിയില്‍ ചേരുന്ന ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട ആദ്യസമ്മേളനം രാജസ്ഥാനിലെ ഉദയ്പൂരില്‍ ഈയാഴ്ച സംഘടിപ്പിച്ചുവരുന്നു. ഇവിടെ നടക്കുന്ന സമ്മേളനങ്ങള്‍ രണ്ടു തരത്തിലാണു ചേരുന്നത്. അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പ്രതിനിധികളായ 'ഷെര്‍പകള്‍' നയിക്കുന്ന സമ്മേളനങ്ങളും (ഷെര്‍പ ട്രാക്ക്) ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും നയിക്കുന്ന 'ഫിനാന്‍സ്ട്രാക്കു'കളുമാണ് അവ. ഇന്ത്യയുടെ പ്രതിനിധിയായി നീതി ആയോഗിന്റെ മുന്‍ സി ഇ ഒ അമിതാഭ് കാന്ത്  പങ്കെടുക്കുന്നു. ഏഴു കൃത്രിമത്തടാകങ്ങളാല്‍ ചുറ്റപ്പെട്ട ഉദയ്പൂര്‍നഗരം സിസോദിയ രാജവംശജനായ ഉദയ്‌സിംഗ് രണ്ടാമന്‍ 1559 ല്‍ നിര്‍മിച്ചതാണ്. നഗരത്തിലെ കൊട്ടാരങ്ങളും ചരിത്രസ്മാരകങ്ങളും സമ്മേളനവേദികളാകും. ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട ആദ്യയോഗം ജനുവരി 18 മുതലുള്ള മൂന്നു ദിവസങ്ങളില്‍ തിരുവനന്തപുരത്താണു ചേരുന്നത്.
ഭാവിതലമുറകള്‍ക്ക് പ്രത്യാശ നല്കുന്നതിനും വന്‍ശക്തിരാഷ്ട്രങ്ങളുടെ കൈവശമുള്ള നശീകരണായുധങ്ങള്‍ ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ ഇല്ലാതാക്കുന്നതിനും രാജ്യങ്ങള്‍ സമവായത്തിനു തയ്യാറാകേണ്ടതുണ്ട്. ഇന്ത്യയുടെ ജി 20 അജണ്ട എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തനകേന്ദ്രീകൃതവും അഭിലാഷപൂര്‍ണവുമാണ്. 2023 ലെ ജി 20 ന്റെ അധ്യക്ഷപദവി ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃക നല്കുമെന്ന് നമുക്കു പ്രത്യാശിക്കാം.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)