ഭീതിയോടെ മാത്രം ജീവിക്കേണ്ട ഒരിടമായി കേരളം മാറിയോ? കഴിഞ്ഞ മൂന്നുനാലു വര്‍ഷത്തിനിടെ കേരളത്തിന്റെ കാലാവസ്ഥയിലും ഭൂമിയുടെ സ്വഭാവത്തിലും സാരവും പ്രകടവുമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഒരുപക്ഷേ, അതു ദശാബ്ദങ്ങള്‍കൊണ്ടു സംഭവിച്ചതാകാം. പ്രകടമായ രൂപത്തിലേക്കുവന്നതു കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണെന്നു മാത്രം. എന്നിരിക്കിലും, മുതിര്‍ന്ന തലമുറയ്ക്ക് ഉള്‍പ്പെടെ പരിചിതമല്ലാത്ത മുഖവും സ്വഭാവവുമാണ് ഈ കൊച്ചുഭൂഭാഗത്തിനിപ്പോള്‍. 2018 ലെ പ്രളയവും അനുബന്ധപ്രകൃതിക്ഷോഭവും കേരളീയര്‍ക്ക് ആകമാനം ഭീതിദമായ അനുഭവമായിരുന്നു. അത്തരമൊരു പ്രതിസന്ധിഘട്ടം മുമ്പു തരണം ചെയ്യേണ്ടിവന്നിട്ടുണ്ടായിരുന്നില്ല. അതിന്റെ ആവര്‍ത്തനം 2019 ല്‍ ഉണ്ടായി. ആദ്യതവണത്തെ അത്രമാത്രം ഭീകരമായിരുന്നില്ല സ്ഥിതി എന്നു മാത്രം. ഈ വര്‍ഷവും ഇതാ സമാനസ്ഥിതിവിശേഷം.
ഡാമുകള്‍ ജലബോംബുകള്‍!
പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ ഡാമുകളെ വിശേഷിപ്പിച്ചത് 'വികസനത്തിന്റെ ക്ഷേത്രങ്ങള്‍' എന്നായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ വ്യാവസായിക-വാണിജ്യ-കാര്‍ഷികമേഖലകളില്‍ ഉള്‍പ്പെടെ സമഗ്രവികസനം ഉണ്ടാവേണ്ടത് അനിവാര്യമായി മാറി. വികസനക്കുതിപ്പിന് ആവശ്യമായ ഘടകങ്ങളില്‍ പരമപ്രധാനം വൈദ്യുതിയായിരുന്നു. വൈദ്യുതിയുത്പാദനത്തിനുള്ള മുഖ്യമാര്‍ഗ്ഗമാകട്ടെ ജലവൈദ്യുതപദ്ധതികളും. അതിനാല്‍ ജലവൈദ്യുതപദ്ധതികള്‍ക്കായി രാജ്യത്ത് അങ്ങോളമിങ്ങോളം ഡാമുകള്‍ നിര്‍മ്മിക്കപ്പെട്ടു. ആ പശ്ചാത്തലത്തിലാണ് ജവഹര്‍ലാല്‍ നെഹ്‌റു, ഡാമുകളെ വികസനത്തിന്റെ ക്ഷേത്രങ്ങള്‍ എന്നു വിശേഷിപ്പിച്ചത്. പിന്നീട് ഡാമുകള്‍ വ്യാപകമായെന്നോണം പണിതുയര്‍ത്തപ്പെട്ടതിനാല്‍ പല മേഖലകളിലും പരിസ്ഥിതിപ്രശ്‌നങ്ങള്‍ തലപൊക്കുകയും വെള്ളപ്പൊക്കമടക്കമുള്ള പ്രയാസങ്ങള്‍ ഉണ്ടാവുകയും ചെയ്തു. പരിസ്ഥിതിയുടെ സ്വാഭാവികതയ്ക്കും സന്തുലിതാവസ്ഥയ്ക്കും അപരിഹാര്യമായ ആഘാതമാണ് ഡാമുകള്‍ വരുത്തിവയ്ക്കുക എന്ന തിരിച്ചറിവ് നെഹ്‌റുവിനും ഉണ്ടായി. 'വികസനത്തിന്റെ ക്ഷേത്രങ്ങള്‍' എന്ന ഡാമുകളെ സംബന്ധിച്ച അദ്ദേഹത്തിന്റെ പൂര്‍വനിലപാടിലും മാറ്റമുണ്ടായി. ഇന്ന് കേരളത്തിലെ സാമാന്യജനം ഒരല്പം ഭീതിയോടെയാണു ഡാമുകളെ നോക്കിക്കാണുന്നത്.
നന്നായൊന്നു പെയ്താല്‍
പിറ്റേന്നു പ്രളയം
മഴ കണ്‍കുളിര്‍ക്കെ, മനം നിറയെ ആസ്വദിച്ചിരുന്നു, മലയാളി പണ്ട്. എന്നാല്‍, ഇപ്പോഴോ? മനസ്സില്‍ ആധി നിറയ്ക്കുന്നതായി മഴ. ഏതാനും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന നല്ലൊരു മഴ പെയ്താല്‍ വെള്ളക്കെട്ടുകളായി, വെള്ളപ്പൊക്കമായി, പ്രളയമായി. യെല്ലോ അലര്‍ട്ട്, റെഡ് അലര്‍ട്ട് തുടങ്ങി എത്രയോ പുതിയ കാലാവസ്ഥാപ്രയോഗങ്ങള്‍ മലയാളികളുടെ ദൈനംദിനജീവിതത്തിലേക്കെത്തി. ഈ മാസം 467 മില്ലീമീറ്റര്‍ മഴ സംസ്ഥാനത്തു ലഭിക്കുമെന്നാണു കാലാവസ്ഥാവകുപ്പു പ്രവചിച്ചിരിക്കുന്നത്. എന്നാല്‍, ആദ്യ പത്തു ദിവസംകൊണ്ടു ലഭിച്ചതാകട്ടെ 422 മില്ലീമീറ്റര്‍ മഴയും. പ്രവചനാതീതമാണു കാലാവസ്ഥ എന്നു പ്രത്യേകം പറയേണ്ടല്ലോ. തീവ്രമഴയുടെയും അതിതീവ്രമഴയുടെയുമൊക്കെ നാടായി കേരളം മാറിക്കഴിഞ്ഞു.
പതിവുതെറ്റിക്കാത്ത
ഉരുള്‍പൊട്ടലുകള്‍
നമ്മുടെ നെഞ്ചിടിപ്പു കൂട്ടുന്ന മറ്റൊരു സ്ഥിതിവിവരക്കണക്ക് ഉരുള്‍പൊട്ടലുകള്‍ സംബന്ധിച്ചതാണ്. 2016 വരെയുള്ള 50 വര്‍ഷത്തിനിടെ കേരളത്തില്‍ 295 പേര്‍ക്കാണ്, ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായത്. അതേസമയം കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് ഉരുള്‍പൊട്ടല്‍ അപഹരിച്ചതാകട്ടെ 230 ല്‍ പരം ജീവന്‍. 2018 ല്‍ ചെറുതും വലുതുമായ അയ്യായിരത്തിലേറെ ഉരുള്‍പൊട്ടലുകള്‍ സംസ്ഥാനത്തുണ്ടായി എന്നു കണക്ക്. അതുവഴിയുള്ള മനുഷ്യജീവഹാനി 152. ഓരോ വര്‍ഷവും വ്യത്യസ്തയിടങ്ങളിലാണ് ഉരുള്‍പൊട്ടലുകള്‍ ഉണ്ടാവുന്നത്. സുരക്ഷിതം എന്നു കരുതിപ്പോന്ന കൂടുതല്‍ ഇടങ്ങളില്‍ വലിയതോതില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയിലെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയുമാണു ദുരന്തഭൂമിയായും കേരളീയരുടെ ആകമാനം കണ്ണീരോര്‍മ്മയായും മാറിയത്. ഇനിയൊരിക്കലും ആവര്‍ത്തിക്കരുതേ എന്നു നെഞ്ചുരുകി കേരളക്കര ഒന്നാകെ പ്രാര്‍ത്ഥിച്ച ആ ദുരന്തക്കാഴ്ച വീണ്ടും ഉണ്ടായിരിക്കുന്നു. ഇടുക്കിയിലെ പെട്ടിമുടിയാണ് ഇപ്രാവശ്യം ദുരന്തഭൂമിയായത്.
40 ശതമാനത്തിലും
ഉരുള്‍പൊട്ടല്‍ സാധ്യത
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ജി.എസ്.ഐ.) റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 18000 ചതുരശ്രകിലോമീറ്ററില്‍ കൂടുതല്‍പ്രദേശം ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയുള്ളതാണത്രേ. 14 ജില്ലകളിലുമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണു റിപ്പോര്‍ട്ട്. 38,863 ചതുരശ്രകിലോമീറ്ററാണ് കേരളത്തിന്റെ ആകെ വിസ്തൃതി. അതായത്, ആകെ വിസ്തൃതിയുടെ 40 ശതമാനത്തില്‍കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതാണത്രേ. പ്രസ്തുത റിപ്പോര്‍ട്ട് കഴമ്പുള്ളതാണെന്നും അതു സഗൗരവം എല്ലാവരും ഗൗനിക്കേണ്ടതാണെന്നും സംശയമേതുമില്ല.
'റീബില്‍ഡ് കേരള' ഉള്‍പ്പെടെയുള്ള ക്ഷേമ-വികസന പദ്ധതികള്‍ മുന്നേറട്ടെ. ഒപ്പം മാറിയ സാഹചര്യത്തില്‍ കേരളത്തിന്റെ പരിസ്ഥിതിയും മണ്ണും സംരക്ഷിക്കാനുള്ള സമഗ്ര-സത്വര-ദ്രുത കര്‍മപദ്ധതികളും ആവിഷ്‌കരിച്ചു പ്രാവര്‍ത്തികമാക്കേണ്ടിയിരിക്കുന്നു. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതിനെക്കാള്‍ വലിയ പ്രതിസന്ധിയും അപകടവും വേറൊന്നില്ല.