ആധുനികവൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്‌സ് സഹസ്രാബ്ദങ്ങള്‍ക്കുമുമ്പേ ഇപ്രകാരം പറഞ്ഞു: ''പ്രകൃതിയുടെ വരദാനങ്ങളായ ശുദ്ധവായു, ശുദ്ധജലം, ശുദ്ധഭക്ഷണം എന്നിവയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ഇവ മലിനമായാല്‍ സകല ജീവജാലങ്ങളും രോഗഗ്രസ്തമായിത്തീരും.'' പിന്നീടങ്ങോട്ട് എണ്ണമറ്റ ഋഷികളും ഭിഷഗ്വരരും ശാസ്ത്രജ്ഞരുമൊക്കെ ഇതുതന്നെ അടിവരയിട്ട് ആവര്‍ത്തിച്ചു. എന്നാല്‍, മനുഷ്യബുദ്ധിയുടെ വികാസവും ശാസ്ത്രസാങ്കേതികവിദ്യകളുടെ വളര്‍ച്ചയും ഉപഭോഗസംസ്‌കാരത്തിന്റെ നീരാളിപ്പിടിത്തവും പ്രകൃതിയുടെ താളപ്പിഴകള്‍ക്കും അന്തരീക്ഷമലിനീകരണത്തിനും കാരണമായിത്തീര്‍ന്നു. അതോടൊപ്പം മനുഷ്യന്റെ അതിമോഹവും അഹങ്കാരവും ആര്‍ത്തിയും ധൂര്‍ത്തും സുഖലോലുപതയും പരിസ്ഥിതിക്ക് ആഴത്തിലുള്ള മുറിവേല്പിക്കുക മാത്രമല്ല, മറ്റു ജീവജാലങ്ങളുടെ ആവാസകേന്ദ്രങ്ങള്‍ക്കും ജീവന്റെ നിലനില്പിനും വരെ ഭീഷണിയായിത്തീരുകയും ചെയ്തു.
പരിസ്ഥിതിയെ അടിമുടി മുറിവേല്പിച്ചുകൊണ്ടുള്ള മനുഷ്യന്റെ പ്രവൃത്തികള്‍ ഭൂമിക്കു താങ്ങാവുന്നതിലധികമാണ്. ഒന്നിന്റെ നിലനില്പ് മറ്റൊന്നിനോടു ബന്ധപ്പെട്ടു കിടക്കുന്നുവെന്നത് ഒരു പരിസ്ഥിതിവ്യവസ്ഥയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു കോട്ടംതട്ടുമ്പോള്‍ പ്രപഞ്ചശക്തികള്‍ പ്രതികരിക്കുകയും അവ ഭൂചലനം, പെരുമഴ, വേനലറുതി, ചുഴലിക്കാറ്റ്, ഉരുള്‍പൊട്ടല്‍, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഋതുഭേദങ്ങളില്‍ വ്യതിയാനം സംഭവിക്കുകയും കാലാവസ്ഥ തകിടംമറിയുകയും ചെയ്യുന്നു. ഇവയെല്ലാം മനുഷ്യരെയും മൃഗങ്ങളെയും മാത്രമല്ല സകല ജീവജാലങ്ങളെയും സാരമായി ബാധിക്കുകയും ആവാസവ്യവസ്ഥകള്‍ക്ക് ഇളക്കംതട്ടുകയും ചെയ്യുന്നു.
പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് ദൈവസ്‌നേഹത്തിന്റെയും ആദരവിന്റെയും നന്ദിയുടെയും അടയാളംകൂടിയാണ്. ദൈവമാണ് ഈ പ്രപഞ്ചത്തിന്റെ ഉടയവന്‍. മനുഷ്യര്‍ കാര്യസ്ഥര്‍ മാത്രമാണ്. ഏശയ്യാ പ്രവാചകനിലൂടെ ദൈവം ചോദിക്കുന്നു: ''കൈക്കുമ്പിളില്‍ ആഴിയെ അളക്കുകയും ആകാശവിശാലതയെ ചാണില്‍ ഒതുക്കുകയും ഭൂമിയിലെ പൊടിയെ അളവുപാത്രത്തില്‍ ഉള്‍ക്കൊള്ളിക്കുകയും പര്‍വ്വതങ്ങളുടെ ഭാരം വെള്ളിക്കോലില്‍ നിശ്ചയിക്കുകയും കുന്നുകളെ തുലാസില്‍ തൂക്കുകയും ചെയ്യുന്നവനാര്?'' (ഏശയ്യ. 40:12)
സുവിശേഷത്തിലൂടെ കടന്നുപോകുമ്പോള്‍, യേശു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ ഉപമകളിലും കഥകളിലും പ്രബോധനങ്ങളിലുമെല്ലാം പ്രകൃതിയിലെ ചരാചരങ്ങളിലേക്കു വിരല്‍ചൂണ്ടുന്നതായി കാണാം. സൂര്യന്‍, ചന്ദ്രന്‍, ആകാശം, ഭൂമി, ഇരുട്ട്, വെളിച്ചം, ദീപം, കടല്‍, മത്സ്യം, കാറ്റ്, തിരമാല, മഴ, വിളകള്‍, കളകള്‍, കൃഷിക്കാരന്‍, ധനികന്‍, ദരിദ്രന്‍, ദാസന്‍, കാര്യസ്ഥന്‍, വ്യാപാരി, രോഗം, വൈദ്യന്‍, സൗഖ്യം എന്നിങ്ങനെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമസ്തമേഖലകളെയും സമരസപ്പെടുത്തിയുള്ള ജീവിതക്രമങ്ങളുടെ നേര്‍ക്കാഴ്ചകളും ഉള്‍ക്കാഴ്ചകളും എത്രയോ ചിന്തോദ്ദീപകവും അര്‍ത്ഥസംപുഷ്ടവുമായിട്ടാണ് യേശു പഠിപ്പിച്ചത്!
രണ്ടാം ക്രിസ്തുവെന്ന അപരനാമധാരിയായ പരിസ്ഥിതിയുടെ മദ്ധ്യസ്ഥന്‍, അസ്സീസിയിലെ വി. ഫ്രാന്‍സീസ് പ്രകൃതിയിലെ സകലചരാചരങ്ങളെയും സഹോദരാ, സഹോദരീ എന്നാണു വിളിച്ചിരുന്നത്. തന്റെ ഗുരുവായ യേശുവിന്റെ കാല്പാടുകള്‍ പിന്തുടര്‍ന്ന വി. ഫ്രാന്‍സീസ് രചിച്ച 'സൂര്യസങ്കീര്‍ത്തനം' പ്രകൃതിയിലുള്ള സകലതിനെയും ദൈവ-മനുഷ്യബന്ധത്തിലേക്കടുപ്പിക്കുന്ന ഒരു സമ്യക്ദര്‍ശനമാണ് മാനവരാശിക്കു നല്‍കുന്നത്. പ്രപഞ്ചവസ്തുക്കളിലെല്ലാം ദൈവത്തെ കണെ്ടത്തിയ പ്രകൃതിസ്‌നേഹിയായ മഹാവിശുദ്ധന്റെ സര്‍ഗ്ഗചേതനയില്‍നിന്നുതിര്‍ന്നുവീണ ഈ ഉണര്‍ത്തുപാട്ട് മാനവഹൃദയങ്ങളെ വി. ഗ്രന്ഥത്തോടു ചേര്‍ത്തുപിടിക്കുകയും 148 ഉം 150 ഉം സങ്കീര്‍ത്തനങ്ങളിലേക്കു ലയനസാന്ദ്രമാക്കുകയും ചെയ്യുന്നു.
21-ാം നൂറ്റാണ്ടിന്റെ പ്രവാചകനും ലോകാരാധ്യനും ഫ്രാന്‍സീസ് എന്ന ഔദ്യോഗികനാമധാരിയുമായ ഫ്രാന്‍സീസ് പാപ്പായുടെ 'അങ്ങേക്കു സ്തുതി' (ലൗദോത്താ സീ) എന്ന ചാക്രികലേഖനം ലോകജനത ഒന്നടങ്കം നെഞ്ചിലേറ്റി എന്നത് ഏറെ ശ്രദ്ധേയംതന്നെ. ഈ ഭൂമി എല്ലാവര്‍ക്കുമുള്ള പൊതുഭവനവും പൊതുസ്വത്തുമാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല, പ്രകൃതിയോടും വരുംതലമുറകളോടുമുള്ള ധാര്‍മ്മികോത്തരവാദിത്വത്തിലേക്കുംകൂടി ഇതു വെളിച്ചം വീശുന്നു. പുരാതനകാലംമുതല്‍ പ്രകൃതിസ്‌നേഹികളായ അനവധി കവികളും ചിന്തകരും ദാര്‍ശനികരും പ്രപഞ്ചത്തിന്റെ സുസ്ഥിതിക്കായി തൂലിക പടവാളാക്കിയിട്ടുണ്ട്.
പ്രകൃതിയാണ് മനുഷ്യന്റെ ഏറ്റവും വലിയ പാഠപുസ്തകം. മാനവകുലം കാലാകാലങ്ങളില്‍ പലവിധ മഹാവ്യാധികളെ നേരിട്ടിട്ടുണ്ട്. പ്ലേഗ്, വസൂരി, കോളറ, ഫ്‌ളൂ, എയിഡ്‌സ്, എബോള തുടങ്ങി പലവിധ പകര്‍ച്ചവ്യാധികള്‍ ലോകം നേരിടുകയും കോടിക്കണക്കിനു മനുഷ്യജീവന്‍ പൊലിയുകയും ചെയ്തിട്ടുണ്ട്. ഈ നൂറ്റാണ്ടില്‍ ലോകജനതയെ കീഴടക്കുന്ന പകര്‍ച്ചവ്യാധികളില്‍ നല്ലൊരു ശതമാനവും ജന്തുജന്യരോഗങ്ങളാണെന്ന് ശാസ്ത്രം കണെ്ടത്തിയിരിക്കുന്നു. മനുഷ്യന്റെ അനീതിക്കും അക്രമത്തിനും ആര്‍ത്തിക്കും കിട്ടിയ തിരിച്ചടി!
എല്ലാ തിന്മയിലും ഒരു നന്മയെങ്കിലും മറഞ്ഞിരിപ്പുണ്ടാവും. മറുമരുന്നില്ലാത്ത കൊറോണ എന്ന മഹാമാരിയുടെ സംഹാരതാണ്ഡവത്തില്‍നിന്നു മാനവരാശിക്കുള്ള ഏറെ ഗുണപാഠങ്ങളും ഉരുത്തിരിയുന്നുണ്ട്.കൊറോണ മനുഷ്യന്റെ ശത്രുവും നാശവുമാണെങ്കില്‍ പ്രകൃതിയുടെ മിത്രവും രക്ഷയുമാണ്. വായു, ജലം, അന്തരീക്ഷം എല്ലാം ശുദ്ധീകരിക്കപ്പെടുന്നു. പരിസ്ഥിതിക്കു സുഖം പകരുന്നു. സാഹോദര്യവും സമത്വവും ശുചിത്വവും മിതത്വവും ആര്‍ജ്ജിക്കുവാന്‍ ഒരു പരിധിവരെ കൊറോണ സഹായകമായി. പണവും പ്രതാപവും നിലയും വിലയും സമ്പത്തും സൗഭാഗ്യവും ആഡംബരവും ധൂര്‍ത്തുമൊക്കെ നൈമിഷികമെന്ന തിരിച്ചറിവ് കൊറോണ ലോകത്തിനുനല്‍കിയ പാഠങ്ങളാണ്. മനുഷ്യന്റെ നിസ്സാരത ഈ വൈറസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.