•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പ്രതീക്ഷയോടെ ലോകം

ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ കൊവിഡ് 19 എന്ന മഹാമാരിക്കു പ്രതിരോധമരുന്നു കണ്ടുപിടിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയിരിക്കുന്നു. വിനാശകാരികളായ കൊറോണവൈറസുകളുടെ പ്രഹരമേറ്റ ലോകജനതയ്ക്ക് ഇത്തരം വാര്‍ത്തകള്‍ പകര്‍ന്നുനല്‍കുന്ന ആശ്വാസം ചെറുതല്ല.
ചൈനയിലെ വുഹാന്‍ നഗരവാസികളുടെയിടയില്‍ ഈ വര്‍ഷം ജനുവരിയോടെ വ്യാപകമായി പടര്‍ന്നുപിടിച്ച വൈറസുകളെ മെരുക്കാന്‍ ലോകരാജ്യങ്ങള്‍ തുടങ്ങിവച്ച ഗവേഷണങ്ങളാണിപ്പോള്‍ ഫലപ്രാപ്തിയോടടുക്കുന്നത്. കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യരാജ്യമായി റഷ്യ ചരിത്രത്തില്‍ സ്ഥാനം നേടിയിരിക്കുന്നു. 1957 ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം 'സ്പുട്‌നിക്കി'നെ അനുസ്മരിപ്പിച്ച് 'സ്പുട്‌നിക് 5' എന്നാണു വാക്‌സിന്റെ പേര്. 
തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതായും പരീക്ഷണഡോസ് സ്വീകരിച്ചവരില്‍ തന്റെ മകളുമുണെ്ടന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കുകയുണ്ടായി. മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
മോസ്‌കോ ഗമാലിയ ഗവേഷണസര്‍വകലാശാലയും റഷ്യന്‍ പ്രതിരോധമന്ത്രാലയവും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ആദ്യരണ്ടു പരീക്ഷണങ്ങളിലെ വിജയമാണ് ഗവേഷകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചത്.
അമേരിക്കയിലെ പ്രമുഖ ബയോ-ടെക്‌നോളജി സ്ഥാപനമായ ''MODERNA’  യും യു.എസ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ' "NIAID’യും (അലര്‍ജി-പകര്‍ച്ചവ്യാധി എന്നിവയെക്കുറിച്ചു പഠിക്കുന്ന കേന്ദ്രം) സംയുക്തമായി വികസിപ്പിച്ചെടുത്ത ‘MRNA1273’ എന്ന വാക്‌സിന്‍ കുരങ്ങുകളില്‍ പരീക്ഷിച്ചുവെന്ന വാര്‍ത്തയും ശുഭസൂചനയാണ്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ രണ്ടാംഘട്ടപരീക്ഷണങ്ങള്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ള 1,077 പേരിലാണു നടത്തിയത്. ഇവരില്‍ 90 ശതമാനം പേരിലും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ആന്റിബോഡികളും ടി-കോശങ്ങളും രൂപപ്പെട്ടുവെന്ന് ഗവേഷകര്‍ കണെ്ടത്തി. ആന്റിബോഡികള്‍ വൈറസുകളെ നേരിട്ടു നശിപ്പിക്കുമ്പോള്‍ ടി-സെല്ലുകള്‍ വൈറസുകളെയും അവ ബാധിച്ച ശരീരകോശങ്ങളെയും നശിപ്പിക്കാന്‍ കെല്പുള്ളവയാണ്. ചെറിയ തോതിലുള്ള പനിയും തലവേദനയുമല്ലാതെ മറ്റു പാര്‍ശ്വഫലങ്ങളൊന്നും വാക്‌സിന്‍ പ്രയോഗിച്ചപ്പോള്‍ പ്രത്യക്ഷപ്പെട്ടതുമില്ല. വിവിധ രാജ്യങ്ങളില്‍നിന്നു തിരഞ്ഞെടുക്കുന്ന ആയിരക്കണക്കിന് ആളുകളിലായിരിക്കും മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടത്തുക. പൂനയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടും വാക്‌സിന്റെ ഉത്പാദനത്തില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയോടു സഹകരിച്ചു പ്രവര്‍ത്തിക്കും. ഇന്ത്യയിലെ ആദ്യപരീക്ഷണം കൊവിഡ് 19 ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ച മുംബൈ, പൂനെ നഗരങ്ങളിലായിരിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സി.ഇ.ഒ. അദാര്‍ പൂനവല്ലാ വെളിപ്പെടുത്തി. 'കോവിഷീല്‍ഡ്' എന്നാണു വാക്‌സിനു പേരു നല്‍കിയത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'കൊവാക്‌സിന്‍' ഡല്‍ഹി എയിംസില്‍ വച്ച് 30 വയസ്സുള്ള ഒരു യുവാവില്‍ പരീക്ഷിക്കുകയുണ്ടായി. വിശദമായ പരിശോധനകള്‍ക്കും സ്‌ക്രീനിംഗിനുംശേഷമാണ് യുവാവില്‍ വാക്‌സിന്‍ കുത്തിവച്ചത്. ആദ്യഘട്ടത്തില്‍ 375 വോളണ്ടിയര്‍മാരിലും രണ്ടാംഘട്ടത്തില്‍ 12 സ്ഥലങ്ങളിലായി 750 പേരിലുമാണ് വാക്‌സിന്‍ കുത്തിവയ്ക്കുക.
ക്ലിനിക്കല്‍ പരിശോധനകള്‍ ഒട്ടേറെ തവണ നടത്തിയതിനുശേഷമേ പ്രതിരോധമരുന്നുകള്‍ വിപണിയില്‍ ഇറക്കാനാകൂവെന്ന് ഹൈദരാബാദിലുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യൂളാര്‍ ബയോളജി ഡയറക്ടര്‍ രാകേഷ് മിശ്ര വെളിപ്പെടുത്തി. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ ഇന്നത്തെ രീതിയില്‍ പുരോഗമിച്ചാല്‍ അടുത്തവര്‍ഷം ആരംഭത്തോടെ 'കൊവാക്‌സിന്‍' യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹമറിയിച്ചു. പൂര്‍ണതോതില്‍ ഉത്പാദനക്ഷമമാകുമ്പോള്‍ പ്രതിമാസം 100 ദശലക്ഷം ഡോസ് മരുന്നുകള്‍ പുറത്തിറക്കാനാകുമെന്നാണ് രാകേഷ് മിശ്രയുടെ പ്രതീക്ഷ.
ഐ.സി.എം.ആര്‍, ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങള്‍ പങ്കാളിത്തം വഹിച്ചും പ്രതിരോധവാക്‌സിന്‍ വികസിപ്പിക്കുന്നുണ്ട്. ഇതിനുപുറമേ, ഇന്ത്യയിലെ തന്നെ സെഡസ് കാഡില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ നേതൃത്വത്തില്‍ 'സൈക്കോവ് ഡി വാക്‌സിന്‍' ഗവേഷണവും പുരോഗമിക്കുന്നു.
വാക്‌സിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇനി അധികകാലം വേണ്ടിവരില്ല എന്ന ശുഭസൂചനയാണ് ഓരോ ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും വിജയം നമുക്കു നല്‍കുന്നത്. പ്രതിരോധമരുന്നുകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നതിനുമുമ്പ് മൂന്നു ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷണങ്ങളും വിജയിക്കണമെന്ന ലോകാരോഗ്യസംഘടനയുടെ നിബന്ധനയാണ് കാലതാമസം വരുത്തുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം.
കര്‍ശനമായ അച്ചടക്കവും കരുതലും രോഗത്തെ പ്രതിരോധിക്കുന്നതിന് അനിവാര്യമാണ്. അശ്രദ്ധമൂലം രോഗം പകര്‍ന്ന സംഭവങ്ങള്‍ നിരവധിയാണ്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നു. രോഗലക്ഷണങ്ങളില്ലാത്തവര്‍പോലും പരിശോധനകള്‍ക്കൊടുവില്‍ പോസിറ്റീവായി മാറുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും രോഗം പടരാതിരിക്കുന്നതിന് അത്യാന്താപേക്ഷിതമാണ്. രോഗിയുടെ മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കുവരുന്ന സ്രവങ്ങളിലൂടെയാണ് വൈറസുകള്‍ മറ്റുള്ളവരിലേക്കു പകരുക. ഇത്തരത്തിലുള്ള പകര്‍ച്ചകള്‍ തടയുന്നതിനാണ് മാസ്‌ക്ധരിക്കല്‍ നിര്‍ബന്ധമാക്കിയത്. മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് തങ്ങളുടെ സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയുംമേലുള്ള കടന്നുകയറ്റമാണെന്നു ശഠിച്ച യൂറോപ്യന്‍രാജ്യങ്ങളിലെയും അമേരിക്കയിലെയും ജനങ്ങള്‍ക്കിടയിലാണ് രോഗം അതിവേഗം പടര്‍ന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുപോലും ഇത്തരം ചിന്താഗതിക്കാരനായിരുന്നു. മാസ്‌ക് ധരിച്ചു നടക്കുന്നവര്‍ തന്നെ അംഗീകരിക്കാത്തവരാണെന്നും ട്രംപ് പറഞ്ഞുവച്ചു. യുഎസില്‍ രോഗം നിയന്ത്രണാതീതമായതിനു പിന്നില്‍ ട്രംപിന്റെ ദുശ്ശാഠ്യം പ്രധാന കാരണമാണ്. രോഗവ്യാപനം ട്രംപ് കൈകാര്യം ചെയ്ത രീതി ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ഏറ്റവും നല്ല പ്രതിരോധമാര്‍ഗ്ഗം മാസ്‌കു ധരിക്കുന്നതു തന്നെയെന്ന് തിരിച്ചറിഞ്ഞതോടെയാണ് ട്രംപും റിപ്പബ്ലിക്കന്‍പാര്‍ട്ടിക്കാരും തങ്ങളുടെ തെറ്റുതിരുത്താന്‍ തയ്യാറായത്. സ്പര്‍ശനത്തിലൂടെയും വൈറസുകള്‍ പടരുന്നതിനാല്‍ സാനിറ്റൈസറിനു ബദലായി കയ്യുറകള്‍ ധരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നതും അഭിലഷണീയമാണ്.
ശ്വസനനാളിയെയും ശ്വാസകോശങ്ങളെയുമാണ് കൊറോണവൈറസുകള്‍ ആക്രമിക്കുന്നത്. തലവേദനയും പനിയും ചുമയും ഉണങ്ങിവരളുന്ന തൊണ്ടയുമാണ് രോഗലക്ഷണങ്ങള്‍. ഇത്തരം രോഗലക്ഷണങ്ങള്‍ നിസ്സാരമെന്നു കരുതി സ്വയംചികിത്സ തിരഞ്ഞെടുക്കുന്നതും വിദഗ്ധരായ ഡോക്ടര്‍മാരെ സമീപിക്കാതെ മരുന്നുവാങ്ങി കഴിക്കുന്നതും അപകടമാണെന്നും അറിഞ്ഞിരിക്കണം. വൈറസുകള്‍ക്കു ജീവിക്കാനും പെരുകാനും മനുഷ്യന്റെയോ മൃഗത്തിന്റെയോ ശരീരമാവശ്യമാണ്. ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ജീവിക്കാനും പെരുകാനും വൈറസുകള്‍ക്കു ശേഷിയില്ലെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
കൊറോണവൈറസുകളുടെ വ്യാപനം തടയുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളും, തയ്‌വാന്‍, വിയറ്റ്‌നാം, തെക്കന്‍കൊറിയ, ജപ്പാന്‍, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും സ്വീകരിച്ച ശക്തമായ നടപടികളും ബോധവത്കരണവും ഇവിടെയും നടപ്പാക്കിയേ തീരൂ. ഇക്കഴിഞ്ഞ മേയ് ഒന്നിനുശേഷം ഒരു കൊവിഡ് കേസുപോലുമില്ലാതെ നൂറു ദിവസം പിന്നിട്ട ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രി ജസീന്താ ആര്‍ഡേന്‍ സ്വീകരിച്ച നടപടികളാണ് ഏറ്റവും ശ്രദ്ധേയമായത്. സര്‍ക്കാര്‍നിയങ്ങളോടുള്ള ജനങ്ങളുടെ സഹകരണം കൊവിഡ് മഹാമാരിയെ ഇല്ലായ്മ ചെയ്യാന്‍ അതിപ്രധാനവുമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)