ആതുരസേവനരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2021 ലെ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിനി വി.എസ് ഷീലാ റാണിക്കു ലഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം 1973 ലാണ് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. പാലിയേറ്റീവ് ചികിത്സാപരിചരണത്തിന് ആദ്യമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഷീലാറാണിക്കു ലഭിച്ചത്.
2008 ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പാലിയേറ്റീവ് കെയര്‍. പഞ്ചായത്തുകളുടെ വികസനപദ്ധതിയിലുള്പ്പെടുത്തിയാണ് ഈ പ്രോജക്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട പാലിയേറ്റീവ് നഴ്സാണ് ഷീലാറാണി. വിവിധ മതസാമൂഹികസാംസ്കാരിക സന്നദ്ധസംഘടനകളുടെയും സ്വകാര്യവ്യക്തികളുടെയും സഹായത്തോടെ വീടുകളില്‍ കിടപ്പുരോഗികളായവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്കാന് ഷീലാറാണിക്കു സാധിക്കുന്നു. സേവനസന്നദ്ധരായ യുവജനങ്ങള്‍ക്കു പരിശീലനം നല്കി അവരെ ഈ രംഗത്തേക്കു വരാനും ഷീലാറാണി മുന്‍കൈയെടുക്കുന്നുണ്ട്. കിടപ്പുരോഗികളുടെ കുടുംബാംഗങ്ങള്‍ നേരിടുന്ന മാനസിക-ശാരീരിക-സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ബോധവത്കരണപരിപാടികളിലൂടെയും സുമനസ്സുകളുടെ സഹായത്തോടെയും ഷീലാറാണി സാന്ത്വനമേകുന്നു.
പാലിയേറ്റീവ് ചികിത്സാരംഗത്തെ അനുഭവപരിചയത്തില്‍നിന്ന് ഈ രംഗത്ത് ഒരുപാടുകാര്യങ്ങള്‍ പ്രവര്‍ത്തിക്കാനുണ്ടെന്നു ഷീലാറാണി മനസ്സിലാക്കി. ദരിദ്രരും നിസ്സഹായരുമായ രോഗികള്‍ക്ക് ഒരാളിന്റെ സാമീപ്യവും സാന്ത്വനവും എത്ര ആശ്വാസപ്രദമാണെന്ന് ഈ രംഗത്തു പ്രവര്ത്തിക്കുന്നവര്ക്കുമാത്രമേ തിരിച്ചറിയാന്‍ കഴിയൂവെന്നാണ് അവര്‍ പറയുന്നത്.
പാലിയേറ്റീവ്രംഗത്ത് ഷീലാറാണി ധാരാളം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നുണ്ട്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനപരിപാടികളാണ് ഇതില്‍ പ്രധാനം. കൂടാതെ, യുവജനസംഘടനകള്‍, കുടുംബശ്രീകള്‍, ഗ്രാമസഭകള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ ബോധവത്കരണക്ലാസുകളും നടത്തി വരുന്നു. പഞ്ചായത്തധികാരികളുടെയും പൊതുജനങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണവും പിന്തുണയുമാണ് പാലിയേറ്റീവ് രംഗത്ത് ഇത്രയേറെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്ന് ഷീലാറാണി പറയുന്നു. പാലിയേറ്റീവ് പദ്ധതി നടപ്പായിത്തുടങ്ങിയതോടെ പ്രദേശത്തെ വിവിധ പ്രസ്ഥാനങ്ങള്‍ ഇതിനുവേണ്ടി ഒരു വിഹിതം മാറ്റി വയ്ക്കുന്നുണ്ടെന്നും അത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ കഴിയുന്നുണ്ടെന്നും ഷീലാ റാണി എടുത്തുപറയുന്നു.
വരുമാനസ്ഥിരതയോ ജോലിയുടെ സുരക്ഷിതത്വമോ ഇല്ലെങ്കില്‍പ്പോലും ഈ രംഗത്ത് സേവനമനുഷ്ഠിക്കാന്‍ ധാരാളം പേര് കടന്നുവരുന്നുണ്ടെന്ന് ഷീലാ റാണി ചൂണ്ടിക്കാട്ടി. തനിക്കു ലഭിച്ച അവാര്‍ഡ് ആതുരസേവനരംഗത്തേക്കു കടന്നുവരാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമാകട്ടേയെന്നാണ് ഷീലാറാണിയുടെ പ്രാര്‍ഥന.
ആതുരസേവനരംഗത്തുമാത്രമല്ല, സാമൂഹികസേവനരംഗത്തും ഷീലാറാണി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അക്ഷയ കമ്പ്യൂട്ടര്‍ സാക്ഷരതാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ മികച്ച രണ്ടാമത്തെ പ്രവര്ത്തികയായും ഷീല തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.