യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (UNDP) ആരോഗ്യവികസനവിഭാഗം മേധാവികളിലൊരാളായ ഡുഡ്‌ലി ടാള്‍ട്ടണ്‍, കഴിഞ്ഞ ദിവസം തന്റെ ബ്ലോഗ് തുടങ്ങിയത് ഇപ്രകാരമായിരുന്നു: ''സാധാരണമായി സ്വപ്നങ്ങളൊന്നും ഓര്‍ത്തുവയ്ക്കുന്ന ഒരാളല്ല ഞാന്‍. എന്നാല്‍, കഴിഞ്ഞ ദിവസം കണ്ട സ്വപ്നം എന്റെ മനസ്സില്‍നിന്നു മായുന്നതേയില്ല. ഞാന്‍ കൊവിഡ് പോസിറ്റീവായി എന്നതായിരുന്നു ആ സ്വപ്നം!'' സമാനമായൊരു സ്വപ്നത്തിന്റെ കഥ വിവരിച്ചുകൊണ്ടുള്ള സുഹൃത്തിന്റെ ഫോണ്‍കോളിനെക്കുറിച്ചും ടാള്‍ട്ടണ്‍ തുടര്‍ന്നെഴുതുന്നുണ്ട്. പണ്ഡിതപാമരഭേദമില്ലാതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ കൊവിഡ് ലോകത്തിന്റെ മുഴുവന്‍ ദുഃസ്വപ്നമായിത്തീര്‍ന്നിരിക്കുന്നു.
കൊവിഡിനെക്കാള്‍ വലിയ പ്രശ്‌നമായി കൊവിഡിനെക്കുറിച്ചുള്ള ഭയാശങ്കകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. സ്വയം അസുഖബാധിതരാകുമോ എന്ന ഭീതിക്കൊപ്പം പ്രിയപ്പെട്ടവര്‍ അതിജീവിക്കുമോ എന്ന ആശങ്കയും കഠിനമായ മാനസികസംഘര്‍ഷങ്ങള്‍ക്കു കാരണമായിത്തീരുന്നു. സൗഹൃദസദസ്സുകള്‍ ഓര്‍മ്മകള്‍ മാത്രമായി മാറുകയും അടുപ്പത്തിന്റെ പുതിയ നിര്‍വ്വചനമായി അകലം സ്ഥാനപ്പെടുകയും ചെയ്തതോടെ മനുഷ്യന്റെ സാമൂഹികവ്യവഹാരങ്ങളപ്പാടെ കീഴ്‌മേല്‍ മറിയുകയാണുണ്ടായത്.
കൊവിഡുകാരണം ജോലി നഷ്ടപ്പെടുകയും സാമ്പത്തികമായി അരക്ഷിതരായി മാറുകയും ചെയ്ത പ്രവാസികള്‍ ഉള്‍പ്പെടെയുള്ള അനേകമാളുകള്‍ നമുക്കു ചുറ്റുമുണ്ട്. മുന്നോട്ടെങ്ങനെ ജീവിക്കുമെന്ന വലിയ ചോദ്യം പലരെയും കടുത്ത നിരാശയിലേക്കും ആത്മഹത്യയിലേക്കുംപോലും നയിക്കുന്നു. ഈ മഹാമാരിക്കു മുമ്പുതന്നെ ആത്മഹത്യയുടെ തലസ്ഥാനം എന്നൊരു ചീത്തപ്പേര് നമുക്കുണ്ട്. ഒരു ലക്ഷത്തില്‍ 10.4 ആണ് ആത്മഹത്യയുടെ ദേശീയ ശരാശരിയെങ്കില്‍ കേരളത്തില്‍ അത് 23.5 ആയി വര്‍ദ്ധിക്കുന്നു. അതായത്, ദേശീയ ശരാശരിയുടെ ഇരട്ടിയിലും അധികമാണ് കേരളത്തിലെ ആത്മഹത്യയുടെ നിരക്ക്.
ഇതോടൊപ്പം മറ്റുചില കണക്കുകള്‍കൂടി നാം പരിശോധിക്കേണ്ടതുണ്ട്. 2015-16 ദേശീയ മാനസികാരോഗ്യസര്‍വ്വേയുടെ കണക്കുകള്‍ പ്രകാരം കേരളത്തിലെ പ്രായപൂര്‍ത്തിയാവരില്‍ 14.4 ശതമാനം പേരും എപ്പോഴെങ്കിലും മാനസികാസ്വാസ്ഥ്യങ്ങള്‍ നേരിട്ടവരാണ്. ഇവരില്‍ത്തന്നെ അധികമാളുകളും വിഷാദരോഗവും അമിത ഉത്കണ്ഠയും പോലുള്ള പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നതെന്നും ശ്രദ്ധേയമാണ്. ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തിക്കൊണ്ടുവേണം കൊവിഡ് സൃഷ്ടിക്കുന്ന മാനസികപ്രശ്‌നങ്ങളെ നാം വിലയിരുത്താന്‍.
മാനസികപ്രശ്‌നങ്ങളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളും
അകാരണമായ അസ്വസ്ഥതയും ക്ഷീണവും, തനിച്ചിരിക്കാനുള്ള ആഗ്രഹം, മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള ഭീതി, ഭക്ഷണത്തോടുള്ള താത്പര്യമില്ലായ്മ, ലൈംഗികതയോടുള്ള വിരക്തി, ഉറക്കമില്ലായ്മ, നിയന്ത്രിക്കാനാവാത്ത നിരാശയും നിസ്സഹായതയും തുടങ്ങിയവയാണ് മാനസികപ്രശ്‌നങ്ങളുടെ പ്രാരംഭലക്ഷണങ്ങളെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ വളര്‍ന്നാണ് മനസ്സിന്റെ താളക്രമം തകരാറിലാക്കുന്നത്. മാനസികപ്രശ്‌നങ്ങള്‍ തുടക്കത്തില്‍ത്തന്നെ ചികിത്സിച്ചാല്‍ എണ്‍പതു ശതമാനം പേരെയും പരിപൂര്‍ണമായി രോഗമുക്തരാക്കാന്‍ കഴിയും.
കേരളത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍, മാനസികാരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടാന്‍ ആളുകള്‍ മടിക്കുന്നതിന്റെ പ്രധാന ഉത്തരവാദി സമൂഹം തന്നെയാണെന്നു പറയാം. ഒരാള്‍ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കണെ്ടന്നറിഞ്ഞാല്‍ത്തന്നെ അയാളെ മനോരോഗിയായി മുദ്ര കുത്തുന്ന ഒരു വിഭാഗമുണ്ട്. ഇനി ഒരാള്‍ക്കു മാനസികരോഗം ഉണ്ടായെന്നു തന്നെഇരിക്കട്ടെ, ചികിത്സയിലൂടെ അയാള്‍ പരിപൂര്‍ണ രോഗവിമുക്തി നേടിയാലും മരണം വരെയും അയാളെ മനോരോഗിയായി ചിത്രീകരിക്കുന്നവരുമുണ്ട്. (ഒരാളെ മനോരോഗിയാക്കി മാറ്റുന്നതില്‍ സമൂഹത്തിന്റെ പങ്ക് എത്രത്തോളമെന്നറിയാന്‍ ലോഹിതദാസിന്റെ 'തനിയാവര്‍ത്തനം' എന്ന ചിത്രം കണ്ടാല്‍ മതി) മാനസികപ്രശ്‌നങ്ങളോടുള്ള സമൂഹത്തിന്റെ ഈ സമീപനം മാറേണ്ടത് അനിവാര്യമാണ്. മനോരോഗങ്ങള്‍ ശാപവും ദൈവകോപവുമൊക്കെയാണെന്നു കരുതുന്ന ഒരു ന്യൂനപക്ഷമെങ്കിലും നമുക്കിടയിലുണ്ട്. മനസ്സിനെ തകര്‍ക്കുന്നവനല്ല, തകര്‍ന്ന മനസ്സിനു സൗഖ്യമേകുന്നവനാണ് ദൈവം, എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടണ്ടായേ തീരൂ. കൊവിഡാനന്തരമെങ്കിലും കൂടുതല്‍ മാനസികസാക്ഷരതയുള്ള ഒരു സമൂഹമായി നാം പുനര്‍നിര്‍മ്മിക്കപ്പെടണം.
കൊവിഡുകാലത്തെ
വീട്ടകങ്ങള്‍
ഏതാണ്ട് ആറുമാസമായി ഏറെയാളുകളുടെയും ജീവിതം വീടിനുള്ളില്‍ത്തന്നെയാണ്. സ്‌കൂള്‍-കോളജ് വിദ്യാഭ്യാസമൊക്കെയും വീട്ടകങ്ങളിലെ ടെലിവിഷന്‍ സ്‌ക്രീനുകളിലും മൊബൈല്‍ ഫോണുകളിലുമൊക്കെയായി മാറിയിരിക്കുന്നു. ഐ.ടി. രംഗമുള്‍പ്പെടെ നിരവധി ജോലികള്‍ 'വര്‍ക്ക് ഫ്രം ഹോം' രീതിയിലേക്കും ചുവടുമാറിയിരിക്കുന്നു. കുടുംബത്തിലെ പ്രായമായവര്‍ക്ക്, പുറത്തേക്കിറങ്ങാന്‍പോലും കഴിയുന്ന സാഹചര്യവുമല്ല. ഇപ്രകാരം എല്ലാവരും വീടിനുള്ളില്‍ത്തന്നെയിരിക്കുന്ന സന്ദര്‍ഭത്തില്‍, കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളവും സന്തോഷദായകവുമാകേണ്ടതുണ്ട്.
കുടുംബാംഗങ്ങള്‍ പരസ്പരമുള്ള സ്‌നേഹവും സഹകരണവും ഊട്ടിയുറപ്പിക്കണം. കുടുംബത്തിലാരും ഒറ്റപ്പെടുന്നില്ലെന്ന് ഓരോ അംഗവും ഉറപ്പുവരുത്തണം. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു വര്‍ത്തമാനം പറയുക, ഒരുമിച്ചു ഭക്ഷണം കഴിക്കുക, ഒന്നിച്ചു പ്രാര്‍ത്ഥിക്കുക തുടങ്ങിയ കാര്യങ്ങള്‍ മാനസികസംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. സ്‌കൂള്‍ ജീവിതം നഷ്ടമായ കുട്ടികളുടെ കൂട്ടുകാര്‍കൂടിയായി മാറേണ്ട ചുമതല ഇക്കാലത്ത് മാതാപിതാക്കള്‍ക്കും കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കുമുണ്ട്.
ചേര്‍ത്തുപിടിക്കാം
പ്രവാസികളെ
ഒരു പ്രവാസിയും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി പ്രവാസജീവിതം തിരഞ്ഞെടുത്തവരല്ല. കുടുംബത്തിനായി, അന്യനാട്ടിലെത്തി ചോര നീരാക്കിയവരാണവര്‍. അവര്‍ ജോലി നഷ്ടപ്പെട്ടും നിസ്സഹായരായും നാട്ടിലെത്തുമ്പോള്‍ സ്വന്തം വീട്ടുകാരില്‍നിന്നുപോലും അവഹേളനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നതിനെ ക്രൂരതയെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. കേരളീയ സമ്പദ്‌വ്യവസ്ഥ നട്ടെല്ലുയര്‍ത്തിനിന്നത് പ്രവാസികളുടെ പണം ഇവിടേക്കെത്തിയപ്പോഴാണ്. കഴിഞ്ഞ രണ്ടു പ്രളയങ്ങളില്‍ പ്രവാസികള്‍ കേരളത്തിനു നല്കിയ സഹായം വാക്കില്‍ ഒതുക്കാനാവുന്നതല്ല. ജോലി നഷ്ടപ്പെട്ടും കഠിനമായ മാനസികസംഘര്‍ഷങ്ങളിലുഴറിയും അവര്‍ കഷ്ടപ്പെടുമ്പോള്‍ കൈപിടിക്കേണ്ടത് ഗവണ്‍മെന്റിന്റെ മാത്രമല്ല, നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ശാരീരികമായി അകലം പാലിക്കുമ്പോള്‍ത്തന്നെ മാനസികമായ അടുപ്പം വര്‍ദ്ധിപ്പിക്കുക കൂടി ചെയ്യേണ്ട കാലമാണിത്.
ഈ കാലവും കടന്നുപോകും
ഓരോ രാത്രിക്കുശേഷവും പ്രഭാതമുണ്ട്. അതുപോലെ ഈ ഇരുണ്ട കാലവും കടന്നുപോവുകതന്നെ ചെയ്യും. പ്രതീക്ഷയുടെ, പ്രകാശത്തിന്റെ പുതിയ ലോകം മിഴി തുറക്കും. ആ വെളിച്ചത്തിനായി പ്രത്യാശയോടെ നാം കാത്തിരുന്നേ മതിയാവൂ. അമിതമായ ഭയമോ ഉത്കണ്ഠയോ ആവശ്യമില്ല. ഭയമല്ല, ജാഗ്രതയാണു വേണ്ടത്.
ആരോഗ്യവകുപ്പിന്റെയും മറ്റ് അധികാരികളുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക, പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. കൃത്യമായി ഉറങ്ങുക, യോഗ, മെഡിറ്റേഷന്‍, മറ്റു വ്യായാമങ്ങള്‍ ഇവ ശീലമാക്കുക എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ നാം പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങളാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുവാന്‍ നാം ശ്രദ്ധിക്കണം.
നല്ല പുസ്തകങ്ങള്‍ വായിക്കുക, നല്ല സിനിമകള്‍ കാണുക, സമൂഹമാധ്യമകൂട്ടായ്മകളിലെ ക്രിയാത്മകവും ഉപകാരപ്രദവുമായ ചര്‍ച്ചകളില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്താം. വാര്‍ത്താചാനലുകള്‍ ആവശ്യത്തിനുമാത്രം കാണുക. ആക്രോശങ്ങളും അധിക്ഷേപങ്ങളും മാത്രം മുഴങ്ങുന്ന, കാമ്പില്ലാത്ത ചാനല്‍ചര്‍ച്ചകള്‍ ഒഴിവാക്കുന്നതുതന്നെയാവും ഉത്തമം. അകലെയായിരിക്കുമ്പോഴും മനസ്സുകൊണ്ടു ചേര്‍ന്നിരുന്ന്, നമുക്കു പരസ്പരം കൈത്താങ്ങാവാം. മനോവീര്യം ചോര്‍ന്നുപോകാതെ, തളരാതെ, തകരാതെ, ഒരുമിച്ചുനിന്നു നമുക്ക് അതിജീവനത്തിന്റെ പുതുചരിത്രമെഴുതാം.