•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

ഫ്രാന്‍സീസ് പാപ്പായെ കേള്‍ക്കണം നമ്മള്‍

  • ജോസ് പി.ജെ. പുല്‍പ്പള്ളി
  • 24 November , 2022

ഫ്രാന്‍സീസ് പാപ്പായുടെ ബഹ്‌റിന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ജ് കള്ളിവയലില്‍ തയ്യാറാക്കിയ ലേഖനം (നാളം 36) കാലോചിതമായി. സ്വയം എളിമപ്പെട്ട് യേശുവിനോട് ഐക്യപ്പെട്ടാല്‍ മാത്രമേ നമുക്കു വളരാനും ഫലം കായ്ക്കാനും കഴിയൂ എന്ന പാപ്പായുടെ  വാക്കുകള്‍ക്ക് ഇക്കാലത്തു വളരെ പ്രസക്തിയുണ്ട്. എന്തെന്നാല്‍, മുമ്പെങ്ങുമില്ലാത്തവിധം അനൈക്യത്തിന്റെ ചിലമ്പൊലികളാണ് ലോകമെമ്പാടും നിന്നു മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്നത്.

ഭിന്നതകള്‍ മറന്ന് യോജിക്കൂ എന്നാണ് ഫ്രാന്‍സീസ് പാപ്പായുടെ ആഹ്വാനം. കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ നടത്തിയ ഈ ഓര്‍മപ്പെടുത്തല്‍ കേരളത്തിലെയും ഇന്ത്യയിലെയും സഭാനേതാക്കള്‍ക്കും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും വിശ്വാസികള്‍ക്കുംകൂടിയുള്ളതാണ് എന്ന ലേഖകന്റെ നിരീക്ഷണം എത്രയോ ശരി! കേരളസഭയിലെ ഭിന്നതകള്‍ വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും സൃഷ്ടിച്ച മുറിവുകളുടെ ആഴം അത്രയ്ക്കു വലുതാണ്. ബലിയര്‍പ്പണങ്ങളും പ്രാര്‍ത്ഥനാശുശ്രൂഷകളും മുറ തെറ്റാതെ നടക്കുന്നുവെന്നുവരികിലും ക്രിസ്തുവിന്റെ സ്‌നേഹപ്രമാണത്തെ പലരും മറന്നുപോയിരിക്കുന്നുവെന്നതാണു വാസ്തവം.
പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു നമുക്കു ചിന്തിക്കാമെന്നു പാപ്പാ പറയുന്നു. നമ്മെ സ്‌നേഹിക്കുന്നവരെ മാത്രമല്ല, യേശു പഠിപ്പിച്ചതുപോലെ എല്ലാവരെയും സ്‌നേഹിക്കാന്‍ പരിശുദ്ധാത്മാവു നമ്മെ നയിക്കുന്നു. നല്ല സമരിയാക്കാരെപ്പോലെ, എല്ലാവരെയും അയല്‍ക്കാരാക്കാനും സ്‌നേഹഹിക്കാത്തവരെപ്പോലും തിരികെ സ്‌നേഹിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, അറിഞ്ഞോ അറിയാതെയോ കേരളത്തിലെ ക്രൈസ്തവസമൂഹത്തില്‍ ഒരു ന്യൂനപക്ഷത്തിനെയെങ്കിലും അന്യമതസ്പര്‍ധ പിടികൂടിയിരിക്കുന്നുവെന്നു പറയാതെ വയ്യ. ഇതെങ്ങനെ സംഭവിച്ചുവെന്നു വിശ്വാസികള്‍ മാത്രമല്ല, സഭാനേതൃത്വവും ആത്മപരിശോധന നടത്തേണ്ടതുണ്ട്.
ക്രൈസ്തവരും മുസ്ലീംകളും പരസ്പരം ഭിന്നതയിലും ശത്രുതയിലും കഴിയാനുള്ളവരല്ലെന്ന മാര്‍പാപ്പായുടെ ആഗ്രഹം ശക്തമാണെന്നു ലേഖനം സമര്‍ത്ഥിക്കുന്നു. മാര്‍പാപ്പായായി 2013 ല്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സീസ് പാപ്പാ മുസ്ലീം ഭൂരിപക്ഷമുള്ള പത്തു രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവത്രേ. ഇസ്ലാമികലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍പാപ്പായുടെ നയത്തിന്റെ വ്യക്തമായ പ്രകടനമാണിതെന്ന ലേഖകന്റെ നിരീക്ഷണത്തോടു വിയോജിക്കേണ്ട കാര്യമില്ല. നിര്‍ഭാഗ്യവശാല്‍, ഒരു കാലത്തു മതസൗഹാര്‍ദ്ദത്തിനും സര്‍വസമുദായമൈത്രിക്കും മാതൃകാസ്ഥാനമായിരുന്ന കേരളമിന്ന് വല്ലാതെ വഴിപിരിഞ്ഞിരിക്കുന്നു. മുന്‍കാലങ്ങളില്‍ സമുദായങ്ങള്‍ക്കിടയില്‍ ഒരു ഭിന്നിപ്പുയരുന്നുവെന്നു കണ്ടാല്‍, ഏറ്റവുമാദ്യം മുന്നിട്ടിറങ്ങി, ഉന്നതമായ ക്രൈസ്തവമൂല്യങ്ങളുയര്‍ത്തിപ്പിടിച്ചുകൊണ്ട് സമാധാനസന്ദേശവുമായി ഇതര സമുദായനേതാക്കളെ കാണാനും അന്തരീക്ഷം ശാന്തമാക്കാനും ശ്രമിച്ചിരുന്നത് ക്രൈസ്തവസഭാമേലധ്യക്ഷന്മാരായിരുന്നു. പാലാ രൂപതയുടെ പ്രഥമമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ത്തിരുമേനിയുടെ നേതൃത്വത്തില്‍ മുമ്പു നടന്ന ഒട്ടനവധി മതസൗഹാര്‍ദ്ദസമ്മേളനങ്ങള്‍ ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. ഇന്നു സ്വന്തം മതത്തെ ആരോ വിഴുങ്ങാന്‍ വരുന്നുവെന്ന ഭീതി പരത്തി അനൈക്യത്തിന്റെ മതിലുകള്‍ സൃഷ്ടിക്കാനാണ് ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
തീവ്രവാദത്തെ ആരും അനുകൂലിക്കുന്നില്ല. ദൈവത്തിന്റെയും മതത്തിന്റെയുംപേരിലുള്ള വിദ്വേഷവും അക്രമങ്ങളും ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്നുതന്നെയാണ് ഫ്രാന്‍സീസ് പാപ്പായുടെയും പക്ഷം. തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും പ്രവൃത്തികള്‍ വളരെ വ്യക്തമായി അപലപിക്കപ്പെടണമെന്ന് മുസ്ലീം നേതാക്കള്‍ അടക്കമുള്ളവരോട് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു. തീവ്രവാദത്തോടു മയംവേണ്ടാ എന്ന  കാര്യത്തില്‍ ഇവിടെയും ആര്‍ക്കും തര്‍ക്കമൊന്നുമില്ല. നമുക്കറിയാം, ഏതു സമുദായത്തിലായാലും ഒരു ന്യൂനപക്ഷമാണ് തീവ്രവാദത്തിലും ലഹരിയിടപാടുകളിലും ചെന്നുപെട്ടിരിക്കുന്നത്. അവരെ  ഒന്നിച്ചെതിര്‍ക്കാന്‍ ബഹുഭൂരിപക്ഷത്തി ന്റെ ഒരു കൂട്ടായ്മ ഇവിടെ എന്തുകൊണ്ടുണ്ടാകുന്നില്ല?
യഥാര്‍ത്ഥമതത്തെ നശിപ്പിക്കുന്ന ഒരപകടമായി തീവ്രവാദത്തെ കാണുന്ന മുസ്ലീംനേതാക്കളെ ഫ്രാന്‍സീസ് പാപ്പാ പ്രശംസിക്കുകയുണ്ടായി. സമാധാനം, നിരായുധീകരണം, സാമൂഹികനീതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ മതങ്ങളുടെ പങ്കിനെ ചുറ്റിപ്പറ്റിയായിരുന്നു മാര്‍പാപ്പായുടെ പ്രസംഗം. വാസ്തവത്തില്‍ നമ്മുടെ കൊച്ചുകേരളത്തിലുണ്ടാവേണ്ടത്, തീവ്രവാദത്തെയും മയക്കുമരുന്നുവ്യാപാരത്തെയും സ്വര്‍ണക്കള്ളക്കടത്തിനെയും അഴിമതിയെയും അക്രമത്തെയുമെല്ലാതിര്‍ക്കുന്ന മത-സമുദായനേതാക്കളുടെ ഒരു ഐക്യശ്രേണിയാണ്. ഇതരസമുദായനേതാക്കള്‍ക്കിടയിലെന്നപോലെതന്നെ കേരളത്തിലെ മുസ്ലീം സമുദായത്തിലും ബഹുഭൂരിപക്ഷവും മതതീവ്രവാദത്തെയും അക്രമപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നവരാണ്. അവരെ വിശ്വാസത്തിലെടുക്കാനും ഒപ്പംനിന്ന് സാമൂഹികാനീതികള്‍ക്കെതിരേ പോരാടാനും എല്ലാവര്‍ക്കും കഴിയണം. എങ്കില്‍ മാത്രമേ, കേരളത്തിന്റെ നഷ്ടപ്പെട്ട മതമൈത്രി വീണ്ടെടുക്കാനാവൂ. വെറുക്കാനും പോരടിക്കാനുമല്ല; മറിച്ച്, സ്‌നേഹിക്കാനും സഹകരിക്കാനും സഹായിക്കാനുമാകണം എല്ലാ മതസ്ഥരും ശ്രമിക്കേണ്ടതെന്ന ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വാക്കുകളുടെ പ്രസക്തി ഇവിടെയാണ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)