•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

പടി കടന്നെത്തുന്ന പൈശാചികനൃത്തങ്ങള്‍ !

ഹാലോവീന്‍ ആഘോഷങ്ങള്‍ കത്തോലിക്കാവിശ്വാസത്തെ തകര്‍ക്കുന്നു 

കേരളത്തിലെ കത്തോലിക്കാ സന്ന്യാസസഭകളിലെ സ്‌കൂളുകളിലും കോളജുകളിലും നടന്ന ഹാലോവീനുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ വിശ്വാസികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. പിന്നീട് ക്ഷമാപണം നടത്തി ബന്ധപ്പെട്ടവര്‍ തലയൂരിയെങ്കിലും കത്തോലിക്കാസഭയില്‍ കയറിക്കൂടിയിരിക്കുന്ന ഇത്തരം വിജാതീയാഘോഷങ്ങള്‍ നാം തീര്‍ച്ചയായും ചര്‍ച്ചകള്‍ക്കും ആവശ്യമായ തിരുത്തല്‍നടപടികള്‍ക്കും  വിധേയമാക്കണം. കത്തോലിക്കാവിദ്യാഭ്യാസസ്ഥാപനങ്ങളില്‍വരെ എത്തിനില്‍ക്കുന്ന ഈ ആഭാസങ്ങള്‍ പടിക്കു പുറത്തുനിറുത്തണം.
ക്രിസ്തുവിനുമുമ്പ് യൂറോപ്പില്‍ ജീവിച്ച അപരിഷ്‌കൃതരും സത്യദൈവവിരുദ്ധരുമായിരുന്ന വിജാതീയരുടെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ദുരാചാരത്തില്‍നിന്നാണ് ഈ ആഘോഷം ആരംഭിച്ചതെങ്കിലും, സകല വിശുദ്ധരുടെയും തിരുനാളിനു (ഓള്‍ സെയിന്റ്സ് ഡേ) തലേദിവസം എന്നര്‍ഥമുള്ള 'ഓള്‍ ഹോളോസ് ഈവ്' എന്ന ഇംഗ്ലീഷ് വാക്കില്‍നിന്നാണ് ഹാലോവീന്‍ എന്ന പേര് ഉണ്ടാകുന്നത്.
നിര്‍ഭാഗ്യവശാല്‍ ഹാലോവീനുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നതും അവരെ പങ്കാളികളാക്കുന്നതും ഭീകരരൂപങ്ങളും സാത്താന്‍വേഷങ്ങളും അസ്ഥികൂടങ്ങളും അപസര്‍പ്പകകഥകളിലെ കഥാപാത്രങ്ങളുടെ ഛായകളും രക്തരക്ഷസ്സുകളും രാക്ഷസഭാവങ്ങളുമൊക്കെയാണ്. ഇത്തരം വേഷങ്ങളും ഉത്പന്നങ്ങളും വിറ്റഴിച്ചു ലാഭംകൊയ്യാനുള്ള കച്ചവടതന്ത്രത്തിന്റെ ഭാഗമായി ഈ ആഘോഷങ്ങള്‍ക്കു പ്രചാരം നല്‍കുന്നു. ഇതൊക്കെ ക്രൈസ്തവസ്ഥാപനങ്ങളില്‍ അരങ്ങേറുന്നത് ഉത്തരവാദിത്വപ്പെട്ട മേലധികാരികളുടെ മൗനാനുമതിയോടെയോ അതോ കുട്ടികളുടെ സ്വതന്ത്രമായ ഇച്ഛാനുസൃതമോ?
ഒക്ടോബര്‍ 31 ന് മരിച്ചവരുടെ ആത്മാക്കള്‍ക്ക് തങ്ങളുടെ വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ മരണദേവനായ സാഹയിന്‍ അനുമതി നല്‍കുമെന്നായിരുന്നു പാശ്ചാത്യവിശ്വാസം. ബന്ധുക്കളുടെ ആത്മാക്കളെ സ്വീകരിക്കാന്‍ അവര്‍ സാഹയിന്‍ദിനം ആഘോഷിച്ചു. ഭീകരവേഷം ധരിച്ചാല്‍ ആത്മാക്കള്‍ ഉപദ്രവിക്കാതെ കടന്നുപോകുമെന്നായിരുന്നു വിശ്വാസം. ഈ ദിനമാണ് പിന്നീട് ഹാലോവീന്‍ ആയി മാറിയതെന്നും പറയപ്പെടുന്നു.
സത്യദൈവത്തെ നിഷേധിച്ചുകൊണ്ട് സാത്താനെ പരസ്യമായി ആരാധിക്കുന്ന വലിയൊരു ജനവിഭാഗം ലോകത്തെല്ലായിടത്തുമുണ്ട്. ഒരു സംഘടിതമതത്തിന്റെ രൂപഭാവങ്ങളോടെ ആചാരങ്ങളും ആരാധനകളും നടത്തുന്ന സാത്താന്‍സഭാവിഭാഗങ്ങളുടെ ഏറ്റവും വലിയൊരു ആഘോഷദിനമാണ് ഹാലോവീന്‍. കുറെനാള്‍ മുമ്പുവരെ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന സാത്താന്‍സഭയും അതുപോലെയുള്ള 'ഒക്കള്‍ട്ട്' പ്രസ്ഥാനങ്ങളും ഇപ്പോള്‍ പരസ്യമായിത്തന്നെ പലയിടങ്ങളിലും സജീവമാണ്.
സ്‌കൂളുകളില്‍ ഒന്നിച്ചുപഠിക്കുന്ന മറ്റു കുട്ടികള്‍ ചെയ്യുന്നതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ നമ്മുടെ കുഞ്ഞുങ്ങളെയും അനുവദിക്കണമെന്നുണ്ടോ? ആഘോഷത്തിന്റെ പേരില്‍ സാത്താനെ പ്രസാദിപ്പിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ? മാതാപിതാക്കളും അധ്യാപകരും പൊതുസമൂഹവും ഗൗരവമായി ചിന്തിക്കണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)