കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച Catechism of the Spiritual life എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം.
പുറപ്പാടുപുസ്തകത്തില്‍ ദൈവത്തിന്റെ സാന്നിധ്യം എപ്രകാരമാണ് ഇസ്രായേല്‍ ജനത്തോടൊപ്പം ഉണ്ടായിരുന്നതെന്നു വിവരിക്കുന്നുണ്ട്. മരുഭൂമിയില്‍ ദൈവം അവരോടൊപ്പം നടന്നിരുന്നു.
സഭയില്‍ ലോകാന്ത്യംവരെയുള്ള നമ്മുടെ കര്‍ത്താവിന്റെ കൗദാശികസാന്നിധ്യത്തിന്റെ പ്രതിരൂപമായിരുന്നു മരുഭൂമിയിലെ ഈ സാന്നിധ്യം. നമ്മുടെ കര്‍ത്താവീശോമിശിഹാ അവിടുത്ത വചനംവഴി നമ്മുടെയിടയില്‍ സന്നിഹിതനാകുന്നു. വിശുദ്ധ കുര്‍ബാന എന്ന കൂദാശയിലൂടെ നമ്മുടെയുള്ളില്‍ എഴുന്നള്ളിവരുന്നു.
പ്വത്തിയേയിലെ വിശുദ്ധ ഹിലരിയുടെ (315-367) വാക്കുകളാണ് കര്‍ദിനാള്‍ സറാ ഇവിടെ ഉദ്ധരിക്കുന്നത്: ''സത്യമായും വചനം മാംസമായെങ്കില്‍, സത്യമായും നമ്മള്‍ കര്‍ത്താവിന്റെ വിരുന്നില്‍ പങ്കുകാരാകുമ്പോള്‍ അവതരിച്ച വചനത്തെയാണ് നമ്മള്‍ ഭക്ഷിക്കുന്നത്.''
അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിലുള്ള മിശിഹായുടെ സാന്നിധ്യം അതേസമയം വിശ്വാസി സ്വീകരിക്കേണ്ട പോഷണവുമാണ്.
സത്താഭേദം
ഭക്ഷണപാനീയങ്ങളായിത്തീരുകവഴി മിശിഹായും വിശ്വാസിയും തമ്മിലുള്ള ഐക്യം പൂര്‍ണമാവുകയാണ്. എന്നാല്‍, ഇതിനെ വിശ്വാസിയുടെ ആത്മാധിഷ്ഠിതമായ അനുഭവം മാത്രമായി കാണരുത്. സഭയോടുചേര്‍ന്ന് നമ്മള്‍ ദൃഢമായും സംശയാതീതമായും സത്താഭേദത്തില്‍ വിശ്വസിക്കുന്നു. അതായത്, ''കൂദാശാകര്‍മത്തിലൂടെ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായിത്തീരുന്ന സത്താഭേദം സംഭവിക്കുന്നു. കൂദാശ ചെയ്യപ്പെട്ട അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളില്‍ സജീവവും മഹത്ത്വപൂര്‍ണവുമായ ക്രിസ്തുതന്നെ സത്യമായും യഥാര്‍ഥമായും സത്താപരമായും സന്നിഹിതനായിരിക്കുന്നു. അവിടുത്തെ ശരീരവും രക്തവും അവിടുത്തെ ആത്മാവോടും ദൈവികതയോടുംകൂടെ സന്നിഹിതമാണ്.'' (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നമ്പര്‍ 1413).
'ഇതു നിങ്ങള്‍ക്കായി നല്കപ്പെടുന്ന എന്റെ ശരീരമാകുന്നു' (ലൂക്കാ. 22:19) എന്ന വാക്കുകളെ വ്യാഖ്യാനിക്കുമ്പോള്‍ അലക്‌സാന്‍ഡ്രിയായിലെ വി. സിറില്‍ എഴുതുന്നു: ''ഇതു സത്യമാണോ എന്നു സംശയിക്കരുത്. പിന്നെയോ, രക്ഷകന്റെ വാക്കുകളെ വിശ്വാസത്തില്‍ സ്വീകരിക്കുക. അവിടുന്നു സത്യമാകയാല്‍ വ്യാജം പറയുന്നില്ല.'' (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നമ്പര്‍ 1381).
വിശുദ്ധ തോമസ് അക്വീനാസിന്റെ 'ഞാന്‍ അങ്ങയെ ആരാധിക്കുന്നു' എന്ന ദിവ്യകാരുണ്യകീര്‍ത്തനം കര്‍ദിനാള്‍ സറാ ഈ അവസരത്തില്‍ ഉദ്ധരിക്കുന്നുണ്ട്. അതിന്റെ അവസാനത്തെ വരികള്‍ ഇപ്രകാരമാണ്: ''ദൈവപുത്രന്‍ പറഞ്ഞതെല്ലാം ഞാന്‍ വിശ്വസിക്കുന്നു. സത്യംതന്നെയായ അവിടുന്നു പറയുന്നതിലധികം സത്യമായി യാതൊന്നുമില്ല.''
ഐക്യത്തിന്റെ ദിവ്യരഹസ്യം
''എന്റെ ശരീരം സാക്ഷാല്‍ ഭക്ഷണമാകുന്നു. എന്റെ രക്തം സാക്ഷാല്‍ പാനീയമാകുന്നു. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും, ഞാന്‍ അവനിലും വസിക്കുന്നു. സജീവനായ പിതാവ് എന്നെ അയയ്ക്കുകയും ഞാന്‍ പിതാവുമൂലം ജീവിക്കുകയും ചെയ്യുന്നതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും'' (യോഹ 6:55-57).
ഈ തിരുവചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് കര്‍ദിനാള്‍ സറാ ദൈവവും മനുഷ്യനുമായുള്ള ബന്ധം സ്‌നേഹത്തിലുള്ള ഐക്യമാണെന്നു വിശദീകരിക്കുന്നു. പഴയനിയമത്തിലും പുതിയ നിയമത്തിലും ഈ ബന്ധത്തിന് ഉടമ്പടി എന്നാണു പറയുന്നത്. ഇതൊരു നൈയാമികകാര്യമല്ല. സ്‌നേഹത്തിന്റെ ഉടമ്പടിയാണ്. വിശുദ്ധ കുര്‍ബാനസ്വീകരണം എത്ര വലിയ ദൈവൈക്യമാണ് ഉളവാക്കുന്നതെന്നു മനസ്സിലാക്കേണ്ടതാണ്.
വിശുദ്ധകുര്‍ബാന കൂടാതെ ജീവിതം അസാധ്യമാണെന്ന് ഏറ്റുപറഞ്ഞിരുന്ന ആദിമരക്തസാക്ഷികളെക്കുറിച്ച് ഗ്രന്ഥകാരന്‍ എടുത്തുപറയുന്നുണ്ട്. എ.ഡി. 304 ല്‍ ഡയോക്ലീഷന്റെ കാലത്തു രക്തസാക്ഷിത്വം വരിച്ച 49 രക്തസാക്ഷികള്‍ 'അബ്തീനേ'യിലെ രക്തസാക്ഷികള്‍ എന്നാണറിയപ്പെടുന്നത്. റോമാസാമ്രാജ്യത്തിലെ ഒരാഫ്രിക്കന്‍ പട്ടണമായിരുന്ന 'അബ്തീനേ'യില്‍ ഒളിവില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചതിനു പിടിയിലായ അവര്‍ പറഞ്ഞു: ''കൂദാശകളും വിശുദ്ധകുര്‍ബാനയും ഇല്ലാത്ത ക്രൈസ്തവന്‍ നടക്കുന്ന മൃതദേഹം മാത്രമാണ്.'' അറസ്റ്റിലായി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു, കര്‍ത്താവിന്റെ അത്താഴത്തിന്റെ ആചരണമില്ലാതെ ജീവിക്കുക അവര്‍ക്ക് അസാധ്യമാണെന്ന്. അവരെല്ലാവരും വധിക്കപ്പെട്ടു.
കൊറോണവൈറസിന്റെ വ്യാപനം തടയാന്‍ ലോകത്ത് ഏറ്റവും വ്യാപകമായി നിരോധിച്ചത് വിശുദ്ധ കുര്‍ബാനയര്‍പ്പണമാണ്. അതിനെ എതിര്‍പ്പൊന്നും കൂടാതെ സഭാധികാരികളും അംഗീകരിച്ചു. പ്രതിരോധമുന്‍കരുതലുകളെല്ലാമെടുത്ത് വിശുദ്ധ കുര്‍ബാനയര്‍പ്പണം തുടരേണ്ടതായിരുന്നു എന്നാണ് കര്‍ദിനാള്‍ സറാ ഈ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നത്.
വിശുദ്ധകുര്‍ബാന സ്വീകരണം
അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളില്‍ കര്‍ത്താവിന്റെ യഥാര്‍ഥ സാന്നിധ്യത്തില്‍ വിശ്വസിച്ചുകൊണ്ടു മാത്രമേ കുര്‍ബാനസ്വീകരണത്തിന് അണയാവൂവെന്ന് കര്‍ദിനാള്‍ സറാ എടുത്തുപറയുന്നുണ്ട്. പൗലോസ് ശ്ലീഹായുടെ കൊറീന്ത്യര്‍ക്കുള്ള ഒന്നാം ലേഖനം പതിനൊന്നാം അധ്യായം ഇരുപത്തേഴുമുതലുള്ള വാക്യങ്ങളും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. ഈ വിശ്വാസം താത്ത്വികമായ അറിവു മാത്രമല്ല, അത് സര്‍വോപരി മിശിഹായോടുള്ള ഹൃദയത്തിന്റെ സ്‌നേഹത്തിലുള്ള ആഴമായ ബന്ധമാണ്. ജീവന്റെ അപ്പമായ മിശിഹായെ നമ്മള്‍ സ്വാംശീകരിക്കുകയല്ല, പിന്നെയോ മിശിഹാ നമ്മളെ സ്വാംശീകരിക്കുകയാണ്. വിശുദ്ധകുര്‍ബാനസ്വീകരണത്തിന് ഏറ്റവും ആവശ്യമായിരിക്കുന്ന വിശുദ്ധിയെക്കുറിച്ചും ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. അഹങ്കാരവും അസൂയയും വിദ്വേഷവും കുടികൊള്ളുന്ന ഹൃദയങ്ങളില്‍ എങ്ങനെ അവിടുത്തെ സ്വീകരിക്കാനാകും? പ്രസിദ്ധ വാഗ്മിയായ ബൊസ്വേ എന്ന ഫ്രഞ്ച് മെത്രാന്റെ വാക്കുകള്‍ കര്‍ദിനാള്‍ ഇത്തരുണത്തില്‍ ഉദ്ധരിക്കുന്നുണ്ട്: ''തന്റെ സഹോദരനോട് ഹൃദയത്തില്‍ വെറുപ്പുണ്ടായിരിക്കേ, വിശുദ്ധകുര്‍ബാന ഉള്‍ക്കൊള്ളുന്നവന്‍ മിശിഹായുടെ ശരീരത്തോട് അതിക്രമം ചെയ്യുന്നു.''
നമ്മള്‍ വിശ്വസിക്കുന്ന കാര്യങ്ങളോട് അനുരൂപരാകാനുള്ള ആത്മാര്‍ഥവും ഫലപ്രദവുമായ പ്രയത്‌നം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. വിശുദ്ധകുര്‍ബാനയര്‍പ്പണത്തിനും വിശുദ്ധകുര്‍ബാന സ്വീകരണത്തിനും ആവശ്യമായ ഒരു 'ജീവിതഗുണനിലവാര'ത്തെപ്പറ്റി ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്.
'നിരന്തരമായ ബഹളത്തിലും ധൃതിയിലും അമിതമായ പ്രവര്‍ത്തനോത്സുകതയിലും ലൗകികവ്യാപാരങ്ങളിലും മുഴുകിയിരുന്നാല്‍ എങ്ങനെയാണ് ഈ ദിവ്യരഹസ്യങ്ങള്‍ യോഗ്യമായവിധം ആഘോഷിക്കാന്‍ സാധിക്കുക?' എന്നാണ് അദ്ദേഹം ചോദിക്കുന്നത്. നമ്മുടെ ജീവിതം വിരസവും യാന്ത്രികവും തീക്ഷ്ണതാരഹിതവും ആയാലും കുര്‍ബാനയര്‍പ്പണം ഫലദായമാകുകയില്ല. അക്രമവാസനയും വിദ്വേഷവും പകയും അതൃപ്തിയും പരനിന്ദയും അഹംഭാവവും മുറ്റിയഹൃദയവും ബലിയര്‍പ്പണത്തിനു യോഗ്യമല്ല. വിശുദ്ധ ആഗസ്തീനോസ് പറയുന്നു: ''ഈ അപ്പം ഭക്ഷിക്കുന്നവര്‍ പരസ്പരം കലഹിക്കുന്നില്ല. നമ്മളെല്ലാം ഒരേ ശരീരമാകുന്നതുകൊണ്ട് കലഹിക്കുക അസാധ്യമാണ്.'' കുര്‍ബാനയര്‍പ്പണത്തിന് ഏറ്റവും ശരിയായ മനോഭാവങ്ങള്‍ ആര്‍ജിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ കര്‍ദിനാള്‍ സറാ ചൂണ്ടിക്കാണിക്കുന്നത്.
വിശുദ്ധ കുര്‍ബാന അനുസ്മരണം
വിശുദ്ധകുര്‍ബാന നമ്മുടെ കര്‍ത്താവിന്റെ അനുസ്മരണമാണ്. വിശുദ്ധഗ്രന്ഥത്തില്‍ ഓര്‍മയാചരണത്തിനു വലിയ സ്ഥാനമാണുള്ളത്. ഇസ്രായേല്‍ജനത്തിനു ചെയ്ത നിരവധി അദ്ഭുതങ്ങള്‍ അനുസ്മരിക്കാനാണ് ദൈവം കല്പിക്കുന്നത്.
പുതിയനിയമത്തില്‍ ഈശോമിശിഹായിലൂടെ കൈവരിച്ച രക്ഷയെയാണ് അനുസ്മരിക്കേണ്ടത്. ഇവിടെ വിശുദ്ധകുര്‍ബാനയിലൂടെ ഓര്‍മപുതുക്കല്‍ മാത്രമല്ല, രക്ഷാകരരഹസ്യം വീണ്ടും സംഭവിക്കുകയാണു ചെയ്യുന്നത്.
ദൈവസ്‌നേഹത്തിന്റെ പാരമ്യവും സര്‍വശക്തിയുമാണ് വിശുദ്ധകുര്‍ബാനയില്‍ യാഥാര്‍ഥ്യമാകുന്നത്. ''ഈ ലോകത്തില്‍ തനിക്കുണ്ടായിരുന്നവരെ അവന്‍ സ്‌നേഹിച്ചു. അവസാനത്തോളം അവരെ സ്‌നേഹിച്ചു'' (യോഹ. 13:1). അവിടുത്തെ അനന്തസ്‌നേഹത്തിനു മനുഷ്യഹൃദയത്തിലെ തിന്മകളും പാപങ്ങളും ക്ഷമിക്കാനുള്ള കാരുണ്യവും ആര്‍ദ്രതയുമുണ്ട് എന്നു വിസ്മരിക്കാതിരിക്കാം.
ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് നമുക്കു നല്കിയ മാതൃക ജീവിതത്തില്‍ പകര്‍ത്തി വിശുദ്ധകുര്‍ബാന അര്‍പ്പണത്തിന് നമ്മളെ അനുദിനം ഒരുക്കാം.
(തുടരും)