•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ഉല്ലാസക്കളരി

ലങ്കാരികമായിപ്പറഞ്ഞാല്‍, ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വീട് ഒരു പ്രപഞ്ചമാണ്; അതുപോലെതന്നെ വിദ്യാലയവും. വിദ്യാഭ്യാസത്തിനായി വിദ്യാലയത്തിലെത്തുന്ന കുട്ടി ഒരു പ്രപഞ്ചത്തില്‍നിന്നു മറ്റൊന്നിലേക്കു കടക്കുകയാണു ചെയ്യുന്നത്. ഇതു ദുഷ്‌കരമായ ഒരു പ്രക്രിയയാണ്. എന്നാല്‍, വീടിന്റെ അന്തരീക്ഷം നിലനിറുത്തിക്കൊണ്ട്, സാവകാശം വിദ്യാലയാന്തരീക്ഷത്തിലേക്കു കടക്കാന്‍ പറ്റിയ ഒരു ഇടമുണ്ടെങ്കില്‍ കുട്ടിക്ക് അത് എളുപ്പമാകും. അവിടെ വീടിന്റെ അന്തരീക്ഷവും വിദ്യാലയത്തിന്റെ അന്തരീക്ഷവും ഉണ്ടാകണം. 
പേരിന്റെ പൊരുള്‍
ഇന്ന് കേരളത്തില്‍ നിലവിലുള്ള പ്രീസ്‌കൂളുകള്‍ ഈ ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ടു പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളാണ്. ഇവ പല പേരുകളിലാണ് അറിയപ്പെടുന്നത്. കളരി, അങ്കണവാടി, നേഴ്‌സറി, പ്ലേസ്‌കൂള്‍, കിന്റര്‍ഗാര്‍ട്ടന്‍ എന്നിങ്ങനെ. ''കളരി'' തനി കേരളീയമാണ്; ''അങ്കണവാടി''യാകട്ടെ ദേശീയവും. മറ്റുള്ള പേരുകളെല്ലാം വൈദേശികമാണ്. 'പ്ലേസ്‌കൂള്‍' ബ്രിട്ടീഷുകാരുടേതും 'കിന്റര്‍ ഗാര്‍ട്ടന്‍' ജര്‍മന്‍കാരുടേതുമാണ്. 'കിന്റര്‍' എന്ന വാക്കിന്റെ അര്‍ഥം കുട്ടി എന്നും 'ഗാര്‍ട്ടന്‍' എന്നാല്‍ ഗാര്‍ഡന്‍ അല്ലെങ്കില്‍ പൂന്തോട്ടം എന്നുമാണര്‍ഥം. വ്യംഗ്യാര്‍ഥം ഉല്ലാസം നല്കുന്ന ഇടം എന്നാണ്.  ഉല്ലസിച്ച് വിദ്യ അഭ്യസിപ്പിക്കുന്ന ഇടം എന്ന നിലയ്ക്ക് 'ഉല്ലാസക്കളരി' എന്ന പേര് ഈ സംവിധാനത്തിന് ഏറ്റവും അനുയോജ്യമായി തോന്നുന്നു. അബ്ദുള്‍ കലാമിന്റെ"Education system should retain the smiles on the face of our children” എന്ന ദര്‍ശനസാക്ഷാത്കാരം ഈ പേരില്‍ അന്തര്‍ലീനമായിട്ടുണ്ട്.NEP (National Education Policy) നിര്‍ദേശമായ പ്രീപ്രൈമറി ഘട്ടത്തിലുള്ള ആദ്യകാല ശിശുസംരക്ഷണപരിപാലനം (Early Childhood Care and Education) കളികളിലും പ്രവര്‍ത്തനങ്ങളിലും അധിഷ്ഠിതമായിരിക്കണമെന്ന നിര്‍ദേശവും ഇവിടെ യാഥാര്‍ഥ്യമാകുന്നുണ്ട് (NEP No..1#2).   
പരിശീലനക്കാലദൈര്‍ഘ്യം 
ഉല്ലാസക്കളരിയിലെ പരിശീലനക്കാലദൈര്‍ഘ്യം  NEP  നിര്‍ദേശിക്കുന്ന 3+2=5 കേരളത്തെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രസക്തമല്ല. അതുപോലെതന്നെ, കേരളത്തിലിപ്പോള്‍, പ്രീപ്രൈമറിതലത്തില്‍ മൂന്നുവര്‍ഷക്കാലത്തെ പരിശീലനംനേടി സ്‌കൂളിലെത്തുന്ന കുട്ടികള്‍ വളരെ കുറവാണ്. രണ്ടു വര്‍ഷത്തെയും ഒരു വര്‍ഷത്തെയും കോഴ്‌സ് കഴിഞ്ഞു വരുന്നവരാണു ഭൂരിഭാഗവും. ഒരു വര്‍ഷംപോലും പരിശീലനം നേടാതെ നേരിട്ട് ഒന്നാം ക്ലാസില്‍ വന്നുചേരുന്ന കുട്ടികളുമുണ്ട്. നേഴ്‌സറിസ്‌കൂളുകളിലും പ്രൈമറിസ്‌കൂളുകളിലും ഞാന്‍ നേരിട്ടു നടത്തിയ പഠനത്തില്‍നിന്നു വ്യക്തമാകുന്ന ഒരു കാര്യം, അനൗപചാരികവിദ്യാഭ്യാസത്തിനായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് ഒട്ടും പ്രസക്തിയില്ല എന്നാണ്. ശരിയായ പരിശീലനവും അനുകൂലസാഹചര്യങ്ങളുമുണ്ടെങ്കില്‍ നിശ്ചിതലക്ഷ്യമായ അക്ഷരങ്ങളും അക്കങ്ങളും പരിചയപ്പെടാന്‍ ഒരു വര്‍ഷംപോലും വേണ്ടിവരില്ല. ഞാന്‍തന്നെ എഴുത്തിനിരുത്തിയ കുട്ടികള്‍ നാലു മാസംപോലും എടുത്തില്ല അക്ഷരങ്ങളും അക്കങ്ങളും പരിചയപ്പെടാന്‍! ഏഴു പതിറ്റാണ്ടുകള്‍ക്കപ്പുറം മൂന്നു മാസംകൊണ്ട് ആശാന്‍കളരിയില്‍നിന്ന് അക്ഷരപരിചയം നേടിയ തലമുറയില്‍പ്പെട്ടയാളാണു ഞാന്‍. ആധുനികസൗകര്യമൊന്നും അന്നില്ലാതിരുന്നുതാനും. ഇന്ന്, ഈ ഡിജിറ്റല്‍യുഗത്തില്‍ കുട്ടികള്‍ക്ക് ഇത് എത്രയോ എളുപ്പമാകും! അതുകൊണ്ട്, അര്‍ഥശങ്കയ്ക്കിടയില്ലാതെ, അസന്ദിഗ്ധമായി പറയുന്നു, ഉല്ലാസക്കളരിയുടെ കാലപരിധി ഒരു വര്‍ഷത്തില്‍ കൂടുതലാകാന്‍ പാടില്ല. മറിച്ചുള്ള നിലപാട് സമയനഷ്ടത്തിനും ധനനഷ്ടത്തിനും മാത്രമേ ഉപകരിക്കുകയുള്ളൂ. 
അധ്യാപകര്‍
NEP വിഭാവനം ചെയ്യുന്ന അഞ്ചു വര്‍ഷക്കാലത്തെ അങ്കണവാടി അധ്യാപകര്‍ക്ക്, 10+2 ഉം അതിനു മുകളിലും വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക്, 6 മാസക്കാലപരിശീലനം മതിയെന്നു പറയുമ്പോള്‍, കേരളത്തിലെ അങ്കണവാടി അധ്യാപകര്‍ക്കായി രണ്ടു വര്‍ഷക്കാലത്തെ പരിശീലനമാണു നല്കിക്കൊണ്ടിരിക്കുന്നത്. അതും, എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയിട്ടുള്ള പാഠപുസ്തകങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ അംഗീകാരമുള്ള വിദ്യാലയങ്ങളിലുമാണ് ഈ കോഴ്‌സുകള്‍ നടക്കുന്നത്. വളരെ മികച്ച സിലബസും പരിശീലനരീതിയുമാണ് ഈ സ്ഥാപനങ്ങളിലുള്ളത്. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ക്കു നിശ്ചിതലക്ഷ്യമായ അക്ഷരപരിചയവും അക്കങ്ങളുടെ പരിചയവും കുട്ടികള്‍ക്ക് അനായാസം വിജയകരമായി നല്കാനാവുമെന്നു മാത്രമല്ല, ഒരു വര്‍ഷകാലപരിധിക്കുള്ളില്‍ അതു നിര്‍വഹിക്കാന്‍ സാധിക്കുകയും ചെയ്യും. 
പരിശീലനരീതി
അധ്യാപനശാസ്ത്ര(Pedagogieത്തില്‍ മനഃശാസ്ത്രജ്ഞന്മാര്‍ ഊന്നല്‍ കൊടുക്കുന്ന നാലു കാര്യങ്ങളുണ്ട്: 1.താത്പര്യം(Interest)) 2. ഉള്‍ച്ചേരല്‍ (Involvement) 3. ബോധ്യം (Conviction)) 4. പ്രതിബദ്ധത (Commitment). അധ്യാപകന്‍ ആദ്യമായി ചെയ്യേണ്ടത്, കുട്ടികളില്‍ താത്പര്യം ജനിപ്പിക്കുകയാണ്. താത്പര്യമുണ്ടായാല്‍, പഠിക്കുന്ന കാര്യത്തില്‍ കുട്ടികള്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും വ്യാപൃതരാകുകയും ചെയ്തുകൊള്ളും. അത്, ആഴത്തിലുള്ള ബോധ്യം ജനിപ്പിക്കും. അതോടെ, പ്രതിബദ്ധതയും ഉണ്ടായിക്കൊള്ളും. ഉല്ലാസക്കളരിയില്‍ മേല്പറഞ്ഞ കാര്യങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യമുണ്ട്.  അവിടെ പരിശീലനം നല്‍കേണ്ടത് പണ്ടത്തെപ്പോലെ, ശാസിച്ചും ശിക്ഷിച്ചുമൊന്നുമല്ല. കളിയും ചിരിയും, പാട്ടും നൃത്തവും, കഥയും കവിതയും എല്ലാമുണ്ടാകണം. അക്ഷരാര്‍ഥത്തില്‍, വീടിന്റെ തുടര്‍ച്ചയായി കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന ഇടമാകണം ഉല്ലാസക്കളരി. അങ്ങനെവരുമ്പോള്‍ ഉല്ലാസക്കളരിയുമായി ഇണങ്ങിച്ചേര്‍ന്നുപോകാന്‍ അധികകാലം എടുക്കുകയില്ല. ഉല്ലാസക്കളരിയില്‍ അധ്യാപകന്മാരല്ല; അധ്യാപികമാരാണു വേണ്ടത്. അതിലൂടെ കുഞ്ഞുങ്ങള്‍ക്ക് ഒരു അമ്മസാന്നിധ്യം അനുഭവവേദ്യമാകും. 
ഡി.പി.ഇ.പി. ദുരന്തം...!
നിര്‍ഭാഗ്യമെന്നുപറയട്ടെ, ഡി.പി.ഇ.പി.യുടെ പരിണതഫലം അധ്യാപകവിദ്യാര്‍ത്ഥികളില്‍ വളരെ പ്രകടമാണ്. അധ്യാപകവിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗത്തിനും ശരിയായ അക്ഷരജ്ഞാനമില്ല. എഴുതുമ്പോഴുള്ള അക്ഷരപ്പിഴവും പറയുമ്പോഴുള്ള ഉച്ചാരണപ്പിഴവും വളരെയാണ്.  ഏതായാലും, അക്ഷരമാല പാഠപുസ്തകത്തില്‍ തിരികെയെത്തിയെന്നത്  എല്ലാംകൊണ്ടും ആശ്വാസകരംതന്നെ. വരുംതലമുറയെങ്കിലും എഴുത്തും വായനയും അറിയാവുന്നവരായി മാറുമെന്നു പ്രത്യാശിക്കാം.
ഇംഗ്ലീഷ് പഠിക്കണ്ടേ?
അക്ഷരപരിചയം എന്നു പറയുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ഒരു ചോദ്യമാണ്, ഇംഗ്ലീഷ്ഭാഷയുടെ അക്ഷരപരിചയം ഇതിലുള്‍പ്പെടുമോ എന്നത്. ഒന്നാമതായി മനസ്സിലാക്കേണ്ടത്. ഇംഗ്ലീഷ് ഭാഷയ്ക്ക് അക്ഷരങ്ങളില്ല എന്നതാണ്. മലയാളത്തിന് 49 അക്ഷരങ്ങള്‍ ഉള്ളപ്പോള്‍ ഇംഗ്ലീഷിന് 26 വര്‍ണങ്ങള്‍ മാത്രമേയുള്ളൂ എന്നോര്‍ക്കണം. ഉച്ചാരണക്ഷമങ്ങളായ വര്‍ണങ്ങളാണ് അക്ഷരങ്ങള്‍. ഇംഗ്ലീഷിന്റെ ലിപികള്‍ ഉച്ചാരണക്ഷമങ്ങളല്ല! 
ഉല്ലാസക്കളരിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കണ്ടേ എന്ന ചോദ്യത്തിന്, പഠിപ്പിക്കണം; പക്ഷേ, ഉല്ലാസക്കളരിയില്‍ 'പാടില്ല' എന്നാണുത്തരം. ഇളംപ്രായത്തില്‍ത്തന്നെ പഠിച്ചാലേ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കൂ എന്ന തെറ്റുധാരണ പൊതുവേയുണ്ട്. മാതൃഭാഷയില്‍ അടിത്തറയുറപ്പിച്ചാല്‍ മറ്റു ഭാഷ പഠിക്കാന്‍ എളുപ്പമാകും എന്നു ഗവേഷണപഠനങ്ങള്‍ സമര്‍ഥിച്ചിട്ടുണ്ട്. എല്ലാ ഭാഷകള്‍ക്കും പൊതുവായ ഒട്ടേറെ ഘടകങ്ങളുണ്ട്. കര്‍ത്താവ്, കര്‍മ്മം, ക്രിയ; നാമം, കൃതി, ഭേദകം; കാലങ്ങള്‍: വര്‍ത്തമാനം, ഭാവി, ഭൂതം എന്നിങ്ങനെ. മാതൃഭാഷയില്‍ ഇവയെല്ലാം പഠിച്ചുകഴിഞ്ഞാല്‍ മറ്റു ഭാഷകള്‍ പഠിക്കുമ്പോള്‍ ഈ വക കാര്യങ്ങളെല്ലാം എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയും. അതുകൊണ്ട്, മാതൃഭാഷയുടെ അടിത്തറ ഉറപ്പിച്ചിട്ടുവേണം മറ്റു ഭാഷകള്‍ പഠിക്കാന്‍.  ഇംഗ്ലീഷിനോടുള്ള അമിതാവേശംമൂലം ഇളംപ്രായത്തില്‍ മലയാളവും ഇംഗ്ലീഷും എല്ലാംകൂടി കുഞ്ഞിന്റെ കുരുന്നുമനസ്സില്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചാല്‍ തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്നതുപോലെയാകും. മാതൃഭാഷയായ മലയാളത്തിന്റെ അടിത്തറ ഉറപ്പിക്കപ്പെട്ടിരിക്കുന്നത് 49 അക്ഷരവജ്രങ്ങള്‍ക്കുള്ളിലാണ്. അവ ശരിയായി എഴുതാനും ഉച്ചരിക്കാനും പഠിപ്പിച്ചാല്‍ അടിത്തറ ഭദ്രമായിക്കൊള്ളും. 
മാതൃഭാഷാസ്‌നേഹം
ഉല്ലാസക്കളരിയില്‍ മാതൃഭാഷയോടുള്ള സ്‌നേഹവും ആഭിമുഖ്യവും അഭിനിവേശവും ഇളംപ്രായത്തില്‍ത്തന്നെ കുട്ടികളില്‍ ജനിപ്പിക്കണം. അതോടൊപ്പം, മാതൃഭാഷ ആസ്വദിപ്പിക്കാനും പരിശീലിപ്പിക്കണം. കുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ടതും ലളിതവുമായ കഥകള്‍ പറയുന്നതും പാട്ടുകള്‍ പാടുന്നതും കവിതകള്‍ ആലപിക്കുന്നതുമെല്ലാം കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. ഈണവും താളവും ചേരുമ്പോള്‍ കുഞ്ഞ് അതില്‍ ഉള്‍ച്ചേരുകയും കുഞ്ഞിന്റെ മനസ്സില്‍ ആഴത്തില്‍ പതിയുകയും ചെയ്യും. പാട്ടും നൃത്തവും ഉല്ലാസക്കളരിയില്‍ പരമപ്രധാനമാണ്. അര്‍ഥം പൂര്‍ണമായും മനസ്സിലായില്ലെങ്കിലും ഈണവും താളവുമായി ഇണങ്ങാന്‍ കുഞ്ഞിനു കഴിഞ്ഞാല്‍ അതു വലിയ ഒരനുഭവവും അനുഭൂതിയുമായിരിക്കും. അതു ഭാഷയെ സ്‌നേഹിക്കാന്‍ ഇടയാക്കും. 
അക്ഷരം-എഴുത്തും ഉച്ചാരണവും
തുടക്കത്തില്‍ത്തന്നെ, അക്ഷരങ്ങള്‍ ശരിയായി എഴുതാന്‍ പഠിപ്പിക്കണം. ഇതുപറയാന്‍ കാരണം, പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടി 'അ' എന്ന അക്ഷരം എഴുതുന്നതു കണാനിടയായി. വര്‍ക്ക് ഷോപ്പില്‍ സ്‌പെയര്‍പാര്‍ട്ട്‌സ് യോജിപ്പിക്കുന്നതുപോലെയാണു കുട്ടി 'അ' എന്ന അക്ഷരം എഴുതിക്കണ്ടത്. മലയാളം അക്ഷരങ്ങള്‍ എഴുതേണ്ടത്, ഇംഗ്ലീഷ് എഴുതുന്നതുപോലെ ഇടത്തേക്കല്ല, വലത്തേക്ക് (ഇഹീരസ ംശലെ) ആണ്. വരകള്‍ ഉയര്‍ത്തിയും താഴ്ത്തിയും വളച്ചും ഉരുട്ടിയും ചുരുട്ടിയുമാണ് എഴുതേണ്ടത്. 'അ' എന്ന അക്ഷരം എഴുതിനോക്കിയാല്‍ ഇപ്പറഞ്ഞത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. നല്ല ഭാഷയുടെ ലക്ഷണം ആശയശുദ്ധിക്കൊപ്പം അക്ഷരശുദ്ധിയും ഉച്ചാരണശുദ്ധിയും ചേരുന്നതാണ്. അതുകൊണ്ട് എഴുതാന്‍ മാത്രമല്ല, ഓരോ അക്ഷരവും ശരിയായി ഉച്ചരിക്കാനും പഠിപ്പിക്കണം. 
അങ്ങനെ, കളിയും ചിരിയും, കഥയും കവിതയും, ആട്ടവും പാട്ടും, ഓട്ടവും ചാട്ടവുമെല്ലാംകൊണ്ട് ഗൃഹാന്തരീക്ഷം സൃഷ്ടിച്ച്, അക്ഷരബോധനത്തിലൂടെ സാവകാശം വിദ്യാലയാന്തരീക്ഷത്തിലേക്കു കുഞ്ഞുങ്ങളെ പ്രവേശിപ്പിക്കുന്ന ഇടത്താവളമായി മാറണം ഉല്ലാസക്കളരി. നാലാമത്തെ വയസ്സില്‍ ഉല്ലാസക്കളരിയില്‍ ചേരുന്ന കുട്ടിയെ ഒരു വര്‍ഷംകൊണ്ട് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി അഞ്ചാമത്തെ വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ സാധിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)