•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

ആരോഗ്യകരമായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ പിടിയിലൊതുക്കാം

ലോകപ്രമേഹദിനം : നവംബര്‍ 14 

ന്താരാഷ്ട്ര ഡയബെറ്റിസ് ഫെഡറേഷന്റെ കണക്കുപ്രകാരം, ഭൂമുഖത്ത് എല്ലാ സെക്കന്റിലും ഒരാള്‍ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍മൂലം മരണമടയുകയാണ്. അതില്‍ 50 ശതമാനം മരണവും അറുപതു വയസ്സിനുതാഴെയുള്ളവരിലാണു സംഭവിക്കുന്നത്. അതായത്, ഏതാണ്ടു നാലു ദശലക്ഷംപേര്‍. ലോകത്ത് ഇപ്പോഴുള്ള 425 ദശലക്ഷം പ്രമേഹബാധിതരുടെ സംഖ്യ 2045 ആകുമ്പോള്‍ 629 ദശലക്ഷമായി ഉയരും. കഷ്ടകാലമതല്ല, ഇതില്‍ 79 ശതമാനം പേരും സാമ്പത്തികമായി താഴേക്കിടയിലുള്ള രാഷ്ട്രങ്ങളിലായിരിക്കും ജീവിക്കുന്നത് എന്നതാണ്. ഇക്കൂട്ടരുടെ പരിചരണവും ചികിത്സയും ദരിദ്രരാഷ്ട്രങ്ങളുടെ നടുവൊടിക്കും.
ലോകാരോഗ്യസംഘടന സാംക്രമികരോഗങ്ങളുടെ വ്യാപനത്തെപ്പറ്റി ഈയിടെ നടത്തിയ ബൃഹത്തായ പഠനങ്ങള്‍ പല വിപ്ലവകരമായ വിവരങ്ങളും പുറത്തുകൊണ്ടുവന്നു. 2019 ല്‍ ഇന്ത്യയിലുണ്ടായ 66 ശതമാനം മരണങ്ങളും ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗാതുരതകള്‍ മൂലമാണ്. ഇന്ത്യയില്‍ 30നും 70 നും വയസ്സിനിടയിലുള്ളവരിലെ 3.49 ലക്ഷം മരണങ്ങളും പ്രമേഹത്തെത്തുടര്‍ന്നാണ്. പ്രമേഹത്തിലേക്കു വലിച്ചിഴയ്ക്കുന്ന ആപത്ഘടകങ്ങളില്‍ 34 ശതമാനവും വ്യായാമക്കുറവുമൂലമാണ്. 50 വയസ്സിനുമേലുള്ള 11.8 ശതമാനം പേര്‍ ഇന്ത്യയില്‍ ഇപ്പോള്‍ പ്രമേഹരോഗികളാണ്. ലോകത്താകെയുള്ള പ്രമേഹബാധിതരില്‍ 60 ശതമാനവും ചൈനയും ഇന്ത്യയും ഉള്‍പ്പെടുന്ന ഏഷ്യാഭൂഖണ്ഡത്തിലായിരിക്കും. ആഗോളചികിത്സാച്ചെലവിന്റെ 12 ശതമാനത്തിലധികം വിനിയോഗിക്കപ്പെടുന്നത് പ്രമേഹത്തിനും അനുബന്ധചികിത്സകള്‍ക്കുമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ 134 ദശലക്ഷം പ്രമേഹബാധിതരുണ്ട്. ലോകത്തിന്റെ പ്രമേഹതലസ്ഥാനമായ ചൈനയില്‍ 141 ദശലക്ഷംപേര്‍ പ്രമേഹബാധിതരാണ്.
കേരളത്തില്‍ പ്രമേഹബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് 8.9 ലക്ഷം പുതിയ പ്രമേഹരോഗികളെയാണ് കെണ്ടത്തിയത്. 2012 മുതല്‍ ഒരു കോടി 33 ലക്ഷം ആളുകളെ സ്‌ക്രീനിങ് ടെസ്റ്റിനു വിധേയമാക്കി. അക്കൂട്ടത്തില്‍നിന്നാണ് 8.9 ലക്ഷം പുതിയ രോഗബാധിതരെ കണ്ടെത്തിയത്. ഇക്കൂട്ടരെല്ലാം പ്രമേഹമുണ്ടെന്നറിയാതെ, ചികിത്സ തേടാതെ ജീവിക്കുകയായിരുന്നു. കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഈ മാറാരോഗമുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പും തിരുവനന്തപുരത്തെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസും സംയുക്തമായി നടത്തിയ പഠനങ്ങളിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കേരളത്തിലെ മുതിര്‍ന്നവരില്‍ 30 ശതമാനം പേര്‍ക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവു ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. ഇതു ലോകശരാശരിയെക്കാള്‍ ഏറെ മുന്നില്‍. മറ്റൊരു പഠനത്തില്‍, 45 നും 69 നും വയസ്സിനിടയിലുള്ള  കേരളീയരില്‍ 67.7 ശതമാനം പേര്‍ക്ക് പ്രമേഹമോ പ്രമേഹസാധ്യതയോ (പ്രീ ഡയബെറ്റിക്‌സ്) ഉണ്ട്. തൊട്ടയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പ്രമേഹമുള്ളവര്‍ 10-15 ശതമാനംമാത്രമാണെന്നോര്‍ക്കണം.
ഇത്രയൊക്കെയാണെങ്കിലും, മധുമേഹത്തെ (അങ്ങനെയാണല്ലോ ആയുര്‍വേദാചാര്യന്മാര്‍ പ്രമേഹത്തെ വിളിക്കുന്നത്) പിടിയിലൊതുക്കുന്നതില്‍ മലയാളി ദാരുണമായി പരാജയപ്പെട്ടതായി കാണുന്നു. ഇവിടെയുള്ള രോഗബാധിതരില്‍ 16 ശതമാനം പേര്‍ മാത്രമാണ് രക്തത്തിലെ പഞ്ചസാര പരിധിക്കുള്ളില്‍ നിയന്ത്രിക്കുന്നത്. അതായത്, 84 ശതമാനം പേര്‍ ഒരു നിയോഗംപോലെ മരുന്നുകളെടുത്ത് സംതൃപ്തരായി മുന്നോട്ടുപോകുന്നുവെന്നര്‍ഥം. ഇക്കൂട്ടരില്‍ സ്ഥിരമായി വര്‍ധിച്ചുകാണുന്ന രക്തത്തിലെ പഞ്ചസാര അവരെ വൈകാതെ മരണത്തിലേക്കു കൈപിടിച്ചുകൊണ്ടുപോകുന്നു.
മധുമേഹം പ്രഥമമായി ഒരു ജീവിതശൈലീരോഗമാണെന്നും അതിന്റെ സമഗ്രമായ നിയന്ത്രണത്തിന് അപഥ്യമായ ഭക്ഷണക്രമത്തില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ വരുത്തണമെന്നുമുള്ള യാഥാര്‍ഥ്യം വിസ്മരിച്ചുപോകുന്നതാണ് മലയാളികളില്‍ പഞ്ചസാരനിയന്ത്രണം പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം. ശാസ്ത്രീയമായ ചികിത്സയെടുക്കാന്‍ മലയാളിക്കു മടിയാണ്. സ്വയം ചികിത്സിക്കലും ഒറ്റമൂലികളും വിവിധ 'ആള്‍ട്ടര്‍നേറ്റീവ്' ചികിത്സാമുറകളുടെ പരീക്ഷണവും ആക്രാന്തം പിടിച്ച ഭക്ഷണക്കൊതിയും കേരളീയരുടെ പ്രമേഹപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതുകൂടാതെ, ഒടുങ്ങാത്ത സ്‌ട്രെസ്സും വ്യായാമമില്ലായ്മയും വികലമായ മദ്യാസക്തിയും മലയാളികളുടെ ആരോഗ്യനിലവാരത്തെ തകിടംമറിക്കുന്നു.
നിയന്ത്രിക്കപ്പെടാത്ത പ്രമേഹരോഗം കാലാന്തരത്തില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളെയുംതന്നെ കാര്‍ന്നുതിന്നുന്നു എന്നതാണ് ഈ രോഗാതുരതയുടെ പ്രത്യേകത. ഈ സങ്കീര്‍ണതകളുണ്ടാക്കുന്ന പരാധീനതകളിലൂടെ രോഗി സാവധാനം മൃത്യുവിനെ പ്രാപിക്കുന്നു. ദീര്‍ഘനാളുകളായി നിയന്ത്രിക്കപ്പെടാത്ത രക്തത്തിലെ പഞ്ചസാര  ശരീരത്തിലാകമാനമുള്ള രക്തക്കുഴലുകളുടെ ഘടനയെ വികലമാക്കുന്നു. വലുതും ചെറുതുമായ ധമനികളുടെ ഉള്‍വ്യാസം  ചുരുങ്ങി അതിലൂടെയുള്ള രക്തപ്രവാഹം ദുഷ്‌കരമാക്കുന്നു.  അമിതരക്തസമ്മര്‍ദം, അന്ധത, വൃക്കകളുടെ  അപചയം, കാലുകളിലെ ഉണങ്ങാത്ത വ്രണങ്ങള്‍, ലൈംഗികശേഷിക്കുറവ്, മറവിരോഗം അങ്ങനെ നിയന്ത്രണവിധേയമാകാത്ത പ്രമേഹരോഗം ശരീരത്തിലുണ്ടാക്കുന്ന വിപത്തുകള്‍ ഏറെയാണ്. 65 വയസ്സിനു താഴെയുള്ളവരില്‍ പുതുതായുണ്ടാകുന്ന അന്ധതയ്ക്കുള്ള മുഖ്യകാരണം പ്രമേഹമാണ്. സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന 50-60 ശതമാനം രോഗികള്‍ക്ക് മൂര്‍ച്ഛിച്ച പ്രമേഹരോഗമുണ്ട്. വൃക്കപരാജയത്തിനുള്ള മുഖ്യകാരണം ഈ രോഗാവസ്ഥ തന്നെ. എല്ലാ 30 സെക്കന്‍ഡിലും ലോകത്തെവിടെയെങ്കിലും പ്രമേഹം മൂര്‍ച്ഛിച്ച് കരിയാത്ത വ്രണങ്ങളുമായി കാലു മുറിച്ചുകളയപ്പെടുകയാണ്.
പ്രമേഹത്തിന്റെ സങ്കീര്‍ണതയുണ്ടാക്കുന്ന ഏറ്റവും ഗൗരവമേറിയ രോഗാവസ്ഥ ഹൃദ്രോഗം തന്നെ. പ്രമേഹബാധിതരില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത 4-5 മടങ്ങാണ്. 70 ശതമാനം പ്രമേഹരോഗികളും മരണപ്പെടുന്നത് ഹൃദയാഘാതംകൊണ്ടുതന്നെ. ഇക്കൂട്ടരിലെ ഹൃദ്രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങള്‍ രോഗികള്‍ എപ്പോഴും തിരിച്ചറിയണമെന്നില്ല. നെഞ്ചുവേദന പൂര്‍ണമായി അനുഭവപ്പെടാത്ത ഹാര്‍ട്ടറ്റാക്ക് (സയലന്റ് അറ്റാക്ക്) പ്രമേഹരോഗികള്‍ക്കു സ്വന്തം. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന നാഡീവ്യൂഹത്തിനേല്ക്കുന്ന അപചയംതന്നെ കാരണം. തന്മൂലം നെഞ്ചുവേദന അറിയാനുള്ള സംവേദനക്ഷമത കുറയുന്നു.
പ്രമേഹരോഗികള്‍ക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ടായാല്‍ തുടര്‍ചികിത്സ ഏറെ ദുഷ്‌കരമാകുന്നു. ഒന്നാമതായി, ശക്തമായ ലക്ഷണങ്ങളുടെ അഭാവംമൂലം ആശുപത്രിയിലെത്താന്‍ വൈകുന്നു. ഹാര്‍ട്ടറ്റാക്കുണ്ടായശേഷം ചികിത്സ കിട്ടാന്‍ വൈകുന്തോറും ഹൃദയപേശികള്‍ മൃതപ്രായമായിക്കൊണ്ടിരിക്കും. ഹാര്‍ട്ടറ്റാക്കുണ്ടായി ഒന്നരമണിക്കൂറിനുള്ളില്‍ ലഭിക്കുന്ന ചികിത്സകൊണ്ട്  ഹൃദയപേശികള്‍ക്കുണ്ടായ ആഘാതം ഏറെക്കുറെ പൂര്‍ണമായി മാറ്റിയെടുക്കാന്‍ സാധിക്കും. എത്രയും പെട്ടെന്ന് ചികിത്സ ലഭിച്ചാല്‍ അത്രയും നന്ന്. എന്നാല്‍, ലക്ഷണങ്ങള്‍ കൃത്യമായി അനുഭവിച്ചറിയാനുള്ള താമസം, ചികിത്സ ഉടന്‍ തേടുന്നതിനുള്ള വൈമനസ്യം, അനാവശ്യമായ ഒറ്റമൂലി ചികിത്സകള്‍ ഇവകളെല്ലാം ചികിത്സയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുന്നു.
പ്രമേഹരോഗികളില്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സ ഒട്ടും എളുപ്പമല്ല. നനുത്തു ചുരുങ്ങിയതും വികലവുമായ ഹൃദയധമനികളിലെ ബ്ലോക്ക് വികസിപ്പിച്ചെടുക്കുക ശ്രമകരമാണ്. പലപ്പോഴും ഹൃദയത്തിന്റെ ഉപരിതലത്തിലുള്ള എല്ലാ കൊറോണറിധമനികളിലും ബ്ലോക്കുകള്‍ കാണും. പടര്‍ന്നുകിടക്കുന്ന ബ്ലോക്കുകള്‍ കണ്ടെത്താനായി ബലൂണ്‍ കത്തീറ്റര്‍കൊണ്ട് വികസിപ്പിച്ച്   അവിടെ സ്റ്റെന്റുകള്‍ സ്ഥാപിക്കുക ഏറെ ശ്രമകരമായ ഒന്നുതന്നെ. അതുകൊണ്ടുതന്നെ, പ്രമേഹരോഗികള്‍ക്കുള്ള ഏറ്റവും ഉചിതമായ ചികിത്സ ബൈപ്പാസ് സര്‍ജറിതന്നെ. കൂടുതല്‍  കൊറോണറി ധമനികളെ ബാധിക്കുന്ന രോഗാവസ്ഥയും ഹൃദയപരാജയവുംമൂലം ഗുരുതരമായ ഹൃദ്രോഗത്തിനുള്ള ഏറ്റവും പ്രയോജനപ്രദമായ ചികിത്സ ബൈപ്പാസ് ഓപ്പറേഷന്‍തന്നെ.
ഹാര്‍ട്ടറ്റാക്കോ ആന്‍ജിയോപ്ലാസ്റ്റിയോ  ബൈപ്പാസ്  സര്‍ജറിയോ കഴിഞ്ഞശേഷം പ്രമേഹരോഗിക്കു ജീവിതം കര്‍ശനമായ നിബന്ധനകളോടെ മുന്നോട്ടുപോകണം. ഹൃദ്രോഗവിദഗ്ധന്‍ നിര്‍ദേശിക്കുന്ന ഔഷധങ്ങള്‍ പിഴവുകള്‍കൂടാതെ സേവിക്കണം. കൃത്യമായ കാലയളവില്‍ രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും പരിശോധിച്ചു ക്രമീകരിക്കണം. ഹൃദ്രോഗപരിശോധനകളായ എക്കോകാര്‍ഡിയോഗ്രാഫിയും ട്രെഡ്മില്‍ടെസ്റ്റും മറ്റു ലാബോറട്ടറി പരിശോധനകളും കൃത്യകാലയളവില്‍ ചെയ്തുകൊണ്ടിരിക്കണം. പ്രമേഹസൂചകമായ എച്ച്.ബി.എ.വണ്‍.സി. 6.5 ശതമാനത്തില്‍ കുറയുവാന്‍ യത്‌നിക്കണം. അമിതവണ്ണം കുറയ്ക്കുകയും കൃത്യവും ഊര്‍ജസ്വലവുമായി വ്യായാമങ്ങളിലേര്‍പ്പെടുകയും വേണം.
സമൂഹത്തില്‍ പ്രമേഹത്തെക്കുറിച്ച് വളരെയധികം തെറ്റുധാരണകളുണ്ട്. മാതാപിതാക്കള്‍ക്കു പ്രമേഹമുണ്ടെങ്കിലേ മക്കള്‍ക്കുണ്ടാകൂ, രോഗം പ്രായമുള്ളവരെ മാത്രം ബാധിക്കുന്നു, അലോപ്പതിമരുന്നുകള്‍ കഴിച്ചാല്‍ വൃക്കകള്‍ തകരാറിലാകും, ഒരിക്കല്‍ ഇന്‍സുലിന്‍ എടുത്താല്‍ ജീവിതാവസാനംവരെ തുടരേണ്ടിവരും, രോഗലക്ഷണമില്ലെങ്കില്‍ പിന്നെന്തിന് ചികിത്സ ഇവയെല്ലാം സാധാരണ കേള്‍ക്കാറുള്ള തെറ്റായ അറിവുകളാണ്.  ഇവ തിരുത്തണം. പ്രമേഹനിയന്ത്രണത്തിനു കുറുക്കുവഴികളില്ല. പരസ്യങ്ങള്‍ക്കു പിറകേപോയി വഞ്ചിതരാകരുത്. കര്‍ശനമായ ജീവിതക്രമീകരണവും പഥ്യമായ ആഹാരവും കൃത്യമായ വ്യായാമവുംകൊണ്ട് പ്രമേഹസാധ്യത  70 ശതമാനംവരെ പ്രതിരോധിക്കാമെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്.
(ലേഖകന്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ്.)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)