ഭിന്നതകള്‍ മറന്ന് യോജിക്കൂ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനം. സ്വയം എളിമപ്പെട്ട് യേശുവിനോട് ഐക്യപ്പെട്ടാല്‍ മാത്രമേ നമുക്കു വളരാനും ഫലം കായ്ക്കാനും കഴിയൂ എന്ന് മാര്‍പാപ്പാ തറപ്പിച്ചുപറയുന്നു. അറബ്‌രാജ്യമായ ബഹ്‌റിനിലെ നാലു ദിവസത്തെ ചരിത്രസന്ദര്‍ശനത്തിനുശേഷം കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ നടത്തിയ ഓര്‍മപ്പെടുത്തല്‍ കേരളത്തിലെയും ഇന്ത്യയിലെയും സഭാനേതാക്കള്‍ക്കും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും വിശ്വാസികള്‍ക്കുംകൂടിയുള്ള
താണ്.
ഐക്യം യേശുവില്‍ വസിക്കുന്നു
ഐക്യത്തിന്റെ മൂന്നു തലങ്ങള്‍ പരിശുദ്ധ പിതാവ് എടുത്തുപറയുന്നുണ്ട്. ഒരു മരത്തിന്റെ ശിഖരങ്ങള്‍ പോലെ മൂന്നു കേന്ദ്രീകൃതവളയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അനിവാര്യമായ ഈ ഐക്യം. ഐക്യത്തിന്റെ ആദ്യതലം യേശുവില്‍ വസിക്കുന്നു, ഓരോ വ്യക്തിയുടെയും ഐക്യത്തിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. യേശുവിന്റെ സ്‌നേഹം അനുഭവിക്കാന്‍ നമുക്കു കഴിയുന്ന ഈ ഘട്ടം പ്രാര്‍ഥനയോടെയാണ് ആരംഭിക്കുന്നത്. യേശുവില്‍ വസിക്കുന്നതിലൂടെയും അവനെ അനുവര്‍ത്തിക്കുന്നതിലൂടെയുമാണ് ഓരോ വ്യക്തിക്കും സ്വഭാവമഹിമയും പരിശുദ്ധിയും കൃപയുമെല്ലാം കൈവരുക.
ക്രൈസ്തവര്‍ക്കിടയിലെ ഐക്യമാണു രണ്ടാമത്തെ വളയം. നമ്മളെല്ലാം ഒരേ മുന്തിരിവള്ളിയുടെ ശാഖകളാണ്. ഓരോരുത്തരും ചെയ്യുന്നതു മറ്റുള്ളവരെ ബാധിക്കുന്നു. ഇവിടെയും പ്രാര്‍ഥന അനിവാര്യമാണ്. പരസ്പരം സ്‌നേഹത്തിലേക്കു നമ്മെ നയിക്കുന്നതു പ്രാര്‍ഥനയാണ്. എളുപ്പമല്ലിത്. എല്ലാ ദൈവമക്കളോടുമുള്ള ഐക്യത്തിന്റെ വഴിയില്‍ തടസ്സമായി നില്‍ക്കുന്ന ലൗകികബന്ധങ്ങളും മറ്റുള്ളവരോടുള്ള നമ്മുടെ മുന്‍വിധികളും വെട്ടിമാറ്റാന്‍ അതിനാലാണു നാം ദൈവത്തോട് ആവശ്യപ്പെടേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ ഓര്‍മപ്പെടുത്തുന്നു.
ഏറ്റവും വലിയ മൂന്നാമത്തെ വൃത്തം മുഴുവന്‍ മനുഷ്യരാശിയിലേക്കും വ്യാപിക്കുന്നു. ഇവിടെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു നമുക്കു ചിന്തിക്കാമെന്ന് പാപ്പാ പറയുന്നു. നമ്മെ സ്‌നേഹിക്കുന്നവരെ മാത്രമല്ല, യേശു പഠിപ്പിച്ചതുപോലെ, എല്ലാവരെയും സ്നേഹിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്നു. നല്ല സമരിയാക്കാരനെപ്പോലെ, എല്ലാവരുടെയും അയല്‍ക്കാരാകാനും നമ്മെ സ്നേഹിക്കാത്തവരെപ്പോലും തിരികെ സ്‌നേഹിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു.
അനാരാഗ്യം മറന്ന് ബഹ്‌റിനില്‍
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ നാലുദിവസം നീണ്ട ബഹ്‌റിനിലെ ചരിത്രസന്ദര്‍ശനം മാനവികതയുടെയും മതസൗഹാര്‍ദത്തിന്റെയും നവചരിത്രം രചിച്ചു.
2019 ലെ യുഎഇ സന്ദര്‍ശനത്തിനുശേഷം മറ്റൊരു അറബ്‌രാജ്യമായ ബഹ്‌റിനില്‍ മാര്‍പാപ്പാ നടത്തിയ പര്യടനം വന്‍വിജയമായിരുന്നു.
കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ നീങ്ങിയ ഉടന്‍ വീണ്ടും മറ്റൊരു ഇസ്‌ലാമികരാജ്യത്തേക്കു സമാധാനദൂതുമായി പറന്നെത്താന്‍ കാല്‍മുട്ടിന്റെ വേദനപോലും മാര്‍പാപ്പായ്ക്കു തടസ്സമായില്ല. വീല്‍ചെയറിന്റെ സഹായം വേണ്ടിവന്നിട്ടും സമാധാനത്തിനായുള്ള ദൗത്യം വലിയ ഇടയന്‍ ഉപേക്ഷിച്ചില്ല. അറബ് ജനതയുടെ ഹൃദയത്തില്‍ സമാധാനത്തിന്റെ ലോകനായകന്‍ ഇടംനേടുകയും ചെയ്തു.
നവംബര്‍ മൂന്നിന് ബഹ്‌റിനിലെ മനാമയിലെത്തിയതുമുതല്‍ ഞായറാഴ്ച തിരിച്ചുപോകുന്നതുവരെ ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്കു ലഭിച്ച ഊഷ്മള
സ്വീകരണം ലോകത്തിനാകെ സമാധാനസന്ദേശമായി.
ഏറ്റവും വലിയ രണ്ടു മതങ്ങള്‍ തമ്മില്‍ സമാധാനത്തിലും സ്നേഹത്തിലും പരസ്പരം പരിപോഷിപ്പിക്കണമെന്ന ദര്‍ശനത്തോടെയായിരുന്നു പാപ്പയുടെ സന്ദര്‍ശനം. വെറുക്കാനും പോരടിക്കാനുമല്ല; മറിച്ച്, സ്നേഹിക്കാനും സഹകരിക്കാനും സഹായിക്കാനുമാകണം എല്ലാ മതസ്ഥരും ശ്രമിക്കേണ്ടതെന്ന വലിയ സന്ദേശമാണ് ഫ്രാന്‍സിസ് പാപ്പാ നല്‍കിയത്.
വിവിധ രാജ്യങ്ങളും മതങ്ങളും തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിനാണു മാര്‍പാപ്പാ ആഹ്വാനം ചെയ്തത്. കിഴക്കും പടിഞ്ഞാറും മനുഷ്യസഹവര്‍ത്തിത്വത്തിന് എന്നതായിരുന്നു ബഹറിന്‍ പര്യടനത്തിന്റെ മുദ്രാവാക്യം. ബഹറിന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ ഔദ്യോഗിക ക്ഷണമനുസരിച്ചെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്ക്, രാഷ്ട്രവും ജനതയും സ്നേഹോഷ്മള സ്വീകരണമാണ് ഒരുക്കിയത്. സാഖിര്‍ കൊട്ടാരത്തില്‍ ഹമദ് രാജാവുമായി നടത്തിയ കൂടിക്കാഴ്ചയും ശ്രദ്ധേയമായി.
അറേബ്യയുടെ മനം കവര്‍ന്ന്
നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പാ ബഹറിനിലും യുഎഇയിലും സന്ദര്‍ശനം നടത്തുന്നത്. അറേബ്യന്‍ ഉപദ്വീപുകളിലേക്കു മുമ്പൊരിക്കലും മാര്‍പാപ്പാമാരെ ക്ഷണിച്ചിട്ടില്ല. മാര്‍പാപ്പായായി 2013 ല്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസ് പാപ്പാ മുസ്ലീംഭൂരിപക്ഷമുള്ള 10 സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ഇസ്ലാമികലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍പാപ്പായുടെ നയത്തിന്റെ വ്യക്തമായ പ്രകടനമാണിത്. സൗദി അറേബ്യയില്‍നിന്നു വ്യത്യസ്തമായി, ക്രിസ്ത്യാനികള്‍ക്കു പള്ളികളില്‍ പരസ്യമായി വിശ്വാസമാചരിക്കാന്‍ അനുവദിക്കുന്ന ഗള്‍ഫ് രാജ്യമാണ് ബഹറിന്‍.
ക്രൈസ്തവരും മുസ്ലിംകളും പര്സപരം ഭിന്നതയിലും ശത്രുതയിലും കഴിയാനുള്ളതല്ലെന്ന മാര്‍പാപ്പായുടെ ആഗ്രഹം ശക്തമാണ്. അറബ്‌ലോകത്തെ മിക്ക രാജ്യങ്ങളും വളരെ താത്പര്യത്തോടെയാണു കത്തോലിക്കാസഭയുടെ തലവന്റെ ബഹറിന്‍സന്ദര്‍ശനത്തെ വരവേറ്റത്. എന്നാല്‍. മതതീവ്രവാദ, ഭീകര ഗ്രൂപ്പുകള്‍ക്കും സംഘടനകള്‍ക്കും ഫണ്ടും ആയുധനങ്ങളും നല്‍കുന്ന ചില രാജ്യങ്ങള്‍ അത്ര ക്രിയാത്മകമായി പ്രതികരിച്ചതുമില്ല.
സൗദി അറേബ്യയില്‍നിന്നടക്കം ഗള്‍ഫിലെ 30,000ലേറെ വിശ്വാസികളാണു മാര്‍പാപ്പായുടെ ദിവ്യബലിയില്‍ പങ്കാളികളായത്. ബഹറിനിലെ 1,60,000 വരുന്ന ചെറിയ കത്തോലിക്കാസമൂഹത്തിന്റെ ആശ്രയമായ ഔവര്‍ ലേഡി ഓഫ് അറേബ്യ കത്തീദ്രലിലെത്തി പ്രാര്‍ഥിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പാ മറന്നില്ല. അറേബ്യന്‍ പെനിന്‍സുലയിലെ ഏറ്റവും വലിയ ഈ കത്തോലിക്കാദേവാലയം മുമ്പു പലതവണ ബഹറിനിലെത്തിയപ്പോഴും ആകര്‍ഷിച്ചിരുന്നു.
സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍പാപ്പായെ സ്വീകരിക്കാന്‍ ബഹറിനിലെത്തിയത് മലയാളികളായ വിശ്വാസികള്‍ക്കു സന്തോഷമായി. മരുഭൂമിയിലെ ദൈവത്തിന്റെ സാന്നിധ്യമാണ് മാതാവിന്റെ പേരിലുള്ള ഈ ദേവാലയവും മാര്‍പാപ്പായുടെ സന്ദര്‍ശവും എന്നാണ് മലയാളികളായ കത്തോലിക്കര്‍ വിശേഷിപ്പിച്ചത്.
തീവ്രവാദത്തോടു മയം വേണ്ട
തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും പ്രവൃത്തികള്‍ വളരെ വ്യക്തമായി അപലപിക്കപ്പെടണമെന്ന് മുസ്ലിംനേതാക്കള്‍ അടക്കമുള്ളവരോട് ഫ്രാന്‍സിസ് മാര്‍പാപ്പാ വെട്ടിത്തുറന്നു പറഞ്ഞു. അതേസമയം ആധികാരികമതത്തിന്റെ ഹൃദയമായ സ്നേഹവും കരുണയും പ്രോത്സാഹിപ്പിക്കണം.
അക്രമങ്ങള്‍ എന്നു കേള്‍ക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. സംഘര്‍ഷം, തട്ടിക്കൊണ്ടുപോകല്‍, തീവ്രവാദ ആക്രമണങ്ങള്‍, കൊലപാതകങ്ങളും നാശവും. ദുഃഖകരമാണിത്. ദൈവനാമം അശുദ്ധമാക്കുന്നതും മനുഷ്യകുലത്തിന്റെ മതാന്ധതയെ കളങ്കപ്പെടുത്തുന്നതുമായ ഈ നിഷ്‌കളങ്കമനോഭാവങ്ങളെ വ്യക്തമായി അപലപിക്കാം- മാര്‍പാപ്പ ഓര്‍മപ്പെടുത്തി. വിയോജിപ്പുകളുടെയും അടഞ്ഞ ചിന്താഗതികളുടെയും ലക്ഷ്യമില്ലാത്ത വഴികള്‍ നിരസിക്കണമെന്നും വിശ്വാസികള്‍ക്കിടയില്‍ സമാധാനപരമായ കൂടിക്കാഴ്ചയുടെ പാത പകരം വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ മതത്തെ നശിപ്പിക്കുന്ന ഒരു അപകടമായി തീവ്രവാദത്തെ കാണുന്ന മുസ്ലീംനേതാക്കളെ ഫ്രാന്‍സിസ് പാപ്പാ പ്രശംസിച്ചു. മതനേതാക്കള്‍ക്കു യുദ്ധങ്ങളെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും ഗ്രാന്‍ഡ് മോസ്‌കിനു പുറത്ത് മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സുമായി നടത്തിയ സംവാദത്തില്‍ ഫ്രാന്‍സിസ് പാപ്പാ ചൂണ്ടിക്കാട്ടി. ദൈവത്തിന്റെയും മതത്തിന്റെയും പേരിലുള്ള വിദ്വേഷവും അക്രമങ്ങളും ഒരു വിധത്തിലും ന്യായീകരിക്കാനാകില്ല. യുദ്ധത്തെ തള്ളിപ്പറയുമ്പോഴും മതസ്വാതന്ത്ര്യത്തിനും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കും വേണ്ടി അദ്ദേഹം വാദിച്ചു. സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെത്തി കുട്ടികളും യുവാക്കളുമായി സംവദിക്കാനും ഫ്രാന്‍സിസ് പാപ്പാ സമയം കണ്ടെത്തി.
ചങ്ങലകള്‍ പൊട്ടുന്ന സ്നേഹം
സമാധാനം, നിരായുധീകരണം, സാമൂഹിക നീതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ മതങ്ങളുടെ പങ്കിനെ ചുറ്റിപ്പറ്റിയായിരുന്നു മാര്‍പാപ്പായുടെ പ്രസംഗം നെയ്തത്. ഉക്രെയ്നില്‍ റഷ്യ നടത്തുന്ന യുദ്ധത്തെ അപലപിക്കാന്‍ അദ്ദേഹം മടിച്ചില്ല. ഭീകരതയെ ഫണ്ടു ചെയ്യുന്നതിനെ മാര്‍പാപ്പാ അപലപിച്ചു. ആഗോള ആയുധവ്യാപാരത്തെ എക്കാലവും എതിര്‍ക്കാന്‍ പാപ്പാ മടിച്ചിട്ടില്ല. ആണവായുധങ്ങളുടെ സമ്പൂര്‍ണ നിരോധനം വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ ആവശ്യപ്പെടുന്നു.
ലോകമെങ്ങും ക്രൈസ്തവരാണു ഭീകരാക്രമണങ്ങളുടെ പ്രധാന ഇര. ലോലമായ കൊടുങ്കാറ്റിന്റെ വക്കില്‍ നില്‍ക്കുന്ന ലോകത്തെ, സമാധാനത്തിലേക്കും സഹവര്‍ത്തിത്വത്തിലേക്കും തിരികെ ക്കൊണ്ടുവരാന്‍ സഹായിക്കണമെന്നു ബഹറിനിലെ മതസൗഹാര്‍ദസമ്മേളനത്തില്‍ വിവിധ മതനേതാക്കളോടു മാര്‍പാപ്പാ അഭ്യര്‍ഥിച്ചതിന്റെ സൂചനയും വ്യക്തമാണ്. ഭയാനകമായ രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കു ശേഷം പതിറ്റാണ്ടുകളായി ലോകത്തെ സസ്പെന്‍സില്‍ നിറുത്തിയ ശീതയുദ്ധകാലത്തെ സ്വാധീനമണ്ഡലങ്ങള്‍ പുനര്‍രൂപകല്പന ചെയ്യാനുള്ള പുതിയ തേരോട്ടത്തെ എതിര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശത്രുതയുടെ ഭൂതകാലത്തിനു മുന്നില്‍ സാഹോദര്യത്തിന്റെ ഭാവി സ്ഥാപിക്കേണ്ടതുണ്ട്.
തിന്മയുടെയും അക്രമത്തിന്റെയും ചങ്ങലകളെ സ്നേഹം കൊണ്ടു പൊട്ടിക്കാനാണു മാര്‍പാപ്പാ ആഹ്വാനം ചെയ്തത്. ബഹറിന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ നടത്തിയ വചനപ്രഘോഷണത്തിലും സമാധാനത്തിനും സ്നേഹത്തിനും വേണ്ടിയാണു പരിശുദ്ധ പിതാവ് ലോകജനതകളോട് യാചിച്ചത്. അധീശത്വവും അധികാരവും സ്ഥാപിക്കാനുള്ള ശ്രമത്തില്‍ ദുര്‍ബലര്‍ അടിച്ചമര്‍ത്തപ്പെടുകയും മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയുമാണു ചെയ്യുന്നത്. ഭരണാധികാരിയെപ്പോലെയല്ല സമാധാനത്തിന്റെ രാജാവു വരുകയെന്നു വിശുദ്ധ കുര്‍ബാനയ്ക്കിടെ മാര്‍പാപ്പാ ചൂണ്ടിക്കാട്ടി.
സാര്‍ഥകമാകാത്ത സ്വപ്‌നം
ഒരു കത്തോലിക്കാപൗരന്‍പോലുമില്ലാത്ത ഇസ്ലാമികരാജ്യങ്ങള്‍പോലും സമാധാനത്തിന്റെ വെള്ളരിപ്രാവിനെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുമ്പോഴും ഇന്ത്യയിലെ ജനങ്ങള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പായെ സ്വീകരിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ലെന്നതു ദുഃഖകരമാണ്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ ഈ ലേഖകനോട് നേരിട്ടു പറഞ്ഞിരുന്നു. ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2017 നവംബറില്‍ ബംഗ്ലാദേശ്, മ്യാന്‍മര്‍ സന്ദര്‍ശനത്തിനു ശേഷം ഇറ്റലിയിലേക്കുള്ള മടക്കയാത്രയിലും അദ്ദേഹം ഇക്കാര്യം മറയില്ലാതെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി ഫ്രാന്‍സിസ് പാപ്പയെ ഇന്ത്യയിലേക്കു നേരിട്ടു ക്ഷണിച്ചിരുന്നു. ലോകം മുഴുവനും കൊട്ടിഘോഷിച്ച മോദിയുടെ മാര്‍പാപ്പാ സന്ദര്‍ശനത്തിനു ശേഷവും പക്ഷേ അതു യാഥാര്‍ഥ്യമായില്ല. ബംഗ്ലാദേശും മ്യാന്‍മറും യുഎഇയും ബഹറിനും അടക്കമുള്ള അയല്‍രാജ്യങ്ങളിലെത്തിയിട്ടും ഇന്ത്യയിലേക്കു മാര്‍പാപ്പായെ വരവേല്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിനു സമയം കിട്ടുന്നില്ലത്രേ. മാര്‍പാപ്പയ്ക്കു താത്പര്യമുണ്ടായിട്ടും അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള വരവ് വൈകിക്കുന്നതു ചില വര്‍ഗീയ, തീവ്രവാദശക്തികളെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളൂ.
ഇന്ത്യയ്ക്കു മുകളിലൂടെയും സമീപത്തുകൂടിയും പലതവണ പറന്ന ഫ്രാന്‍സിസ് മാര്‍പാപ്പായെ ഇന്ത്യയിലേക്കുകൂടി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും അമാന്തിക്കരുത്. എല്ലാ മതങ്ങളെയും മതനേതാക്കളെയും സ്വീകരിച്ച മഹത്തായ ഇന്ത്യന്‍ സംസ്‌കാരമാണു നമ്മുടേത്. ഇന്ത്യയിലേക്കു മാത്രമായി ഒരു ഔദ്യോഗികസന്ദര്‍ശനത്തിനു താന്‍ കാത്തിരിക്കുകയാണെന്ന് ഈ ലേഖകന്റെ കരംപിടിച്ചു ഫ്രാന്‍സിസ് പാപ്പാ പറഞ്ഞത് ഇന്നും മായാതെ ഓര്‍മയിലുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പായെ ഇന്ത്യയിലും കേരളത്തിലും വരവേല്‍ക്കാനുള്ള ജനലക്ഷങ്ങളുടെ കാത്തിരിപ്പിനു വൈകാതെ ഫലം കാണാനായി പ്രത്യാശിക്കാം.