മലയാളിമനസ്സുകള്‍ പൊതുവെ അസ്വസ്ഥമാണെന്നു വിളിച്ചോതുന്നു, ഇന്നു നാട്ടില്‍ നടക്കുന്ന ഓരോ സംഭവവും. സ്‌നേഹം അവരില്‍നിന്നു നഷ്ടമായിരിക്കുന്നു; പകരം സ്വാര്‍ത്ഥതയും കുടിലതയും ആ മനസ്സുകളിലേക്ക് ഇഴചേര്‍ന്നിരിക്കുന്നു. പ്രണയത്തിലായാലും ജീവിതബന്ധങ്ങളിലായാലും കുറച്ചുകൂടി ആര്‍ദ്രത പുലര്‍ത്താന്‍, പരസ്പരം കലര്‍പ്പില്ലാതെ, വഞ്ചനയില്ലാതെ സ്‌നേഹിക്കാന്‍, പ്രണയ നിരാസങ്ങളില്‍ മനസ്സുതകരാതെ മുന്നേറാന്‍ യുവതലമുറയടക്കം മലയാളിസമൂഹം പഠിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇനിയുമേറെ മനസ്സുകള്‍ താളം തെറ്റും, ക്രൂരതയിലേക്കും പൈശാചികതയിലേക്കും അവര്‍ കടന്നുചെല്ലും.
നാട്ടിലെന്തൊക്കെയാണു നടക്കുന്നത്? ആഭിചാരക്കൊലപാതകങ്ങള്‍, പ്രണയക്കൊലപാതകങ്ങള്‍, രാഷ്ട്രീയക്കൊലപാതകങ്ങള്‍... അങ്ങനെ എവിടെ നോക്കിയാലും ക്രൂരതയുടെ കഥകള്‍.
തിരുവനന്തപുരം കളിയിക്കവിളയില്‍ ഷാരോണ്‍രാജ് എന്ന വിദ്യാര്‍ത്ഥിയെ വിഷം നല്കി കൊലപ്പെടുത്തിയത് അവന്‍ പ്രാണനുതുല്യം സ്‌നേഹിച്ച പ്രിയകാമുകി രേഷ്മതന്നെയായിരുന്നു. ഷാരോണിനെ വീട്ടിലേക്കു വിളിച്ചുവരുത്തി വിഷം ചേര്‍ത്ത കഷായം നല്‍കിയ ഗ്രീഷ്മ പിന്നീട് അതിന്റെ അരുചി മാറ്റാന്‍ ജ്യൂസും നല്‍കി. പ്രണയം അഭിനയിച്ച അവള്‍
ഷാരോണ്‍ എന്ന ആ നിഷ്‌കളങ്കഹൃദയത്തെ ചതിച്ചുകൊല്ലുകയായിരുന്നു. അവള്‍ പകര്‍ന്നുനല്‍കിയ വിഷം അകത്തുചെന്ന് ആശുപത്രിയില്‍ കിടക്കു
മ്പോഴും അവന്‍ ഗ്രീഷ്മയെ സംശയിച്ചില്ല, അവളെ കുറ്റപ്പെടുത്തിയതുമില്ല. ആത്മാര്‍ത്ഥമായിരുന്നു ഷാരോണിന്റെ പ്രണയം. അതവള്‍ തിരിച്ചറിഞ്ഞതില്ല.
പാനൂരില്‍ പ്രണയഭംഗത്തില്‍ കലിപൂണ്ട കാമുകന്‍ സ്വയം നിര്‍മിച്ച ആയുധങ്ങളുമായിച്ചെന്നാണ് പെണ്‍സുഹൃത്തായ വിഷ്ണുപ്രിയയെ വീട്ടില്‍ക്കയറി
വെട്ടിക്കൊന്നത്. കോതമംഗലത്ത് ദന്തല്‍ കോളജില്‍ ഹൗസ് സര്‍ജനായ മാനസയെ ആണ്‍സുഹൃത്ത് പ്രണയഭംഗപ്പകകാരണം വെടിവച്ചുകൊന്നതും അടുത്തകാലത്താണ്. ഇങ്ങനെ എത്രയോ സംഭവങ്ങള്‍! പ്രണയപരാജയവും പ്രണയവഞ്ചനയും കാരണമായി രാജ്യത്താകെ കൊലപാതകങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു. എത്രയോ പെണ്‍കുട്ടികളെ പീഡിപ്പിച്ച് നിഷ്‌കരുണം കൊലപ്പെടുത്തുന്നു!
പ്രണയം കൊലപാതകങ്ങള്‍ക്കുകാരണമാവുകയാണ് ഇവിടെയെല്ലാം. സ്വാര്‍ത്ഥത നിറയുന്ന സ്‌നേഹബന്ധങ്ങള്‍ സമൂഹത്തെയാകെ ഗ്രസിച്ചിരിക്കുന്നു. കടുത്ത മനോരോഗത്തിന്റെ ലക്ഷണമാണിത്. പ്രണയപരാജയവും പ്രണയവഞ്ചനയും കൊലപാതകങ്ങള്‍ക്കു കാരണമാകുന്നത് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന മാനസികദൗര്‍ബല്യംകൊണ്ടുകൂടിയാണ്.
ഓരോ വ്യക്തിക്കും വേവ്വേറെ സ്വത്വമുണ്ടെന്ന സത്യം ഏവരും തിരിച്ചറിയേണ്ടതുണ്ട്, അതു പ്രണയത്തിലായാലും ദാമ്പത്യജീവിതത്തിലായാലും. പ്രണയം മനോഹരമായൊരു വികാരമാണ്, അതില്‍ പരസ്പരം വിട്ടുകൊടുക്കുന്ന ഒരു മനസ്സുണ്ട്, വിശ്വാസമുണ്ട്, കരുതലും സ്‌നേഹവും നിറയുന്ന നിമിഷങ്ങളുണ്ട്. പ്രണയം ഒരു തിരിച്ചറിവുകൂടിയാണ്. പരസ്പരം മനസ്സിലാക്കുന്ന, അപരന്റെ സ്വത്വത്തെ അംഗീകരിക്കുന്ന ഒരു ശരിദൂരം അതിലുണ്ട്. പരാതികളും പരിഭവങ്ങളും കാല്പനികതയും ഇഴ ചേരുന്ന, എന്റേത് എന്ന തോന്നലുള്ള, അതിനെല്ലാമപ്പുറം വിട്ടുകൊടുക്കുന്ന മനസ്സുള്ള പവിത്രമായൊരു വികാരമാണത്.
അത് വെറും ഭ്രാന്തമായ, സ്വന്തമാകാതെവരുമ്പോള്‍ അക്രമാസക്തമാകുന്ന വികാരമല്ല. പ്രിയപ്പെട്ടവനെ ചതിച്ചുകൊല്ലുന്ന വഞ്ചനയുമല്ല. ആത്മാര്‍ത്ഥപ്രണയം ത്യാഗമാണ്, നിരുപാധികമായ ഒരു പാരസ്പര്യമാണ്. സ്വാര്‍ത്ഥതയിലേക്ക് അത് കടന്നുചെല്ലില്ല. ആത്മാര്‍ത്ഥപ്രണയത്തില്‍ ത്യാഗം ഉള്‍ച്ചേരുന്നു, അവിടെ സംഹാരത്തിനു സ്ഥാനമില്ല.
കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രണയം മാത്രമല്ല, ജീവിതവും ഏറെ മാറിയിരിക്കുന്നു. പ്രണയത്തിന്റെ രൂപഭാവങ്ങളും കാഴ്ചപ്പാടുകളും മാറി. പ്രണയം സംഹാരമായി മാറുന്ന കാഴ്ചയാണ് ഇന്ന് നമ്മുടെ ചുറ്റിലും.
പ്രണയത്തില്‍ മാത്രമല്ല ഈ മാറ്റമുള്ളത്, മലയാളിയുടെ മനസ്സുതന്നെ ആകെ മാറിയിരിക്കുന്നു, മുമ്പൊക്കെ ആര്‍ദ്രഹൃദയരായിരുന്നവരിലേക്കു സ്വാര്‍ത്ഥതയുടെയും ചതിയുടെയും വിഷവിത്തുകള്‍ വീണിരിക്കുന്നു. പ്രണയനിരാസത്തെത്തുടര്‍ന്നുള്ള പകതീര്‍ക്കലും ആഭിചാരക്കൊലപാതകങ്ങളും മറ്റു ക്രിമിനല്‍ക്കുറ്റങ്ങളും എല്ലാംകൂടി ദുരന്തവാര്‍ത്തകളായി പെയ്തുനിറയുകയാണ്, നമ്മുടെ സമൂഹത്തിലേക്ക്. ഇതൊക്കെ കണ്ടും കേട്ടും മനസ്സു മരവിച്ച സമൂഹമായി മലയാളികള്‍ മാറിയിരിക്കുന്നു. ഇന്നത്തെ സമൂഹത്തിന്റെ മാനസികനിലയില്‍ത്തന്നെ കാര്യമായ തകരാറു സംഭവിച്ചിരിക്കുന്നുവെന്നു കരുതണം. അതുകൊണ്ടാണല്ലോ ഇത്രയും ക്രൂരമായി, നിര്‍ദയമായി പ്രണയം നടിച്ചു കൊന്നുകളയാന്‍, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ചിരിച്ചുകൊണ്ടു കഴുത്തറുക്കാന്‍ കഴിയുന്നത്.
രണ്ടു പേര്‍ തമ്മില്‍ പരസ്പരം ഇഷ്ടത്തിലെങ്കിലും ഒരു ഘട്ടത്തില്‍ പ്രണയത്തില്‍നിന്നു ഒരാള്‍ പിന്മാറുന്നുവെങ്കില്‍ മറ്റേയാളുടെ പ്രണയം തള്ളിക്കളയപ്പെടുകയാണ്. പരസ്പരം മനസ്സിലാക്കി പിന്‍മാറുന്ന പ്രണയം, വീണ്ടും സൗഹൃദമായി തുടരാന്‍ സാധിക്കുംവിധം തിരിച്ചറിവിന്റേതാവണം. ഒരാള്‍ പിന്മാറിയാല്‍ മറ്റേയാള്‍ പ്രതികാരം തീര്‍ക്കുന്നതാവരുത് അത്. ഒന്നോര്‍ക്കുക, ഏതൊരാള്‍ക്കും ആരെയും ഇഷ്ടപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെതന്നെ അതു നിരസിക്കാനുള്ള സ്വാതന്ത്ര്യവും. ഇഷ്ടമായതിനെ മറ്റൊരാള്‍ സ്വന്തമാക്കാന്‍ അനുവദിക്കാതെ എന്നേക്കുമായി തീര്‍ത്തുകളയുകയെന്നത് ക്രൂരമാണ്, ഇനി അത്തരം പൈശാചികചെയ്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ.