•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

വിദ്യയുടെ വിളക്കുമരം പാലാ സെന്റ് തോമസ് കോളജിന് സപ്തതി

 പാലായില്‍ ഒരു കോളജിനുള്ള പരിശ്രമങ്ങള്‍ ആദ്യമാരംഭിച്ചത് 1937 ലായിരുന്നു. പ്രൊഫ. എ.ഒ. ജോസഫ്, കെ.സി. സെബാസ്റ്റ്യന്‍, എം.എല്‍.സി. ആയിരുന്ന എ.സി. കുര്യാക്കോസ് തുടങ്ങിയവരായിരുന്നു അന്നതിനു മുന്നില്‍ നിന്നത്. എന്തുകൊണ്ടാ അത് അത്ര മുന്നോട്ടുപോയില്ല. വീണ്ടും കോളജിനുള്ള പരിശ്രമങ്ങള്‍ വന്നത് 1947 നു ശേഷമാണ്. പാലാ വലിയപള്ളിയുടെ ചുമതലയില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത് അന്നു വികാരിയായിരുന്ന ഫാദര്‍ എമ്മാനുവല്‍ മേച്ചേരിക്കുന്നേലും പാലായിലെ ട്രെയിനിങ് സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ വയലില്‍ എന്ന മാണിക്കുട്ടിയച്ചനും പിന്നെ, ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി, ആര്‍.വി. തോമസ്, കെ.എം. ചാണ്ടി, ചെറിയാന്‍ കാപ്പന്‍, തോമസ് ചെറിയതു മേനാംപറമ്പില്‍, കെ.സി. സെബാസ്റ്റ്യന്‍, എ.ഒ. ജോസഫ്, നെച്ചികാട്ടു ജോണ്‍ വൈദ്യന്‍, എം.എ. സഖറിയാസ് തുടങ്ങിയവരായിരുന്നു. അന്നു മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൗരയോഗത്തില്‍ നിയമസഭാ സ്പീക്കര്‍ ആയിരുന്ന ആര്‍.വി. തോമസാണ് പാലായില്‍ ഒരു കോളജ് ആരംഭിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. സര്‍വസമ്മതമായി അതു പാസ്സാവുകയും ചെയ്തു. തുടര്‍ന്നാണ് കോളജ് നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയത്. മാണിക്കുട്ടിയച്ചനാണ് കോളജ് കമ്മിറ്റിയുടെ പ്രസിഡന്റായത്. കോളജിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള ഫീസ് 300 ക. സാഹിത്യതിലകന്‍ ഷെവലിയര്‍ ഡോ. സി.കെ. മറ്റത്തിലച്ചനാണ് സംഭാവന ചെയ്തത്. അതും അദ്ദേഹത്തിന്റെ ആകെ സമ്പാദ്യമായി പാലാ സെന്‍ട്രല്‍ ബാങ്കിലുണ്ടായിരുന്ന 1000 കയില്‍നിന്ന്. 
സര്‍ക്കാര്‍-സര്‍വ്വകലാശാലാ അനുമതിക്കായി അന്ന് എം.എല്‍.എ.മാര്‍ ആയിരുന്ന കെ. എം.ചാണ്ടി, ചെറിയാന്‍ കാപ്പന്‍ എന്നിവരെയും ചുമതലപ്പെടുത്തി. അനുമതി ആയതോടെ പണിതുടങ്ങി. 1950 ഓഗസ്റ്റ് ഏഴിന് അന്നത്തെ കോട്ടയം ബിഷപ് മാര്‍ തോമസ് തറയിലാണ് ആദ്യമന്ദിരം കൂദാശ ചെയ്ത് കോളജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചനുഗ്രഹിച്ചത്. അന്നുതന്നെയാണ് പാലാ രൂപത സ്ഥാപിച്ചുകൊണ്ടും കോളജ് കമ്മിറ്റി പ്രസിഡന്റായിരുന്ന മാണിക്കുട്ടിയച്ചനെ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ എന്ന പേരില്‍ പാലായുടെ ആദ്യബിഷപ്പായി നിയമിച്ചുകൊണ്ടുമുള്ള മാര്‍പാപ്പയുടെ കല്പന ഉണ്ടായതും. ആദ്യത്തെ പ്രിന്‍സിപ്പലായി വന്നത് കേന്ദ്ര ഗവണ്‍മെന്റില്‍ ഇക്കണോമിക് അഡൈ്വസര്‍ ആയിരുന്ന ഡോ പി. ജെ. തോമസ് ആയിരുന്നു. തുടര്‍ന്ന്, ഫാ. ജോസഫ് കുരീത്തടം. പിന്നീട് ഡോ. എന്‍.എം. തോമസച്ചനും പ്രഫ. പി. എം. ചാക്കോസാറും ജെയിംസ് വെള്ളാങ്കലച്ചനും ഫാ. ഈനാസും ഫിലിപ് ഞരളക്കാട്ടച്ചനും കുര്യന്‍ മറ്റത്തിലച്ചനും പ്രിന്‍സിപ്പല്‍മാരായി. ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ചരിത്രപണ്ഡിതനായ ഡോ. ജെയിംസ് മംഗലത്തച്ചനാണ്. 
ഒട്ടേറെ പ്രഗല്ഭരായ അധ്യാപകരും അതിലും പ്രശസ്തരായ വിദ്യാര്‍ത്ഥികളും കോളജിന്റെ ചരിത്രത്തെ സമ്പന്നമാക്കിയവരായുണ്ട്. പ്രഫ. ആരുവാ മുദായ്യങ്കാര്‍, പ്രഫ. പി.സി. ജോസഫ്, ഷെവലിയര്‍ വി.ജെ. ജോസഫ്, ഫാ. ജോണ്‍ മറ്റം, ഫാ. കുര്യാസ്, പ്രഫ. പി.കെ. മാണി, പ്രഫ. എ.വി. വര്‍ക്കി, പ്രഫ. കെ. രാമകൃഷ്ണപിള്ള, പ്രഫ. വി. ജെ. മത്തായി, പ്രഫ. എം. ടി. തര്യന്‍, പ്രഫ. പി. കൊച്ചുണ്ണിപ്പണിക്കര്‍, പ്രഫ. ഡി. ഔസേപ്പ്, പ്രഫ. സി. ജെ. സെബാസ്റ്റ്യന്‍, മന്ത്രിയായിരുന്ന പ്രഫ. എന്‍. എം. ജോസഫ്, എം.എല്‍.എ. ആയിരുന്ന പ്രഫ. വി. ജെ. ജോസഫ്, എം.ജി യില്‍ ആദ്യ വി.സി. ആയ ഡോ. എ.റ്റി. ദേവസ്യ, കേരളയില്‍ വി.സി. ആയിരുന്ന ഡോ. എ.വി. വര്‍ഗീസ്, കൊച്ചിയില്‍ വി.സി.ആയ ഡോ.എന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, കാലടി വി.സി. ആയ ഡോ.എം.സി. ദിലീപ് കുമാര്‍, പിന്നെ എം.ജി.യില്‍ തന്നെ വി. സി.മാരായ ഞാനും ഡോ. ബാബു സെബാസ്റ്റ്യനും ഇവിടെത്തന്നെ പഠിപ്പിച്ചിരുന്ന ഡോ. സിബി മാത്യു ഐ.പി.എസ്, ഇപ്പോള്‍ എംജിയില്‍ രജിസ്ട്രാര്‍ ആയിട്ടുള്ള ഡോ. പ്രകാശ് കുമാര്‍, ഇപ്പോഴത്തെ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സണ്ണി കുര്യാക്കോസ്... പറഞ്ഞുപോയാല്‍ തീരാത്ത ലിസ്റ്റാണ് മനസ്സില്‍. 
വിദ്യാര്‍ഥികളുടെ നിരയും ഇതുപോലെതന്നെ തിളക്കമുള്ളതാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന കെ. ജി. ബാലകൃഷ്ണന്‍, അവിടെത്തന്നെ ജഡ്ജിയായ സിറിയക് ജോസഫ്, അവിടെ പ്രമുഖ അഭിഭാഷകനായ വില്‍സ് മാത്യൂസ്, രാജ്യസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ പദവിയിലെത്തിയ ജോണ്‍ ജോസഫ്, ദി വീക് എഡിറ്റര്‍ ആര്‍. പ്രസന്നന്‍, ദീപികയുടെ ഡല്‍ഹി എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, കേന്ദ്രപ്ലാനിംഗ് കമ്മീഷന്‍ ഡയറക്ടര്‍മാരായിരുന്ന ഡോ. കുര്യന്‍ മണ്ണനാലും ഡോ. അഗസ്റ്റിന്‍ പീറ്ററും, അംബാസഡര്‍ സിബി ജോര്‍ജ്, ചീഫ് ഇന്‍കംടാക്‌സ് കമ്മീഷണര്‍ സക്കിര്‍ തോമസ്, ഗ്രേറ്റ് ബ്രിട്ടനിലെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചീഫ് സെക്രട്ടറിമാരായിരുന്ന കെ. ജെ. മാത്യു, ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഹോം സെക്രട്ടറിയുമായ ടി.കെ.ജോസ്, കായിക പ്രതിഭകളായിരുന്ന ജിമ്മി ജോര്‍ജ്, അനുജന്‍ ജോസ് ജോര്‍ജ്, ഇവിടെയും വ്യത്യസ്ത സ്ഥലങ്ങളിലും കോളജ് പ്രിന്‍സിപ്പല്‍മാരായവര്‍. ഇങ്ങനെ നീണ്ടുപോകുന്ന ലിസ്റ്റാണ് ഓര്‍മ്മയിലേക്കു വരുന്നത്.
കഥാസാഹിത്യത്തിലെ നിത്യഹരിതന്‍ പ്രിയ സതീര്‍ഥ്യന്‍ സക്കറിയ, കവി ഏഴാച്ചേരി രാമചന്ദ്രന്‍. പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. ജോസ് പെരിയപ്പുറം, പള്‍മിനോളജിസ്റ്റ് ഡോ. അഭിലാഷ്, എം.പി. മാരായിരുന്ന ജോയ് നടുക്കര, ജോയി എബ്രാഹം, എം.എല്‍.എ. റോഷി അഗസ്റ്റിന്‍ ഇനിയും എത്രയോ എത്രയോ ശിഷ്യര്‍! ലിസ്റ്റിന് അവസാനമില്ല. സാധ്യവുമല്ല. പാലാ കോളേജിലെ വിദ്യാര്‍ഥികള്‍ ചെന്നെത്താത്ത സ്ഥലങ്ങളോ സേവനമേഖലകളോ ഉദ്യോഗപദവികളോ സാഹസികരംഗങ്ങളോ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ഈ കലാലയത്തിന്റെ എക്കാലത്തെയും ലോകമെമ്പാടുമുള്ള അംബാസഡര്‍മാരും അവര്‍തന്നെ. 
മൂവായിരത്തേളം വിദ്യാര്‍ത്ഥികളും 154 അദ്ധ്യാപകരും 44 അനദ്ധ്യാപകരും ഉള്‍പ്പെടുന്നതാണ് ഇന്ന് സെന്റ്‌തോമസ് കുടുംബം. 18 ബിരുദപ്രോഗ്രാമുകള്‍, 15 ബിരുദാനന്തര ബിരുദപ്രോഗ്രാമുകള്‍, പത്ത് ഗവേഷണപ്രോഗ്രാമുകള്‍, കൂടാതെ, ആഡ് ഓണ്‍ കോഴ്‌സുകള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, വാല്യൂ ആഡഡ് കോഴ്‌സുകള്‍, വൊക്കേഷണല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് കോഴ്‌സുകള്‍ തുടങ്ങി വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളും ഒരുമിച്ചുചേരുന്ന വിദ്യയുടെ മഹാക്ഷേത്രമാണ് സെന്റ് തോമസ് കോളജ്. എയ്ഡഡ് വിഭാഗത്തില്‍ പതിന്നാല് പഠനവകുപ്പുകളും സ്വാശ്രയവിഭാഗത്തില്‍ ആറ് പഠനവകുപ്പുകളുമുള്ള വിശാലവും സുന്ദരവുമായ കാമ്പസ്. ഒരു ലക്ഷത്തോളം പുസ്തകങ്ങളും മറ്റ് അനുബന്ധ പഠനസങ്കേതങ്ങളുമുള്ള ബൃഹത്തായ ലൈബ്രറി, അന്താരാഷ്ട്രനിലവാരമുള്ള അത്യാധുനിക സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ഒളിംപിക് നിലവാരത്തിലുള്ള സ്വിമ്മിങ് പൂള്‍ തുടങ്ങിയവ കോളജിന്റെ പ്രത്യേകതകളാണ്. കൂടാതെ, അതിവിശാലമായ മൈതാനം, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍, ഹെല്‍ത്ത് ക്ലബ്, ജിംനേഷ്യം, ഓപ്പണ്‍ ജിംനേഷ്യം, പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വാക്കേഴ്‌സ് ലെയിന്‍, ഇതെല്ലാമടങ്ങുന്ന അതിവിപുലമായ കായിക, വിനോദ, ഫിറ്റ്‌നസ് സൗകര്യങ്ങള്‍. അത്യാധുനിക ലബോറട്ടറികളും ഗവേഷണസൗകര്യങ്ങളും ഇവിടെയുണ്ട്. പാലാ കോളജ് ഇപ്പോള്‍ മികവിന്റെ കേന്ദ്രമാണ്. യുജിസിയുടെ അംഗീകാരങ്ങള്‍ നാകിന്റെ ഉയര്‍ന്ന ഗ്രേഡിംഗുകള്‍ തുടക്കകാലം മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി എല്ലാവിഷയങ്ങളിലുംതന്നെ റാങ്കുകളും ക്ലാസ്സുകളും.
1950 ല്‍ തുടങ്ങിയ കോളജിന് ഇപ്പോള്‍ 2020 ല്‍ സപ്തതിയാകുന്നു. ആ എഴുപതു വര്‍ഷങ്ങളില്‍ 7 വര്‍ഷം വിദ്യാര്‍ഥിയായിട്ടും പിന്നെ 33 വര്‍ഷത്തോളം അധ്യാപകനായിട്ടും ജീവിതത്തിലെ പകുതിയില്‍ കൂടുതല്‍ കാലവും ഞാന്‍ ഇവിടെത്തന്നെ ആയിരുന്നുവെന്നത് അഭിമാനത്തോടെ ഓര്‍മ്മിക്കട്ടെ. കടന്നുപോന്ന വഴികളെ ഓര്‍മ്മിക്കുന്നവര്‍ ആ വഴികളില്‍ ലഭിച്ച ദൈവകൃപകളെയും ഓര്‍മ്മിക്കുന്നുവെന്നാണല്ലോ പ്രമാണം. 
ഇവിടെത്തന്നെ അധ്യാപകനാവാനും പില്‍ക്കാലത്തു പാലാ കോളജുകൂടി ഉള്‍പ്പെടുന്ന സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആവാനും ദൈവാനുഗ്രഹമുണ്ടായി. ദൈവം തന്നതല്ലാതെ ഒന്നുമില്ലെന്നു വിശ്വസിക്കുവാനാണ് എനിക്കിഷ്ടം. അതാണു സത്യവും. കോളജ് സ്ഥാപകനായിരുന്ന ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവ് ആത്മകഥയില്‍ പറഞ്ഞതെത്ര ശരിയാണെന്ന് എനിക്കും തോന്നുന്നു: 'ദൈവമേ, നിന്റെ വഴികള്‍ എത്ര സുന്ദരം!' പാലാ സെന്റ് തോമസ് കോളജിന് സപ്തതിയുടെ പ്രാര്‍ഥനാപ്രണാമം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)