പാലാ: യുവത്വത്തിന്റെ ചുറുചുറുക്കിനെ ഏറെ പ്രണയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ തിരുനാളിനോടനുബന്ധിച്ച് ഒക്ടോബര്‍ 23 ന് എസ്.എം.വൈ.എം സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ യുവജനദിനാഘോഷം സംഘടിപ്പിച്ചു.
പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന യുവജനദിനാഘോഷത്തില്‍ എസ്.എം.വൈ.എം സംസ്ഥാന പ്രസിഡന്റ്‌വിശാഖ് തോമസ് അധ്യക്ഷത വഹിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത് ഒറ്റക്കെട്ടായി മുന്നേറാന്‍ യുവജനങ്ങള്‍ തയ്യാറാകണെമന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ജല-വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണവും, സീറോ മലബാര്‍ സഭ യൂത്ത് കമ്മീഷന്‍ ചെയര്‍മാനും കോട്ടയം രൂപതയുടെ സഹായമെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണവും നടത്തി. 13 രൂപതകളില്‍നിന്നായി എഴുനൂറോളം യുവജനങ്ങള്‍ പങ്കെടുത്തു.
ആഘോഷത്തില്‍ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്ഷിജോ ഇടയാടി, എസ്.എം.വൈ.എം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ, സാം സണ്ണി, അമല റേച്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പരമ്പരാഗതകലകളുടെ സംഗമവേദിയായി മാറിയ യുവജനദിനാഘോഷത്തിന് എസ്.എം.വൈ.എം സംസ്ഥാന ഭാരവാഹികളായ അഡ്വ. സ്റ്റെഫി കെ റെജി, ജിബിന്‍ ജോര്‍ജ്, ഗ്രീഷ്മ ജോയല്‍, ബ്ലെസണ്‍ തോമസ്, റ്റെസിന്‍ തോമസ്, അഡ്വ. സാം സണ്ണി, സി. ജിന്‍സി എം.എസ്.എം.ഐ. പാലാ രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര, ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, രൂപത-മേഖല-യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.