പോയ തലമുറയില്‍ 'ശീമ' എന്നറിയപ്പെട്ടിരുന്ന ഒരു വന്‍കരയുണ്ടല്ലോ ആര്‍ഷഭാരതത്തിനും ഹിമവല്‍സാനുക്കള്‍ക്കും വടക്ക്. അയല്‍ക്കാരന്റെ അതിരില്‍ തോണ്ടിയും ചൊറിഞ്ഞും സ്വന്തം പുരയിടത്തിനു വിസ്തൃതി കൂട്ടുന്ന അത്യാഗ്രഹിയെപ്പോലെ ശീമക്കാരും അയലത്തെ അതിരുകളില്‍ തോണ്ടാന്‍ തുടങ്ങിയിട്ടു ദശകങ്ങളായി. അതിനിടെ അവിടെ ബുഹെ എന്നൊരു പ്രവിശ്യയും അതില്‍ വുഹാന്‍ എന്ന പ്രദേശവും ഭൂതക്കണ്ണാടിനോക്കി കണ്ടുപിടിച്ച മലയാളിയെ വെല്ലാന്‍ ഭൂമിയിലാര്‍ക്കും നാളിതുവരെ കഴിഞ്ഞിട്ടില്ല. മഷിനോട്ടത്തില്‍ മറ്റൊന്നുകൂടി അവനു ബോധ്യപ്പെട്ടു. വുഹാനില്‍ ഭിഷഗ്വരം പഠിക്കാന്‍ സാധ്യത കൂടുതലാണത്രേ. കെട്ടുംകെട്ടി പോയി പഠനം തുടങ്ങി. അപ്പോഴാണ് എട്ടിന്റെ പണി. ഭൂതക്കണ്ണാടിയില്‍പ്പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു സൂക്ഷ്മഭൂതം വന്ന് പഠിതാക്കളെ ചവിട്ടിപ്പുറത്താക്കിയിട്ട് അകത്തുനിന്നു വാതിലടച്ചു കുറ്റിയിട്ടു. ആ കൊടുംഭീകരന്‍ ഊതിവിട്ട വിഷവിത്തുകളെ അറിയാതെ തൂത്തുവാരി മാറാപ്പിലാക്കി തോളിലേറ്റിയ പഠിതാക്കള്‍ തിരിച്ചുപോന്നു. അവര്‍ ഇവിടെയും ആ വിത്തു പാകി. പിന്നാലെ മറ്റു പലരും.
ക്രമേണ ആ വിഷവിത്തുകള്‍ ഭൂതലമാകെ നിറഞ്ഞുമുളച്ചു. വാതിലുകള്‍ ഒന്നൊന്നായി അടഞ്ഞു. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും അടഞ്ഞു. ചലനമില്ല. ശബ്ദമില്ല. നട്ടുച്ചയെപ്പോലും പാതിരാവാക്കുന്ന കട്ടപിടിച്ച കാര്‍മേഘം പടര്‍ത്തുന്ന അന്ധകാരംപോലെ ഭീതിയുടെ കറുകറുത്ത നിഴല്‍ ഭൂഗോളത്തെ ഒന്നടങ്കം വലയത്തിലാക്കി. മകരക്കാറ്റില്‍ റബര്‍ത്തോട്ടത്തില്‍ ഇല കൊഴിയുമ്പോലെ ലോകമാസകലം മനുഷ്യര്‍ മരിച്ചുവീഴുന്നു. അവരുടെ മൃതദേഹങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇടമില്ലാതെ ഭൂമി നിലവിളിക്കുന്നു. പ്രോട്ടോക്കോളില്‍ പൊതിഞ്ഞുകെട്ടിയ പിതാവിന്റെ ശവശരീരം ഒന്നുകാണാന്‍പോലുമാകാതെ വിദേശത്തു കിടന്ന് ചങ്കുപൊട്ടി കരയുന്ന മകള്‍ ഒരിടത്ത്. നൊന്തുപ്രസവിച്ചു മാതൃസ്‌നേഹമൂട്ടി വളര്‍ത്തിയെടുത്ത പൊന്നുമോനു ചുംബനം കൊടുക്കാന്‍ കഴിയാതെ വാവിട്ടുകരയുന്ന പെറ്റമ്മ മറ്റൊരിടത്ത്. അനാഥമായ ശവശരീരങ്ങള്‍ ഏതോ മണല്‍ക്കാട്ടിലെ ആഴക്കുഴിയില്‍ തള്ളുന്നത് വീഡിയോയില്‍ കണ്ട് മാറത്തടിച്ചുകരയുന്ന ബന്ധുജനങ്ങള്‍ വേറൊരിടത്ത്. ഉള്ളവനും ഇല്ലാത്തവനും ബാലനും വൃദ്ധനും സായിപ്പും നീഗ്രോയും ഒരുപോലെ. ഇതു തുല്യതയുടെ ഭൂമി. സര്‍വ്വോത്കൃഷ്ടമായ പാഠശാല.
പകര്‍ച്ചവ്യാധിയുടെ താണ്ഡവം തുടരുകയാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍, ക്വാറന്റൈന്‍, ട്രൂ നാറ്റ് ടെസ്റ്റ്, സീറോ സര്‍വേ, ഹോട്‌സ്‌പോട് തുടങ്ങിയ കടിച്ചാല്‍ പൊട്ടാത്ത പ്രയോഗങ്ങള്‍ നവമാധ്യമങ്ങളില്‍ തലങ്ങുംവിലങ്ങും പറന്നുനടക്കുന്നു.
മഹാമാരിയുടെ കരാളഹസ്തങ്ങളില്‍ ഭൂതലമാകെ പിടയുമ്പോഴും ഈ മണ്ണില്‍ ദിവസേന അരങ്ങേറുന്ന കള്ളക്കടത്തുകാരുടെ കാണാക്കളികളും സാമൂഹികദ്രോഹികളുടെ ഗുണ്ടാവിളയാട്ടങ്ങളും കൊല്ലും കൊലയും സ്ത്രീ, വൃദ്ധ, ബാലപീഡനങ്ങളും സര്‍വോപരി രാഷ്ട്രീയവേതാളങ്ങളുടെ പൂരപ്പാട്ടും കുതികാല്‍വെട്ടും കണ്ടും കേട്ടും ഉള്ളം പുകയുന്ന സാധാരണക്കാര്‍ക്ക് ഒന്നേ അനുമാനിക്കാനാവൂ: ഈ ദുഷ്‌ചെയ്തികളുടെ പാപഭാരമത്രയും ശിക്ഷയായി പെയ്തിറങ്ങുന്ന നാളുകളാണിന്ന്. ചെയ്യുന്നവര്‍ പക്ഷേ, അറിയുന്നില്ല. ചിന്തിക്കാന്‍ അവര്‍ക്കു സമയമില്ല. അപരനെ മറന്നിട്ട് അവനവനെ മാത്രം സേവിക്കുന്ന മനോഭാവം ജനതയെ കീഴ്‌പ്പെടുത്തിയിരിക്കുന്നു.
ഭരണഘടനയെപ്പോലും ചുട്ടുതിന്നുന്ന നെറികെട്ട രാഷ്ട്രീയക്കാരുടെ ഭൂമിയാണിത്. അവര്‍ക്കു കുടപിടിക്കുന്ന വകതിരിവില്ലാത്ത വകുപ്പുമേധാവികള്‍ക്കും അവരോടൊപ്പം ചേര്‍ന്ന് ഏതുതരം നിയമനിഷേധത്തിനും രാജ്യദ്രോഹത്തിനും തയ്യാറായിനില്ക്കുന്ന വക്രബുദ്ധികളായ ആര്‍ത്തിപ്പണ്ടാരങ്ങള്‍ക്കും മനസ്സില്ലാമനസ്സോടെ കിടക്കയൊരുക്കുന്നതും ഈ ഭൂമിതന്നെ. അവരൊക്കെ കൂട്ടിവച്ചിരിക്കുന്ന അനര്‍ഹമായ സമ്പാദ്യം, മുറിവേറ്റ നിസ്സഹായന്റെ ആത്മനൊമ്പരം, മണ്ണില്‍ വീണ ബലഹീനന്റെ ചുടുരക്തം, ആകാശങ്ങളില്‍ മാറ്റൊലിക്കൊള്ളുന്ന കുരുന്നുകളുടെ വിലാപം എല്ലാം സ്രഷ്ടാവിന്റെ തിരുമുമ്പില്‍ നീതിക്കുവേണ്ടി നിലവിളിക്കുമ്പോള്‍ കിട്ടുന്ന ശിക്ഷ മാനവരാശി ഏറ്റുവാങ്ങാതെ തരമില്ല. ലോകത്തിനുമേല്‍ നിപതിച്ച ഈ മഹാമാരിയെയോര്‍ത്തു പൊട്ടിക്കരയുന്ന രാഷ്ട്രത്തലവന്മാരോടും പ്രത്യാശയോടെ കൈകള്‍ കൂപ്പുന്ന മതനേതാക്കളോടുമൊപ്പം നമുക്കും മുട്ടുകള്‍ മടക്കാം. എന്തെന്നാല്‍, അവിടെയാണു പ്രതീക്ഷ. അവിടെയാണ് ആശ്വാസം. അവിടെയാണു രക്ഷ. മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയായി ഭൂമി മാറിയിരിക്കുന്നു. കൊവിഡിനെ പേടിച്ച് ആത്മഹത്യ ചെയ്തവര്‍ കേരളത്തില്‍ത്തന്നെയുണ്ട്. ഇതൊന്നും വകവയ്ക്കാതെ എല്ലിന്‍കഷണം കിട്ടിയ നായയെപ്പോലെ നാടോടുന്നത് സ്വര്‍ണക്കട്ടികള്‍ നിറച്ച, ഡിപ്ലോമാറ്റിക് ബാഗുകളുടെ പിന്നാലെ. മൂല്യങ്ങളെ ചവിട്ടിമെതിക്കുന്നവര്‍ മൂലയ്‌ക്കൊതുങ്ങാതെ തരമില്ല. അതു പ്രകൃതിയുടെ രീതിയും പ്രകൃതിനിയന്താവിന്റെ നീതിയുമാണ്.
ഈ മഹാമാരിക്ക് 2019 ല്‍ തുടക്കമിട്ടതുകൊണ്ടാവാം ഇതിന് കൊവിഡ് 19 എന്നു പേരുവീണത്. അഞ്ചു വര്‍ഷംമുമ്പുതന്നെ ബില്‍ ഗെയ്റ്റ്‌സ് ഇതിനെപ്പറ്റി പറഞ്ഞിരുന്നുവെന്നും കേള്‍ക്കുന്നു. തീര്‍ന്നില്ല. പിന്നാലെ ഇതിനെക്കാള്‍ നശീകരണശേഷിയുള്ള വൈറസുകള്‍ ചൈനയിലെ പന്നികളില്‍ നിന്നുദ്ഭവിച്ച് ലോകമാകെ പടരുമെന്നു മറ്റൊരു വാര്‍ത്ത. 48 കോടി കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ചൊവ്വയിലെ പാറയെടുക്കാന്‍ ഒരുങ്ങുന്ന ശാസ്ത്രം, കാണാന്‍ പോലും പറ്റാത്ത ഇത്തിരിപ്പോന്ന ഈ വൈറസിനു മുമ്പില്‍ മുട്ടുവിറച്ചു നില്‍ക്കുമ്പോള്‍ നമുക്കുറപ്പിക്കാം, അന്ന് ബഥാനിയായില്‍വച്ച്, വിശ്വസിച്ചാല്‍ നീ ദൈവമഹത്ത്വം ദര്‍ശിക്കുമെന്നു പറഞ്ഞവന്‍ നമ്മോടൊപ്പമുണ്ട്. അവനയച്ച മഹാദുരന്തങ്ങള്‍ ലോകചരിത്രത്തില്‍ നിരവധിയാണല്ലോ. നോഹയുടെ കാലത്തെ ജലപ്രളയം, മോശയുടെ നാളുകളില്‍ ഈജിപ്തുകാരുടെമേല്‍ വന്നുപതിച്ച മഹാമാരി തുടങ്ങിയവ അവയുടെ തുടക്കങ്ങളായിരുന്നു. അതാണ് ഇപ്പോള്‍ ടഅഞട ഇീഢ 19 എന്ന കോവിഡ് 19 ല്‍ എത്തിനില്‍ക്കുന്നത്. 2003 ല്‍ ടഅഞട ഇീഢ 1, 2012 ല്‍ ങലൃ െഇീഢ തുടങ്ങിയ സാംക്രമികരോഗങ്ങളും ആളുകളെ കൊന്നൊടുക്കി. ഉദ്ദേശം 100 കൊല്ലംമുമ്പ് ഇതിനോടു സമാനമായ സ്പാനിഷ് ഫ്‌ളൂ അഞ്ചു കോടിയിലധികം ജനങ്ങള്‍ക്കാണു ജീവഹാനി വരുത്തിയത്. 1957-58 കാലത്തു വന്നുകൂടിയ ഏഷ്യന്‍ ഫ്‌ളൂ 11 ലക്ഷം പേര്‍ക്കും 68-69 ലെ ഹോംഗ് കോങ് ഫ്‌ളൂ 10 ലക്ഷം പേര്‍ക്കും മരണം വിതച്ചു കടന്നുപോയി.
നൂറ്റമ്പതിലേറെ രാഷ്ട്രങ്ങള്‍ രാവും പകലും പരീക്ഷണശാലകളില്‍ കോവിഡ് 19 നുള്ള ഫലപ്രദമായ വാക്‌സിന്‍ കണെ്ടത്താനുള്ള തീവ്രശ്രമത്തിലാണ്. ഈ പരിശ്രമത്തിന്റെ രണ്ടാംഘട്ട പരീക്ഷണവും വിജയം കണ്ടുവെന്നാണ് പുറത്തുവന്നിരിക്കുന്ന വാര്‍ത്ത. ഈ ഉദ്യമങ്ങള്‍ കഴിവതും വേഗം പരിപൂര്‍ണമായി ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം.
ദൈവത്തിന്റെ സ്വന്തം നാ ടെന്നു പ്രകീര്‍ത്തിക്കപ്പെടുന്ന മലയാളക്കര ചങ്കുപൊട്ടിക്കരയുന്ന നൊമ്പരക്കാഴ്ചകളാണെങ്ങും. നിയതമായ ഒരു കാലചക്രത്തിന്റെ ഗതിവിഗതികള്‍ക്കനുസൃതമായി സന്തുലിതമായ ഒരു കാലാവസ്ഥ കാലാ കാലങ്ങളായി അനുഭവിച്ചുപോന്ന ഒരു ജനതതി ഇവിടെ ഉണ്ടായിരുന്നു. ഏപ്രില്‍ മുതലുള്ള നാലുമാസം ഇടവപ്പാതിയുടേതായിരുന്നു. ഏറ്റക്കുറച്ചിലുകള്‍ ഉണെ്ടങ്കിലും നല്ല മഴകിട്ടിയിരുന്ന കാലം. ഓഗസ്റ്റ് മുതല്‍ നവംബര്‍വരെ തുലാവര്‍ഷത്താല്‍ സമ്പുഷ്ടമാക്കപ്പെട്ടിരുന്ന നാട് പിന്നീടുള്ള നാലുമാസങ്ങള്‍ വേനല്‍ച്ചൂടില്‍ നീറിക്കഴിയേണ്ടിയിരുന്നു.
പക്ഷേ, ക്രമേണ കാലം മാറി. കാലാവസ്ഥ മാറി. 2018 ലെ മേഘവിസ്‌ഫോടനവും തത്ഫലമായുണ്ടായ അതിതീവ്രമഴപ്പെയ്ത്തും ഡാം തുറക്കലുമെല്ലാംകൂടി കേരളത്തെ പ്രളയജലത്തില്‍ മുക്കിത്താഴ്ത്തിയല്ലോ. നൂറുകണക്കിനു ജീവഹാനി. കോടികളുടെ മുതല്‍നഷ്ടം. ക്രൂരമൃഗങ്ങള്‍ മാന്തിപ്പറിച്ച പേടമാനിന്റെ ചേതനയറ്റ ശരീരംപോലെ വികൃതമാക്കപ്പെട്ടു കേരളമണ്ണ്. 2019 ലും ഓഗസ്റ്റില്‍ത്തന്നെ വൈകിയെത്തിയ കാലവര്‍ഷം കലിതുള്ളി. നാടും നഗരവും മലവെള്ളത്തില്‍ മുങ്ങി. മലയിടിഞ്ഞും ഉരുള്‍പൊട്ടിയും മണ്ണിനടിയില്‍ ജീവനോടെ മൂടപ്പെട്ടവരുടെ എണ്ണംപോലും കൃത്യമല്ല. ദുരന്തങ്ങളുടെ അവശേഷിപ്പുകള്‍പോലെ പുത്തുമലയും കവളപ്പാറയും മറ്റും തേങ്ങലടങ്ങാതെ മയങ്ങുമ്പോള്‍ ഇതാ മൂന്നാമത്തെ ഓഗസ്റ്റും മരണങ്ങളും നാശങ്ങളും വാരിവിതറി കടന്നുവന്നിരിക്കുന്നു. പെട്ടിമുടിയിലെ മണ്ണിനടിയില്‍ അറിയാതെ മൂടപ്പെട്ടവര്‍, നിനച്ചിരിയാതെ അലറിപ്പാഞ്ഞെത്തിയ വെള്ളക്കെട്ടില്‍വീണ് കാണാമറയത്തേക്ക് ഒഴുകിപ്പോയവര്‍, ഒപ്പം പറയട്ടെ, കരിപ്പൂരിലെ റണ്‍വേയുടെ താഴ്ചയില്‍ ജീവിതം ഹോമിച്ചവര്‍.
രോഗപീഡകള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ മാര്‍ത്തോമ്മാസഭയിലെ റവ. സാജന്‍ പി. മാത്യു രചിച്ച് ഈണമിട്ടു പാടി ഹിറ്റായ ഒരു ഗാനത്തിന്റെ ആദ്യത്തെ നാലുവരികള്‍ ഇങ്ങനെ:
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല.
അതേ, ഈ ദുരിതകാലം നാം അതിജീവിക്കുക തന്നെ ചെയ്യും. കാലം അതിനു സാക്ഷിയാവട്ടെ.