2020 ജൂണ്‍ 24 ന് വാഷിംഗ്ടണില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇന്ത്യയുടെ മനുഷ്യമൂലധനവികസനത്തിനായി വിപുലമായ ഒരു പദ്ധതിക്ക് അംഗീകാരം നല്കിക്കൊണ്ട് ലോകബാങ്കിന്റെ ഇന്ത്യന്‍ ഡയറക്ടര്‍ ജുവനൈദ് അഹമ്മദ് ഇപ്രകാരമെഴുതി: "India recognize the need to significantly improve its learning outcomes to fuel future growth and meet the demands of the labour market... Investing more in early years of education will equip children with the skills required to compete for the jobs of the future.''
2020 ജൂലൈ 29 ന് പുതിയ ദേശീയവിദ്യാഭ്യാസനയത്തിന് അംഗീകാരം നല്കുമ്പോള്‍ കേന്ദ്രഗവണ്‍മെന്റ് ലക്ഷ്യംവച്ചതും ഇതുതന്നെയാണ്. പോരായ്മകള്‍ തിരിച്ചറിയുന്നു, കാതലായ മാറ്റത്തിന് തുടക്കംകുറിക്കുന്നു, ഗുണപരമായ വളര്‍ച്ച ലക്ഷ്യംവയ്ക്കുന്നു, തൊഴില്‍കമ്പോളത്തിന്റെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്കുന്നു, പ്രാഥമികവിദ്യാഭ്യാസത്തിനു ശ്രദ്ധ കൊടുക്കുന്നു, പുതിയ മുതല്‍മുടക്ക് ഉറപ്പുവരുത്തുന്നു, വിദ്യാര്‍ത്ഥികളുടെ കഴിവിന് ഊന്നല്‍ നല്കുന്നു, മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നു, രാജ്യത്തിന്റെ ഭാവിവളര്‍ച്ച ഉറപ്പുവരുത്തുന്നു. മൂന്നരപതിറ്റാണ്ടിനുശേഷം നിലവില്‍വന്ന പുതിയ വിദ്യാഭ്യാസനയം അടുത്ത മൂന്നു പതിറ്റാണ്ടുകാലത്തെ ഇന്ത്യയുടെ വളര്‍ച്ചയാണ് ലക്ഷ്യംവയ്ക്കുന്നത്.
ലോകമെമ്പാടും 2030 ഓടുകൂടി ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യുനെസ്‌കോ 2015 ല്‍ പ്രഖ്യാപിച്ച SDG4 Education 2030 നയരേഖയുടെ കാതലായ ലക്ഷ്യവും ഇതുതന്നെയായിരുന്നു.
2018 ല്‍ ലോകബാങ്ക് തയ്യാറാക്കിയ മനുഷ്യമൂലധനസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താരതമ്യേന പിന്നിലാണ്. 157 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 115-ാമതാണ്. ജനസംഖ്യയുടെ 65 ശതമാനത്തിലധികം തൊഴില്‍പ്രായത്തിലുള്ള ഇന്ത്യ തൊഴിലധിഷ്ഠിതപഠനരീതിയിലും തൊഴില്‍കഴിവുകളില്‍ ഊന്നിയുള്ള ബോധനശാസ്ത്രത്തിലും ചുവടുറപ്പിക്കുന്നു എന്നത് പുതിയ പ്രതീക്ഷ നല്കുന്നു.
20-ാം നൂറ്റാണ്ടില്‍നിന്ന് 21-ാം നൂറ്റാണ്ടിലെത്തിയപ്പോള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, ഘടന, ഉള്ളടക്കം, പ്രയോഗം, പ്രയോജനം എന്നീ തലങ്ങളിലെല്ലാം നിരവധി മാറ്റങ്ങളും പുതുമകളും വന്നുചേര്‍ന്നിരിക്കുന്നു. ശാസ്ത്രത്തില്‍നിന്നു സാങ്കേതികവിദ്യയിലേക്കും, അറിവില്‍നിന്നു കഴിവിലേക്കും, വിജ്ഞാനത്തില്‍നിന്നു തൊഴിലിലേക്കും, അധ്യാപകനില്‍നിന്നു വിഭവത്തിലേക്കും, ശ്രവണത്തില്‍നിന്നു കാഴ്ചയിലേക്കും, യാഥാര്‍ത്ഥ്യത്തില്‍നിന്നു സാങ്കല്പികതയിലേക്കും, പേപ്പറില്‍നിന്നു ഡിജിറ്റലിലേക്കും എല്ലാം ആഗോളതലത്തില്‍ വിദ്യാഭ്യാസം മാറിക്കഴിഞ്ഞിരിക്കുന്നു.
21-ാം നൂറ്റാണ്ടില്‍ ലോകത്താദ്യമായി അവതരിപ്പിച്ച ഇന്ത്യയുടെ വിദ്യാഭ്യാസനയം ഈ പരിണാമങ്ങളുടെയെല്ലാം സത്തയും സാധ്യതയും ഉള്‍ക്കൊണ്ടിട്ടുണ്ട്.
സ്‌കൂള്‍-കോളജ് ഘടനയില്‍ വന്ന പുതുമ, മന്ത്രാലയത്തിന്റെ പേരുമാറ്റം, യു.ജി.സി. യുടെ സംവിധാനത്തില്‍ വന്ന വ്യതിയാനം എന്നിങ്ങനെ ബാഹ്യതലസ്പര്‍ശിയായ ചര്‍ച്ചകളാണ് ദേശീയവിദ്യാഭ്യാസനയത്തെ ചുറ്റിപ്പറ്റി പുരോഗമിക്കുന്നത്. എന്നാല്‍, അടുത്ത പത്തുവര്‍ഷംകൊണ്ട് ഇന്ത്യയുടെ വിദ്യാഭ്യാസമേഖലയെ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന ഗുണമേന്മയിലൂന്നിയുള്ള പ്രക്രിയയ്ക്ക് അടിത്തറ പണിയുകയാണ് കസ്തൂരിരംഗന്‍ സമിതി ചെയ്തിരിക്കുന്നത്.
2030 നകം എല്ലാവര്‍ക്കും സ്‌കൂള്‍പ്രവേശനം ഉറപ്പുവരുത്തുക, നൂറു ശതമാനം സാക്ഷരതയും അമ്പതു ശതമാനം പേര്‍ക്ക് ഉന്നതവിദ്യഭ്യാസവും യാഥാര്‍ത്ഥ്യമാക്കുക, അടിസ്ഥാനവിദ്യാഭ്യാസം മാതൃഭാഷയില്‍ത്തന്നെ ലഭ്യമാക്കുക, അഫിലിയേഷന്‍ രീതി ഒഴിവാക്കി എല്ലാ കോളജുകള്‍ക്കും സ്വയംഭരണം ലഭ്യമാക്കുക, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ മികച്ച ഗവേഷണകേന്ദ്രങ്ങളാക്കി ഉയര്‍ത്തുക, വിദേശസര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനനാനുമതി നല്ക്കുക, ഉപരിപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയുക, ഓണ്‍ലൈന്‍വിദ്യാഭ്യാസത്തിനു വിപുലമായ സംവിധാനം ഒരുക്കുക, അറിവിനോടൊപ്പം കഴിവിലും മൂല്യബോധത്തിലും ഊന്നിയുള്ള മൂല്യനിര്‍ണ്ണയം യാഥാര്‍ത്ഥ്യമാക്കുക എന്നിവയെല്ലാം പുതിയ വിദ്യാഭ്യാസനയത്തിന്റെ കാതലായ ഘടകങ്ങളാണ്.
1991 ലെ സാമ്പത്തികപ്രതിസന്ധിക്കു പരിഹാരമായി നരസിംഹറാവു ഗവണ്‍മെന്റ് ഒരു 'ന്യൂ ഇക്കണോമിക് പോളിസി'ക്കു രൂപം നല്കി. ഉദാരവത്കരണം, ആഗോളവത്കരണം, സ്വകാര്യവത്കരണം എന്നിവയായിരുന്നു അതിന്റെ അടിസ്ഥാനശിലകള്‍. സമാനമായ പ്രതിസന്ധി നമ്മുടെ വിദ്യാഭ്യാസമേഖല ഇന്ന് അഭിമുഖീകരിക്കുകയാണ്. അംഗനവാടികളില്‍മുതല്‍ ഉന്നതഗവേഷണസ്ഥാപനങ്ങളില്‍വരെ ഗുണമേന്മയിലും സുസ്ഥിരവികസനത്തിലും ഊന്നിയുള്ള മാറ്റം വിഭാവനം ചെയ്യുന്ന പുതിയ നയത്തെ വിദ്യാഭ്യാസ ഉദാരവത്കരണനയമായി കണക്കാക്കാം. വിപുലമായ ലക്ഷ്യവും ശ്രമകരമായ ദൗത്യവുമാണ് ഈ നയം മുന്നോട്ടുവയ്ക്കുന്നത്.
(മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വ്വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സലറാണ് ലേഖകന്‍.)