പൂന്തെന്നല്‍ കസവുനൂല്‍
പുടവ തുന്നും നേരം
പൂര്‍വാംബരം കുങ്കുമക്കുറി-
യണിഞ്ഞു നില്ക്കും.
കുളികഴിഞ്ഞൊരു പെണ്‍കൊടി
മുടിയുണക്കുംപോലെ
എന്റെ ഗ്രാമസുന്ദരി
മഞ്ഞണിഞ്ഞു നില്ക്കും
കുപ്പിവളതന്‍ മര്‍മരം
ചെറുചോലകള്‍ മുഴക്കവേ
പൊന്നരഞ്ഞാണ്‍മണി കിലുക്കി
പുഴ കുണുങ്ങിയോടും
ശംഖനാദമുയരവേയുണരു-
ന്നൊരീ കല്പടവിലെ
ഈറന്‍ ചൂടിയ മേനിയില്‍
കുളിര്‍കാറ്റു വന്നു പുല്കും
നാദഘോഷലഹരിയില്‍
അലിയുന്നൊരീ മണിമേടയില്‍
ചിറകടിക്കും വെണ്‍പിറാക്കള്‍
പുലരി തേടിപ്പോകും.
സസ്യശ്യാമളകോമളാംഗി
ഭാമിനീ സുഖമേദിനീ
വക്ഷസോടു ചേര്‍ത്തുമെല്ലെ-
യെന്നെയൊന്നു പുല്കൂ.
എന്റെ നാടെന്റെ ഗ്രാമസുന്ദരിയെ
കണ്ടോ
എന്നുമവളെന്‍ പ്രണയിനിയെന്‍
മനനികുഞ്ജവിലാസിനി.