അറിവില്ലായ്മ ഒരു കുറ്റമല്ല.പക്ഷേ, അറിവുള്ളവരെന്നു പൊതുവെ കരുതപ്പെടുന്നവര്‍, അറിവെഴുത്തിന്റെ മറവില്‍ വികലവ്യാഖ്യാനങ്ങള്‍ നടത്തുന്നതിനെ അറിവുള്ളവരും അല്ലാത്തവരും തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണം. മുന്‍മന്ത്രിയും നിലവില്‍ എംഎല്‍എയുമായ കെ.ടി. ജലീല്‍, വസ്തുതകള്‍ക്കു വികലവ്യാഖ്യാനമൊരുക്കാനും വിവാദങ്ങളില്‍ ഇടം നേടാനുമുള്ള വൈഭവം പണ്ടേ തെളിയിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവില്‍, കന്യാസ്ത്രീകളുടെ വേഷത്തെക്കുറിച്ചായിരുന്നു ടിയാന് ആശങ്കയും അസ്വസ്ഥതയും. 'ഹിജാബും കന്യാസ്ത്രീവേഷവും കോടതികളും' എന്ന തലക്കെട്ടില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കാര്യങ്ങള്‍, ക്രൈസ്തവവിരുദ്ധതയുടെ പച്ചച്ചിഹ്നമൊട്ടിച്ച ജലീലിന്റെ മനോനിലമാത്രമല്ല അടയാളപ്പെടുത്തുന്നത്; മതേതരസമൂഹത്തില്‍ ഒരു ജനപ്രതിനിധി ആരാകരുത് എന്നതുകൂടിയാണ് ഓര്‍മിപ്പിക്കുന്നത്.
കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിലെ ചില ഭാഗങ്ങള്‍ ഇങ്ങനെ :
'ഹിജാബ് (ശിരോവസ്ത്രം അഥവാ തട്ടം അല്ലെങ്കില്‍ സ്‌കാഫ്) ആരുടെ മേലും നിര്‍ബന്ധമാക്കരുത്. നിരോധിക്കുകയുമരുത്. അര്‍ധനഗ്‌നതയും മുക്കാല്‍ നഗ്‌നതയുമൊക്കെ അനുവദനീയമായ നാട്ടില്‍, മുഖവും മുന്‍കൈയും ഒഴികെ മറ്റെല്ലാ ശരീരഭാഗങ്ങളും മറയ്ക്കാന്‍ താത്പര്യമുള്ളവരെ അതിനും അനുവദിക്കണം. അല്ലെങ്കില്‍ അതിനെ വിളിക്കുന്ന പേരാണ് അനീതി. ഒന്നിനെ സ്വാതന്ത്ര്യവും മറ്റൊന്നിനെ അസ്വാതന്ത്ര്യവുമായി കാണേണ്ട കാര്യമില്ല.
എന്ത് ഉണ്ണണമെന്നും എന്ത് ഉടുക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ആരെന്തു ഭക്ഷണം കഴിച്ചാലും ആരെന്തു ധരിച്ചാലും അത് മറ്റൊരാളെ ബാധിക്കുന്ന വിഷയമേയല്ല. മുലമറയ്ക്കാനുള്ള പോരാട്ടം നടന്ന നാട്ടില്‍ തല മറയ്ക്കാനുള്ള പോരാട്ടത്തിന് ഒരുപറ്റം സ്ത്രീകള്‍ക്ക് ഇറങ്ങിത്തിരിക്കേണ്ടിവരുന്നത് ലജ്ജാകരമാണ്...
കുട്ടികള്‍ക്കു പാടില്ലാത്തത് പഠിപ്പിക്കുന്ന അധ്യാപികമാര്‍ക്ക് പാടുണ്ടാകുന്നതിന്റെ വൈരുധ്യം മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളായ ടീച്ചര്‍മാര്‍ക്ക് 'ഹിജാബ്' അനുവദിക്കപ്പെട്ടേടത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്.
കന്യാസ്ത്രീവേഷത്തില്‍ എത്രയോ കോളജുകളിലും സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിര്‍ത്തിട്ടില്ല. ആരും കേസിനു പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല.
എന്നിരിക്കെ 'ഹിജാബി'ന്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലം?'
എന്തുകൊണ്ട് അറിവില്ലായ്മ?
മുസ്ലീം സ്ത്രീകളുടെ ഹിജാബിനെയും ക്രൈസ്തവസന്ന്യാസിനിമാരുടെ വെയ്ല്‍ ഉള്‍പ്പെടെയുള്ള സന്ന്യാസവസ്ത്രത്തെയും ഒന്നായി ധരിക്കുന്ന ജലീലിയന്‍ ചിന്തയിലാണ്, ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ അറിവില്ലായ്മ പ്രകടമാകുന്നത്. സ്‌കൂള്‍ക്കുട്ടികളുടെ യൂണിഫോമും ബഹുമാനപ്പെട്ട സന്ന്യാസിനികളുടെ തിരുവസ്ത്രവും താരതമ്യം ചെയ്യാനുള്ള അനാവശ്യ ചങ്കൂറ്റവും അദ്ദേഹത്തിനുണ്ടായി. നിരോധിക്കപ്പെട്ടൊരു തീവ്രവാദസംഘടനയുടെ പഴയ നേതാവെന്ന അലങ്കാരം നെറ്റിയിലൊട്ടിച്ച ടിയാന് കഷായം കഴിക്കുംപോലെ ഇടയ്ക്കിടയ്ക്ക് ക്രൈസ്തവവിരുദ്ധതയുടെ മേമ്പൊടി പുറത്തേക്കൊഴുക്കിയില്ലെങ്കില്‍ ഉറക്കക്കുറവുണ്ടാകുമെന്നാണ്, പുതിയ ഇടതുസഹയാത്രികന്‍ നിശ്ശബ്ദമായി ഓര്‍മിപ്പിക്കുന്നത്. ഇന്നു നടക്കുന്ന വഴി ചുവന്നതാണെങ്കിലും വന്ന വഴി മറക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹത്തിനു നന്നായി അറിയാം.
മറുപടി ഉടനടി
കന്യാസ്ത്രീകളുടെ വേഷത്തെക്കുറിച്ചു വല്ലാതെ വേവലാതിപ്പെട്ടു കുളം കലക്കാമെന്നു കരുതിയ മുന്‍മന്ത്രിക്കു മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ കൃത്യമായ മറുപടി കിട്ടി. അദ്ദേഹം ഉന്നയിച്ച എല്ലാ ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കും കുറിക്കുകൊള്ളുന്ന മറുപടി സോഷ്യല്‍ മീഡിയയില്‍ത്തന്നെ കുറിച്ചത് സിസ്റ്റര്‍ സോണിയ തെരേസ് ഡിഎസ്‌ജെ ആയിരുന്നു. അതിലെ പ്രസ്തക്തഭാഗങ്ങള്‍ ഇങ്ങനെ:
''ഒരു ക്രൈസ്തവയുവതി സന്ന്യാസിനിയാകാന്‍ ആഗ്രഹിച്ച് ഏതെങ്കിലും ഒരു മഠത്തിന്റെ പടികള്‍ കടന്നുചെന്നാല്‍, ഇന്നാ പിടിച്ചോ, നീ ഈ വെയിലും വസ്ത്രവും ധരിച്ച് ഇനി മുതല്‍ ഇവിടെ ജീവിച്ചാല്‍ മതി'' എന്ന് ഒരു സന്ന്യാസസഭയുടെ അധികാരികളും പറയില്ല. കാരണം, അവള്‍ കടന്നുപോകേണ്ട ചില കടമ്പകള്‍ ഉണ്ട്. അതായത്, കുറഞ്ഞത് അഞ്ചു വര്‍ഷം എന്താണു സന്ന്യാസമെന്ന് ആദ്യംതന്നെ ദൈവവചനത്തിന്റെ വെളിച്ചത്തില്‍ വ്യക്തമായി പഠിക്കണം. പിന്നെ അവരായിരിക്കുന്ന സന്ന്യാസസഭയുടെ നിയമാവലികളും അതതു സന്ന്യാസസഭയുടെ ഡ്രസ്സ് കോഡും എന്താണ്, അത് എന്തിനു ധരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി പഠിച്ചശേഷം അവള്‍ക്കു ബോധ്യമായ കാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ കഴിയുമെന്ന ഉറച്ച ബോധ്യം ഉണ്ടെങ്കില്‍ മാത്രം, (ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ല) പൂര്‍ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ജീവിതാന്തസ്സാണ് സന്ന്യാസം.
''ക്രൈസ്തവസന്ന്യസ്തര്‍ ഏതെങ്കിലും കോളജില്‍ പഠിക്കാന്‍ ചെല്ലുമ്പോള്‍ സന്ന്യാസവസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വച്ചാല്‍, ഞങ്ങള്‍ ആരും സന്ന്യാസവസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കാറില്ല. അല്ലെങ്കില്‍ സന്ന്യാസിനിയായ ഒരാള്‍ക്കുവേണ്ടി 3000 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണമെന്നു പറഞ്ഞ് ഞങ്ങളാരും പ്രകോപനവും മാര്‍ച്ചുമായി അവരെ ശല്യം ചെയ്യാറില്ല. യൂണിഫോം കോഡുള്ള സ്ഥാപനത്തില്‍ ആ യൂണിഫോം സ്വീകരിക്കാന്‍ സന്ന്യാസസഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കില്‍ മറ്റ് ഏതെങ്കിലും സ്ഥാപനത്തില്‍ പോയി പഠിക്കും. ഒരു യൂണിഫോമിനുവേണ്ടി ആളെ ക്കൂട്ടി കലാപമുണ്ടാക്കുന്ന തരംതാണ ശൈലി ഞങ്ങള്‍ക്കില്ല...
''ഏതു മതമാണെങ്കിലും ഏതു ജീവിതാന്തസ്സ് ആണെങ്കിലും ആരും ആരെയും അടിച്ചേല്പിക്കുന്ന ഒന്നായിരിക്കരുത് വസ്ത്രധാരണം. പിന്നെ പ്രായപൂര്‍ത്തിയായ ഒരുവള്‍ പൂര്‍ണസ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്ത ഒരു ജീവിതാന്തസ്സിനെ നോക്കി പിറുപിറുക്കാനും കുറ്റപ്പെടുത്താനും പോകുന്നത് അവളുടെ മൗലികസ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കടന്നുകയറ്റമാണ്. അതുകൊണ്ട് പരസ്പരം ബഹുമാനിക്കാന്‍ പഠിക്കാം.''
സിസ്റ്റര്‍ സോണിയ തെരേസിന്റെ അവസരോചിതവും സമഗ്രവുമായ മറുപടി സാമൂഹികമാധ്യമങ്ങളില്‍ മിനിട്ടുകള്‍ക്കുള്ളില്‍ വൈറലായെന്നു മാത്രമല്ല, മുഖ്യധാരാമാധ്യമങ്ങള്‍ പോലും വാര്‍ത്തയാക്കി. ക്രൈസ്തവസന്ന്യാസത്തെയും അവരുടെ വസ്ത്രധാരണരീതികളെയും താറടിച്ചുകാട്ടാനുള്ള കെ.ടി. ജലീലിന്റെ കുറിപ്പിലെ എല്ലാ കുന്തമുനകളും തകര്‍ന്നുതരിപ്പണമാകുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. അദ്ദേഹത്തിന്റെതന്നെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സില്‍ വന്ന പ്രതികരണങ്ങളുടെ ചൂടും കെ.ടി. ജലീല്‍ വായിച്ചറിഞ്ഞിട്ടുണ്ടാകും.
സിസ്റ്ററുടെ മറുകുറിപ്പില്‍ ഇരിക്കപ്പൊറുതി നഷ്ടമായ മുന്‍ മന്ത്രി അതിനും എഴുതി മറുപടി. തുറന്ന കത്ത് എന്നു കാട്ടി ജലീല്‍ തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിനും കിട്ടി സിസ്റ്റര്‍ സോണിയയുടെ വസ്തുനിഷ്ഠമായ ചുട്ട മറുപടി.
ക്രൈസ്തവവിരുദ്ധമായ പ്രവണതകള്‍ക്കു പണ്ടൊക്കെ പിന്നെപ്പിന്നെയായിരുന്നു പ്രതികരണം. ഇപ്പോള്‍ ഉടനടിയാണെന്നതുകൂടിയാണ് സിസ്റ്റര്‍ സോണിയയുടെ ശക്തമായ എഴുത്ത് ഓര്‍മിപ്പിക്കുന്നത്.
കല്ലെറിയാന്‍
ഊഴം കാക്കുന്നവര്‍
കത്തോലിക്കാസഭയെയും സവിശേഷമായി സന്ന്യാസത്തെയും അവഹേളിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്നവര്‍ ഒന്നല്ല ഒരായിരമുണ്ടെന്നറിയണം. വഴിയേ പോകുന്നവര്‍ക്കെല്ലാം ഒരു കല്ലെടുത്തെറിയാനുള്ളതാണ് സഭയും സന്ന്യാസവുമെന്നൊക്കെ പലരും ധരിച്ചുവച്ചിരിക്കുന്നു. സന്ന്യസ്തരുടെ സേവനത്തിന്റെ തണല്‍കൊണ്ടവര്‍, അവരുടെ കരുതലിന്റെ നന്മയറിഞ്ഞവര്‍, അവര്‍ തെളിച്ച പ്രകാശത്തില്‍ സഞ്ചരിച്ചവര്‍... അവര്‍കൂടിയാണ് കല്ലെറിയാന്‍ ഊഴം കാത്തുനില്‍ക്കുന്നവരിലുള്ളതെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്.
കല്ലേറുകളേറെയേല്‍ക്കുമ്പോഴും കല്ലെറിയുന്നവര്‍ക്കു കൂടി തണലൊരുക്കാന്‍ തഴച്ചുവളരുന്നൊരു നന്മമരത്തിന്റെ പേരാണല്ലോ സന്ന്യാസം.