•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

അവിസ്മരണീയമായ ഒരു കൂടിക്കാഴ്ച

1993 ഒക്‌ടോബര്‍ മാസം പതിനാറാംതീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ തന്റെ സ്വകാര്യലൈബ്രറിയില്‍ പ്രശസ്ത റഷ്യന്‍ സാഹിത്യകാരനായ അലക്‌സാണ്ടര്‍ സോള്‍സെനിറ്റ്‌സിനെ സ്വീകരിച്ചു സുദീര്‍ഘമായ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. സോവ്യറ്റ് ബ്ലോക്കില്‍പ്പെട്ട പോളണ്ടില്‍നിന്നുള്ള കര്‍ദിനാള്‍ കരോള്‍ വൊയ്റ്റിവാ 1978 ഒക്‌ടോബര്‍ മാസം 16-ാം തീയതി മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇത് ദൈവത്തില്‍നിന്നുള്ള സമ്മാനമെന്നും ഇരുപതാംനൂറ്റാണ്ടില്‍ നടന്ന ഏറ്റവും ശുഭകരമായ സംഭവമെന്നുമാണ് അലക്‌സാണ്ടര്‍ സോള്‍സെനിറ്റ്‌സിന്‍ പ്രതികരിച്ചത്. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ആയി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പതിനഞ്ചാംവാര്‍ഷികദിനത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്.
ആകസ്മികം  അപ്രതീക്ഷിതം
പോള്‍ ആറാമന്‍ പാപ്പായുടെ പിന്‍ഗാമിയായി സ്ഥാനമേറ്റ് 33-ാംദിവസം, 1978 സെപ്റ്റംബര്‍ 28-ാം തീയതി ജോണ്‍പോള്‍ ഒന്നാമന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തീര്‍ത്തും ആകസ്മികമായ ഈ സംഭവത്തിനുശേഷം ഒക്‌ടോബര്‍ മാസത്തില്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍വച്ച് വളരെ അപ്രതീക്ഷിതമായി ഇറ്റലിക്കാരനല്ലാത്ത കാര്‍ഡിനല്‍ കരോള്‍ വെയ്റ്റിവാ തിരഞ്ഞെടുക്കപ്പെട്ടു.
ഈ തിരഞ്ഞെടുപ്പില്‍ വളരെയധികം അന്ധാളിച്ചത് പോളണ്ടിലെ കമ്യൂണിസ്റ്റുഭരണകൂടമാണ്. പോളിഷ് ജനതയുടെ ആഹ്ലാദപ്രകടനങ്ങള്‍ക്കുമുമ്പില്‍ പ്രധാനമന്ത്രി എഡ്‌വേര്‍ഡ് ഗീരെക് പരിഭ്രാന്തനായി. ക്രെംലിനില്‍ ലിയനോയിഡ് ബ്രഷ്‌നേവ് ശരിക്കും അപകടം മണത്തു. അദ്ദേഹം ഏറെ അസ്വസ്ഥനായി. ഈ അസ്വസ്ഥതയാണ് 1981 മേയ് 13-ാം തീയതി വത്തിക്കാന്‍ ചത്വരത്തില്‍ പാപ്പായുടെ നേരേ വെടിയുതിര്‍ത്ത മുഹമ്മദ് അലി അഗ്ക എന്ന കൊലയാളിയുടെ കൈയില്‍ തോക്കുപിടിപ്പിച്ചത്. അയാള്‍ ഒറ്റയ്ക്കല്ലെന്നും പിന്നില്‍ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും കേസില്‍ വിധി പറഞ്ഞ ഇറ്റാലിയന്‍ മജിസ്‌ട്രേറ്റ് നിരീക്ഷിച്ചിട്ടുണ്ട്.
സോവ്യറ്റ് യൂണിയന്റെ രഹസ്യാന്വേഷണവിഭാഗമായ കെ.ജി.ബി. നേരിട്ടല്ല, ബള്‍ഗേറിയന്‍  രഹസ്യപ്പോലീസ്‌വഴിയാണ് ഈ ഹീനകൃത്യം ചെയ്തതെന്നു കരുതുന്നവരുമുണ്ട്.
മുന്നറിയിപ്പ്
ദീര്‍ഘകാലം ഫ്രഞ്ച് രഹസ്യാന്വേഷണവിഭാഗത്തെ വളരെ പ്രഗല്ഭമായി നയിച്ച അലക്‌സാണ്ടര്‍ ദ് മറാന്‍ഷുമായി മുഖാമുഖം നടത്തി ക്രിസ്റ്റീന്‍ ഒക്കറാന്‍ എന്ന ഫ്രഞ്ച് ജേര്‍ണലിസ്റ്റ് 1986 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഈ വധശ്രമത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അലക്‌സാണ്ടര്‍ മറാന്‍ഷിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: ''പാപ്പായ്ക്കു നേരേ വധശ്രമം ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ ഒരു മുന്നറിയിപ്പ് എനിക്കു ലഭിച്ചിരുന്നു.''
അത് അദ്ദേഹത്തിനു മൂന്നു കാരണങ്ങളാല്‍ വിശ്വാസയോഗ്യമായിത്തോന്നി.
1. ഇരുമ്പുമറയ്ക്കു പിന്നിലുള്ള ഒരു രാജ്യത്തുനിന്നുവരുന്ന ജോണ്‍ പോള്‍ രണ്ടാമന് സോവ്യറ്റ് യൂണിയന്റെയും മറ്റു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും തന്ത്രങ്ങളും നുണപ്രചാരണങ്ങളും വേഗം മനസ്സിലാകും.
2. മാര്‍ക്‌സിസ്റ്റ് അനുകൂല കത്തോലിക്കാവൈദികരെയും വിമോചനദൈവശാസ്ത്രംപോലുള്ള പ്രസ്ഥാനങ്ങളെയും അദ്ദേഹം നിയന്ത്രിക്കും.
3. മാര്‍ക്‌സിസ്റ്റ് വിരുദ്ധ സ്ലാവ് വംശജനായ ഈ മാര്‍പാപ്പായെ ഇല്ലായ്മ ചെയ്താല്‍ കമ്മ്യൂണിസത്തിന്റെ ഉള്ളുകളികള്‍ പിടികിട്ടില്ലാത്ത ഒരിറ്റാലിയന്‍, പാപ്പാ യായി തിരഞ്ഞെടുക്കപ്പെടും.
ആകയാല്‍, ഈ രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവന്‍ 1981 ല്‍ അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകനെയും ഒരു ഫ്രഞ്ചു മെത്രാനെയും വത്തിക്കാനിലേക്ക് അയച്ചു. അവര്‍ വിവരങ്ങള്‍ പാപ്പായെ ധരിപ്പിച്ചു.
പാപ്പായുടെ ജീവനു സംരക്ഷണം നല്‍കേണ്ടത് ഇറ്റാലിയന്‍ പോലീസാണ്. വത്തിക്കാന്‍ ഈ രഹസ്യവിവരം അവര്‍ക്കു കൈമാറിക്കാണും. എന്നിട്ടും നിര്‍ഭാഗ്യവശാല്‍ ഈ വധശ്രമം തടയാനായില്ല.
ഭാഗികമായെങ്കിലും ആരോഗ്യവും ഊര്‍ജസ്വലതയും വീണ്ടെടുത്ത ജോണ്‍പോള്‍ രണ്ടാമന്‍ നിര്‍ഭയം തന്റെ ശുശ്രൂഷയും അപ്പസ്‌തോലികയാത്രകളും തുടര്‍ന്നു. മനുഷ്യവ്യക്തിയുടെ സ്വാതന്ത്ര്യവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുകയും ദൈവവിശ്വാസം അനിഷേധ്യസത്യമാണെന്നും നിരീശ്വരപ്രത്യയശാസ്ത്രങ്ങള്‍ വരുത്തിവച്ച ക്രൂരതകള്‍ ഓര്‍മിപ്പിച്ചുകൊണ്ടും നിരന്തരം ഉദ്‌ബോധനങ്ങള്‍ നടത്തിപ്പോന്നു.
സോവ്യറ്റ്‌സാമ്രാജ്യത്തിന്റെ പതനം
അവിശ്വസനീയമായ വേഗത്തിലാണ് സോവ്യറ്റ് ബ്ലോക്കിന്റെ പതനം അരങ്ങേറിയത്. 1962 മുതല്‍ സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമസെക്രട്ടറിയും രാജ്യത്തിന്റെ സ്വേച്ഛാധിപതിയുമായിരുന്ന ബ്രഷ്‌നേവ് 1982 നവംബര്‍ മാസം പത്താംതീയതി ചരമമടഞ്ഞു. തുടര്‍ന്നു വന്ന കെ.ജി.ബിയുടെ മുന്‍ അധ്യക്ഷന്‍ യൂറി ആന്ദ്രോപ്പോവ് 1984 ഫെബ്രുവരിയില്‍ നിര്യാതനായി. അദ്ദേഹത്തിന്റെ പിന്‍ഗാമി ചെര്‍ണങ്കോ കഷ്ടിച്ച് ഒരു കൊല്ലമേ ഭരിച്ചുള്ളൂ. അദ്ദേഹം 1985 മാര്‍ച്ചുമാസത്തില്‍ ഇഹലോകവാസം വെടിഞ്ഞു. തുടര്‍ന്നുവന്നത് മിഖായേല്‍ ഗൊര്‍ബച്ചേവാണ്. അദ്ദേഹം അടിച്ചമര്‍ത്തലിന്റെയും പട്ടാള ഇടപെടലുകളുടെയും കാലം അവസാനിപ്പിച്ചു. സോവ്യറ്റ് യൂണിയന്റെ ഉപഗ്രഹരാജ്യങ്ങളും വിവിധ സംസ്ഥാനങ്ങളും ഓരോന്നോരോന്നായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ബര്‍ലിന്‍മതില്‍ സ്വാതന്ത്ര്യപ്രേമികള്‍ നിലംപരിശാക്കി. 1991 ഓടെ സോവ്യറ്റ് സാമ്രാജ്യം നാമാവശേഷമായി.
ഗൊര്‍ബച്ചേവുതന്നെ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഇതിനു വഹിച്ച പങ്ക് അംഗീകരിച്ചുകൊണ്ടു പറഞ്ഞത് ഇപ്രകാരമാണ്: ''കിഴക്കന്‍ യൂറോപ്പില്‍ സംഭവിച്ച കാര്യങ്ങള്‍ ഈ മാര്‍പാപ്പായുടെ ഇടപെടലുകളിലൂടെയാണു സംഭവിച്ചതെന്നതു തീര്‍ച്ചയാണ്.'' ഈ പ്രസ്താവന മാര്‍പാപ്പായുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, 'ഗൊര്‍ബച്ചേവ് അല്ലേലും സത്യസന്ധനാണെന്നു തനിക്കറിയാ'മെന്ന നര്‍മം കലര്‍ന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. തന്റെ പങ്കിനെ ജോണ്‍പോള്‍ രണ്ടാമന്‍ ഒരിക്കലും എടുത്തുകാണിച്ചിരുന്നില്ല. 
കമ്മ്യൂണിസത്തിന്റെ പതനകാരണം കമ്മ്യൂണിസംതന്നെയാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. സോഷ്യലിസത്തിന്റെയും കാപ്പിറ്റലിസത്തിന്റെയും ന്യൂനതകള്‍ അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
അലക്‌സാണ്ടര്‍ 
സോള്‍സെനിറ്റ്‌സിന്‍  (1918-2008)

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനെപ്പോലെതന്നെ ധാര്‍മികശക്തിയെമാത്രം ആശ്രയിച്ച് സോവ്യറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരേ സധൈര്യം പോരാടിയ വിശ്രുത റഷ്യന്‍ സാഹിത്യകാരനാണ് അലക്‌സാണ്ടര്‍ സോള്‍ഷെനിറ്റ്‌സിന്‍.
രണ്ടാം ലോകമഹായുദ്ധത്തില്‍ വീരോചിതമായി പങ്കെടുത്തുവരവേ, കൂട്ടുകാരനെഴുതിയ കത്തില്‍ സ്റ്റാലിനെ പരിഹസിക്കുന്ന ഒരു വാക്കു കടന്നു കൂടിയതിനാല്‍ സോള്‍സെനിറ്റ്‌സിന്‍ സൈബീരിയന്‍ തടങ്കലില്‍ അടയ്ക്കപ്പെട്ടു.
നികിതാ ക്രൂഷ്‌ചേവ് ഭരണമേറ്റപ്പോള്‍, സ്റ്റാലിന്റെ അതിക്രമങ്ങളെ അപലപിക്കുകയും കുറെ തടവുകാരെ മോചിപ്പിക്കുകയും ചെയ്തപ്പോള്‍ സോള്‍സെനിറ്റ്‌സിനും പുറത്തുവന്നു. പല വിലക്കുകളും ഉണ്ടായിരുന്നെങ്കിലും ലേബര്‍ ക്യാമ്പിലെ ക്രൂരപീഡനങ്ങള്‍ വിവരിക്കുന്ന ഒരു ചെറിയ നോവല്‍ 'ഐവാന്‍ ദെനീസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം' സോവ്യറ്റു യൂണിയനില്‍ത്തന്നെ പ്രസിദ്ധീകരിക്കാന്‍ സാധിച്ചു.
തുടര്‍ന്നെഴുതിയ ഒരു നോവലിനും പ്രസിദ്ധീകരണാനുമതി ലഭിച്ചില്ല. അദ്ദേഹം വലിയ ഒരു ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നു. ഇരുന്നൂറ്റിയമ്പതിലധികം അനുഭവസ്ഥരുടെ ഓര്‍മകള്‍ കൂട്ടിയിണക്കി അതീവരഹസ്യമായി ഏഡഘഅഏ അഞഇഒകജഋഘഅഏഛ   എന്ന ബൃഹത്തായ ഗ്രന്ഥരചന നടത്തി. സോവ്യറ്റ് ലേബര്‍ ക്യാമ്പുകളില്‍ കഠിനതടങ്കല്‍പ്പാളയങ്ങളുടെ ഭരണസംവിധാനത്തെയാണ് ഗുലാഗ് സൂചിപ്പിക്കുന്നത്. ദ്വീപസമൂഹം എന്നത് വിവിധ ക്യാമ്പുകളാണ്. 
1970 ല്‍ അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.
ബ്രഷ്‌നേവിന്റെ ഭരണകൂടം അദ്ദേഹത്തിന്റെ കൃതിയുടെ കൈയെഴുത്തുപ്രതി കൈക്കലാക്കി. അതു ടൈപ്പുചെയ്തിരുന്ന ആളില്‍നിന്നാണ് പിടിച്ചെടുത്തത്. ഉടന്‍തന്നെ ഈ കൃതിയുടെ ആദ്യവാല്യം പാരീസില്‍ പ്രസിദ്ധീകരിച്ചു. കാരണം, കൈയെഴുത്തുപ്രതിയുടെ മൈക്രോഫിലിം നേരത്തേതന്നെ സ്വിറ്റ്‌സര്‍ലണ്ടിലെ ബാങ്ക് ലോക്കറില്‍ സുരക്ഷിതമായിരുന്നു!
ഇതില്‍ പ്രകോപിതമായ സോവ്യറ്റ് ഭരണകൂടം സോള്‍സെനിറ്റ്‌സിനെ വിഷം കുത്തിവച്ചു കൊല്ലാന്‍വരെ ശ്രമിച്ചു. അവസാനം, പൗരത്വം റദ്ദാക്കി 1975 ല്‍ നാടുകടത്തി. 20 കൊല്ലത്തെ  പ്രവാസത്തിനുശേഷം റഷ്യയിലേക്കു തിരികെച്ചെല്ലാന്‍ അനുവാദം ലഭിച്ച കാലത്താണ് 1993 ഒക്‌ടോബറില്‍ അദ്ദേഹം മാര്‍പാപ്പായെ സന്ദര്‍ശിച്ചത്. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന സംഭാഷണത്തിനുശേഷം സന്തോഷവാനായി പുറത്തിറങ്ങിയ സോള്‍സെനിറ്റ്‌സിന്‍ പറഞ്ഞത്, പാപ്പാ വളരെയധികം പ്രശോഭിതനും പ്രകാശപൂരിതനുമണെന്നാണ്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)