•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

ആസന്നഭാവിയില്‍ അനാഥമാകും കേരളം?

  • *
  • 20 October , 2022

ടോം ജോസിന്റെ ലേഖനം ''മക്കള്‍ ഔട്ട് ഓഫ് റേഞ്ചിലാകുമ്പോള്‍'' കാലികപ്രസക്തമായിരുന്നു. ആധുനികയുവത്വത്തിന്റെ ഒരു നേര്‍ചിത്രമാണ് ലേഖകന്‍ അവതരിപ്പിച്ചത്. യുവസമൂഹത്തിന്റെ ചില പ്രവൃത്തികളും മനോവ്യാപാരങ്ങളും ചിന്തിക്കുന്നവരുടെയെല്ലാം ഒരു ചര്‍ച്ചാവിഷയമാണിന്ന്. അവര്‍ നാടും വീടും വിട്ട് വിദേശങ്ങളിലേക്കു കുടിയേറുന്നു, മയക്കുമരുന്നിനും മറ്റു ലഹരിവസ്തുക്കള്‍ക്കും അടിമകളാകുന്നു, പണത്തിനുവേണ്ടി കൊലപാതകത്തിനുപോലും മടിയില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു തുടങ്ങി ആരോപണങ്ങള്‍ പലതാണ്.
പഠനവും ജോലിയും തേടിയാണ് ബഹുഭൂരിപക്ഷം യുവതീയുവാക്കളും അന്യനാടുകളിലേക്കു ചേക്കേറുന്നത്. അവരെ അതിനു നിര്‍ബന്ധിതരാക്കുന്ന സാമൂഹികസാഹചര്യമാണ് ഇവിടെ നിലനില്ക്കുന്നതെന്ന വാദമാണ്  അതിനെ ന്യായീകരിക്കുന്നവര്‍ക്ക്  ഉന്നയിക്കുവാനുള്ളത്. അഴിമതി, കെടുകാര്യസ്ഥത, അക്രമരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇതില്‍ കുറച്ചു വാസ്തവമില്ലെന്നു പറഞ്ഞുകൂടാ. ജനങ്ങളെ നന്നാക്കാനെന്നപേരില്‍ ഉള്ള വിഷയംതന്നെ ഊതിവീര്‍പ്പിച്ച് എങ്ങനെ മനുഷ്യരുടെ സ്വസ്ഥത കെടുത്താമെന്നാണല്ലോ മാധ്യമങ്ങളുടെപോലും ആലോചന. അന്തിച്ചര്‍ച്ചയ്ക്കു കൊഴുപ്പുകൂട്ടാനായി തീരുമാനമാകാത്ത കാര്യങ്ങളും, വാസ്തവമെന്തന്നറിയാത്ത വാര്‍ത്തകളുമെടുത്തു വലിയ കോലാഹലമുണ്ടാക്കി വീട്ടില്‍ സമാധാനത്തോടെ കഴിയുന്നവരുടെ അത്താഴം മുടക്കുന്നു അവര്‍.
എവിടെയെങ്കിലും ഒരു അക്രമം നടന്നുവെന്നിരിക്കട്ടെ. ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നതെന്താണ്? രാവെളുക്കുവോളം  അതു പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ചെറിയ ഉന്തോ തള്ളോ ചവിട്ടോപോലും ചാനലുകാരുടെ നിക്ഷിപ്തതാത്പര്യമനുസരിച്ച് ക്ലോസപ്പിലാക്കി വൃത്തത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു കാണിക്കുന്നു. ഒരു സ്ഥലത്ത് ഒതുങ്ങിപ്പോകുമായിരുന്ന അക്രമത്തെ അവര്‍ ഇങ്ങനെ സംസ്ഥാനവ്യാപകമാക്കുന്നു. ഇതല്ലേ ഇവിടെ നടക്കുന്നത്?
ഇത്തരം ദൃശ്യങ്ങള്‍ കാഴ്ചക്കാരില്‍ സൃഷ്ടിക്കുന്ന അരക്ഷിതബോധം എത്രത്തോളമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അക്രമരാഷ്ട്രീയം അവസാനിപ്പിക്കാനെന്ന പേരില്‍ വിവിധ കക്ഷിനേതാക്കളെ വിളിച്ചിരുത്തി നടത്തുന്ന ചാനല്‍ചര്‍ച്ചകള്‍ക്കു മുമ്പിലും വിളമ്പിവയ്ക്കുന്നത് തൊട്ടുമുമ്പു നടന്ന കൊലപാതകത്തിന്റെയോ സംഘട്ടനത്തിന്റെയോ ദൃശ്യങ്ങളുടെ തനിയാവര്‍ത്തനമാണ്. അതിജീവിതകളുടെ മുഖംമറയ്ക്കുന്ന സാമാന്യബോധം ഈ വിഷയത്തില്‍ ആര്‍ക്കുമില്ല. ഇതിനു പിന്നാലെയാണ് ക്രൈംസ്റ്റോറികളുടെ വരവ്.
വാസ്തവം പറഞ്ഞാല്‍, വാര്‍ത്താചിത്രങ്ങള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കു നിലവിലുള്ള സ്വാതന്ത്ര്യം ഒരു പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ടതാണ്. സെക്‌സ്-ക്രൈംവിഷയങ്ങളിലുള്ള മനുഷ്യന്റെ നിഗൂഢതാത്പര്യങ്ങളെയാണ് മാധ്യമങ്ങള്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. 
ഇപ്പോള്‍ പൊതുവെ എല്ലാവരും വില്ലനായി ഉയര്‍ത്തിക്കാട്ടുന്നത് മൊബൈല്‍ഫോണിനെയാണ്. അതില്‍ ഒട്ടും കുറയാത്ത സ്ഥാനം മാധ്യമങ്ങള്‍ക്കുമുണ്ട്. സംശയമുണ്ടോ? മൗനത്തിന്റെ ഭാഷ എല്ലാവര്‍ക്കും ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്നു. വെല്ലുവിളികളുടെയും അവകാശവാദങ്ങളുടെയും - കാതടിപ്പിക്കുന്ന എന്നു പറയുന്നില്ല - ചെവിവേദനയെടുക്കുന്ന ശബ്ദങ്ങളാണു ചുറ്റിലും. ഒരു ശാന്തിദൂത്, സമാധാനഗീതം ഒരിടത്തുനിന്നും കേള്‍ക്കാനില്ല. ഇതു വല്ലാത്തൊരു അവസ്ഥയാണ്. നമ്മുടെയാളുകള്‍ കുറെ നാളത്തേക്കെങ്കിലും സംസാരിക്കാനല്ലാതെ ഫോണെടുക്കാതിരുന്നാല്‍, ടി.വി. ഓഫ് ചെയ്ത് പത്രവായനയിലൊതുങ്ങിയാല്‍ (പത്രക്കാരും മോശക്കാരല്ല കേട്ടോ.) വലിയ സമാധാനം ലഭിക്കുമെന്ന് ഇതെഴുതുന്നയാള്‍ വാക്കുതരുന്നു. ഇന്ന് ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാവുന്ന കാലമാണ്. ഈയിടെ സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു, മുമ്പു കക്കൂസിന്റെ ഭിത്തിയില്‍ അശ്ലീലമെഴുതി ലഭിച്ചിരുന്ന മനസ്സുഖമത്രേ ഫേസ്ബുക്കില്‍ തോന്ന്യാസമെഴുതി പോസ്റ്റിടുന്നവര്‍ നേടുന്നതെന്ന്. സത്യമല്ലേ? അല്ലെങ്കില്‍ത്തന്നെ ഇതിനെയൊക്കെ മാധ്യമലിസ്റ്റില്‍പ്പെടുത്തി സോഷ്യല്‍ മീഡിയാ എന്നു വിളിച്ചതാരാണ്? കഷ്ടമെന്നല്ലാതെ എന്തു പറയാന്‍!
ഈ അധമലോകത്തുനിന്നു രക്ഷപ്പെടാനാണ് ജീവിക്കാന്‍കൊതിയുള്ള ചെറുപ്പക്കാര്‍ മറുകര പൂകുന്നതെന്നു പറയാന്‍ വരട്ടെ. മൊബൈല്‍ വീട്ടില്‍ വച്ചിട്ടല്ലല്ലോ അവരും വെളിയിലേക്കു പോകുന്നത്. എങ്ങോട്ടു പോയാലും മുമ്പു പറഞ്ഞ ദൂഷിതവലയം യുവാക്കളെ പിന്തുടരുന്നുണ്ട്. നാട്ടിലാണു വിഹാരമെങ്കില്‍ നാട്ടാരുടെ അരക്കണ്ണെങ്കിലും അവന്റെമേലുണ്ട്. (പഴയതുപോലെ നല്ല നാട്ടുകാരെ ഇപ്പോള്‍ കിട്ടാനില്ല. അവരെ നയിക്കുന്നതും ഇന്നു മൊബൈലാണല്ലോ.) 
സ്ഥിതി ഇതാണെങ്കിലും നാടിന്റെയും വീടിന്റെയും നന്മ ആഗ്രഹിക്കുന്ന ചിലരുടെയെങ്കിലുമുള്ളിലെ ആശങ്ക അസ്ഥാനത്തല്ല. നമ്മുടെ യുവതീയുവാക്കന്മാര്‍ കൂട്ടത്തോടെ നാടുവിട്ടാല്‍ മാതാപിതാക്കളുടെ സ്ഥിതിയെന്താകും? കേരളം വൃദ്ധജനങ്ങളുടെ ഒരു കോളനിയായി മാറില്ലേ? വീടുകള്‍ അനാഥമന്ദിരങ്ങളാകില്ലേ? അനേകം ഉപചോദ്യങ്ങള്‍ ഇതിനു ബാക്കിയായി വേറേയുമുണ്ട്. എല്ലാം ന്യായമായ ചോദ്യങ്ങള്‍. ആരിതിനു മറുപടി പറയും? പരിഹാരമുണ്ടാക്കും? സര്‍ക്കാരും രാഷ്ട്രീയകക്ഷികളും മതനേതൃത്വങ്ങളും സാമൂഹികസംഘടനകളും ഗൗരവപൂര്‍വം ഇതേക്കുറിച്ചു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഡെന്നീസ് തോമസ്
കോതമംഗലം

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)