•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ദൈവം ചെരുപ്പുകടയില്‍

ഗരമധ്യത്തില്‍ നല്ല തിരക്കുള്ള സ്ട്രീറ്റിലെ  ഒരു ചെരിപ്പുകട. വൈവിധ്യമാര്‍ന്ന ചെരിപ്പുകളും ഷൂകളും പല അളവിലും തരത്തിലും നിറത്തിലും ഷോക്കേസുകളില്‍ നിറഞ്ഞിരിക്കുന്നു. അതിന്റെ ഭംഗിയാസ്വദിച്ചുകൊണ്ട് ഒരു സാധുബാലന്‍ കുറച്ചുനേരമായി ഫുട്പാത്തില്‍ നില്‍ക്കുന്നു. പത്തുവയസ്സു കാണും.
അല്പം കഴിഞ്ഞപ്പോള്‍ പ്രൗഢമായ വേഷത്തില്‍ കുലീനയായ ഒരു സ്ത്രീ ആ വഴി വന്നു. അവര്‍ ആ ബാലനെ നോക്കിയെങ്കിലും കടന്നുപോയി. ഫുട്പാത്തിലൂടെ ധാരാളം ജനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ട്. അപ്പോഴും ബാലന്‍ ഷോക്കേസില്‍തന്നെ കണ്ണും നട്ടു നില്‍ക്കുകയാണ്. അങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ടു സമയം കുറെയായി.
നേരത്തേ കടന്നുപോയ സ്ത്രീ അവരുടെ പര്‍ച്ചേസ് കഴിഞ്ഞ്  അരമണിക്കൂറിനുശേഷം തിരിച്ചുവരുമ്പോഴും ആ ബാലന്‍ അവിടെത്തന്നെ നില്‍ക്കുന്നു. അവനെ സമീപിച്ച് അവര്‍ കൗതുകത്തോടെ ചോദിച്ചു:
''മോനെന്താ ഇവിടെ നില്‍ക്കുന്നത്? നേരത്തേ ഞാന്‍ ഇതിലേ കടന്നുപോയപ്പോഴും നീ ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നല്ലോ എന്താ കാര്യം?''
''ഞാന്‍ ദൈവത്തോട് എനിക്കു ഷൂ തരണേ എന്നു പ്രാര്‍ത്ഥിക്കുകയായിരുന്നു.''
വിചിത്രമായ ആ പറച്ചില്‍കേട്ട് അവര്‍ അദ്ഭുതപ്പെട്ടു. 
''നീ പ്രാര്‍ത്ഥിക്കുകയായിരുന്നോ? ഷൂ കിട്ടാനോ?''
''അതേ. എന്റെ അമ്മ പറഞ്ഞിട്ടുണ്ട്, അത്യാവശ്യമുള്ള എന്തു ചോദിച്ചാലും നല്ലവനായ ദൈവം തരുമെന്ന്.''
അപ്പോഴാണ് അവര്‍ ആ പയ്യന്റെ കാലുകളിലേക്കു നോക്കിയത്. ആ കാലുകളില്‍ ചെരുപ്പില്ല. ആ സ്ത്രീക്കു ബാലനോട്  അനുകമ്പ തോന്നി.
''ഏതു ഷൂവാണ് മോനു വേണ്ടത്? മോന്‍ വാ!''
അവനെയുംകൂട്ടി അവര്‍ കടയിലേക്കു കയറി. സെയില്‍സ്മാനോട് ഈ കുട്ടിക്ക് ഒരു ജോടി ഷൂ വേണമെന്ന് ആവശ്യപ്പെട്ടു. ബാലന്‍ ചൂണ്ടിക്കാണിച്ച മനോഹരമായ ഷൂകള്‍ സെയില്‍സുമാന്‍ ബാലന്റെ പാദങ്ങള്‍ക്ക് ഇണങ്ങുംവിധം ഇട്ടുകൊടുത്തു. നടന്നുനോക്കാന്‍ പറഞ്ഞു. അവന്‍ അങ്ങുമിങ്ങും നടന്നു നോക്കി. നല്ല സുഖം. എന്തെന്നില്ലാത്ത സന്തോഷം ആ മുഖത്തു പൊട്ടിവിരിഞ്ഞു. 
''മോന് ഇഷ്ടമായോ?''
''ഉവ്വ്. ഒരുപാട് ഇഷ്ടമായി.'' നിറഞ്ഞ സംതൃപ്തിയോടെ അവന്‍ മറുപടി പറഞ്ഞു. സ്ത്രീ സെയില്‍സ്മാനോടു പറഞ്ഞു: ''ഇതിന്റെ ബില്ലിട്ടോളൂ.''
ബാലന്‍ അതിശയത്തോടെ ആ സ്ത്രീയെ ഉറ്റുനോക്കി. അവന്റെ പുറത്തുതട്ടി പുഞ്ചിരിയോടെ ആ നല്ല സ്ത്രീ പോകാനായി തുനിഞ്ഞപ്പോള്‍,  അവരുടെ കൈയിന്മേല്‍ പിടിച്ചു നിഷ്‌കളങ്കനായ ആ ബാലന്‍ ചോദിച്ചു:
''ആന്റീ!''
''എന്താ മോനെ?''
''ആന്റി... ദൈവത്തിന്റെ ആരാ?''
ബാലന്റെ ചോദ്യം കേട്ട് ആ സ്ത്രീ വികാരാധീനയായി. ആ നയനങ്ങള്‍ നിറഞ്ഞുതുളുമ്പി. മറുപടിയായി ഒന്നും മിണ്ടാതെ, മിണ്ടാനാവാതെ അവന്റെ തലയില്‍ വാത്സല്യപൂര്‍വം തലോടിയശേഷം ഇറങ്ങിപ്പോയി. 
അന്ന് ആ സ്ത്രീ തന്റെ വീട്ടിലെത്തിയതു ദൈവാനുഗ്രഹം വാരിനിറച്ച ഹൃദയവുമായിട്ടാണ്. ഷോപ്പിങ് കഴിഞ്ഞു തിരിച്ചുചെന്നപ്പോള്‍ തന്റെ മക്കളോട് ആ  സ്ത്രീ നടന്ന സംഭവം വിവരിച്ചു: ''ഒട്ടൂം പ്രതീക്ഷിക്കാതെ ആ പാവം പയ്യന് ഷൂ കിട്ടിയപ്പോള്‍ അവന്റെ മുഖത്തെ സന്തോഷം ഒന്നു കാണണം.'' 
അമ്മയുടെ സല്‍പ്രവൃത്തി സ്വന്തം മക്കളെയും സന്തോഷിപ്പിച്ചു. ഉള്ളവന്‍ ഇല്ലാത്തവനെ കൈയയച്ചു സഹായിക്കണമെന്നും സമ്പത്ത് ഉദാരമനസ്സോടെ പങ്കുവച്ചു ജീവിക്കണമെന്നുമുള്ള മഹത്തായ പാഠം ആ നല്ല അമ്മ സ്വന്തം മക്കളെ പരോക്ഷമായി പഠിപ്പിക്കുകയായിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)