•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

സമാധാനത്തിനും ജനാധിപത്യത്തിനുംവേണ്ടി

മാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ബെലാറസിലെ മനുഷ്യാവകാശപ്രവര്‍ത്തകന്‍ അലസ് ബിയാലിയാറ്റ്‌സ്‌കിക്കും റഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ''മെമ്മോറിയല്‍'', ഉക്രൈനിലെ ''സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്'' എന്നീ മനുഷ്യാവകാശസംഘടനകള്‍ക്കുമാണ്.
നൊബേല്‍ സമ്മാനത്തിന്റെ ഉപജ്ഞാതാവായ ആല്‍ഫ്രഡ് നൊബേലിന്റെ പേരില്‍ നല്‍കുന്ന അഞ്ചു നൊബേല്‍ സമ്മാനങ്ങളിലൊന്നാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എന്ന പേരില്‍ അറിയപ്പെടുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുക, ലോകമെങ്ങും സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുകയെന്നതാണ് ഈ പുരസ്‌കാരത്തിന്റെ അന്തസ്സത്ത. പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെടുന്നവരുടെ സാമൂഹികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇതു നല്‍കുന്നത്.
ബലാറസിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനാണ് അലെസ് ബിയാലിയാറ്റ്സ്‌കി. ജനാധിപത്യത്തിനും സമാധാനപരമായ വികസനത്തിനുംവേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹം. ബെലാറസുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി 'വിയാസ്ന' എന്ന സംഘടന അദ്ദേഹം സ്ഥാപിച്ചു. ബലാറസ് സര്‍ക്കാരിനും പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയ്ക്കും എതിരേ നടന്ന പ്രക്ഷോഭങ്ങളുടെ ചുക്കാന്‍ പിടിച്ചതോടെ അലെസിനെതിരേ ഭരണകൂടം തിരിഞ്ഞു. അവര്‍ അദ്ദേഹത്തെ ജയിലിലടച്ചു. മുമ്പും ജനാധിപത്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിലായിട്ടും തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ അലെസ് ബിയാലിയാറ്റ്‌സ്‌കി ജീവിക്കുന്നു.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ റഷ്യയില്‍ സ്ഥാപിക്കപ്പെട്ട മനുഷ്യാവകാശസംഘടനയാണ് മെമ്മോറിയല്‍. റഷ്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശസംഘടനയാണിത്. സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിലെ ഇരകളെക്കുറിച്ചും റഷ്യയിലെ രാഷ്ട്രീയ അടിച്ചമര്‍ത്തലുകളെക്കുറിച്ചും മനുഷ്യാവകാശധ്വംസനത്തെക്കുറിച്ചുമൊക്കെ വിവരങ്ങള്‍ സമാഹരിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത മെമ്മോറിയല്‍, റഷ്യന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടാണെങ്കിലും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി  പോരാടിക്കൊണ്ടേയിരിക്കുന്നു.
യുക്രെയ്‌നിലെ കീവില്‍ പതിന്നാലു വര്‍ഷംമുമ്പാണ് സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് സ്ഥാപിക്കപ്പെട്ടത്. മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കും ജനാധിപത്യസംരക്ഷണത്തിനുംവേണ്ടിയാണ്സംഘടന പ്രവര്‍ത്തിച്ചത്. ഉക്രെയ്‌നെ സമ്പൂര്‍ണ ജനാധിപത്യരാജ്യമാക്കാന്‍ അധികാരികളില്‍ സംഘടന നിരന്തരം സമ്മര്‍ദം ചെലുത്തി. യുക്രെയ്‌നില്‍ റഷ്യ നടത്തിയ സൈനിക അടിച്ചമര്‍ത്തലും യുക്രെയ്‌യന്‍ ജനതയ്‌ക്കെതിരായ റഷ്യന്‍ സൈന്യത്തിന്റെ മനുഷ്യാവകാശലംഘനങ്ങളുടെ വിവരങ്ങളുമൊക്കെ സംഘടന നിര്‍ഭയമായി ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി.
പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചശേഷം നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി പുരസ്‌കാരം അര്‍ഹിച്ച കൈകളിലാണ് എത്തിയിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് അവരുടെ അഭിപ്രായം വ്യക്തമാക്കി.  ''സമാധാനസമ്മാനജേതാക്കള്‍ അവരുടെ രാജ്യങ്ങളിലെ പൗരസമൂഹത്തെ പ്രതിനിധീകരിക്കുന്നു. അധികാരത്തെ വിമര്‍ശിക്കാനും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള അവകാശം അവര്‍ വര്‍ഷങ്ങളോളം പ്രോത്സാഹിപ്പിക്കുന്നു. യുദ്ധക്കുറ്റങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍, ദുരുപയോഗം എന്നിവ രേഖപ്പെടുത്താന്‍ അവര്‍ മികച്ച ശ്രമം നടത്തി. അവര്‍ ഒരുമിച്ച് സമാധാനത്തിനും ജനാധിപത്യത്തിനുംവേണ്ടിയുള്ള സമൂഹത്തിന്റെ പ്രാധാന്യം തെളിയിക്കുന്നു.''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)