ഭരണങ്ങാനത്തു മുളച്ചുപൊന്തി, ദേശദേശാന്തരങ്ങളില്‍ ശാഖകള്‍ വീശി, പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന അന്തര്‍ദേശീയ അല്മായസംഘടനയായ ചെറുപുഷ്പമിഷന്‍ലീഗ് സ്ഥാപിതമായിട്ട് 75 വര്‍ഷം പൂര്‍ത്തിയാവുന്നു. ലെയോ 13-ാം മാര്‍പാപ്പായുടെ ''ഭാരതമേ, നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍'' എന്ന വാചകം ആദര്ശവാക്യമായി സ്വീകരിച്ച് ബഹു. ജോസഫ് മാലിപ്പറമ്പിലച്ചന്റെയും ശ്രീ. പി.സി. അബ്രാഹം പല്ലാട്ടുകുന്നേലിന്റെയും നേതൃത്വത്തില്‍ 1947 ഒക്ടോബര്‍ മൂന്നിന് സംഘടനയ്ക്ക് ആരംഭം കുറിച്ചു. കത്തോലിക്കാസഭയിലെ ഏറ്റവും വലിയ അല്മായ പ്രേഷിതസംഘടന, ഏറ്റവും കൂടുതല്‍ ദൈവവിളികള്‍ സഭയ്ക്കു സംഭാവന ചെയ്ത സംഘടന എന്നിങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ്. മിഷനെ സഹായിക്കുക, മിഷനറിയാകുക എന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ആഹ്വാനവും ആഗ്രഹവുമാണ് സംഘടന സ്ഥാപിക്കുന്നതിനു സ്ഥാപകനേതാക്കള്‍ക്കു പ്രചോദനമായത്.
ചെറുപുഷ്പമിഷന്‍ലീഗിന്റെ ആരംഭത്തെക്കുറിച്ച് ബഹു. മാലിപ്പറമ്പിലച്ചന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ഞാന്‍ ഭരണങ്ങാനം പള്ളിയില്‍ രണ്ടാം പ്രാവശ്യം അസിസ്റ്റന്റ് വികാരിയായി ചാര്‍ജെടുത്ത നാളുകളില്‍ ഒരു ദിവസം പല്ലാട്ടുകുന്നേല്‍ അവിരാച്ചന് എന്റെ മുറിയില്‍ കയറിവന്നു. നേരത്തേ പരിചയമുണ്ടായിരുന്ന ഞങ്ങള്‍ പരിചയം പുതുക്കി. ഒത്തിരി കുശലം പറഞ്ഞു. അതിനിടയില്‍ അവിരാച്ചന് പറഞ്ഞു: 'അച്ചാ, നമുക്ക് ഒരു സംഘടന തുടങ്ങാം; മിഷനെ സഹായിക്കാന്‍.' അവിരാച്ചന് ഇങ്ങനെ പറഞ്ഞപ്പോള്‍ എന്നില്‍ ഉറങ്ങിക്കിടന്ന മിഷന് ആശയം ഉണര്‍ന്നു. പിന്നീട് ഞങ്ങള്‍ പല പ്രാവശ്യം ഇക്കാര്യത്തെക്കുറിച്ചു സംസാരിച്ചു. അന്ന് അതിരമ്പുഴ ഇടവകയില്‍ ഒരു മിഷന്‍സംഘം വേദപ്രചാരസംഘം എന്ന പേരിലുണ്ടായിരുന്നു. അതിന്റെ ഒരു ശാഖ ഭരണങ്ങാനത്തു തുടങ്ങാമെന്നു കരുതി ഞാന്‍ അതിരമ്പുഴയില്ച്ചെന്ന് ആ സംഘത്തെക്കുറിച്ചു മനസ്സിലാക്കി. പക്ഷേ, അതിന്റെ പ്രവര്‍ത്തനം വളരെ പരിമിതമാണെന്നു മനസ്സിലായി. ഞങ്ങള്‍ ഭരണങ്ങാനത്തു സ്ഥാപിക്കുന്ന സംഘടനയ്ക്കു പ്രാര്‍ത്ഥന മാത്രമല്ല, ധാരാളം പ്രവര്‍ത്തനങ്ങളും വേണമെന്ന് അഭിപ്രായമുണ്ടായിരുന്നതിനാല് അതിരമ്പുഴ സംഘത്തില്‍നിന്നു വ്യത്യസ്തമായ ഒരു സംഘടനയ്ക്കു ഞങ്ങള്‍ പ്ലാനിട്ടു. ഏഴുപേര്‍ ചേരുന്ന ഒരു യൂണിറ്റ് എന്ന ആശയം ഞങ്ങള്‍ സ്വീകരിച്ചു. മറ്റ് അഞ്ചു യുവാക്കളെക്കൂടി ചേര്‍ത്ത് ഞങ്ങള്‍ ആദ്യ യൂണിറ്റ് ഭരണങ്ങാനം ഇടവകയില്‍ ആരംഭിച്ചു. ഒരാഴ്ചയ്ക്കകം ഈ ചെറുസംഘത്തെ അവിടുത്തെ ആളുകള്‍ 'മിഷന്‍കാര്‍' എന്നു വിളിച്ചുതുടങ്ങി. ഇവിടെത്തുടങ്ങുന്നു ചെറുപുഷ്പമിഷന്‍ലീഗിന്റെ പ്രയാണം.''
ചെറുപുഷ്പ മിഷന്‍ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ് പ്രേഷിതപ്രവര്‍ത്തനം. മിഷന്‍ലീഗിന്റെ മിഷന്പ്രബുദ്ധത ഏറ്റവുമധികം പ്രകടമായത് അംഗങ്ങളുടെ ഊര്‍ജ്വസ്വലവും ഉദാത്തവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മിഷനെ സഹായിക്കാന്‍ മാസപ്പിരിവും കാര്ഷികപ്പിരിവുമായി അംഗങ്ങള്‍ മുന്നിട്ടിറങ്ങി. മിഷന്‍ലീഗ് ബാഡ്ജ് ധരിച്ച് ഇടവഴികളും കുന്നും മലയുമൊക്കെ താണ്ടി മുദ്രാവാക്യങ്ങള്‍ വിളിച്ച് വീടുകള്‍ തോറും കയറിയിറങ്ങി സംഭാവനകള്‍ സ്വീകരിക്കുന്ന അവരെ തളര്‍ത്താന്‍ വെയിലിന്റെ ചൂടിനോ വിശപ്പിനോ ക്ഷീണത്തിനോ ഒന്നും സാധിക്കില്ല. മിഷന്‍ലീഗ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു പ്രധാന ഘടകമാണ് പ്രാര്‍ത്ഥന. അനുദിനപ്രാര്ത്ഥനയും മാനുവല്‍ ബുക്കിലെ സുകൃതങ്ങളും അവര്‍ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി കാഴ്ചവയ്ക്കുന്നു.
സംഘടനയുടെ മറ്റൊരു പ്രധാനലക്ഷ്യമാണ് ദൈവവിളി പ്രോത്സാഹനം. മിഷന്‍ലീഗില്‍ പ്രവര്‍ത്തിച്ച് തങ്ങളുടെ സമര്‍പ്പിത ദൈവവിളി തിരിച്ചറിഞ്ഞ അനേകം വൈദികരും സന്ന്യാസിനികളും വിദൂരനാടുകളില്പോലും ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നു. 75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 50000 സമര്‍പ്പിതരെ സഭയ്ക്കു സംഭാവന ചെയ്യുവാന്‍ മിഷന്‍ലീഗ് സംഘടനയ്ക്കു സാധിച്ചു. അതില്‍ 55 പേര് വൈദികമേലധ്യക്ഷന്മാരാണ് എന്നത് മിഷന്‍ലീഗ് ദൈവവിളിയുടെ വിളനിലമായി നിലകൊള്ളുന്നതിന്റെ നേര്‍സാക്ഷ്യമാണ്. ഇതുകൊണ്ടു തന്നെയായിരിക്കണം 1967 ല്‍ ആറാം പൗലോസ് മാര്‍പാപ്പാ മിഷന്ലീഗിനയച്ച സന്ദേശത്തില്‍, 'ഇത്ര ചുരുങ്ങിയകാലംകൊണ്ട് ഇത്രയധികം സമര്‍പ്പിതരെ സഭയ്ക്കു നല്കിയ മറ്റൊരു സംഘടനയില്ലെന്നു പ്രസ്താവിക്കാന്‍ സന്തോഷമുണ്ട്' എന്നു പറഞ്ഞത്. ജൂബിലിവര്ഷത്തില് നല്ല ദൈവവിളികളെ തിരിച്ചറിയാനും കണ്ടെത്താനും മിഷന്‍ലീഗിനു സാധിക്കണം.
മിഷന്‍ലീഗിന്റെ മൂന്നാമതു ലക്ഷ്യമായ വ്യക്തിത്വവികസനവും സംഘടനാപ്രവര്‍ത്തനത്തിലൂടെ അംഗങ്ങള്‍ക്കു സാധ്യമാകുന്നു. ഏഴുപേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് സംഘടനയുടെ അടിസ്ഥാനഘടകം. അവര്‍ ഒരുമിച്ചുകൂടി നടത്തുന്ന മാനുവല്‍ ബുക്ക് പൂരിപ്പിക്കല്‍ അതിലളിതവും എന്നാല്‍, അതിപ്രധാനവുമായ ഒരു പ്രവര്‍ത്തനമാണ്. പ്രാര്ത്ഥനാശീലങ്ങളും കാരുണ്യപ്രവൃത്തികളും സുകൃതജീവിതശൈലിയും അംഗങ്ങളില്‍ വളര്‍ത്താന്‍ ഇതിലൂടെ സാധിക്കുന്നു. ജീവിതത്തിലുടനീളം പ്രേഷിതചൈതന്യവും സഭാസ്നേഹവും വളര്‍ത്തി ഉത്തമവ്യക്തികളായി വളരാന്‍ പ്രേരണയും പ്രചോദനവും നല്‍കുന്നതാണ് ചെറുപുഷ്പമിഷന്‍ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍.
പ്ലാറ്റിനം ജൂബിലി നിറവിലായിരിക്കുന്ന ചെറുപുഷ്പമിഷന്ലീഗിന് സഭാതലത്തില്‍ വളരെയേറെ അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും ലഭിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 1953 ല്‍ പൊന്തിഫിക്കല്‍ വേദപ്രചാരസംഘത്തിനുള്ള എല്ലാ ആനുകൂല്യങ്ങളും പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ മിഷന്‍ലീഗിനു കല്പിച്ചനുവദിച്ചത്.
വിശുദ്ധ കൊച്ചുത്രേസ്യായെ സ്വര്‍ഗീയമധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന സംഘടന വി. തോമാശ്ലീഹ, വി. ഫ്രാന്‍സീസ് സേവ്യര്‍, വി. അല്‍ഫോന്‍സാമ്മ എന്നിവരെ ഉപമധ്യസ്ഥരായും സ്വീകരിക്കുന്നു. സ്നേഹം, ത്യാഗം, സേവനം, സഹനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ശാഖാതലംമുതല് അന്തര്ദേശീയതലംവരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയിലെ അംഗങ്ങള്‍ക്ക് പ്രായപരിധിയില്ല. ഒരിക്കല്‍ മിഷന് ലീഗില്‍ അംഗമാകുന്ന ഒരാള്‍ക്ക് ഏതു സാഹചര്യത്തിലും ഏതു കര്‍മമേഖലയിലും മിഷന്‍ലീഗ് അംഗമായി തുടരാന്‍ സാധിക്കും. ചെറുപുഷ്പ മിഷന്‍ലീഗിന്റെ സംഗമങ്ങളില്‍ ആബാലവൃദ്ധം വരുന്ന സദസ്സുകള്‍ ഇന്നും കാണുന്നതിനുള്ള കാരണവും ഇതുതന്നെ. തലമുറകളുടെ കൂടിച്ചേരലും സംഘാതമായ പ്രവര്‍ത്തനങ്ങളും മിഷന്‍ലീഗിനു മാത്രം അവകാശപ്പെടാവുന്ന തനിമയാണ്.
(ലേഖകന്‍ ചെറുപുഷ്പമിഷന്‍ലീഗ് ദേശീയ പ്രസിഡന്റാണ്.)