•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

രുചിവൈവിധ്യങ്ങളുടെ പറുദീസ തേടി കേരളത്തില്‍ ഫുഡ് ടൂറിസം വളരുന്നു

യാത്രകളുടെ ലഹരികള്‍ കാഴ്ചകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. അതതു ദേശത്തിന്റെ സാംസ്‌കാരികപാരമ്പര്യവും ചരിത്രവും ഒപ്പം രുചിഭേദങ്ങളും അറിയാന്‍ കൂടിയാണ്. ഇന്ന് വ്യത്യസ്ത രുചികള്‍ തേടി യാത്രകള്‍ ചെയ്യുന്നുണ്ട് നമ്മള്‍. വിവിധനാടുകളിലെ രുചിക്കൂട്ടുകള്‍ നമ്മുടെ മുന്നില്‍ കൈയെത്തും അകലത്തിലുണ്ട്. പൊതുവെ നമ്മള്‍ മലയാളികളുടെ ഭക്ഷ്യസംസ്‌കാരം ഏറെ പ്രസിദ്ധമാണല്ലോ. വൈവിധ്യങ്ങള്‍ നിറഞ്ഞൊരു ഭക്ഷണസംസ്‌കാരംതന്നെ കേരളീയര്‍ക്കുണ്ട്.

ഓരോ ജില്ലയായി തരംതിരിച്ചുനോക്കിയാല്‍ ഓരോതരം ഭക്ഷണരീതികളുണ്ട്. പ്രാദേശികമായി നോക്കിയാല്‍ സസ്യഭക്ഷണവും സസ്യേതരഭക്ഷണവുമുണ്ട്. നമ്മുടെ വിഭവങ്ങളില്‍ പ്രസിദ്ധമായത് സദ്യയാണ്.
കേരളീയസദ്യ വിദേശസഞ്ചാരികള്‍ക്ക് ഏറെ പ്രിയമാണ്. നിറയെ കറികളൊരുക്കി വാഴയിലയില്‍  ഊണു കഴിക്കുന്ന സദ്യ ഒരുപക്ഷേ, കേരളീയര്‍ക്കു മാത്രം സ്വന്തമാണ്. കാസര്‍കോടുമുതല്‍  തിരുവനന്തപുരംവരെ  സസ്യവിഭവങ്ങളിലും സസ്യേതരവിഭവങ്ങളിലും  ഒരുപാടു മാറ്റങ്ങളുണ്ട്. ഉണ്ടാക്കുന്ന രീതികളിലും ചേരുവകളിലും വ്യത്യാസമുണ്ട്.
മലബാര്‍ഭാഗത്ത് ഏറെ പ്രസിദ്ധമാണ് തലശ്ശേരി  ബിരിയാണി. കേരളത്തില്‍ അങ്ങോളമിങ്ങോളം മലബാര്‍  എന്ന പേരില്‍ത്തന്നെ ഹോട്ടലുകളുണ്ട്. മലബാര്‍ രുചി അല്ലെങ്കില്‍ക്കൂടി ബിരിയാണിയുടെ പേര് മലബാറിനു സ്വന്തം.
എവിടെ മലയാളിയുണ്ടോ അവിടെയൊരു ചായക്കടയുണ്ടാകും എന്നൊരു ചൊല്ലുണ്ട് നാട്ടില്‍. കേരളീയരുടെ  ദിവസം  തുടങ്ങുന്നതുതന്നെ  ചായയില്‍നിന്നാണ്. പുതുരുചികള്‍  തേടി പോകുന്നിടങ്ങളിലും വ്യത്യസ്തങ്ങളായ  ചായക്കടകളും ചായയും ലഭ്യമാണ്. ചായക്കടകളുടെ  പരിഷ്‌കരിച്ച പതിപ്പുകളായി ഇപ്പോള്‍ തട്ടുകടകള്‍ മാറിയിരിക്കുന്നു. ധാരാളം വന്‍കിടഹോട്ടലുകളെക്കാന്‍ ആളുകള്‍  പുതുരുചികള്‍ക്കായി തട്ടുകടകളെ തേടിപ്പോകാന്‍ തുടങ്ങിക്കഴിഞ്ഞു.
അന്യസംസ്ഥാനത്തൊഴിലാളികളുടെ വരവോടെയാണ് കൂടുതലും നോര്‍ത്ത് ഇന്ത്യന്‍ രുചിക്കൂട്ടുകളുടെ തട്ടുകടകള്‍ വഴിയോരങ്ങളില്‍ കാണാന്‍ തുടങ്ങിയത്. പാനിപ്പൂരി, ഭേല്‍പൂരി, കാളന്‍ എന്നീ രുചികള്‍ കേരളീയരുടെ മുന്നിലെത്തിയത് കൂടുതലും അവരുടെ വരവോടെയാണ്. സമ്മിശ്രമായൊരു രുചിക്കാഴ്ച നമ്മുടെ നാട്ടിലിന്നു കാണാന്‍ കഴിയുന്നുണ്ട്. ഫുഡ് ടൂറിസത്തിന്റെ വളര്‍ച്ചയാണിതു സൂചിപ്പിക്കുന്നത്.
അറേബ്യന്‍രുചികള്‍ തേടി നമ്മളിനി ഗള്‍ഫ് നാടുകളില്‍ അലയേണ്ട കാര്യമില്ല. നിരവധി ഹോട്ടലുകള്‍ നമ്മുടെ കേരളത്തില്‍ വന്നുകഴിഞ്ഞു. ഏറെ വിവാദമുണ്ടാക്കാറുള്ള ഒരു അറേബ്യന്‍ ഭക്ഷണമാണ് ഷവര്‍മ. ചുരുങ്ങിയ  കാലം കൊണ്ടുതന്നെ  കേരളീയരുടെ  ഇഷ്ടഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ഷവര്‍മ കയറിക്കഴിഞ്ഞു. അല്‍ഫം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ രുചികള്‍  തേടിമാത്രം  യാത്രപുറപ്പെടുന്നവരുണ്ട്. 
തമിഴ്‌സംസ്‌കാരം അന്തിയുറങ്ങുന്ന പാലക്കാടന്‍പെരുമ ലോകമൊട്ടാകെ കേള്‍പ്പിച്ച ഒരു വിഭവമാണ്  രാമശ്ശേരി ഇഡ്ഡലി. വിദേശികള്‍ ഉള്‍പ്പെടെ അനേകം  യാത്രികര്‍ എത്തിപ്പെടുന്ന ഒരു കൊച്ചുഗ്രാമമാണ് പാലക്കാട്ടെ രാമശ്ശേരി എന്ന  സ്ഥലം. വിറകടുപ്പില്‍  മണ്‍ചട്ടിയിലാണ് ഇഡ്ഡലി ഉണ്ടാക്കിയെടുക്കുന്നത്. കോപ്പി ചെയ്യാന്‍ പറ്റാത്തൊരു ചേരുവയാണ് രാമശ്ശേരി ഇഡ്ഡലിയുടേത്.
കുട്ടനാടന്‍  കാഴ്ചകള്‍  തേടിപ്പോകുന്നവരെ  ആകര്‍ഷിക്കുന്ന മുഖ്യമായ കാര്യം കടല്‍വിഭവങ്ങളാണ്. കായലിലൂടെ ഒരു ബോട്ടിങ്ങും മീന്‍രുചികളുമാണ് കുട്ടനാടന്‍ ടൂറിസത്തില്‍ പ്രധാനം. കേരളത്തിന്റെ മത്സ്യസമ്പത്ത് ലോകപ്രസിദ്ധമാണ്. ഇന്ത്യയില്‍ മറ്റേതൊരു സംസ്ഥാനത്തെയുംകാള്‍ കൂടുതലായി മത്സ്യവിഭവങ്ങളുള്ളത് കേരളീയര്‍ക്കാണ്.
കപ്പയും  മീന്‍കറിയും നമ്മുടെ സാധാരണ  ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, ഇന്നു കാണുന്ന പല തട്ടുകടകളിലെയും പ്രധാനഭക്ഷണയിനങ്ങളായി ഇവ മാറിയിരിക്കുന്നു.  
ആളുകള്‍ പഴമകള്‍  തേടി പോകാന്‍ തുടങ്ങിക്കഴിഞ്ഞു. സംസ്‌കാരമാണെങ്കിലും, രുചിയാണെങ്കിലും പഴമയെ  ഇഷ്ടപ്പെട്ടുതുടങ്ങി. അങ്ങനെയാണ് വില്ലേജ് ഫുഡ് എന്നൊരു ഐക്കണ്‍തന്നെ ടൂറിസത്തിന്റെ  ഭാഗമായത്. പണ്ടത്തെപ്പോലെ പിഞ്ഞാണങ്ങളും മണ്‍ചട്ടികളും  നമ്മുടെ ഡൈനിങ് ടേബിളില്‍ നിറഞ്ഞുതുടങ്ങി.
കഞ്ഞിയും പുഴുക്കും, അതും കലത്തില്‍ കഴിക്കാന്‍  ഇഷ്ടപ്പെടുന്ന ഭക്ഷണപ്രേമികള്‍ക്കായി നിരവധി  ഹോട്ടലുകള്‍ നമ്മുടെ നാട്ടിലിന്നുണ്ട്. ഇത്തരം കടകളുടെ പേരുകളും പഴമയെ വിളിച്ചോതുന്നവയാണ്.  രുചികള്‍ ദിനംതോറും പുതുമയോടെ വ്യത്യസ്തമായി വരുന്നുണ്ട്. സഞ്ചാരികളുടെ പറുദീസകള്‍ ഹോട്ടലുകളാണോയെന്നു തോന്നിപ്പോകുന്നത്ര തിരക്ക് അവധിദിവസങ്ങളില്‍  നമുക്കു കാണാന്‍ കഴിയും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)