""The man who would be a trump'' ബോള്‍സനാരോയെക്കുറിച്ച് ദി ഇക്കണോമിസ്റ്റ് വാരിക പറഞ്ഞ വാക്കുകളാണിത്. ജനാധിപത്യം എന്താണെന്നറിയാത്ത സ്വേച്ഛാധിപത്യ സ്വപ്നങ്ങളുള്ള കടുത്ത വലതുപക്ഷ നേതാവാണ് ബോള്‍സനാരോ. പട്ടാള ഏകാധിപത്യവും ജനാധിപത്യവും കൂടിക്കലര്‍ന്നതാണ് ബ്രസീലിയന്‍രാഷ്ട്രിയം. സമകാലിക ബ്രസീലിയന്‍ഭരണകൂടം പേരില്‍ ജനാധിപത്യവും പ്രവൃത്തിപഥത്തില്‍ സൈനികസ്വഭാവവും നിലനിറുത്തുന്നു. ഏതൊരു ഭരണാധികാരിയും വര്‍ഷങ്ങള്‍ നീണ്ട അധികാരത്തിന്റെ പിന്‍ബലത്തില്‍ മാത്രമേ ഏകാധിപത്യസ്വഭാവം പ്രകടിപ്പിക്കുകയുള്ളൂ. എന്നാല്‍, ബോള്‍സനാരോ ഭരണത്തില്‍ കയറിയതുമുതല്‍ സ്വേച്ഛാധിപതിയാണ്. ബ്രസീലിനെ ജനാധിപത്യത്തിലേക്കു നയിച്ച ലുലയുടെ തിരിച്ചുവരവ് ബോള്‍സനാരോയെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ പ്രഹരമാണ്.
കാര്യക്ഷമമായ ഭരണനേതൃത്വം ഇല്ലാതിരുന്ന ബ്രസീല്‍ 1970 ഓടെ സൈനികഭരണത്തിലേക്കു നീങ്ങി. ഏകദേശം പതിനഞ്ചുവര്‍ഷത്തോളം അതു തുടര്‍ന്നു. ഈ കാലയളവിലാണ് ലൂയിസ് ഇനാസീയോ ലുല ഡാ സില്‍വ ബ്രസീലിയന്‍രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. രാജ്യത്തെ അരക്ഷിതാവസ്ഥമൂലം ലുലയ്ക്ക് വേണ്ടവിധത്തിലുള്ള വിദ്യാഭ്യാസം ലഭിച്ചില്ല. നാട്ടില്‍ കിട്ടിയിരുന്ന ചെറിയ ജോലികള്‍ മാത്രമായിരുന്നു ഉപജീവനമാര്‍ഗം. ഈ കാലയളവില്‍ ലുല യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1975 ല്‍ രണ്ടു നഗരങ്ങളിലെ യൂണിയന്‍ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം ബ്രസീല്‍, പട്ടാളഭരണത്തിന്‍കീഴിലായിക്കഴിഞ്ഞിരുന്നു. യൂണിയന്റെ നേതൃത്വത്തില്‍ ലുല സമരങ്ങള്‍ സംഘടിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിനു ജയില്‍വാസം അനുഭവിക്കേണ്ടതായിവന്നു. ശക്തമായ പ്രതിഷേധങ്ങള്‍ സൈനികഭരണത്തിനെതിരേ ലുല തുടര്‍ന്നു. 1980 ല്‍ അദ്ദേഹം കടുത്ത വലതുപക്ഷചായ്‌വുള്ള വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാപിച്ചു. 1984 ല്‍ ലുലയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും DIRTES JA എന്ന ഇലക്ഷന്‍ ക്യാമ്പെയ്‌നില്‍ പങ്കുചേര്‍ന്നു. ബ്രസീല്‍ പ്രസിഡന്റിനെ നേരിട്ടു തിരഞ്ഞെടുക്കുക എന്നതായിരുന്നു ക്യാമ്പെയ്‌ന്റെ ആവശ്യം. രാജ്യത്ത് ജനാധിപത്യം പുലര്‍ന്നെങ്കിലും ലുല ഭരണത്തില്‍ എത്തിയില്ല. പിന്നീട് 2003 ലാണ് ലുല ബ്രസീലിയന്‍പ്രസിഡന്റാകുന്നത്. അപ്പോഴേക്കും രാജ്യത്തെ സാമ്പത്തികനില വളരെയേറെ മോശമായിക്കഴിഞ്ഞിരുന്നു. 2003 മുതല്‍ എട്ടുവര്‍ഷംകൊണ്ട് രാജ്യത്തെ സാമ്പത്തികമേഖല ലുല ഉയര്‍ത്തിക്കൊണ്ടു വന്നു. ഈ കാലയളവില്‍ സാവധാനമെങ്കിലും ബ്രസീലിയന്‍ജനതയുടെ വലിയൊരു വിഭാഗത്തെ മധ്യവര്‍ഗത്തിലേക്കെത്തിക്കാന്‍ ഗവണ്മെന്റിനു കഴിഞ്ഞു. ചൈനയ്ക്കു വേണ്ട അസംസ്‌കൃതവസ്തുക്കള്‍ കയറ്റിയയയ്ക്കുന്നതിലൂടെയാണ് ബ്രസീല്‍ അന്ന് സാമ്പത്തികലാഭം നേടിയത്. ലുലയുടെ ഭരണകാലത്ത് ഏകദേശം 4.5% വളര്‍ച്ചയാണ് ബ്രസീലിയന്‍ സമ്പദ്‌വ്യവസ്ഥ അന്നു കൈവരിച്ചത്.
2019 ല്‍ ബോള്‍സനാരോ ഭരണത്തില്‍ കയറുന്നതോടെ ബ്രസീല്‍ എന്ന രാജ്യം ശിഥിലമായിത്തുടങ്ങി. ലുല കൈവരിച്ച നേട്ടങ്ങള്‍ ഒന്നൊന്നയി ബോള്‍സനാരോ നശിപ്പിച്ചു. രാജ്യത്തെ ജനാധിപത്യസംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമല്ലാതാക്കാന്‍ ബോള്‍സനാരോ ബോധപൂര്‍വം ശ്രമിച്ചു. കൊവിഡ് 19, ആമസോണ്‍ വനങ്ങളുടെ നശീകരണം എന്നിവയിലുടെയാണ് ബോള്‍സനാരോ ലോകമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊവിഡ് 19 നോട് ട്രംപ് ഭരണകൂടം ഏതുവിധത്തിലുള്ള നയമാണോ സ്വീകരിച്ചത്, അതേ നിലപാടുതന്നെയാണ് ബോള്‍സനാരോയും സ്വീകരിച്ചത്. തത്ഫലമായി ഏഴുലക്ഷത്തിനടുത്താണ് ബ്രസീലില്‍ കൊവിഡ് മരണസംഖ്യ രേഖപ്പെടുത്തിയത്. ബ്രസീലിയന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞു. ജിഡിപി 0.1% താഴ്ന്നു. പട്ടാളഭരണം ഇതില്‍ഭേദമായിരുന്നുവെന്ന് ആളുകള്‍ ചിന്തിച്ചുതുടങ്ങി.
ഇതേ അവസ്ഥയിലും ശക്തമായ ഒരു വലതുപക്ഷം രാജ്യത്തു നിലനില്‍ക്കുന്നുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം. അതിനെ സാധൂകരിക്കാന്‍ കഴിയുന്നതാണ് 2022 ലെ തിരഞ്ഞെടുപ്പുഫലം. 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുലഭിക്കുന്ന വ്യക്തിയാണു പ്രസിഡന്റാവുക എന്നാല്‍, വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ ഇരുകൂട്ടര്‍ക്കും ജയിക്കാനുള്ള വോട്ടില്ല. ലുലയ്ക്ക് 48.4 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ ബോള്‍സനാരോ 43.2 ശതമാനം വോട്ടു നേടിയിട്ടുണ്ട്. ഇതു രാജ്യത്തെ ശക്തമായ വലതു സ്വാധീനമാണു വെളിവാകുന്നത്. എന്നാല്‍, ലോകം ഒരിക്കലും ബോള്‍സനാരോയെ ഒരു മികച്ച നേതാവായി കണക്കാക്കുന്നില്ല. കാരണം, ജനാധിപത്യവിരുദ്ധത തന്നെയാണ്. പട്ടാളഭരണകാലത്തെ വളരെ സന്തോഷത്തോടെയാണ് ബോള്‍സനാരോ ഓര്‍മിക്കുന്നത്. അമേരിക്കയിലെ ക്യാപ്പിറ്റോള്‍ അക്രമണത്തെ ബോള്‍സനാരോയുടെ ഒരു മകന്‍ പ്രശംസിക്കുകയാണു ചെയ്തത്.
ഒക്ടോബര്‍ ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ ഇരുകുട്ടര്‍ക്കും വിജയിക്കാന്‍ കഴിയാഞ്ഞതിനാല്‍ മാസാവസാനം ഒരു ഇലക്ഷനുംകൂടി ക്രമീകരിച്ചിട്ടുണ്ട്. ലുല വിജയിക്കുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ''ദി ഇക്കണോമിസ്റ്റ്' വാരിക ലുലയെ പിന്തുണയ്ക്കുന്ന രീതിയില്‍ ലേഖനങ്ങള്‍ കൊടുക്കുകയുണ്ടായി. ശക്തരായ വലതുപക്ഷമേലാളന്മാരാള്‍ നിയന്ത്രിക്കപ്പെടുന്ന വാരിക ഒരു ഇടതുസ്ഥാനാര്‍ത്ഥിയെ അനുകൂലിക്കുന്ന അവസ്ഥയിലേക്ക് ബ്രസീല്‍ എത്തിപ്പെട്ടു.
തിരഞ്ഞെടുപ്പു സംബന്ധിച്ചുള്ള ആശങ്കകള്‍ ഇനിയും മാറിയിട്ടില്ല. ബോള്‍സനാരോയെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം നിലവിലുണ്ട്. തോക്കു നിയമങ്ങളിലെ അയവുകള്‍ മുതലെടുത്ത് ധാരാളം ആയുധങ്ങള്‍ രാജ്യത്തുടനിളം എത്തിപ്പെട്ടിട്ടുണ്ട്. ബോള്‍സനാരോ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അമേരിക്കയിലെ ക്യാപ്പിറ്റോള്‍ അക്രമണംപോലെ ഒന്ന് ബ്രസീലിലും സംഭവിക്കാന്‍ ഇടയുണ്ട്. അങ്ങനെയൊന്നുണ്ടായാല്‍ നാലുലക്ഷത്തോളം വരുന്ന സൈന്യം ഏതു വശത്തു നിലകൊള്ളും? യു.എസ്. പോലെ ശക്തമായ ഒരു ജനാധിപത്യവ്യവസ്ഥ ബ്രസീലിലില്ല. അതുകൊണ്ടുതന്നെ ഇലക്ഷനോടനുബന്ധിച്ച് പട്ടാളനീക്കം ബ്രസീലില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. മാത്രമല്ല, ബ്രസീലിന്റെ ചരിത്രം നോക്കിയാല്‍ പട്ടാളം രാജ്യത്ത് അധികാരം കൈയാളിയിട്ടുണ്ട്. ഇതെല്ലാം ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. തെക്കേ അമേരിക്കയിലെ സാമ്പത്തികഭീമനെന്ന സ്ഥാനവും ബ്രസീലിനുണ്ട്. ബ്രസീലിലെ ഭരണ അസ്ഥിരത ഒരുപരിധിവരെ ലോകത്തെ ബാധിക്കും. ജനാധിപത്യമൂല്യങ്ങളോടുള്ള ഭരണാധികാരികളുടെ അവഹേളനസമമായ സമീപനം രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കു നയിക്കും.