•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

അലയടങ്ങാതെ വിഴിഞ്ഞംസമരം

  • *
  • 6 October , 2022

നാടു വികസിക്കണമെന്ന പൊതുതത്ത്വത്തോട് ആര്‍ക്കും എതിര്‍പ്പില്ല. അത് എവ്വിധം, എത്രത്തോളം എന്നതിലേ അഭിപ്രായവ്യത്യാസമുള്ളൂ. ദീര്‍ഘവീക്ഷണപടുക്കളായ ഭരണാധികാരികളുടെയും സാമൂഹികപരിഷ്‌കര്‍ത്താക്കളുടെയും പരിശ്രമഫലമാണ് നാമിന്നനുഭവിക്കുന്ന സൗകര്യങ്ങളത്രയും എന്നതില്‍ ഇന്നാര്‍ക്കെങ്കിലും സംശയമുണ്ടോ? ഒരുകാലത്തു പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തുപോന്ന സംഗതികളെ പിന്നീട്, എതിര്‍പ്പുയര്‍ത്തിയവര്‍തന്നെ വാരിപ്പുണരുന്ന കാഴ്ച നാം പല തവണ കണ്ടുകഴിഞ്ഞു. രാഷ്ട്രീയവും മതപരവും പ്രാദേശികവുമായ നിക്ഷിപ്തതാത്പര്യങ്ങളാണു പല എതിര്‍പ്പുകള്‍ക്കും പിന്നിലെന്നും നമുക്കറിയാം.
ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യം വലിയ സാമ്പത്തികവളര്‍ച്ച നേടുമെന്നതിന്റെ പേരില്‍ ഒരു സര്‍ക്കാരിന്റെ ഏതു വികസനസംരംഭത്തെയും കണ്ണടച്ചു പിന്തുണയ്ക്കുന്നതില്‍ വലിയ അപകടമുണ്ട്. പരിസ്ഥിതിക്കു ദോഷം ചെയ്യുന്നതാണെങ്കില്‍ ഏതു പദ്ധതിയും നടപ്പാക്കുന്നതിനുമുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്ന കാര്യത്തില്‍ ഇന്ന് എല്ലാവരും യോജിപ്പിലാണ്. അതുകൊണ്ടുതന്നെ, ഒരു വലിയ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നാല്‍പ്പോലും വിവിധ വകുപ്പുകളുടെ അനുമതി സമ്പാദിക്കേണ്ടതുണ്ട്. പരിസ്ഥിതി ആഘാതപഠനം ഒരു മുഖ്യവിഷയമാണ്. പക്ഷേ, സര്‍ക്കാരുകളുടെയും കോര്‍പ്പറേറ്റുകളുടെയും വികസന ഏജന്‍സികളുടെയും പരിരംഭണത്തില്‍ പഠനരേഖകള്‍ ഞെരിഞ്ഞമരുന്ന കാഴ്ചയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കാര്യംതന്നെയെടുക്കാം. പദ്ധതി നടപ്പാക്കിയാല്‍ സംഭവിക്കാന്‍പോകുന്ന തീരശോഷണത്തെക്കുറിച്ച് പരിസ്ഥിതി ആഘാതപഠനത്തില്‍ വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍, ഉത്തരവാദിത്വപ്പെട്ടവര്‍ അതു തമസ്‌കരിച്ചു. ഇപ്പോഴിതാ, ഈ വിഷയം മത്സ്യത്തൊഴിലാളികളായ ഒരു വലിയ ജനസമൂഹത്തിന്റെ നീണ്ട സമരത്തിനു വഴിതുറന്നിരിക്കുന്നു. ഏഴിന ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള അവരുടെ സമരം ആഴ്ചകള്‍ പിന്നിട്ടുകഴിഞ്ഞു. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ഭാഗമായി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസമാണ് അവരുടെ മുഖ്യ ആവശ്യങ്ങളിലൊന്ന്. തുറമുഖനിര്‍മാണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇതിനോടകം കിലോമീറ്ററുകള്‍ - ശംഖുമുഖമുള്‍പ്പെടെ - തീരശോഷണം സംഭവിച്ച കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു. കാഴ്ചയുള്ളവരുടെയൊക്കെ കണ്‍മുമ്പില്‍ ദൃശ്യമായ കാര്യമാണിത്. അപ്പോള്‍ തീര്‍ച്ചയായും ഇതു ഗൗരവമേറിയ വിഷയമാണ്. 
ഇതിനൊരു പരിഹാരം കണ്ടെത്തിയേ തീരൂ. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇതു നിലനില്പിന്റെ പ്രശ്‌നമാണ്. അവരുടെ ഉപജീവനമാര്‍ഗമാണ് വെല്ലുവിളിക്കപ്പെടുന്നത്. തീരക്കടലിലെ ലക്ഷക്കണക്കായ മത്സ്യസമ്പത്തുതന്നെ തകര്‍ന്നടിയുന്ന സ്ഥിതിവിശേഷമാണ് തീരശോഷണത്തിലൂടെ വന്നു ഭവിച്ചിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ തുറമുഖനിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും വിഴിഞ്ഞം തീരത്തിന്റെ സ്ഥിതിയെന്താകും? മത്സ്യത്തൊഴിലാളികളുടെ ജീവിതമെന്താകും? ഈ ചോദ്യമാണ് മത്സ്യത്തൊഴിലാളികളും അവരെ നയിക്കുന്ന നേതാക്കളും ഉയര്‍ത്തുന്നത്. സമരനേതൃത്വം വൈദികരുടെ കൈയിലാണെന്നതിന്റെ പേരില്‍ ഇതിനെ വര്‍ഗീയമായി കാണേണ്ടതില്ല. യാതൊരു നിക്ഷിപ്തതാത്പര്യങ്ങളുമില്ലാതെയാണ് തിരുവനന്തപുരം ലത്തീന്‍ രൂപത ഈ സമരം ഏറ്റെടുത്തിരിക്കുന്നത്. അവരെ സംബന്ധിച്ച് ഇടവകസമൂഹത്തിന്റെ ഉപജീവനവിഷയമാണിത്. ഗവണ്‍മെന്റുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ട സ്ഥിതിക്ക് സമരം സംസ്ഥാനവ്യാപകമാക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തായാലും കേരളത്തിന്റെ സമാധാനാന്തരീക്ഷം തകരാന്‍ പാടില്ല.
പരിഹാരമില്ലാത്ത പ്രശ്‌നമില്ലെന്നാണു ചൊല്ല്. അശരണരായ ഒരു ജനതയുടെ ജീവല്‍പ്രശ്‌നമായിക്കണ്ട് കുറച്ചുകൂടി അനുഭാവപൂര്‍വകമായ സമീപനം സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. ഒപ്പം, തുടങ്ങിവച്ച ഒരു വലിയ പദ്ധതിയെ മുച്ചൂടും മുടിക്കാത്ത രീതിയിലുള്ള ഒരു നിലപാടിലേക്കു സമരനേതൃത്വവും മുന്നോട്ടുവരണം. എങ്കില്‍മാത്രമേ ഈ വിഷയത്തിന് ഒരു ശാശ്വതപരിഹാരമാകൂ. ഇതില്‍നിന്നു പല പാഠങ്ങളും പഠിക്കാനുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വികസനപദ്ധതികള്‍ - അതെത്ര വലുതായാലും നടപ്പിലാക്കുന്നതിനുമുമ്പ് തദ്ദേശവാസികളുമായുള്ള തുറന്ന സംവാദത്തിനു സര്‍ക്കാര്‍ തയ്യാറാവണം. തദ്ദേശവാസികളുടെ പൂര്‍ണസമ്മതം വാങ്ങി ഏതെങ്കിലും  പദ്ധതി നടപ്പാക്കാനാവുമോയെന്ന മറുചോദ്യമുണ്ട്. അതു ശരിതന്നെ. പക്ഷേ, അവര്‍ക്കു പ്രഥമപരിഗണന കൊടുത്താല്‍ മനുഷ്യത്വത്തെ മാനിക്കാതിരിക്കില്ല അവര്‍.

ജോസ് പി.ജെ.   പുല്‍പ്പള്ളി

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)