•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

രാഹുലിന്റെ ദ്രുതചലനം കോണ്‍ഗ്രസിനെ വഴിനടത്തുമോ?

  • പ്രഫ. റോണി കെ ബേബി
  • 6 October , 2022

രാഹുല്‍ ഗാന്ധി നടക്കുകയാണ്. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ഇന്ത്യയുടെ രാഷ്ട്രീയഗതികളെ നിര്‍ണായകമായി സ്വാധീനിച്ച  നെഹ്റുകുടുംബത്തിലെ ഇളംതലമുറക്കാരന്‍ ഒരു വലിയ ദൗത്യവുമായാണു നടക്കുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയം വെട്ടിമുറിച്ച ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ തിരികെ ഒരുമിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവുമായാണ് രാഹുല്‍ ഗാന്ധി നടക്കുന്നത്. സ്വതന്ത്രേന്ത്യയില്‍ ഇതിനുമുമ്പ് ഒരു രാഷ്ട്രീയ നേതാവും ഏറ്റെടുക്കാത്ത വലിയ വെല്ലുവിളിയാണ് രാഹുല്‍ ഗാന്ധിയുടെ മുമ്പിലുള്ളത്. യാത്ര തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍  ദേശീയതലത്തില്‍ത്തന്നെ വലിയ മാധ്യമശ്രദ്ധ നേടിയെടുക്കാന്‍ രാഹുല്‍  ഗാന്ധിക്കു കഴിഞ്ഞുവെന്നതു നിസ്സാരകാര്യമല്ല. പൊതുസമൂഹത്തിനിടയില്‍ മികച്ച പ്രതികരണം സൃഷ്ടിക്കാനും യാത്രയ്ക്കു കഴിഞ്ഞിട്ടുണ്ട്. 
പദയാത്രയുടെ മുദ്രാവാക്യം
 'മിലെ കദം ജൂടെ വതന്‍' എന്നതാണു പദയാത്രയുടെ മുദ്രാവാക്യം. ഒരുമിച്ചുള്ള ചുവടുകള്‍ 
രാജ്യത്തെ ഒരുമിപ്പിക്കും എന്നാണ് മുദ്രാവാക്യത്തിന്റെ അര്‍ത്ഥം. സാമൂഹികസൗഹാര്‍ദത്തിന്റെ സന്ദേശമാണ് ഈ ജാഥയിലൂടെ രാഹുല്‍ ഗാന്ധി നല്‍കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ജനമധ്യത്തില്‍ ഉന്നയിക്കാന്‍ ഈ യാത്ര ലക്ഷ്യമിടുന്നു. 'ഭാരത് ജോഡോ യാത്ര' ഒരു 'തപസ്യ'പോലെയാണെന്നും രാജ്യത്തെ ഒന്നിപ്പിക്കാനുള്ള നീണ്ട പോരാട്ടത്തിന് താന്‍ തയ്യാറാണെന്നും  ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പൗരപ്രമുഖരുമായും സാമൂഹിക സംഘടനാപ്രതിനിധികളുമായും നടന്ന ഭാരത് ജോഡോ യാത്രാ കോണ്‍ക്ലേവില്‍ രാഹുല്‍ ഗാന്ധി പറയുകയുണ്ടായി.  'ഇന്ത്യയെ ഒന്നിപ്പിക്കുന്നത് നീണ്ട യുദ്ധമായിരിക്കുമെന്ന് അറിയാമെങ്കിലും അതിനു ഞാന്‍  തയ്യാറാണ്. നിലവില്‍ രാജ്യത്തിന്റെ രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. ഒരു വശത്ത് സംഘപരിവാര്‍ശക്തികളുടെ പ്രത്യയശാസ്ത്രവും മറുവശത്ത് എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രവുമാണെന്ന ആശയം പ്രചരിപ്പിക്കുകയാണു യാത്രയുടെ ലക്ഷ്യം' എന്നും കോണ്‍ക്ലേവില്‍ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമേറിയ പദയാത്ര
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമേറിയ പദയാത്രയാകും ഭാരത് ജോഡോ യാത്ര. പദയാത്രയില്‍ കുറഞ്ഞതു പത്തു കോടി ആളുകളെങ്കിലും പങ്കെടുക്കുമെന്നാണു കരുതുന്നത്. പ്രത്യേകമായി തിരഞ്ഞെടുത്ത 118 സ്ഥിരാംഗങ്ങള്‍ കന്യാകുമാരിമുതല്‍ കാശ്മീര്‍ വരെ 148 ദിവസങ്ങളായി 3571 കിലോ മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. ജോഡോ യാത്ര കടന്നുപോകുന്ന ഓരോ സംസ്ഥാനത്തുനിന്നും തിരഞ്ഞെടുക്കുന്ന 100 അംഗങ്ങള്‍ അതതു സംസ്ഥാനങ്ങളില്‍ ആദ്യവസാനം പദയാത്രയുടെ ഭാഗമാകും. ഭാരത് ജോഡോ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളില്‍നിന്നു പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ നൂറ് അംഗങ്ങളെയും ഉള്‍പ്പെടുത്തും. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്,രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. 203 നിയമസഭാമണ്ഡലങ്ങളും 68 ലോക്സഭാമണ്ഡലങ്ങളും യാത്രയില്‍ പിന്നിടും.  
ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള യാത്ര
രാജ്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഭാരത് ജോഡോ പദയാത്രയുമായി രാഹുല്‍ ഗാന്ധി എത്തുന്നത്. മുമ്പൊരിക്കലും ഇല്ലാത്തവിധം വര്‍ഗീയ വിഭാഗീയചിന്തകള്‍ രാജ്യത്തു പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. ബഹുസ്വരതയില്‍ അധിഷ്ഠിതമായി നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ദര്‍ശനത്തിലാണ് നമ്മള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ പടുത്തുയര്‍ത്തിയതെങ്കില്‍, ആ മഹത്തായ ആശയങ്ങള്‍ ഇന്നു കൈമോശം വരുകയാണ്. നമ്മള്‍ എന്ന ചിന്തയില്‍
നിന്ന് ഞങ്ങളും നിങ്ങളുമായി രാജ്യം മാറിയിരിക്കുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിലായി രാജ്യത്തെ ഒരുമിപ്പിച്ചുനിറുത്തിയിരുന്ന ഭരണഘടനയില്‍പ്പോലും വല്ലാതെ പോറലുകള്‍ ഏല്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഭരണഘടനപോലും മാറ്റിയെഴുതണമെന്നും ഇന്ത്യയെ ഒരു മതാധിഷ്ഠിതരാജ്യമായി മാറ്റണമെന്നുമുള്ള വാദങ്ങള്‍ക്കു സ്വീകാര്യത കൂടിവരുന്നത് നമ്മളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഭയവും അരക്ഷിതത്വവുമാണ് 
ചുറ്റുപാടും പ്രബലമാകുന്നത്. ജനാധിപത്യസ്ഥാപനങ്ങളും മൂല്യങ്ങളും വലിയ പരീക്ഷണങ്ങളെ നേരിടുകയാണ്. സംവാദത്തിന്റെയും സഹിഷ്ണുതയുടെയും പൊതുവിടങ്ങളെല്ലാം ഇന്നു സമഗ്രാധിപത്യചിന്തകള്‍ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.
രാജ്യത്തിന്റെ ദേശീയതപോലും പുനര്‍നിര്‍വചിക്കപ്പെടുകയും പുനര്‍നിര്‍മിക്കപ്പെടുകയുമാണ്. ദേശീയതയ്ക്കു പുതിയ അവകാശികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. യഥാര്‍ത്ഥ ദേശീയത തമസ്‌കരിക്കപ്പെടുകയും കപടദേശീയത ആധിപത്യം 
നേടുകയും ചെയ്യുന്നു. ദേശീയതയുടെ അവകാശം ചിലര്‍ക്കുമാത്രം കുത്തകവത്കരിക്കപ്പെടുകയും വലിയവിഭാഗം ജനങ്ങളെ ദേശീയതയുടെ നിര്‍വചനത്തില്‍നിന്ന് ആസൂത്രിതമായി പുറന്തള്ളുകയും ചെയ്യുന്നു. അതിതീവ്രദേശീയതയും അതിതീവ്ര 
ദേശസ്‌നേഹവും ആഘോഷമാക്കുകയും വസ്തുതകളെ ആസൂത്രിതമായി തുടച്ചുനീക്കുകയും ചെയ്യുന്ന, സാമ്പത്തികമായി രാജ്യം വളരുകയും പൗരന്മാര്‍ തളരുകയും ചെയ്യുന്ന സവിശേഷസാഹചര്യമാണ് ഇന്ത്യയിലുള്ളത്. ജി എസ് ടിയും ഭീമമായ  ഇന്ധനനികുതിയുമൊക്കെ രാജ്യത്തിന്റെ പണപ്പെട്ടികളെ സമ്പന്നമാക്കിയിട്ടുണ്ട്. ജി ഡി പി കുതിച്ചുകയറുന്നതിനൊപ്പം തൊഴിലില്ലായ്മാനിരക്കും കുതിച്ചുകയറുകയാണ്. കറന്‍സി പിന്‍വലിക്കലും ജി എസ് ടിയും കോടിക്കണക്കിനു ചെറുകിടവ്യവസായ 
യൂണിറ്റുകളുടെ പതനത്തിനിടയാക്കി.
 വര്‍ഗീയതയ്‌ക്കൊപ്പം സാമ്പത്തികാസമത്വവും രാജ്യത്തെ ഭീകരമായ രീതിയില്‍ തുറിച്ചുനോക്കുകയാണ്. രാജ്യത്തു ശതകോടീശ്വരന്മാര്‍ പെരുകുമ്പോള്‍ അതിദരിദ്രരുടെ എണ്ണവും കുതിച്ചുകയറുന്നതായി കണക്കുകള്‍ പറയുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്തു രൂക്ഷമായി തുടരുന്നു.
ഈയവസരത്തിലാണ് ഇന്ത്യയുടെ ആത്മാവിനെ വീïെടുക്കുന്നതിനായി ഭാരത് ജോഡോ യാത്ര കടന്നുവരുന്നത്. സ്വാതന്ത്ര്യസമരത്തിലും അതിനുശേഷം രാഷ്ട്രനിര്‍മാണപ്രക്രിയയിലും നമ്മെ ഒരുമിപ്പിച്ചു നിറുത്തിയ  മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിനുവേണ്ടിയുള്ള യാത്രയാണിത്. രാജ്യത്തെ ഒരുമിപ്പിക്കാനുള്ള യാത്ര. ഒരുമിക്കുന്ന ചുവടുകള്‍; അതിലൂടെ ഒന്നാകുന്ന രാജ്യം - അതാണ് ഈ യാത്രയുടെ ലക്ഷ്യം. രാജ്യത്തെ തൊട്ടറിയുന്ന ഈ യാത്ര തീര്‍ച്ചയായും അതിന്റെ ലക്ഷ്യങ്ങള്‍ നേടുമെന്നു പ്രതീക്ഷിക്കാം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)