തിരുവിതാംകൂറിന്റെ ഝാന്‍സി റാണി അക്കാമ്മ ചെറിയാന്‍ ഓര്‍മയായിട്ട് 40 വര്‍ഷം
സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് ജീവിച്ചിരുന്ന കാലഘട്ടത്തെ പ്രകാശമാനമാക്കിയ തിരുവിതാംകൂറിന്റെ പ്രഗല്ഭമതിയായ ഒരു രാഷ്ട്രീയനായികയായിരുന്നു അക്കാമ്മ ചെറിയാന്‍. കാലത്തിന്റെ മഹാപ്രവാഹത്തില്‍ ഇന്നും പൊലിയാതെ കത്തിജ്ജ്വലിക്കുന്ന ദീപശിഖ. 1938ല്‍ ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 23 ന് രാജകൊട്ടാരത്തിലേക്കു ശ്രീമതി അക്കാമ്മ ചെറിയാന്‍ നയിച്ച ജാഥ തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെയെന്നല്ല, അഖിലേന്ത്യാ സമരത്തിലെതന്നെ സുപ്രധാനമായ നാഴികക്കല്ലാണ്. സര്‍ സി.പി.യുടെ കിരാതഭരണത്തിനെതിരേ ജനലക്ഷങ്ങളെ അണിനിരത്തി നടത്തിയ ഈ ജാഥ അധികാരികളെ കിടിലം കൊള്ളിച്ചു. രാജാധികാരം ഉണര്‍ന്നു. കാലാള്‍പ്പടയുടെ അകമ്പടിയോടെ പട്ടാളലോറി മുന്നോട്ടു നീങ്ങി. എന്നാല്‍, വാളന്റിയര്‍മാര്‍ സ്വസ്ഥാനങ്ങളില്‍നിന്നിളകിയില്ല. ഒടുവില്‍, കേണല്‍ വാട്കിസ് തോക്കുയര്‍ത്തി. തോക്കിനുമുന്നില്‍ അക്കാമ്മ ചെറിയാന്‍ ഈറ്റപ്പുലിയെപ്പോലെ ചാടിവീണു: ''ടവീീ ോല ളശൃേെ; ഠവലി ീിഹ്യ ാ്യ ാലി'' ആദ്യത്തെ വെടിയുണ്ട എന്റെ ചങ്കിനു നേരേ പായിക്കൂ എന്നവര്‍ അലറി. വാട്കിസിന്റെ കൈ താനേ താണുപോയി.
ഇതൊക്കെയാണെങ്കിലും രാഷ്ട്രീയകേരളത്തെ ഒരു കാലഘട്ടം നീളെ ജ്വലിപ്പിച്ചുനിറുത്തിയ, പ്രൗഢഗംഭീരയായ ആ മഹതി പിന്നീട് രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായതെന്തുകൊണ്ട് എന്നൊരു വലിയ ചോദ്യമുണ്ട്. തന്റെ 23-ാമത്തെ വയസ്സില്‍ ബി.എ.എല്‍.ടി. പാസ്സായശേഷം അധ്യാപികവൃത്തിയിലേക്കു കടന്ന അവര്‍ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസായിരിക്കെയാണ് എല്ലാം ഇട്ടെറിഞ്ഞ് രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. ഒരു ദശാബ്ദക്കാലം നാടിന്റെ മോചനത്തിനായി കഠിനാധ്വാനം ചെയ്യുകയും മൂന്നുവര്‍ഷക്കാലം ജയില്‍വാസമനുഭവിക്കുകയും ചെയ്ത കഥാനായിക എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിട്ടും അവരെ ഒരു മന്ത്രിയാക്കാന്‍ അന്നത്തെ സ്റ്റേറ്റു കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. അധികാരം കിട്ടിയപ്പോള്‍ അക്കാമ്മയുടെ ത്യാഗവും സേവനങ്ങളും ബന്ധപ്പെട്ടവര്‍ മറന്നുകളഞ്ഞു. ആത്മാര്‍ത്ഥതയുടെയും നിസ്വാര്‍ത്ഥതയുടെയും പ്രതീകമായ ഈ സ്ത്രീരത്‌നത്തിന് അവഗണനയുടെ വേദനിപ്പിക്കുന്ന നിരവധി അനുഭവങ്ങളാണു കാലം സമ്മാനിച്ചത്. അന്നത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറി, കേരളത്തില്‍നിന്നു പാര്‍ലമെന്റിലേക്കു മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹൃവിന്റെ മുമ്പില്‍ സമര്‍പ്പിച്ചപ്പോള്‍, സ്ത്രീപ്രാതിനിധ്യമില്ലാത്തതിനാല്‍ ദേഷ്യപ്പെട്ട് ആ ലിസ്റ്റ് അദ്ദേഹം വലിച്ചെറിയുകയായിരുന്നു. യോഗ്യരായ സ്ത്രീകള്‍ കേരളത്തിലില്ലെന്നും അക്കാമ്മ ചെറിയാന്‍ ഒരു വോളണ്ടിയര്‍ മാത്രമാണെന്നുമത്രേ ചിലര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍, അക്കാമ്മ ചെറിയാനെപ്പോലെ കാര്യപ്രാപ്തിയും സത്യസന്ധതയും രാജ്യസ്‌നേഹവുമുള്ള ഒരാളെ ഒഴിവാക്കിയ നേതൃത്വം തെറ്റായ വഴിയിലൂടെയാണു നീങ്ങുന്നതെന്ന് അന്നത്തെ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഒരു കുടുംബിനി മാത്രമായുള്ള പതിന്നാലു വര്‍ഷത്തെ രാഷ്ട്രീയവനവാസത്തിനുശേഷം 1967 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍നിന്നു മത്സരിക്കുവാന്‍ ടിക്കറ്റു നല്‍കി കോണ്‍ഗ്രസ് മുന്നോട്ടു വന്നു.
പീരുമേട്ടിലൂടെ കെ.റ്റി. തോമസ് കരിപ്പാപ്പറമ്പിലുമൊന്നിച്ച് സ്ഥാനാര്‍ത്ഥി അക്കാമ്മ വര്‍ക്കി പ്രചാരണത്തിനു ജീപ്പില്‍ പോകുന്നത് ലേഖകന്റെ ഓര്‍മയിലുണ്ട്. എന്നാല്‍, മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസിന്റെ ശക്തി മുഴുവന്‍ ചോര്‍ന്നുപോയ കാലഘട്ടമായിരുന്നു അത്. കേരള കോണ്‍ഗ്രസിന്റെ ആവിര്‍ഭാവമായിരുന്നു അതിനു കാരണം. 'കോണ്‍ഗ്രസ് ഇന്ന് ഏറ്റവും വലിയ ദുരന്തകാലത്താണ്. ഈ സമയത്ത് കോണ്‍ഗ്രസിനെ രക്ഷിക്കേണ്ടത് എന്റെ ചുമതലയായി കരുതുന്നു' എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് അക്കാമ്മ വര്‍ക്കി മത്സരിച്ചത്. ഫലം വന്നപ്പോള്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് 22681 വോട്ടും കേരള കോണ്‍0ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 14335 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്കാമ്മ വര്‍ക്കിക്ക് 6139 വോട്ടും മാത്രം! ഈ തിരഞ്ഞെടുപ്പുഫലത്തോടെ അക്കാമ്മ പൊതുജീവിതമവസാനിപ്പിച്ച് സ്വസ്ഥമായ കുടുംബജീവിതത്തിലേക്കു മടങ്ങി. ഭര്‍ത്താവ് വി.വി. വര്‍ക്കി സ്വാതന്ത്ര്യസമരസേനാനിയും നല്ലൊരു പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. വാഴൂരില്‍നിന്നു മത്സരിച്ച് തിരു-കൊച്ചി നിയമസഭാംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
എങ്കിലും, ഇരുവരുടെയും രാഷ്ട്രീയജീവിതത്തില്‍, നേട്ടങ്ങള്‍ക്കു പകരം കോട്ടങ്ങള്‍ മാത്രമായിരുന്നു ഫലം. എരുമേലിയില്‍ കുടുംബസ്വത്തായി അക്കാമ്മയ്ക്കുണ്ടായിരുന്ന എട്ടേക്കര്‍ സ്ഥലവും ചിറക്കടവില്‍ വി.വി.വര്‍ക്കിക്കുണ്ടായിരുന്ന നാലേക്കര്‍ ഭൂമിയും അന്യാധീനപ്പെട്ടു. പൊതുപ്രവര്‍ത്തനത്തില്‍ അവര്‍ക്ക് എല്ലാം നഷ്ടപ്പെടുകയായിരുന്നു. തിരുവനന്തപുരത്ത് വാടകവീട്ടിലാണ് ദീര്‍ഘകാലം ഇവര്‍ താമസിച്ചിരുന്നത്. 1982 മേയ് 5 ന് 73-ാം വയസ്സില്‍ അന്തരിക്കുന്നതുവരെ അക്കാമ്മ അവിടെ കഴിച്ചുകൂട്ടി.
തിരുവനന്തപുരത്ത് കവടിയാറില്‍ അക്കാമ്മയുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ടൗണിലുള്ള പുത്തനങ്ങാടി സെന്റ് മേരീസ് സ്‌കൂള്‍ റോഡിന് ലേഖകന്റെ നിവേദനത്തെത്തുടര്‍ന്ന് 'അക്കാമ്മ ചെറിയാന്‍ റോഡ്' എന്ന് പഞ്ചായത്ത് നാമകരണം ചെയ്തു. സഹൃദയ വായനശാല പുതുക്കിപ്പണിയുമ്പോള്‍ ഉചിതമായ ഒരു സ്മാരകം അവിടെയുണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപമായ, തിരുവിതാംകൂറിന്റെ ഝാന്‍സി റാണി അക്കാമ്മ ചെറിയാന്റെ വിലപ്പെട്ട ജീവിതവും രാഷ്ട്രസേവനവും ചരിത്രത്തില്‍ വിളങ്ങിനില്ക്കുമെന്നതില്‍ രണ്ടുപക്ഷമില്ല.