ഇംഫാല്‍ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍, ഈയിടെ അന്തരിച്ച മാര്‍ ജോസഫ് മിറ്റത്താനിയെക്കുറിച്ച്
തോമ്മാശ്ലീഹായില്നിന്നു വിശ്വാസം സ്വീകരിച്ച പാരമ്പര്യമുള്ള പകലോമറ്റം കുടുംബത്തിലെ മിറ്റത്താനി ഭവനത്തില്‍ 1931 ജൂലൈ 12-ാം തീയതി മാത്യു - എലിസബത്ത് ദമ്പതികളുടെ രണ്ടാമത്തെ പുത്രനായാണ് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് മിറ്റത്താനി ഭൂജാതനായത്. ആഴമായ ദൈവവിശ്വാസത്തിലും സഹോദരസ്നേഹത്തിലും വളര്‍ന്നുവന്ന ഔസേപ്പച്ചന് ദൈവവിളിയുടെ സ്വരം ശ്രവിച്ച് 1949 ല്‍ പൂനമല്ലി സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിക്കുകയും 1959 ഏപ്രില്‍ 23-ാംതീയതി ഷില്ലോങ് രൂപതയ്ക്കുവേണ്ടി റൈറ്റ് റവ. സ്റ്റീഫന്‍ ഫെറാല്ഡോ പിതാവില്‍നിന്നു വൈദികപട്ടം സ്വീകരിച്ച് ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു.
ടെസ്പൂര്‍ രൂപത മെത്രാന്
1969 സെപ്തംബര്‍ 27-ാം തീയതി ടെസ്പൂര്‍ രൂപതയുടെ മെത്രാനായി അദ്ദേഹം അഭിഷിക്തനായി. സ്വതഃസിദ്ധമായ കര്‍മശേഷിയും കഠിനാധ്വാനവുംകൊണ്ട് ടെസ്പൂരിനെ ഒരു മാതൃകാരൂപതയാക്കി അദ്ദേഹം വളര്‍ത്തി. വിദ്യാഭ്യാസമേഖലയിലും അജപാലനരംഗത്തും ആതുരശുശ്രൂഷാരംഗത്തും നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്.
മലമടക്കുകളില്‍ സുവിശേഷവുമായി
അരുണാചല്‍ മലനിരകളുടെ താഴ്വാരംമുതല്‍ വെസ്റ്റ് ബംഗാളിന്റെ അതിര്‍ത്തിവരെ വ്യാപിച്ചു കിടക്കുന്ന മിഷന്കേന്ദ്രങ്ങളും ക്രിസ്തീയകൂട്ടായ്മകളും അദ്ദേഹത്തിന്റെ മിഷന്തീക്ഷ്ണതയുടെ നേര്‍ക്കാഴ്ചകള്‍തന്നെയാണ്. ടെസ്പൂര്‍ രൂപത സെമിനാരി, ബോര്ഗാങ്, ദ്വിക്യാജ്ജലി എന്നി വിടങ്ങളിലെ സുസജ്ജമായ ആശുപത്രികള്‍ എന്നിവ അദ്ദേഹത്തിന്റെ കഠിനപ്രയത്നത്തിന്റെ ഫലങ്ങള്‍തന്നെ.
1967 ല്‍ ബ്രഹ്മപുത്രയുടെ വടക്കന്‍ മേഖലയിലുള്ള എല്ലാ വിദേശമിഷനറിമാരും നാടുവിടണമെന്ന് കേന്ദ്രഗവണ്മെന്റ് ഉത്തരവിട്ടു. അന്നത്തെ ടെസ്പൂര്‍ മെത്രാനായിരുന്ന ബിഷപ് ഒരെസ്തെസ് മെരെംഗോയുടെ ഇന്ത്യയിലെ വാസംപോലും അപകടത്തിലായി. എന്നാല്‍, ഫാ. ജോസഫ് മിറ്റത്താനിയുടെ നേതൃത്വത്തില്‍ വൈദികസന്ന്യാസസമൂഹം ഒത്തൊരുമിച്ചു നടത്തിയ പ്രതിഷേധനടപടികള്‍ പൊതുസമൂഹം ഏറ്റെടുക്കുകയും ഭരണകൂടത്തിന്മേല് ശക്തമായ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഘോരവനങ്ങളും മലമടക്കുകളും താണ്ടി അദ്ദേഹം നടത്തിയ മിഷന് സന്ദര്‍ശനങ്ങള്‍ വിശ്വാസികളുടെ കൂട്ടായ്മയെ വളര്‍ത്തുകയും കെട്ടുറപ്പുള്ളതാക്കുകയും ചെയ്തു. ബംഗാളിന്റെ അതിര്‍ത്തിമുതല്‍ അസ്സമിന്റെ വടക്കുകിഴക്കല്‍ അതിര്‍ത്തിയായ പാസിഘാട്ട്വരെ വിസ്തൃതമായ ഒരു മേഖലയായിരുന്ന ടെസ്പൂര്‍ രൂപതയെ ഇടവകകളുടെയും വിശ്വാസികളുടെയും സംഖ്യാബലത്തില്‍ സ്വയം പര്യാപ്തതയിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
അരുണാചല്‍ മിഷന്റെ അമരക്കാരന്
മിഷനറിമാര്‍ക്ക് അരുണാചല്‍പ്രദേശിലേക്കു പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു കേന്ദ്രസര്‍ക്കാര്‍. ഈ സന്ദര്‍ഭത്തില്‍ തങ്ങളുടെ സ്കൂളുകളില്‍ വിദ്യാഭ്യാസം നേടിയിരുന്ന വിദ്യാര്‍ത്ഥികള്‍ സത്യവിശ്വാസം ജീവിക്കാനും പ്രഘോഷിക്കാനും തയ്യാറായി. അരുണാചലില്‍നിന്നുള്ള അപട്ടാനി വിദ്യാര്‍ത്ഥികളെ യഥാര്ത്ഥസുവിശേഷവാഹകരായി മാറ്റാന്‍ ബിഷപ് മിറ്റത്താനി കഠിനപ്രയത്നം ചെയ്തു. അത് ഫലം കാണുകയുണ്ടായി. 1970 കളില്‍ ടെസ്പൂരി ഹോസ്റ്റലുകളില്‍ വിശ്വാസവും വിദ്യാഭ്യാസവും നേടിയ അപട്ടാനി വിദ്യാര്‍ത്ഥികള്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായി ഹാര്മുട്ടി മിഷന്‍കേന്ദ്രം അരുണാചല്‍പ്രദേശില്‍ സ്ഥാപിതമായി.
മണിപ്പൂരിന്റെ ഇടയന്
1980 ഏപ്രില്‍ 21-ാം തീയതി പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ ഇംഫാല്‍ രൂപത സ്ഥാപിക്കുകയും മെത്രാനായി റവ. ഡോ. ജോസഫ് മിറ്റത്താനിയെ നിയമിക്കുകയും ചെയ്തു. ടെസ്പൂര്‍ രൂപതയിലെ 20 വര്‍ഷത്തെ അജപാലനപരിചയം പുതിയ രൂപതയുടെ സമഗ്രവികസനത്തിന് മാര്‍ ജോസഫ് മിറ്റത്താനിക്കു തുണയായി. 1995 ഓഗസ്റ്റ് ഒന്നാം തീയതി ഇംഫാല്‍ രൂപതയെ അതിരൂപതയായി ഉയര്‍ത്തുകയും അദ്ദേഹത്തെ മെത്രാപ്പോലീത്തയായി നിയമിക്കുകയും ചെയ്തു. 15 വര്‍ഷം ബിഷപ്പായും 11 വര്‍ഷം ആര്‍ച്ചുബിഷപ്പായും അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നല്കിയ സേവനങ്ങള്‍ അവിസ്മരണീയമാണ്.
ചുരുങ്ങിയ കാലംകൊണ്ടുതന്നെ അതിരൂപത അജപാലകരുടെ സേവനലഭ്യതയില്‍ സ്വയം പര്യാപ്തമാകുകയും വിശ്വാസികളുടെ എണ്ണത്തില്‍ പതിന്മടങ്ങു വര്‍ദ്ധനയുണ്ടാവുകയും ചെയ്തു. പുതിയപുതിയ സ്ഥലങ്ങളില്‍ ക്രിസ്തീയ കൂട്ടായ്മകള്‍ക്കു തുടക്കമിട്ടു. അവര്‍ക്കാവശ്യമായ സ്കൂളുകളും ബോര്‍ഡിങ്ങുകളും തുടങ്ങി. വൈദികമന്ദിരങ്ങളും ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഓരോ മേഖലയിലുമുള്ള ജനങ്ങള്‍ക്കായി അദ്ദേഹം ആരംഭിച്ചു. തീവ്രവാദി ഗ്രൂപ്പുകള്‍ വൈദികരുടെയും സ്ഥാപനങ്ങളുടെയുംമേല്‍ നിരന്തരമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. പല വൈദികരും കൊല്ലപ്പെട്ടു. എങ്കിലും, ധൈര്യം കൈവിടാതെ വിളിച്ചവന്റെ പാതയില്‍ വിശ്വസ്തതയോടെ നിലനില്ക്കാനും അതിരൂപതയെ ധീരമായി നയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സംഘര്‍ഷങ്ങളുടെയും അക്രമങ്ങളുടെയും മധ്യത്തിലും സമൂഹത്തിലെ ഓരോ വിഭാഗത്തെയും വളര്‍ത്താന്‍ ആണ്-പെണ്‍കുട്ടികള്‍ക്കുള്ള ബോര്‍ഡിങ്ങുകള്‍, സ്കൂളുകള്‍, കോളജുകള്‍, മഠങ്ങള്‍ എല്ലാം അദ്ദേഹം സ്ഥാപിച്ചു. കഠിനാധ്വാനം കൈമുതലാക്കിയ മിറ്റത്താനിപ്പിതാവ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്തെ ഏറ്റവും പ്രമുഖ അതിരൂപതകളിലൊന്നായി ഇംഫാലിനെ മാറ്റിയെടുത്തു.
വടക്കുകിഴക്കന്‍ മേഖലയുടെ നായകന്
നോര്‍ത്ത് ഈസ്റ്റ് റീജണല്‍ ബിഷപ്സ് കൗണ്‍സിലിന്റെയും നോര്‍ത്ത് ഈസ്റ്റ് പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സജീവാംഗമായിരുന്നു അദ്ദേഹം. 1994 മുതല്‍ 2006 വരെ നോര്‍ത്ത് ഈസ്റ്റ് ബിഷപ്സ് കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ പ്രേഷിതപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതില്‍ ജാഗരൂകനായിരുന്നു. ഓരോ ഗോത്രത്തെയും തന്മയില് സംരക്ഷിച്ച് സത്യവിശ്വാസത്തില്‍ ഉറപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്വാനവും ഭാരതസഭയ്ക്കു മറക്കാനാവില്ല. പതിനായിരക്കണക്കിനു ക്രിസ്തീയവിശ്വാസികളെ ജനിപ്പിച്ച പിതാവ് ഈ നൂറ്റാണ്ടിലെ ഭാരതസഭയുടെ മിഷന് പിതാവായിത്തന്നെ അറിയപ്പെടും.