•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

അഴകില്‍ കുളിച്ചൊരാരാമം

  • പ്രഫ. എ.ടി. ഏബ്രഹാം വാളനാട്ട്‌
  • 21 July , 2022

അതിചാരു സുമങ്ങളാലല-
ങ്കൃതയായ്, സൗരഭസാന്ദ്രഗേഹമായ്
ദ്യുതി വീശി വിളങ്ങിടും മലര്‍-
വനികേ, വന്ദനമേകിടുന്നു ഞാന്‍
വിവിധോജ്ജ്വല വര്‍ണദീപ്തയായ്
വിലസും നിന്‍ സവിശേഷഭംഗികള്‍
ദ്രുതമേതൊരു മാനസത്തെയും
കവരും, നിന്നഴകദ്ഭുതാവഹം
ഹരിതാഭയെഴും തൃണങ്ങളും
പരിചേറും മലരും ദലങ്ങളും
ദുരിതം നിറയും മനസ്സിലും
ചൊരിയും സാന്ത്വന ചാരുരശ്മികള്‍
സുമനോഹര ചെമ്പരത്തിയും
കമനീയം ചെറുപിച്ചി, ലില്ലിയും
സമമറ്റ സരോജവും പുന-
രമലേ,യിങ്ങനെയെത്ര ഭംഗികള്‍
ഒരു കോണു മുതല്ക്കു നോക്കിയാല്‍
നിരയായിവ്വിധ ദൃശ്യഭംഗികള്‍
നിറയും തവരൂപകല്പന
നരനേകന്നുടെ മാത്രമ,ല്ലയേ
ഛവിയേറിടുമേതു വസ്തുവും
ഭുവിനാം കാണ്‌കെ മനസ്സിലാക്കണം
അവനീശകരങ്ങളാ മനോ-
ഹരരൂപത്തിനു പിന്നിലുള്ളതായ്
അരിയോരഴകില്‍ കുളിച്ചു നീ
മരുവീടുന്നൊരു കാഴ്ചകാണവേ
ഒരു വശ്യമനോഹരാംഗിതന്‍
നിരവദ്യാകൃതിയോര്‍ത്തു പോയിടും
ഒരു കാര്യമൊരിക്കലും മറ-
ക്കരുതേ നീ, തവ രൂപഭംഗിയില്‍
ഒരുനാളുമഹങ്കരിച്ചിടൊ,-
ല്ലഴകെല്ലാം ക്ഷണമാത്രമല്ലയോ?
ബലമറ്റു കൊഴിഞ്ഞുവീണിടും
ഫലപുഷ്പാദികള്‍ കാണ്‌കെയോര്‍ത്തുപോം:
നിലനില്പിവിടില്ലയൊന്നിനും,
നിഖിലം നശ്വരമാണു ഭൂമിയില്‍.
പലനാളുകളോമനിച്ചതാ-
മലരും മറ്റുമടര്‍ന്നു വീഴിലും
തളരാത്ത നിനക്കു മൃത്യുവിന്‍
പൊരുള്‍ നന്നായി മനസ്സിലായതാം.
പതിവായിഹ വന്നു പോയിടും
ഋതുഭേദങ്ങളില്‍ നീ തളര്‍ന്നിടാ
അതികൃത്യതയോടെയല്ലയോ
ക്ഷിതിചക്രം തിരിയുന്നതെപ്പൊഴും
ഒളിയേറിന നിന്നൊടിഷ്ടമാ-
യളിവൃന്ദം സ്ഥിരമുണ്ടു കൂട്ടിനായ്
കുളിര്‍കാറ്റു തലോടലേകിയും
കളിയാടുന്നു നിനക്കു ചുറ്റിലും
പരിചേറിന താരസഞ്ചയ-
സ്ഫുരിതാകാശവിതാനമെന്നപോല്‍
നിറകാന്തിയില്‍ നീ ലസിപ്പൂ നിന്‍
നിരവദ്യോജ്ജ്വലപുഷ്പശോഭയില്‍.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)