പ്രണയിച്ചു വിവാഹം കഴിച്ചതിന്റെപേരില്‍ വീടുവിടേണ്ടി വന്ന അമ്മയുടെ വീട്ടിലേക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ ഗേളി എന്ന പെണ്‍കുട്ടി ബോംബെയില്‍നിന്നെത്തുന്നു. വീട്ടില്‍ കുഞ്ഞന്നാമ്മ എന്ന തന്റെ വല്യമ്മച്ചി മാത്രമേയുള്ളൂവെന്നു മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് അവളുടെ വരവ്. തന്റെ അമ്മമൂലം അറ്റുപോയ രക്തബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുക എന്നതാണ് അവളുടെ ലക്ഷ്യം. മകള്‍ പോയതോടെ പരിത്യക്താവസ്ഥയിലേക്കും തികഞ്ഞ ഒറ്റപ്പെടലിലേക്കും ജീവിതം വഴിപിരിഞ്ഞ, പുറമേക്കു കാര്‍ക്കശ്യക്കാരിയും സ്‌നേഹമില്ലാത്തവളുമായി തോന്നുന്ന കുഞ്ഞന്നാമ്മയുടെ ആത്മാവിന്റെ സ്നിഗ്ധതലങ്ങളെ ഗേളി തൊട്ടുണര്‍ത്തുകയും വല്യമ്മ - കൊച്ചുമകള്‍ എന്ന തീവ്രമായ ബന്ധത്തിലേക്ക് അവരുടെ ജീവിതം രൂപാന്തരപ്പെടുകയും ചെയ്യുന്നു.
ഇന്നും മലയാളിപ്രേക്ഷകരുടെ മനസ്സില്‍നിന്നു മാഞ്ഞുപോയിട്ടില്ലാത്ത, ഇപ്പോള്‍ കണ്ടാലും ഉള്ളിലെവിടെയോ നീറ്റലുണ്ടാക്കുന്ന 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ഫാസില്‍ ചിത്രത്തിന്റെ കഥയാണ് ചുരുക്കിപ്പറഞ്ഞത്. 1984 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
ഈ ചിത്രത്തിന് ഏഴു വര്‍ഷങ്ങള്‍ക്കുശേഷം വന്ന സിബി മലയില്‍ ചിത്രമായ 'സാന്ത്വനം' എന്ന ചിത്രവും സമാനമായ രീതിയിലുള്ള കഥയാണു പറഞ്ഞത്. സ്‌നേഹിച്ചവളുടെ കൈപിടിക്കാന്‍ മാതാപിതാക്കളുടെ കണ്‍വെട്ടത്തുനിന്നു പടിയിറങ്ങിപ്പോയതാണ് മകന്‍ രാജകുമാരന്‍ തമ്പി. വര്‍ഷങ്ങള്‍ക്കുശേഷം മുത്തശ്ശിയുടെയും മുത്തച്ഛന്റെയും അടുക്കലേക്കു വരുകയാണ് തമ്പിയുടെ മകളായ രാജലക്ഷ്മി. തന്റെ മാതാപിതാക്കള്‍ മരിച്ചുപോയി എന്ന് അറിയിക്കാതെയാണ് രാജലക്ഷ്മിയുടെ വരവ്. മകന്‍ പോയെങ്കിലും കൊച്ചുമകളെ തിരിച്ചുകിട്ടിയതില്‍ സന്തോഷിക്കുകയാണ് രാജശേഖരന്‍തമ്പിയും സുഭദ്രയും. ഇവിടെയും മുത്തശ്ശീമുത്തച്ഛന്മാരുടെ സ്‌നേഹത്തില്‍ ആശ്രയവും ആശ്വാസവും കണ്ടെത്തുന്ന, അത്തരത്തിലുള്ള രക്തബന്ധങ്ങള്‍ക്കു തീവ്രത കല്പിക്കുന്ന ട്രീറ്റ്‌മെന്റാണ് സിനിമ കാഴ്ചവയ്ക്കുന്നത്.
മുത്തച്ഛനൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ കൂട്ടുകാരുമൊത്ത് ഓടിവരുന്ന പാച്ചുവിനെയും മുത്തച്ഛനും പാച്ചുവും തമ്മിലുളള ഹൃദയൈക്യത്തെയും അടയാളപ്പെടുത്തിയ ഒരു സിനിമയായിരുന്നു പത്മരാജന്റെ മൂന്നാംപക്കം.
ഇതില്‍നിന്നെല്ലാം അമ്പേ വ്യത്യസ്തമാണെങ്കിലും ഒരു മുത്തച്ഛനെ പ്രതിഷ്ഠിച്ചുകൊണ്ട് തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ചില കൊച്ചുമക്കളെ സത്യന്‍ അന്തിക്കാടിന്റെ 'മൈ ഡിയര്‍ മുത്തച്ഛന്‍' എന്ന സിനിമയിലും കാണാന്‍ കഴിയും. അനാഥരായ ആ മക്കള്‍ക്ക് മുത്തച്ഛന്‍ സാന്ത്വനമായിമാറുന്നു.
ഫാസിലിന്റെതന്നെ 'എന്നെന്നും കണ്ണേട്ടന്റെ' എന്ന സിനിമയിലും കൊച്ചുമക്കളുടെ വരവു പ്രതീക്ഷിച്ചിരിക്കുന്ന മുത്തച്ഛനും മുത്തച്ഛനെ കാണാന്‍ കൊതിച്ചോടിവരുന്ന കൊച്ചുമക്കളുമുണ്ട്. സമാനമായ കഥാപാത്രങ്ങളെ എണ്‍പതുകളിലും തൊണ്ണൂറുകളിലുമുള്ള ഒട്ടുമിക്ക സിനിമകളിലും കാണാന്‍ കഴിയുമായിരുന്നു. കാരണവന്മാര്‍, മാതാപിതാക്കള്‍, മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍ എന്നിങ്ങനെയുള്ള കൂട്ടായ്മകള്‍ സജീവമായി നിലനിന്നിരുന്ന കാലത്തിന്റെ തുടിപ്പുകള്‍ അന്നത്തെ മലയാളസിനിമകള്‍ ഒപ്പിയെടുത്തിരുന്നു. സമൂഹത്തിന്റെ പരിച്ഛേദമെന്ന നിലയിലുള്ള കുടുംബചിത്രീകരണങ്ങളായിരുന്നു അവയെല്ലാം.
പറഞ്ഞുവരുന്നത് ഇന്നിറങ്ങുന്ന ഭൂരിപക്ഷം സിനിമകളിലും മുത്തച്ഛന്മാരോ മുത്തശ്ശിമാരോ ഇല്ല എന്നതാണ്. കണ്ടം ചെയ്യപ്പെട്ട ജീവിതങ്ങളായി അവര്‍ മാറിയിരിക്കുന്നു. അമ്മയായും അമ്മൂമ്മയായും അച്ഛനായും വല്യപ്പച്ചനായും വേഷം കെട്ടി ജീവിച്ചിരുന്ന പല നടീനടന്മാരും ഇന്ന് അവസരമില്ലാതെ കഴിയുകയാണ്. കാരണം, പുതിയ സിനിമകളില്‍ കുടുംബമില്ല. വല്യപ്പച്ചന്മാരോ വല്യമ്മച്ചിമാരോ ഇല്ല. എന്തിന്, മാതാപിതാക്കള്‍പോലും കുറവ്. നായകനും കൂട്ടുകാരും പ്രണയിക്കാന്‍ ഒരു പെണ്ണും എന്ന മട്ടില്‍ എത്രയോ സിനിമകളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുറത്തിറങ്ങിയത്. കുടുംബബന്ധങ്ങളെ നിഷ്‌കാസനം ചെയ്തുകൊണ്ടുള്ളതായിരുന്നു അത്തരം സിനിമകള്‍.
അല്ലെങ്കില്‍ പറയൂ, നമ്മുടെതന്നെ എത്ര കുടുംബങ്ങളിലുണ്ട് വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും? ഒട്ടുമിക്ക കുടുംബങ്ങളും ഇന്ന് ഭാര്യ - ഭര്‍ത്താവ് - മക്കള്‍ എന്ന ത്രിമൂര്‍ത്തിതലത്തിലാണ് മുന്നോട്ടുപോകുന്നത്. പ്രായമായവരെ വീടുകളില്‍ കാണാനില്ലാതായിരിക്കുന്നു. ഇനി പ്രായമായവരുണ്ടെങ്കില്‍ത്തന്നെ അവര്‍ അനാഥാലയങ്ങളിലോ മക്കളുടെ സാമ്പത്തികസ്ഥിതിയനുസരിച്ചുള്ള ഓള്‍ഡ് ഏജ് ഹോമുകളിലോ ആയിരിക്കുന്നു. - അതുമല്ല, മാതാപിതാക്കളുണ്ടെങ്കില്‍ അവര്‍ ഒറ്റയ്ക്കു ജീവിക്കുന്ന സാഹചര്യമാണ് പരക്കെ കണ്ടുവരുന്നത്. മക്കള്‍ ജോലിയുമായി ബന്ധപ്പെട്ട് വീടിനു വെളിയിലോ വിദേശത്തോ ആയിരിക്കും. വല്ലപ്പോഴുമെത്തുന്ന ഫോണ്‍കോളില്‍ - ഇപ്പോള്‍ വാട്‌സാപ് - ആ രക്തബന്ധങ്ങള്‍ പരിമിതപ്പെട്ടുപോകുന്നു. പുതിയ കാലത്തിന്റെ മനോഭാവത്തില്‍ വന്നിരിക്കുന്ന പ്രകടമായ മാറ്റമാണിത്. ഇതു നമ്മെ ഭയപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്നുണ്ട്.
പ്രായമായവരെ ശല്യമായും ഭാരമായും കാണുകയും അവരെ പടിയിറക്കിവിടുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിന്റെ മുഖങ്ങള്‍ക്കു മലയാളസിനിമയില്‍ തുടക്കം കുറിച്ചത് പത്മരാജന്റെ 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമമുതല്ക്കാണ്. ക്രാന്തദര്‍ശിയായ പത്മരാജന്‍ വരാനിരിക്കുന്ന ലോകത്തിന്റെ മാറ്റങ്ങളെ മുന്‍കൂട്ടിക്കണ്ടു രചിച്ച സിനിമയാണ് അതെന്നു പിന്തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാവുന്നു.
നാട്ടിന്‍പുറത്തിന്റെ എല്ലാ വിശുദ്ധിയോടും നൈര്‍മ്മല്യത്തോടുംകൂടി ജീവിക്കുന്ന ഒരമ്മ. മരങ്ങളും കിളികളും അമ്മയുടെ കൂട്ടുകാരാണ്. മരങ്ങള്‍ക്കെല്ലാം അമ്മ പേരിടുന്നുമുണ്ട്. മക്കളും കൊച്ചുമക്കളും അവധിക്കു വരുന്ന വിശേഷാല്‍ദിവസങ്ങളാണ് അമ്മയുടെ ഉത്സവദിനങ്ങള്‍. അത്തരമൊരു ഉത്സവദിനത്തിലാണ് അമ്മയെ ശരണാലയത്തില്‍ ആക്കാമെന്നുള്ള മക്കളുടെ തീരുമാനമെടുക്കല്‍. ശാകുന്തളത്തിലെ നാലാമങ്കത്തെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ മരങ്ങളോടും കിളികളോടും യാത്രപറഞ്ഞ് അമ്മ ശരണാലയത്തിലേക്കു യാത്രതിരിക്കുന്നു. ഒരു ദിവസംപോലും അവിടെ അന്തിയുറങ്ങുന്നതിനുമുമ്പ് അമ്മ അവിടെ മരിച്ചുവീഴുന്നു.
അമ്മയുടെ മരണം ഒഴികെയുള്ള സമാനമായ സംഭവങ്ങള്‍ കമലിന്റെ 'രാപ്പകല്‍' എന്ന സിനിമയിലും ആവര്‍ത്തിക്കുന്നുണ്ട്. അനാഥാലയത്തിലേക്കല്ല മകന്റെ വീട്ടിലേക്കാണ് അവിടെ അമ്മയെ കൊണ്ടുപോകുന്നതെന്നു മാത്രം. പക്ഷേ, ഒരുനാള്‍ അമ്മ അവിടെനിന്ന് അപ്രത്യക്ഷയാകുന്നു. രക്തബന്ധമില്ലാത്ത കൃഷ്ണന്റെ സംരക്ഷണത്തില്‍ അമ്മ പുതിയ ജീവിതം ആരംഭിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'യും ഇതേ വിഷയം മറ്റൊരുരീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മേല്‍പ്പറഞ്ഞ രണ്ടു സിനിമകളിലെയും അമ്മമാരില്‍നിന്നു വ്യത്യസ്തയാണ് മനസ്സിനക്കരെയിലെ ത്രേസ്യാക്കൊച്ച് എന്ന അമ്മ. സിനിമയ്ക്കു പോകാനും കള്ളടിക്കാനും ഒക്കെ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒരു അമ്മ. അവരൊരിക്കലും വീട്ടില്‍ സ്വീകാര്യയുമല്ല. അമ്മയുടെ ചെയ്തികളോടു മക്കള്‍ക്കോ മരുമക്കള്‍ക്കോ യോജിക്കാനും കഴിയുന്നില്ല. രാപ്പകലിലെ അമ്മ കൃഷ്ണന്റെ തണലില്‍ അഭയം കണ്ടെത്തുന്നതുപോലെ മനസ്സിനക്കരെയിലെ അമ്മ റോയി എന്ന അന്യന്റെ തണലില്‍ തന്റെ വാര്‍ദ്ധക്യം സന്തോഷകരമാക്കാന്‍ തീരുമാനിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.
കുടിയൊഴിപ്പിക്കപ്പെടുന്ന വാര്‍ദ്ധക്യങ്ങളുടെ, അവഗണിക്കപ്പെടുന്ന, മക്കളാല്‍ വേണ്ടാതാകുന്ന അച്ഛനമ്മമാരുടെ കഥതന്നെയാണ് ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നവും എം. പത്മകുമാറിന്റെ അമ്മക്കിളിക്കൂടും പറഞ്ഞത്. എന്നാല്‍, ഇതില്‍നിന്നെല്ലാം ഭീതിദമായി തോന്നിയത് കേരളകഫേ എന്ന ഹ്രസ്വസിനിമകളുടെ സമാഹാരത്തിലെ ബ്രിഡ്ജ് എന്ന സിനിമയാണ്.
വൃദ്ധയും മറവിരോഗിയുമായ അമ്മയെ തെരുവിലേക്കിറക്കിവിടുന്ന മകന്റെ കഥയാണ് അതു പറയുന്നത്. ഭാര്യയുടെ നിര്‍ബന്ധവും ശല്യവും സഹിക്കാനാവാതെയാണ് ഗതികേടുകൊണ്ട് മകന്‍ ആ കടുംകൈ ചെയ്യുന്നത്. കോഴിക്കോട് ശാന്താദേവിയായിരുന്നു ചിത്രത്തിലെ അമ്മ. മകന്‍ സലിംകുമാറും. ഭാര്യ കല്പനയും. അമ്മ ഒരു പൂച്ചക്കുട്ടിയുമായി റോഡരികില്‍ നില്ക്കുന്ന ചിത്രം എത്രയോ കാലമാണു മനസ്സിനെ വേദനിപ്പിച്ചത്.
സമാനമായ സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല എന്ന് ഇന്നും പല വാര്‍ത്തകള്‍ നമ്മോടു പറയുന്നുണ്ട്. പലയിടത്തും മരുമകള്‍/ മകള്‍തന്നെയാണ് വില്ലത്തിയായി കടന്നുവരുന്നത് എന്നതും ഞെട്ടിക്കുന്നതാണ്. നാളെ തങ്ങള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാവില്ലെന്ന് എന്തോ വെളിപാടു കിട്ടിയതുപോലെയാണ് ഈ സ്ത്രീകള്‍ വൃദ്ധരായവരോടു പെരുമാറിക്കൊണ്ടിരിക്കുന്നത്.
സമൂഹം വാര്‍ദ്ധക്യത്തോടു കാണിക്കുന്ന അകല്‍ച്ചയും വെറുപ്പുംതന്നെയാണ് സിനിമകളിലും പ്രതിഫലിക്കുന്നത്. പണ്ടൊരു കാലത്ത് നമ്മുടെ കുടുംബബന്ധങ്ങള്‍ കുറെക്കൂടി ദൃഢമായിരുന്നു; സ്‌നേഹത്തില്‍ അധിഷ്ഠിതമായിരുന്നു. വഴക്കുകളും വിയോജിപ്പുകളും ഉണ്ടായിരുന്നുവെങ്കിലും ബന്ധങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്തവിധത്തിലുള്ള ഇഴയകലം സംഭവിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് ബന്ധങ്ങള്‍ യാന്ത്രികമായി മാറി. സ്വാര്‍ത്ഥത നിറയപ്പെട്ടവയായി.
ഈശോയുടെ ഗ്രാന്റ് പേരന്റ്‌സായ വിശുദ്ധ യോവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോടനുബന്ധിച്ചുള്ള ഞായറാഴ്ച - ഈ വര്‍ഷം ജൂലൈ 24- ആഗോളസഭ ഗ്രാന്റ് പേരന്റ്സ് ഡേയായി ആഘോഷിക്കുകയാണല്ലോ. പ്രായമായവരെ ആദരിക്കാനും അവരുടെ സംഭാവനകളെ നന്ദിയോടെ അനുസ്മരിക്കാനും കൂടിയുള്ള അവസരമാണിത്. അന്നേദിവസം വല്യപ്പന്മാരെയും വല്യമ്മച്ചിമാരെയും സന്ദര്‍ശിക്കുകയും ഫോണ്‍ വിളിച്ചു സംസാരിക്കുകയും ചെയ്യുന്നവര്‍ക്ക് ഉപാധികളോടെ ദണ്ഡവിമോചനംപോലും സഭ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു തീര്‍ത്ഥയാത്രപോലെ വൃദ്ധരിലേക്കു മടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇതെല്ലാം ഓര്‍മിപ്പിക്കുന്നത്. വൃദ്ധരെ കുടുംബത്തിന്റെ ഭാഗമായി കാണേണ്ട സംസ്‌കാരമാണ് അതു നമ്മെ പഠിപ്പിക്കുന്നത്.
പ്രായം ചെന്ന ഒരു അപ്പനെയും അമ്മയെയും അവര്‍ക്ക് ഡസണ്‍കണക്കിനു മക്കളുണ്ടെങ്കില്‍ത്തന്നെ ഒരു മകനോ മകള്‍ക്കോ മാത്രമേ സംരക്ഷിക്കാനും ശുശ്രൂഷിക്കാനും കഴിയൂ. പക്ഷേ, വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം ആ ഒരാളില്‍ മാത്രമാണെന്നു വിധിയെഴുതി മറ്റു മക്കള്‍ കൈകഴുകി മാറിനില്ക്കാതിരിക്കുക. സാധിക്കുന്ന അവസരങ്ങളിലെല്ലാം മാതാപിതാക്കളെ സന്ദര്‍ശിക്കുക. ആ യാത്രകളില്‍ തങ്ങളുടെ മക്കളെയും കൂടെ കൂട്ടുക. അതുവഴി സ്വന്തം മക്കള്‍ക്കു മുമ്പിലും മാതൃകയായിത്തീരുക.
അടൂരിന്റെ കഥാപുരുഷന്‍ സിനിമയില്‍ നായകന്‍ തന്റെ ചെറുപ്പ്ത്തില്‍ അച്ഛനോടു പറയുന്ന ഡയലോഗും ഓര്‍ത്തിരിക്കുന്നതു നല്ലതാണ്. അച്ഛനും വയസ്സാകും...
അതേ, വീഴാന്‍ തുടങ്ങുന്ന പഴുത്തിലകളെനോക്കി പുച്ഛിക്കുകയോ പരിഹസിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നവരെല്ലാം ഈ സത്യം മനസ്സിലാക്കണം. എനിക്കും വയസ്സാകും. ഞാനും നാളെ വൃദ്ധനാകും വൃദ്ധയാകും.
നമ്മുടെ വീടുകളിലെ പ്രായം ചെന്നവരോട് കുറെക്കൂടിയെങ്കിലും സ്നേഹത്തിലും പരിഗണനയിലും സമീപിക്കും എന്ന തീരുമാനം നമുക്കു കൈക്കൊള്ളാം. അപ്പോള്‍ അതു സിനിമയിലും പ്രതിഫലിക്കാതിരിക്കുകയില്ല. അങ്ങനെ വല്യപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും സ്നേഹമുദ്രകള്‍ പേറുന്ന നല്ല സിനിമകള്‍ ഇനിയും മലയാളത്തില്‍ പിറവിയെടുക്കുമെന്ന്നമുക്കു പ്രതീക്ഷിക്കുകയും ചെയ്യാം.