ഒന്ന്
ഇടയ്ക്കു ബസിന്റെ അരികുസീറ്റിലിരുന്ന് വെറുതെ പുറംകാഴ്ചകളിലേക്കു കണ്ണെറിഞ്ഞു യാത്ര ചെയ്യുന്നത് ഒരു പതിവാണ്. നീത്‌ഷേയെപ്പോലെ നടക്കുമ്പോഴല്ല യാത്ര ചെയ്യുമ്പോഴാണ് ചിലര്‍ക്ക് ഓര്‍മകളുണരുന്നത് (നടത്തവും ഒരുതരത്തില്‍ യാത്രയാണല്ലോ?). യാത്രകള്‍ നമുക്ക് ജീവിതത്തിലേക്കുള്ള പുതിയ വഴികള്‍ തുറന്നു തരുന്നു. മെക്‌സിക്കന്‍ കവി ഒക്ടേവിയോ പാസിന്റെ കവിതയിലേതുപോലെ യാത്രകളില്‍ ''ചിന്തകള്‍ക്കു മാംസമുണ്ടാവുകയും അടിമയുടെ മുതുകില്‍ ചിറകു മുളയ്ക്കുകയും ചെയ്യുന്നു.' അന്നത്തെ യാത്രയില്‍ മനസ്സുനിറയെ ഫ്രഞ്ച് ഫിലോസഫറായ ജീന്‍ പോള്‍ സാര്‍ത്രും അദ്ദേഹത്തിന്റെ വാക്കുകളുമായിരുന്നു: ‘We are thrown into existence.' നമ്മള്‍ ജീവിതത്തിലേക്ക് എറിയപ്പെട്ടവരാണ്. ഒന്നോര്‍ത്താല്‍ ശരിയാണ്. നമ്മളോട് ഒട്ടും അനുവാദം ചേദിക്കാതെയുള്ള ആരുടെയോ തിരഞ്ഞെടുപ്പല്ലാതെ എന്താണീ ജീവിതം? ഗര്‍ഭപാത്രത്തില്‍ തുടങ്ങി മരണംവരെ ഒന്നും നമ്മുടെ തിരഞ്ഞെടുപ്പല്ല. ‘'Free will'’ എന്നു പറയുമെങ്കിലും എത്രമാത്രം സ്വതന്ത്രരാണു നമ്മള്‍? 'We are free to choose what we do, But the effect of our choices will always resonate between ourselves and the environment. Freedom of choice is real but, the consequences that are completely out of control and inseparable" (Jean Paul Sartre).. ഇങ്ങനെയാണെന്നിരിക്കിലും ഇ. എ. റോബിന്‍സന്റെ 'മിനിവര്‍ ചീവി' (Miniver Cheevy)യെപ്പോലെ തനിക്കു തിരഞ്ഞെടുക്കാനാകാത്ത ജീവിതത്തെ പഴിപറഞ്ഞ് ജീവിതം തുലയ്ക്കാനാവില്ലല്ലോ നമുക്ക്. ഒട്ടും പിടിതരാതെ ഓടുന്ന ഈ ജീവിതത്തിന്റെ ബ്ലാക്ക് ഹോള്‍ എന്തായിരിക്കും?
രണ്ട്
പരിണാമചരിത്രമെടുത്താല്‍ നാനാജാതി ജീവിവര്‍ഗത്തില്‍ ഏറ്റവും നിസ്സഹായരും ദുര്‍ബലരുമായ ജീവികളായിരുന്നു മനുഷ്യര്‍ (Homosapiens) എന്ന് ചരിത്രകാരനായ യുവാല്‍ നോവാ ഹരാരി പറയുന്നു. എന്നിട്ടും കാലചക്രം അവനെ മാത്രമാണു ഭൂമിയില്‍ ബാക്കിവച്ചത്. പരിണാമവഴികളെക്കുറിച്ച് ഹരാരി ഏറ്റവും ലളിതമായി പറഞ്ഞുവയ്ക്കുന്നതിങ്ങനെയാണ്: "Fire gave us power. Gossip helped us co-operate. Agriculture made us hungry for more. Mythology maintained law and order. Money gave us something we can really trust. Contradictions created culture. Science made us deadly." അതിജീവനമാണ് ഭൂമിയുടെ പ്രഥമവും പ്രധാനവുമായ ചോദന. അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും വിജയിച്ചവരാണ്. ഹോമോസാപ്പിയന്‍സിന് അതിനു കഴിഞ്ഞു. മനുഷ്യനായി നിലനില്‍ക്കുന്നതുതന്നെ അതിനാല്‍ വിജയമാണ്. മനുഷ്യര്‍ അതിജീവിച്ചുകൊണ്ടേയിരിക്കുകയാണ്. അടുത്തിടെ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ മിച്ചിയോ കാക്കുവിന്റെ 'GOD EQUATION' എന്ന പുസ്തകം വായിക്കാനിടയായി. അതില്‍ അദ്ദേഹം പറയുന്നു, ഒരായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന മനുഷ്യരെ ഒന്നു ഭാവന ചെയ്തു നോക്കാന്‍. ഈ 2022 ല്‍ എത്തിനില്‍ക്കുന്ന നമ്മളെ അവര്‍ എങ്ങനെയായിരിക്കും നോക്കിക്കാണുക? ചിലപ്പോള്‍ അവര്‍ കഥകളില്‍ മാത്രം വായിച്ചിട്ടുള്ള മന്ത്രവാദികളായിരിക്കും നമ്മള്‍. എന്തു ചോദിച്ചാലും ഉത്തരം തരുന്ന, എന്തിനെയും അടുത്തെത്തിക്കുന്ന നമ്മളുടെ കൈയിലെ സ്മാര്‍ട്ട് ഫോണുകള്‍ അവര്‍ക്കു മാന്ത്രികക്കോലായിരിക്കാം. എതിടത്തേക്കും ഞൊടിനേരംകൊണ്ട് നമ്മളെ എത്തിക്കുന്ന വിമാനങ്ങള്‍ ഒരുപക്ഷേ, അവര്‍ക്ക് മന്ത്രവാദിനികളുടെ മാന്ത്രികച്ചൂലാവാം. ഇനി ഈ 2022 ല്‍ ഇരുന്നുകൊണ്ട് 2200 ല്‍ ഉണ്ടായേക്കാവുന്ന മനുഷ്യരെക്കുറിച്ചു ചിന്തിക്കൂ. ചിലപ്പോള്‍ ഗ്രീക്ക് പുരാണത്തിലെ ദൈവങ്ങളെപ്പോലെയായിരിക്കും അവരെന്നാണ് ഏറ്റവും രസകരമായ ഭാവനയില്‍ കാക്കു പറഞ്ഞുവയ്ക്കുന്നത്. നമുക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലായിരിക്കും അവരെന്നാണ് ഈ പറഞ്ഞതിന്റെ പൊരുള്‍. എത്ര വേഗമാണ് മനുഷ്യനും അവന്‍ ചേര്‍ന്നിരിക്കുന്ന ഇടങ്ങളും വളര്‍ന്നു പന്തലിക്കുന്നത്! ജീവിതത്തിന്റെ പൊരുള്‍ അതിന്റെ വൈവിധ്യങ്ങളിലാണ്. ഈ വൈവിധ്യങ്ങളെ തൊട്ടറിയാനുള്ള കഴിവാണ് മനുഷ്യനെ ഇവിടെവരെ എത്തിച്ചതും ഇനിയും എത്തിക്കുന്നതും.
മൂന്ന്
റില്‍ക്കേ പറയുന്നതുപോലെ 'പഴത്തിനുള്ളിലെ വിത്തെന്നവിധം മരണത്തെ കൊണ്ടുനടക്കുന്നവരാണ് മനുഷ്യര്‍.' കൊഴിയാറായ ഇലകള്‍പോലെ ഉണര്‍വിനും ഉറക്കത്തിനുമിടയില്‍ എത്രകാലം ഇങ്ങനെ തൂങ്ങിക്കിടക്കും? സരമാഗുവിന്റെ 'മരണം മാറുന്ന ഇടനേരത്ത്' എന്ന നോവലിലേതുപോലെ ജീവിതവും മരണവും തമ്മില്‍ പ്രണയത്തിലാകണം. അങ്ങനെ വന്നാല്‍ രണ്ടു പേര്‍ക്കും പരസ്പരം നഷ്ടപ്പെടുത്താന്‍ കഴിയില്ല. വ്യക്തമായിപ്പറഞ്ഞാല്‍ ആത്മഹത്യ ചെയ്യാനാവില്ല.
പുറത്തെ വൈവിധ്യമാര്‍ന്ന കാഴ്ചകളില്‍നിന്നു മടങ്ങി ജീവിതത്തെ കുറച്ചുകൂടി ആഴത്തില്‍ ധ്യാനിച്ചുനോക്കൂ. അപ്പോള്‍ ദുര്‍ബലമായ ചിന്തകള്‍ പതിയെപ്പതിയെ വളര്‍ന്ന് സുലഭമാകും. ഇലമര്‍മരങ്ങളുടെ ഒച്ചയിലാണ് ആത്മാവ്, പരമാത്മാവ് സംസാരിക്കുക. അപ്പോള്‍ ഉള്‍ക്കാത് വട്ടംപിടിക്കുക. എന്നിട്ടു ചോദിക്കുക. മരണാനന്തരലോകത്തെ ദൂരൂഹതയെക്കുറിച്ചല്ല; മറിച്ച്, ജെ. കൃഷ്ണമൂര്‍ത്തി ചോദിക്കുമ്പോലെ മരണത്തിനുമുമ്പ് ഒരു ജീവിതമുണ്ടോ? ജീവിതത്തില്‍ ഒരല്പമെങ്കിലും ജീവിതം ശേഷിക്കുന്നുണ്ടോ? ലളിതമായതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇനിയും മനുഷ്യര്‍ക്കു കഴിയാത്തതാണ് ദുരന്തം. ജീവിതത്തിന്റെ ലാളിത്യത്തില്‍ അതിന്റെ പൊരുളുമിരിപ്പുണ്ട്. ജീവിക്കാത്ത ജീവിതത്തെക്കുറിച്ചല്ല ജീവിച്ചേക്കാവുന്ന ജീവിതത്തിലേക്കാണ് നമ്മുടെ ശിരസ്സ് ഉഴറുന്നത്. സത്യത്തില്‍ തേടുന്നവന്‍ എല്ലായ്‌പ്പോഴും തേടിക്കൊണ്ടേയിരിക്കും... ഒടുക്കമില്ലാത്ത ഒരു തേടല്‍. ജീവിക്കുന്നവന്‍ ജീവിച്ചുകൊണ്ടേയിരിക്കും. ഓര്‍ക്കുക, ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയല്ല ജീവിതം.