പരിശുദ്ധ കന്യാമറിയത്തിന്റെ മാതാപിതാക്കളായ വി. ജൊവാക്കിം - അന്ന ദമ്പതികളുടെ തിരുനാള്‍ദിനമായ ജൂലായ് 26, മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനമായി ആചരിക്കണമെന്നുള്ള ഫ്രാന്‍സീസ് പാപ്പായുടെ ഔദ്യോഗികപ്രഖ്യാപനം കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണല്ലോ. അദ്ദേഹം പറയുന്നു: ''വൃദ്ധമാതാപിതാക്കള്‍ അമൂല്യനിധിയാണ്. അവരെ അവഗണിക്കുന്നതും നിന്ദിക്കുന്നതും തള്ളിക്കളയുന്നതും മാരകപാപമാണ്.''
വി. ഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ വയോധികരെ നോക്കിക്കാണുമ്പോളാണ് അവരുടെ മഹത്ത്വവും ദൗത്യവും വിലയും നിലയും തിരിച്ചറിയാന്‍ സാധിക്കുന്നത്. ''വൃദ്ധരിലാണു വിജ്ഞാനം. വയോധികരിലാണു വിവേകം'' (ജോബ് 12:12). ജീവിതാനുഭവങ്ങളുടെ കലവറയാണ് വാര്‍ദ്ധക്യം. അതുകൊണ്ടുതന്നെ ചരിത്രസംഭവങ്ങളുടെയും പൈതൃകപാരമ്പര്യങ്ങളുടെയും മാനുഷികമൂല്യങ്ങളുടെയുമൊക്കെ മുകളില്‍നിന്നു ചിന്തിക്കുന്നവരാണു വയോധികര്‍. പ്രശ്‌നസങ്കീര്‍ണമായ ലോകത്തെ താങ്ങിനിറുത്തുന്ന നെടുംതൂണുകളാണ് വയോജനങ്ങള്‍. കുടുംബങ്ങളില്‍ മാത്രമല്ല, സാമൂഹികസാംസ്‌കാരിക രാഷ്ട്രീയമതരംഗങ്ങളിലെല്ലാം വൃദ്ധരുടെ സാമീപ്യവും സാന്നിധ്യവും ഒരു തിരുത്തല്‍ശക്തിയായി, മാര്‍ഗദര്‍ശനമായി, നിലകൊള്ളുന്നു. നിയമാവര്‍ത്തനം 32:7 ല്‍ ഇപ്രകാരം ആലേഖനം ചെയ്തിരിക്കുന്നു: ''കഴിഞ്ഞുപോയ കാലങ്ങള്‍ ഓര്‍ക്കുവിന്‍. തലമുറകളിലൂടെ കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ അനുസ്മരിക്കുവിന്‍. പിതാക്കന്മാരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു പറഞ്ഞുതരും. പ്രായം ചെന്നവരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു വിവരിച്ചുതരും.''
മാനവസംസ്‌കാരത്തിന്റെ അടിവേരുകളായ അറിവും നെറിവും സത്യവും നീതിയും നന്മയുമെല്ലാം നമ്മുടെ പൂര്‍വികരില്‍നിന്നു തലമുറ തലമുറകളായി നമുക്കു പകര്‍ന്നുകിട്ടിയതാണ്. അവരുടെ കണ്ണീരിന്റെ നനവിലും വിയര്‍പ്പിന്റെ ഉപ്പിലും അനുഭവത്തിന്റെ ഉലയിലുമിട്ടു ചുട്ടെടുത്ത പാഥേയം നാം ഏറ്റുവാങ്ങുകയും ഒപ്പം കൈമോശം വരാതെ ഇളംതലമുറയ്ക്കു പകര്‍ന്നുനല്‍കുകയും വേണം. വിശുദ്ധഗ്രന്ഥത്തില്‍ തിളക്കമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമകളായ നിരവധി വന്ദ്യവയോധികരെ നമുക്കു കണ്ടുമുട്ടാനാകും. അവരുടെ പ്രബോധനങ്ങളും തെറ്റുതിരുത്തലുകളും ഉപദേശങ്ങളും ശാസനകളും അതിലുപരി ഹൃദയം നിറഞ്ഞുള്ള അനുഗ്രഹങ്ങളുമാണ് എക്കാലത്തെയും ഇളംതലമുറയ്ക്കുള്ള സൗഭാഗ്യവും മൂലധനവും! ഇവയെല്ലാം പ്രാപിക്കാന്‍ ദൈവം നല്കിയിരിക്കുന്ന വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന പാലിച്ചേ തീരൂ. അതിപ്രകാരമാണ്: ''നിങ്ങള്‍ക്കു നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.''
ഇളംതലമുറയുടെ സൈ്വരജീവിതത്തിനു മുത്തശ്ശീമുത്തശ്ശന്മാര്‍ വിലങ്ങുതടിയാണെന്നുള്ള ചിന്താഗതി ഇന്നിന്റെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കുന്നു. അച്ഛന്‍, അമ്മ, ഒന്നല്ലെങ്കില്‍ രണ്ടു കുട്ടികള്‍. ഇതാണ് ഇന്നത്തെ കുടുംബസങ്കല്പം. വാര്‍ദ്ധക്യം ജീവിതത്തിന്റെ അവസാനഘട്ടമായതിനാല്‍ വൃദ്ധമാതാപിതാക്കള്‍ ലൗകികസുഖങ്ങളെക്കാള്‍ അധികമായി ആത്മീയോന്നമനത്തിന് ഊന്നല്‍കൊടുത്തുകൊണ്ട് മരണാനന്തരജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ ഹൃദയത്തില്‍ സൂക്ഷിക്കട്ടെ. അതിലൂടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരവും പല മുറിവുകള്‍ക്കുമുള്ള ഔഷധവും ലഭിക്കുകതന്നെ ചെയ്യും. അതാണ് അഭികാമ്യവും അഭിലഷണീയവും.
വാര്‍ദ്ധക്യം സദാസമയവും ദൈവത്തോടൊപ്പം ആയിരിക്കേണ്ട കാലയളവാണ്. വൃദ്ധരും ഭക്തരുമായ ശിമയോനും അന്നയും ദൈവാലയത്തില്‍ത്തന്നെ പ്രാര്‍ത്ഥനയും ഉപവാസവും തപശ്ചര്യകളുംവഴി ദൈവത്തെ പ്രസാദിപ്പിച്ചു ജീവിച്ചുപോന്നുവെന്ന് ലൂക്കാസുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഉന്നതത്തില്‍നിന്നുള്ള പല വെളിപ്പെടുത്തലുകളും ദൈവാലയത്തില്‍വച്ചാണ് ലഭ്യമാകുന്നതെന്ന ഓര്‍മപ്പെടുത്തലാണ് ദിവ്യഉണ്ണിയെ തിരിച്ചറിഞ്ഞതും കരങ്ങളിലെടുത്ത് ശിമയോന്‍ പ്രവചിച്ചതുമായ സംഭവം. 84 വയസ്സുള്ള വൃദ്ധയും വിധവയുമായ അന്ന എന്ന ഭക്തസ്ത്രീയ്ക്കാണ് രക്ഷകനെ ലോകത്തിന്റെ മുമ്പില്‍ ആദ്യമായി പ്രഘോഷിക്കാനുള്ള ഭാഗ്യം ലഭിച്ചത്! അനുഗൃഹീതമായ വാര്‍ദ്ധക്യത്തെക്കുറിച്ചു സങ്കീര്‍ത്തകന്‍ പറയുന്നു: ''അവരെ കര്‍ത്താവിന്റെ ഭവനത്തില്‍ നട്ടിരിക്കുന്നു. അവര്‍ ദൈവത്തിന്റെ അങ്കണത്തില്‍ തഴച്ചുവളരുന്നു. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കുന്നു. അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്‍ക്കും'' (സങ്കീ. 92:13:14).
പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളും ഈശോയുടെ മുത്തശ്ശിയും മുത്തശ്ശനുമായ അന്ന-ജൊവാക്കിം ദമ്പതികളുടെ ജീവിതത്തിലേക്കുകൂടിയുള്ള ഒരെത്തിനോട്ടം ഇവിടെ ഏറെ അവസരോചിതംതന്നെ. ഇവരെക്കുറിച്ചുള്ള വിവരണങ്ങള്‍ വിശുദ്ധഗ്രന്ഥത്തില്‍ അധികമില്ല. എന്നാല്‍, സഭയുടെ വിശുദ്ധപാരമ്പര്യങ്ങളടങ്ങുന്ന അപ്പോക്രിഫ എന്ന സുവിശേഷങ്ങളില്‍നിന്നും മരിയ വാള്‍ത്തോര്‍ത്ത തുടങ്ങി ചില വിശുദ്ധാത്മാക്കള്‍ക്കു ലഭിച്ച സ്വര്‍ഗ്ഗീയവെളിപ്പെടുത്തലുകളില്‍നിന്നുമാണ് വിശുദ്ധ ജൊവാക്കിം-അന്നയെക്കുറിച്ചുള്ള അറിവുകള്‍ ലഭ്യമാകുന്നത്. വി. ഖുറാനിലും ചില വിവരങ്ങള്‍ ലഭ്യമാണ്.
ഇസ്രായേല്‍ജനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന രക്ഷകനു പിറക്കാന്‍ തങ്ങളുടെ തലമുറയില്‍ ആരുമില്ലാതെ വംശം അറ്റുപോകുമല്ലോ എന്ന മനോവിഷമമായിരുന്നു അവരെ വരിഞ്ഞുമുറുക്കിയിരുന്നത്. ഒരുനാള്‍ നേര്‍ച്ചകാഴ്ചകളുമായി ദൈവാലയത്തിലെത്തിയ ജൊവാക്കിമിനെ പുരോഹിതന്‍ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയുമുണ്ടായി. മനോവിഷമത്തിന്റെ ആധിക്യത്താല്‍ ദൈവാലയത്തില്‍നിന്നു ഭവനത്തിലേക്കു മടങ്ങാതെ ഹെര്‍മോണ്‍ മലയിലേക്കു പുറപ്പെട്ടു. അന്നയെ വിവരമറിയിക്കാന്‍ പരിചയക്കാരെ ചുമതലപ്പെടുത്തി. നാല്പതു രാവും നാല്പതു പകലും ജൊവാക്കിം ഹെര്‍മോണ്‍ മലയിലും അന്ന സ്വന്തം ഭവനത്തിലുമായി ഏകമനസ്സോടെ ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടി. അവരുടെ കണ്ണീരും വിലാപവും സ്വര്‍ഗകവാടം തുറക്കാന്‍ പര്യാപ്തമായിരുന്നു. അവരില്‍ സംപ്രീതനായ ദൈവം തന്റെ ദൂതനെ ഭൂമിയിലേക്കയച്ചു. ആദ്യം ജൊവാക്കിമിനെ സന്ദര്‍ശിച്ചുകൊണ്ടു പറഞ്ഞു: ''നീ സമാധാനത്തോടെ സ്വന്തം ഭവനത്തിലേക്കു മടങ്ങിപ്പോകുക. ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നിന്റെ ഭാര്യ ഗര്‍ഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കും.'' തല്‍ക്ഷണം ദൂതന്‍ മറഞ്ഞു.
ദൂതന്‍ അന്നയെ സന്ദര്‍ശിച്ച് ഇപ്രകാരമറിയിച്ചു: ''നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ദൈവം കരുണ ചൊരിഞ്ഞിരിക്കുന്നു. നിന്റെ ഭര്‍ത്താവ് ഉടന്‍തന്നെ മടങ്ങിവരികയും നീ ഗര്‍ഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യും.'' അന്ന സന്തോഷാധിക്യത്താല്‍ സാഷ്ടാംഗപ്രണാമം ചെയ്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് ദൈവവുമായൊരു ഉടമ്പടി ചെയ്തു: ''ദൈവമേ, നീ കനിഞ്ഞുനല്കുന്ന കുഞ്ഞ് ആണായാലും പെണ്ണായാലും ആജീവനാന്തം നിനക്കു ശുശ്രൂഷ ചെയ്യാന്‍ ഞാന്‍ ദൈവാലയത്തില്‍ കാഴ്ചവയ്ക്കും. ആ കുഞ്ഞ് നിന്റേതു മാത്രമായിരിക്കട്ടെ!!'' അന്ന കണ്ണീര്‍ തുടച്ച് ദിനചര്യകളില്‍ വ്യാപൃതയാകാന്‍ തുടങ്ങി.
ജൊവാക്കിം സ്വഭവനത്തിലെത്തി ഭാര്യയോടൊപ്പം പൂര്‍വാധികം ഭക്തിയോടും വിശുദ്ധിയോടുംകൂടി ദൈവത്തെ സ്തുതിച്ചും മഹത്ത്വപ്പെടുത്തിയും ആരാധിച്ചും ജീവിച്ചുപോന്നു. അന്ന ഗര്‍ഭം ധരിച്ചു. സമയത്തിന്റെ പൂര്‍ത്തിയില്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിനെ കരങ്ങളിലെടുത്ത് അവര്‍ ദൈവത്തിനു നന്ദിയും സ്തുതിയും ആരാധനയും അര്‍പ്പിച്ചു. ഈ ഭൂമി മുഴുവന്‍ സുഗന്ധം പരത്തിക്കൊണ്ട് കുഞ്ഞു വളരുകയാണ്. അവര്‍ കുഞ്ഞിനു മറിയം എന്നു പേരിട്ടു. കുഞ്ഞിന് മൂന്നു വയസ്സായപ്പോള്‍ തങ്ങളുടെ നേര്‍ച്ച നിറവേറ്റുന്നതിനായി ദൈവാലയത്തിലേക്കു പുറപ്പെട്ടു. ദൈവാലയത്തിലെത്തിയ കുഞ്ഞുമറിയം ഒരു മാടപ്രാവിനെപ്പോലെ ദൈവാലയത്തിന്റെ പടികള്‍ കടന്ന് പിന്നോട്ടു നോക്കാതെ പോവുന്ന കാഴ്ച വൃദ്ധമാതാപിതാക്കള്‍ നിര്‍വൃതിയോടെ നോക്കിനിന്ന് ദൈവത്തിനു കീര്‍ത്തനമാലപിച്ചു!!
ദൈവവേലയ്ക്കായി കുഞ്ഞുങ്ങളെ നല്കാന്‍ മടിക്കുന്ന മാതാപിതാക്കള്‍ക്ക് ഈ വിശുദ്ധാത്മാക്കള്‍ മാതൃകയായിരിക്കട്ടെ. മക്കളുടെ സാമീപ്യവും സാന്നിധ്യവും ലഭിക്കാത്ത മാതാപിതാക്കള്‍ക്ക് ഈ വിശുദ്ധര്‍ മദ്ധ്യസ്ഥരായിരിക്കട്ടെ. അനപത്യദുഃഖം അനുഭവിക്കുന്ന അനേകം ദമ്പതികള്‍ക്ക് ഈ വിശുദ്ധ ദമ്പതികള്‍ സമാധാനവും സമാശ്വാസവും പകരട്ടെ. വൃദ്ധമാതാപിതാക്കള്‍ക്ക് അഭയവും ആശ്രയവുമായിരിക്കട്ടെ.