•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

അക്ഷരങ്ങളെയും പൂക്കളെയും സ്‌നേഹിക്കുന്ന ലിന്റാമോള്‍

പാലാ: ചെറുപ്പംമുതലേ പൂച്ചെടികളോട് ഇഷ്ടമായിരുന്നു ലിന്റാമോള്‍ക്ക്. മാതാപിതാക്കളായ ജോര്‍ജ് ആന്റണിക്കും ഏലിയാമ്മയ്ക്കും പൂച്ചെടികള്‍ ഏറെ പ്രിയമായിരുന്നു. അവരില്‍നിന്നു ലഭിച്ച പ്രചോദനമാകാം തന്നെയും പൂക്കളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചതെന്ന് കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഓഫീസ് സ്റ്റാഫ് ലിന്റാമോള്‍ ആന്റണി പറയുന്നു. ഇളംതോട്ടം സണ്‍ഡേ സ്‌കൂള്‍ അധ്യാപികകൂടിയാണ് ലിന്റാമോള്‍.
പൂന്തോട്ടമാരംഭിച്ചിട്ട് പത്തുവര്‍ഷത്തോളമായി. വിവിധതരത്തിലുള്ള ചെത്തി, റോസ്, അഗ്ലോണിമ, ഓര്‍ക്കിഡ്, ആന്തൂറിയം, മണിപ്ലാന്റ്, കലാത്തിയ, യുഫോര്‍ബിയ, ഡ്രെസ്സീന പ്ലാന്റ്, പെറ്റൂണിയ, ബിഗോണിയ, വാണ്ടറിങ് ജൂ, ചൈനീസ് ബാള്‍സം തുടങ്ങിയ ഇരുന്നൂറോളം ഇനങ്ങള്‍ കൃഷി ചെയ്തുവരുന്നു.
ഇവയ്ക്കു ചാണകപ്പൊടിയാണ് വളമായി ഉപയോഗിക്കുന്നത്. തൈകള്‍ നടുമ്പോള്‍ ചകിരിച്ചോറും ചാണകപ്പൊടിയും ചേര്‍ത്താണ് നടുന്നത്. ഇടയ്ക്കിടയ്ക്ക് പച്ചച്ചാണകം കലക്കി ഒഴിക്കുന്നത് വളര്‍ച്ചയ്ക്കു നല്ലതാണെന്നു പറയുന്നു.
മനസ്സില്‍ എന്തെങ്കിലും ടെന്‍ഷന്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ ഈ ചെടികളുടെ പൂമൊട്ടും പൂവും കാണുമ്പോള്‍ അവയൊക്കെ താനേ മനസ്സില്‍നിന്നു മാഞ്ഞുപോകും. അതിന്റെ കൂട്ടത്തില്‍ നനച്ചുകൊടുക്കുകകൂടി ചെയ്യുമ്പോള്‍ അതെല്ലാം പൂര്‍ണമായും വിട്ടുപോകുമെന്നാണ് ലിന്റാമോളുടെ അഭിപ്രായം. വൈകുന്നേരം കുറച്ചു സമയം മാത്രമാണ് പൂച്ചെടികളുടെ സംരക്ഷണത്തിനായി ലഭിക്കുക.
കവിതാരചനയില്‍ കെസിബിസി ടീച്ചേഴ്‌സ് ഗില്‍ഡ് നടത്തിയ മത്സരത്തില്‍ 2022 ല്‍ പാലാ രൂപതയിലെ ഫസ്റ്റും, സ്റ്റേറ്റ് ലെവലില്‍ സെക്കന്റും ലിന്റാമോള്‍ക്കാണു ലഭിച്ചത്.
മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരത്തില്‍ കവിതയ്ക്കും കഥയ്ക്കും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ അടുത്തുകാലത്തായി ലിന്റ രചിച്ച 49 കവിതകളുടെ സമാഹാരമായ 'തീത്തടാകത്തിലെ താമര' എന്ന പ്രഥമപുസ്തകം ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ പ്രകാശനം ചെയ്തു.
തൊടുപുഴയ്ക്കടുത്ത് അഞ്ചേരിയിലാണ് ലിന്റാമോള്‍ ജനിച്ചു വളര്‍ന്നത്. ഇപ്പോള്‍ പാലാ ഇളംതോട്ടം സെന്റ് ആന്റണീസ് ഇടവകാംഗവും പുത്തന്‍പുരയ്ക്കല്‍ ജോര്‍ജ് വര്‍ഗീസിന്റെ ഭാര്യയുമാണ്.
കല്ലാനിക്കല്‍ സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററിയിലും തൊടുപുഴ ന്യൂമാന്‍ കോളജിലുമാണ് പഠനം നടത്തിയത്. ഭര്‍ത്താവ് ജോര്‍ജ് വര്‍ഗീസ് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ്  മുരിക്കന്‍ പിതാവിന്റെ ഡ്രൈവറായി ജോലി ചെയ്യുന്നു. ഇവര്‍ക്കു മൂന്നുമക്കളാണ്. അന്ന കരോളിന്‍ ജോര്‍ജ്, ഹെലന്‍ മരിയ ജോര്‍ജ്, എമ്മാനുവേല്‍ പി. ജോര്‍ജ്.

ജോസഫ് കുമ്പുക്കന്‍

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)