ചാരിത്ര്യം, ജീവിതവിശുദ്ധി, ദാമ്പത്യവിശ്വസ്തത... പുതിയ കാലത്തെ പുതിയ തലമുറ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത ചില ജീവിതസവിശേഷതകളും വ്യക്തിത്വമാഹാത്മ്യങ്ങളുമാണ് ഇവയെല്ലാം. ചില വനിതാപ്രസിദ്ധീകരണങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ നടത്തുന്ന സര്‍വ്വേയുടെ ഫലം വായിക്കുമ്പോള്‍ നാം തിരിച്ചറിയുന്ന ഒരു യാഥാര്‍ത്ഥ്യം മേല്പറഞ്ഞ സദാചാരസംഹിതകള്‍ പലതും ലംഘിക്കപ്പെടുന്നതില്‍ പുതിയ തലമുറ അല്പംപോലും കുറ്റബോധമോ മനസ്താപമോ അനുഭവിക്കുന്നില്ല എന്നാണ്. വിവാഹപൂര്‍വലൈംഗികതയും വിവാഹേതരബന്ധങ്ങളും ഗര്‍ഭച്ഛിദ്രവും തികച്ചും സ്വാഭാവികമായ പ്രക്രിയകളാണെന്നാണ് അമേരിക്കയില്‍ അബോര്‍ഷന്‍ അനുകൂലികള്‍ മുഴക്കുന്ന മുദ്രാവാക്യം. എന്റെ ശരീരം എന്റെ അവകാശം എന്നതാണ് അതിലൊന്ന്. അബോര്‍ഷനെ തങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമായി അവരില്‍ പലരും തെറ്റിദ്ധരിക്കുന്നു. ശരീരത്തില്‍ അനാവശ്യമായി വളര്‍ന്നുവരുന്ന മുഴ നീക്കം ചെയ്യുന്ന ലാഘവത്തോടെയും അനിവാര്യതയോടെയുമാണ് അവരതിനെ കാണുന്നത്.
മലയാളസിനിമയുടെ തൊണ്ണൂറുകളിലും എണ്‍പതുകളിലുമൊക്കെ നാം കൂടുതലായി കണ്ടുവന്നിരുന്നത് ചതിയിലോ പ്രണയത്തകര്‍ച്ചയിലോ കുടുങ്ങി ഗര്‍ഭവതിയാകുന്ന നായികമാര്‍ ഒന്നുകില്‍ രഹസ്യമായി പ്രസവിക്കുകയോ അല്ലെങ്കില്‍ അപമാനം ഭയന്ന് ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നതായിരുന്നു. പവിത്രന്‍ - എം.ടി. കൂട്ടുകെട്ടില്‍ പിറന്ന ഉത്തരം എന്ന സിനിമ നോക്കുക. അതില്‍ സ്‌കൂള്‍വിദ്യാര്‍ത്ഥിനിയായിരിക്കവേ അബദ്ധത്തില്‍ ഗര്‍ഭിണിയാവുകയാണ് നായിക. എന്നാല്‍, കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ അവള്‍ തയ്യാറാകുന്നില്ല. ദൂരെയൊരിടത്ത് രഹസ്യമായി പ്രസവിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം പുതിയൊരു ജീവിതത്തിലേക്ക് അവള്‍ പ്രവേശിക്കുന്നു. എന്നാല്‍, താന്‍ പ്രസവിച്ച കുഞ്ഞിനെ വളരെ പരിതാപകരമായ ഒരു സാഹചര്യത്തില്‍ കാണേണ്ടിവരുന്ന അവള്‍ ഒടുവില്‍ ആത്മഹത്യ ചെയ്യുന്നു.
ഉത്തരം കഴിഞ്ഞ് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന സിനിമയിലും വിദ്യാര്‍ത്ഥിനിയായിരിക്കേ കാമുകനില്‍നിന്നു ഗര്‍ഭിണിയാകുന്ന ഒരു പെണ്‍കുട്ടിയെ കാണാം. പക്ഷേ, ഉത്തരത്തില്‍നിന്നു വ്യത്യസ്തമായി അവള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നില്ല. മറിച്ച്, കൂട്ടുകാരികളുടെ പ്രേരണയാല്‍ അബോര്‍ഷനു വിധേയയാവുകയും അതില്‍ അവള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.
ജീവനു നേരേയുള്ള വ്യത്യസ്തങ്ങളായ രണ്ടു സമീപനങ്ങളാണ് ഇവിടെ കാണാന്‍ കഴിയുന്നത്. പ്രിക്കോഷന്‍ എടുത്തും സുരക്ഷിതദിവസങ്ങള്‍ നോക്കിയും രതി ആഘോഷിക്കുന്ന കാമുകീകാമുകന്മാരും വിവാഹേതരബന്ധങ്ങളും മലയാളസിനിമയില്‍ ഇന്ന് കുറവൊന്നുമല്ല. സാറാസ് എന്ന സിനിമതന്നെ ഉദാഹരണം. പ്രതിശ്രുതവരന്റെ അടുക്കല്‍ രാത്രികാലം ചെലവഴിക്കാന്‍ വരുന്ന നായിക ഒരു സാഹചര്യമുണ്ടായാല്‍, ഗര്‍ഭം ധരിക്കാതിരിക്കാനുള്ള മുന്‍കരുതലെടുക്കുന്നുണ്ട്. പിന്നീട് വിവാഹിതരായപ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന ഗര്‍ഭധാരണത്തെ അംഗീകരിക്കാന്‍ തയ്യാറാകാതെ കുഞ്ഞിനെ അബോര്‍ഷന്‍ നടത്താന്‍ തീരുമാനിക്കുകയാണ് സാറാ. അതിനവളെ പ്രേരിപ്പിക്കുന്നതാവട്ടെ കരിയറിനോടുള്ള പാഷനും. കുട്ടിയും കരച്ചിലുമായി വീട്ടില്‍ ഒതുങ്ങിക്കൂടി ജീവിതം പാഴാക്കാതെ മികച്ച സംവിധായികയായി മാറുന്ന അവളെ ബന്ധുമിത്രാദികള്‍ കൈയടിച്ചു സ്വീകരിക്കുന്നതോടെയാണു ചിത്രം അവസാനിക്കുന്നത്. ഈ കൈയടി യഥാര്‍ത്ഥത്തില്‍ സാറായുടെ കരിയറിനോ നേട്ടത്തിനോ മാത്രമല്ല, അവള്‍ കൈക്കൊണ്ട അബോര്‍ഷന്‍ എന്ന തീരുമാനത്തിനുകൂടിയാണ് എന്നു വരുന്നിടത്താണ് നമുക്കു ഞെട്ടലുണ്ടാകുന്നത്. സ്ത്രീയുടെ വിജയം എന്നത് അവളുടെ കരിയറും പ്രഫഷണല്‍ വിജയങ്ങളുമാണെന്നു വരുത്തിത്തീര്‍ക്കുകയും അതിനു വിഘാതമായി വരുന്നതെന്തും അറുത്തുമാറ്റുകയും വേണമെന്നുമാണ് സാറാസ് നല്കിയ പ്രതിലോമകരമായ സന്ദേശം. കരിയറിനുവേണ്ടി കുഞ്ഞിനെ വേണ്ടെന്നു വയ്ക്കുന്ന അഭിനവസാറാമാര്‍ മറന്നുപോകുന്നത് രണ്ടു മക്കളെ പ്രസവിക്കുകയും ഇന്ത്യന്‍രാഷ്ട്രീയത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്ന ഇന്ദിരാഗാന്ധിയെയും സോണിയാഗാന്ധിയെയുംപോലെയുള്ള സ്ത്രീരത്‌നങ്ങളെയാണ്. കുടുംബത്തിനുവേണ്ടി, സ്ത്രീത്വത്തിനുവേണ്ടിക്കൂടി ജീവിക്കാന്‍ സമയം കണ്ടെത്തി എന്നതാണ് അവരുടെ രാഷ്ട്രീയത്തോടു വിയോജിക്കുന്നവര്‍ക്കുപോലും നിഷ്പക്ഷമായി വിലയിരുത്താന്‍ കഴിയുന്ന നന്മ.
ജിസ് ജോയിയുടെ ഏറ്റവും പുതിയ സിനിമയായ ഇന്നലെവരെ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായ സിനിമാതാരവും ഇതേ വഴിക്കുതന്നെയാണ് തുടക്കത്തില്‍ സഞ്ചരിക്കുന്നത്. വിവാഹാലോചനയോളം എത്തുന്ന ഒരു സ്‌നേഹബന്ധം ഉണ്ടായിരിക്കെത്തന്നെയാണ് ചലച്ചിത്രതാരവും ഭര്‍ത്തൃമതിയുമായ കാര്‍ത്തിയോട് അയാള്‍ രഹസ്യബന്ധം പുലര്‍ത്തുന്നത്. ഭര്‍ത്താവ് ഗള്‍ഫിലായതുകൊണ്ട് അവരുടെ സൈ്വരജീവിതത്തിനു തടസ്സങ്ങളും ഉണ്ടാകുന്നില്ല. പക്ഷേ, എല്ലാം പ്ലാന്‍ ചെയ്തിട്ടും കാര്‍ത്തി ഗര്‍ഭിണിയാകുന്നു. ഭര്‍ത്താവ് അരികിലില്ലാതെ ഒരു ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍ ഉണ്ടാകാനിടയുള്ള അപമാനത്തെയും സ്വന്തം സല്‍പ്പേരിനെയും ഭയന്ന് കുട്ടിയെ അബോര്‍ട്ട് ചെയ്യാനുള്ള തീരുമാനം ഏകപക്ഷീയമായി നടപ്പാക്കുകയാണ് കാര്‍ത്തി. ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുമായി എത്രയും പെട്ടെന്ന് തന്റെ അടുക്കലെത്തണമെന്നാണ് ഫോണിലൂടെയുള്ള കാര്‍ത്തിയുടെ നിലവിളി. ആ നിലവിളിക്ക് ഉത്തരം തേടുന്ന നായകന്‍ അപ്രതീക്ഷിതമായി മറ്റൊരു അപകടത്തെ നേരിടുന്നു. അതവിടെ നില്ക്കട്ടെ. ചിത്രത്തിന്റെ ഏക പോസിറ്റീവ് എന്നു പറയാവുന്നത് സ്വന്തം തെറ്റു മനസ്സിലാക്കി രഹസ്യബന്ധം അവസാനിപ്പിച്ച് കാര്‍ത്തിയും നായകനും വിവാഹിതരാകാന്‍ തീരുമാനിക്കുന്നതാണ്. സ്വാഭാവികമായും അബോര്‍ഷന്‍ അവര്‍ക്കിടയില്‍ സംഭവിക്കാതെ പോകുന്നുവെന്നാണ് പ്രേക്ഷകന്‍ മനസ്സിലാക്കുന്നത്.
മക്കള്‍ പ്രായപൂര്‍ത്തിയെത്തിയതിനുശേഷം അമ്മ വീണ്ടും ഗര്‍ഭിണിയാകുന്നത് അത്ര തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ കഴിയുന്ന കാര്യമാവണമെന്നില്ല. പണ്ടുകാലങ്ങളില്‍ അമ്മയും മകളും ഒരുമിച്ചു പ്രസവിച്ചുകിടന്നിരുന്ന ചരിത്രമുണ്ടായിരുന്നുവെങ്കിലും ഇന്നതു സാധാരണമല്ല. കാലം തെറ്റിയ രണ്ടു ഗര്‍ഭധാരണങ്ങളുടെ കഥകളാണ് രാജീവ് കുമാര്‍ - മോഹന്‍ലാല്‍ ചിത്രമായ പവിത്രവും പൃഥ്വിരാജ് - മോഹന്‍ലാല്‍ ചിത്രമായ ബ്രോഡാഡിയും പറഞ്ഞത്. മക്കളായി ആദ്യസിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും വേഷമിട്ടപ്പോള്‍ രണ്ടാം സിനിമയില്‍ പൃഥ്വിരാജാണ് മകനായത്. യഥാക്രമം അമ്മമാരായത് ശ്രീവിദ്യയും മീനയും. പവിത്രം സിനിമയില്‍ അമ്മയുടെ ഗര്‍ഭധാരണത്തെ ആഘോഷമാക്കിമാറ്റുകയാണ് മക്കള്‍. അവരെ സംബന്ധിച്ചിടത്തോളം അത് അപമാനമേ ആകുന്നില്ല. ഒടുവില്‍ കാലം തെറ്റിയുള്ള പ്രസവത്തോടെ അമ്മ മരിച്ചപ്പോള്‍ തങ്ങളുടെ കൂടപ്പിറപ്പിനെ സ്വന്തം മകളായി സ്വീകരിക്കാന്‍ മോഹന്‍ലാലിന്റെ ചേട്ടച്ഛനു കഴിയുന്നു. ഒരേ സമയം മീനാക്ഷിക്ക് ചേട്ടനും അച്ഛനുമായി അയാള്‍ മാറുന്നു. അതിനിടയില്‍ സ്വന്തമായി ജീവിക്കാന്‍ അയാള്‍ മറന്നും പോകുന്നു. മാതാപിതാക്കളറിയാതെയുള്ള ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പില്‍ താന്‍ അപ്പനാകാന്‍ പോകുന്നുവെന്ന നടുക്കത്തിന്റെ പിന്നാലെയാണ് തന്റെ അമ്മയും ഗര്‍ഭിണിയാണ് എന്ന സത്യം ബ്രോഡാഡിയിലെ മകന്‍ തിരിച്ചറിയുന്നത്. പകച്ചുപോകാതിരിക്കുമോ അവന്‍? പക്ഷേ, ബ്രോഡാഡി സിനിമയുടെ ഏറ്റവും വലിയ നന്മ ആ സിനിമയൊരിക്കലും ആ ദമ്പതികള്‍ക്കിടയില്‍ ഒരു ഓപ്ഷനായി അബോര്‍ഷനെ അവതരിപ്പിച്ചില്ല എന്നതാണ്. ബാംഗ്ലൂര്‍പോലെയുള്ള ഒരു മെട്രോനഗരത്തില്‍ ഇരുചെവിയറിയാതെ അബോര്‍ഷന്‍ നടത്താന്‍ സാധ്യതയുള്ളപ്പോള്‍ ഇനിയെങ്കിലും വീട്ടുകാരെ വിവരമറിയിച്ച് വിവാഹം നടത്താനാണ് ആ കാമുകീകാമുകന്മാര്‍ തീരുമാനിക്കുന്നത്. അങ്ങനെയൊരു തീരുമാനത്തോടെയാണ് അവര്‍ നാട്ടിലേക്കു മടങ്ങുന്നതും.
മകന്റെ കരമെടുത്ത് തന്റെ വയറ്റില്‍ അമര്‍ത്തിക്കൊണ്ട് ബ്രോഡാഡിയിലെ അമ്മ പറയുന്നത് നീ കിടന്ന അതേ വയറ്റില്‍ത്തന്നെയാണ് എന്റെ രണ്ടാമത്തെ കുഞ്ഞും വളരുന്നതെന്നാണ്. അതോടെ അമ്മയുടെ ഗര്‍ഭധാരണത്തിനു മുമ്പിലുള്ള മകന്റെ എല്ലാ എതിര്‍പ്പുകളും പത്തിതാഴ്ത്തുന്നു. അങ്ങനെ ഒരേ സമയം അച്ഛനും മകനും ഡാഡിമാരായി മാറുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.
ജീവന്റെ കാവലാളാകുക എന്നതിന് സ്രഷ്ടാവിനോളം തന്നെ വലുപ്പമുണ്ട്. ജീവനുനേരേ നാം കുറെക്കൂടി തുറവുള്ളവരാകുക. മനുഷ്യജീവന്റെ വില വലുതാണ്. മനുഷ്യത്വത്തോടുളള ആദരവാണ് ജീവനുവേണ്ടി നിലകൊളളാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ജീവനുവേണ്ടി നിലയുറപ്പിക്കാന്‍ കഴിയുന്ന നല്ല സിനിമകള്‍ സൃഷ്ടിക്കാന്‍ ചലച്ചിത്രകാരന്മാര്‍ക്കു കഴിയട്ടെ. അതുവഴി ജീവന്റെ വെളിച്ചം നമ്മുടെ ജീവിതങ്ങളിലേക്കു കടന്നുവരികയും ചെയ്യട്ടെ. തെറ്റായ സന്ദേശം നല്കി തെറ്റായ ജീവിതത്തിനു പ്രേരിപ്പിക്കുന്ന വിജയിച്ച സാറാസുമാരെയല്ല നമ്മുടെ സമൂഹത്തിനും സഭയ്ക്കും ആവശ്യമെന്ന കാര്യം മറക്കരുത്.