•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ഭരണഘടനയുടെ വലുപ്പമറിയാത്തവര്‍!

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 14 July , 2022

നിയമംവഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോടു നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സംസ്ഥാനത്തെ ഒരു മന്ത്രിതന്നെ അതേ ഭരണഘടനയെ പരസ്യമായി നിന്ദിച്ചിരിക്കുന്നത് ഞെട്ടലോടും ലജ്ജയോടുംകൂടി മാത്രമേ ഓരോ ഇന്ത്യക്കാരനും കേള്‍ക്കാനാവൂ. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചതാണ് രാജ്യത്തിനകത്തും പുറത്തും വലിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. മന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാലംഘനവും കുറ്റകരവും അധാര്‍മികവുമാണെന്ന് ഭരണഘടനാവിദഗ്ധരും നിയമജ്ഞരുമടക്കമുള്ളവര്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാജി നിയമപരമായ അനിവാര്യതയായി മാറിയേക്കുമോയെന്ന് സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കുന്നു.

ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്നാണ്, രാജ്യത്തെ ഓരോ പൗരനും വേദപുസ്തകമായി കണക്കാക്കുന്ന ഇന്ത്യന്‍ ഭരണഘടനയെ, മന്ത്രി സജി ചെറിയാന്‍ വിലയിരുത്തുന്നത്. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടന ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തതുകേട്ട് ഇന്ത്യക്കാര്‍ എഴുതിവച്ചതാണെന്നാണ് സാംസ്‌കാരികവകുപ്പുകൂടി കൈയാളുന്ന അദ്ദേഹത്തിന്റെ അടുത്ത പരാമര്‍ശം. ഭരണഘടനയില്‍ എഴുതിയിട്ടുള്ള മതേതരത്വവും ജനാധിപത്യവുമൊക്കെ കുന്തവും കുടച്ചക്രവുമായിട്ടാണ് മന്ത്രിക്കു തോന്നുന്നതത്രേ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ഭരണഘടനയെക്കുറിച്ച് ആരെല്ലാം മഹത്ത്വപ്പെടുത്തിപ്പറഞ്ഞാലും താനൊരിക്കലും സമ്മതിക്കില്ല എന്നുകൂടി സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രി ഭരണഘടനയെ ഇകഴ്ത്തി സംസാരിച്ചത്. ഇതു നാവുപിഴയല്ല, ബോധപൂര്‍വം സംസാരിച്ചതാണെന്നു വീഡിയോ കേള്‍ക്കുന്ന ഓരോ വ്യക്തിക്കും മറയില്ലാതെ മനസ്സിലാക്കാമെന്നിരിക്കേ, താന്‍ ഭരണഘടനയെപ്പറ്റിയല്ല, ഭരണകൂടത്തെപ്പറ്റിയാണു പറഞ്ഞതെന്നും മറ്റുമൊക്കെയുള്ള മന്ത്രിയുടെ പുതിയ ന്യായീകരണങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ കൂടുതല്‍ നാണംകെടാനും വിഡ്ഢിയാകാനും മാത്രമേ ഉപകരിക്കൂ.
ലോകത്ത് എഴുതപ്പെട്ടതില്‍ ഏറ്റവും മികവുറ്റ ഭരണഘടനയാണ് ഇന്ത്യയുടേത് എന്നതില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം. ലോകത്തുള്ള മറ്റു പല ഭരണഘടനകളും കാലഹരണപ്പെട്ടിട്ടും നമ്മുടെ ഭരണഘടന കാലാതീതമായി നിലകൊള്ളുന്നത്  അത്രയേറെ മഹത്ത്വവും മൂല്യവും ദേശീയതയും അതില്‍ ഭദ്രമായിരിക്കുന്നു എന്നതുകൊണ്ടാണ്. ഭരണഘടനാനിര്‍മാണസഭ, രണ്ടുവര്‍ഷം 11 മാസം 18 ദിവസം കാലയളവില്‍ 11 തവണ സമ്മേളിച്ചാണ് ബൃഹത്തായ ഭരണഘടനയുണ്ടാക്കിയതെന്നോര്‍ക്കണം. ഭരണഘടനയുടെ പ്രധാന ശില്പിയായ ഡോ. ബി.ആര്‍. അംബേദ്കറും  സമുന്നതനേതാക്കളും 60 രാജ്യങ്ങളുടെ ഭരണഘടനകള്‍ പഠനവിധേയമാക്കി, പത്തിലേറെ രാജ്യങ്ങളുടെ ഭരണഘടനകളില്‍നിന്ന് ആശയങ്ങള്‍ സ്വീകരിച്ചു വേണ്ടത്ര ചര്‍ച്ചയും ആലോചനയും നടത്തി രൂപപ്പെടുത്തിയ പ്രമാണസംഹിതയാണിത്. 114 ദിവസം കരടുഭരണഘടന ചര്‍ച്ചകള്‍ക്കു വിധേയമായശേഷമാണ് 1950 ജനുവരി 26 ന് ഭരണഘടന നിലവില്‍വരുന്നത്.
ഭരണഘടനയില്‍ ഭേദഗതികളുണ്ടാകണമെന്ന് അഭിപ്രായമുണ്ടെങ്കില്‍ അതേക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുന്നതും വിമര്‍ശനങ്ങളുന്നയിക്കുന്നതും കുറ്റകരമല്ല, ശരിയുമാണ്. എന്നാല്‍, ഭരണഘടനയെ അവഹേളിക്കാന്‍ ശ്രമിക്കുന്നതും അതിന്റെ പരിശുദ്ധിയെ കുറച്ചുകാണിക്കുന്നതും ഭരണഘടനാലംഘനവും നിയമവിരുദ്ധവുമാണ്. കേരളത്തില്‍ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളയുടെ 'പഞ്ചാബ് മോഡല്‍' പ്രസംഗത്തെക്കാള്‍ ഗൗരവമുള്ളതാണു സജി ചെറിയാന്റെ പരാമര്‍ശങ്ങളെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാനചരിത്രത്തില്‍ മറ്റൊരു മന്ത്രിയും ഭരണഘടനയെ ഇത്തരത്തില്‍ അപമാനിച്ചിട്ടില്ലെന്ന് അവര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. സത്യപ്രതിജ്ഞാലംഘനം  എന്ന നിലയ്ക്ക് തീര്‍ത്തും നിരുത്തരവാദിത്വപരമായ ഈ പ്രസ്താവനയ്ക്ക്  ഒരു ഖേദപ്രകടനം  നിയമസഭയില്‍ നടത്തിയാല്‍ മതിയോ എന്നത് സാംസ്‌കാരികകേരളം ഉറ്റുനോക്കുന്നു. മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് സംസ്ഥാനമന്ത്രിയെ നിയമിക്കുന്ന ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാണ്. മന്ത്രിക്കു നേര്‍വഴി കാണിക്കാന്‍ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിതന്നെയും മൗനം വെടിഞ്ഞ് ജനങ്ങളോടു മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.
ഒരു സാഹചര്യത്തിലും നമ്മുടെ പാവനമായ ഭരണഘടനയും അതിന്റെ ശില്പികളും അപമാനിക്കപ്പെടാന്‍ പാടില്ലെന്ന് ഓരോ ഇന്ത്യന്‍പൗരനും ഉറപ്പുവരുത്തണം. ഓരോ പൗരന്റെയും പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം ഇതായിരിക്കേ, ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരമേല്‍ക്കുന്നവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഇനിയാരു ബോധവത്കരിക്കും? ഡോ. ബി.ആര്‍. അംബേദ്കറുടെ വാക്കുകള്‍ ഓര്‍മയില്‍ വരുന്നു: '' ഭരണഘടന എത്ര നല്ലതായാലും അതു നടപ്പാക്കുന്നവര്‍ കൊള്ളില്ലെങ്കില്‍ അതു നിഷ്ഫലമാകും. നല്ല ഭരണകര്‍ത്താക്കളുണ്ടെങ്കില്‍ ഏതു ഭരണഘടനയും, അതില്‍ കുറവുകളുണ്ടെങ്കില്‍പ്പോലും മികവുറ്റതായി മാറും.''

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)