•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

ഈ സേവനത്തിന്റെ മൂല്യം ആരറിയുന്നു?

മിന്നിത്തിളങ്ങുന്ന സിനിമാതാരങ്ങളും കോടികള്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളും അരങ്ങുവാഴുന്ന ഈ രാജ്യത്ത് ഇവരും ഒന്നു ജീവിച്ചോട്ടെ.
ഇവിടെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍പോലും ശമ്പളവര്‍ധനയ്ക്കുവേണ്ടി സമരങ്ങള്‍ ചെയ്യാറുണ്ട്.
ഒരു കാരണവുമില്ലാതെ ബന്തുകളും ഹര്‍ത്താലുകളും നടത്തി നാടിന്റെ നട്ടെല്ലൊടിക്കുന്ന ധാരാളം രാഷ്ട്രീയരാജാക്കന്മാരും ഈ നാട്ടിലുണ്ട്.
ഇവര്‍ക്കിടയിലൂടെ, വലിയ ഓരോ ചാക്കും തോളില്‍ തൂക്കി നാടിന്റെ മുക്കിലും മൂലയിലും അലഞ്ഞുനടക്കുന്ന മെലിഞ്ഞുണങ്ങിയ ദരിദ്രരായ കുറെ മനുഷ്യജന്മങ്ങള്‍!
ആക്രി പെറുക്കുന്നവര്‍!
പരിസരബോധമില്ലാതെ നാം വലിച്ചെറിയുന്ന മദ്യക്കുപ്പികളും പ്ലാസ്റ്റിക്‌വേസ്റ്റുകളും പെറുക്കിയെടുത്ത് അവര്‍ ആ ചാക്കുകളില്‍ നിറയ്ക്കുന്നു അതും ചുമന്ന് അവര്‍ അകലെയുള്ള ആക്രിക്കടകളിലേക്കു നീങ്ങുന്നു.
ശേഖരിച്ച തട്ടുമുട്ടു സാധനങ്ങളൊക്കെ തരംതിരിച്ചു തൂക്കിക്കൊടുത്തു കിട്ടുന്ന പൈസകൊണ്ട് അവര്‍ അത്താഴത്തിനുള്ള അരി വാങ്ങുന്നു.
ഈ പാവങ്ങള്‍ക്ക് ഒരു സംഘടനയുമില്ല. ഇവര്‍ക്ക് സമരം ചെയ്യാനും അറിയില്ല. അതിനൊട്ടു സമയവുമില്ല.
ഒരു ദിവസം ഇവര്‍ ഈ ചേളാകങ്ങളുമായി തെരുവിലേക്കിറങ്ങിയില്ലെങ്കില്‍ ഇവരുടെ കുടുംബം മുഴുവന്‍ പട്ടിണിയിലാകും. ഇതാണു യാഥാര്‍ത്ഥ്യം.
ഈ സത്യം മനസ്സിലാക്കി, ഇവര്‍ ചെയ്യുന്ന സേവനങ്ങളെ അംഗീകരിച്ച് ഇവരെ ഒന്നു രക്ഷപ്പെടുത്താന്‍ ഇവിടെ ഏതെങ്കിലുമൊരു ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ടോ? അതുമില്ല.
ഈ നാട്ടിലെ സര്‍വ്വജനങ്ങളും ഇവരോടു കടപ്പെട്ടിരിക്കുന്നു. കാരണം, ഈ ആക്രി പെറുക്കുന്നവര്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ നാടിന്റെ അവസ്ഥ എന്താകുമായിരുന്നു?
റോഡുകളും തോടുകളും കായലും കടലുമെല്ലാം നമ്മള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍കൊണ്ടു നിറഞ്ഞുകവിഞ്ഞേനെ.
ഈ നല്ല ഭൂമി ഒരു മാലിന്യമലയായി മാറിയേനെ! ആ ഭയാനകമായ സാഹചര്യം ഒന്നു ഭാവനയില്‍ കണ്ടുനോക്കൂ.
അപ്പോള്‍ മനസ്സിലാകും, ഇവര്‍ ചെയ്യുന്ന മഹത്തായ കര്‍മത്തിന്റെ മൂല്യം! ഇങ്ങനെയുള്ളവരെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്.
ചില വീടുകളുടെ പരിസരങ്ങളിലേക്ക് ഇവര്‍ കടന്നുചെല്ലുമ്പോള്‍ ആ വീട്ടിലെ ചില കൊച്ചമ്മമാര്‍ ഇവരെ മോഷ്ടാക്കളെന്നു മുദ്രകുത്തി യാതൊരു ദയയുമില്ലാതെ ആട്ടിയോടിക്കാറുണ്ട്.
ആ ഒരു കാരണം പറഞ്ഞ് അധ്വാനശീലരായ ഈ സാധുക്കളെ മുഴുവന്‍ ഒന്നടങ്കം അധിക്ഷേപിക്കുന്നതു നീതിയാണോ?
ഇവിടെ മറ്റൊരു കൂട്ടരെക്കൂടി നമ്മള്‍ നന്ദിയോടെ ഓര്‍ക്കണം. ഈ ആക്രിസാധനങ്ങളെല്ലാം വാങ്ങി പണം നല്‍കുന്ന ആക്രിക്കടക്കാര്‍!
ഇവരുടെ സേവനവും വിലമതിക്കാനാവാത്തതാണ്.
വാങ്ങിക്കൂട്ടുന്ന സര്‍വവേസ്റ്റുകളും വലിയ ഭാണ്ഡങ്ങളില്‍ കുത്തിനിറച്ച് പുനര്‍നിര്‍മിതിക്കായി ഇന്ത്യയിലെ വിവിധ ഫാക്ടറികളിലേക്ക് അയച്ചുകൊടുക്കുന്ന ഈ ആക്രിക്കടയുടമകള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും, വേണ്ട സ്ഥലസൗകര്യങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കേണ്ടത് ഗവണ്‍മെന്റിന്റെ ചുമലയാണ്. കാരണം, മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും ജീവനക്കാര്‍ ചെയ്യേണ്ട ശുദ്ധീകരണജോലികളാണല്ലോ ഇക്കൂട്ടര്‍ യാതൊരു മുടക്കവും കൂടാതെ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)