അയാള്‍ക്ക് എണ്‍പതാം പിറന്നാള്‍. അതിരാവിലെമുതല്‍ ഫോണ്‍ വിളികള്‍ കാതുനിറയെ. മക്കളും കൊച്ചുമക്കളും.
ഹാപ്പിബര്‍ത്ത്‌ഡേ അപ്പച്ചാ.
അപ്പാ ഹാപ്പി ബര്‍ത്ത്‌ഡേ
ഹാപ്പി ബര്‍ത്ത് ഡേ അപ്പാജി.
അവരെല്ലാം പുറംനാടുകളില്‍. ഓടിവരാനൊന്നും പറ്റുന്ന കാലമല്ലല്ലോ. മൊബൈല്‍ മൗനത്തിലായതും അവള്‍ പ്രാഞ്ചി പ്രാഞ്ചി അടുത്തുവന്നു. സഹധര്‍മിണി. അടുത്തയാണ്ടില്‍ അവള്‍ക്കും അശീതി.
''മധുരം തരാം, വായൊന്നു പൊളിക്ക്.''
''എന്നതാ കേക്കാ?''
''അതിനിവിടാരാ കേക്കു മേടിക്കാന്‍? ഒരു പൂളു പഴുത്തമാങ്ങയാ.''
അയാള്‍ വാ തുറന്നു. മാമ്പഴം ചവയ്ക്കുമ്പോള്‍ പറഞ്ഞു:
''പല്ലെല്ലാം ആടി നിക്ക്വാ. ഇയാടെ മധുരം ഒക്കേം കൊഴിച്ചു കളേവോന്നാ...''
''പതിയെ ചവച്ചാ മതി.''
അവള്‍ അകത്തേക്കു പോയി. തിരിച്ചുവന്ന് ഒരു ചവുണ്ട പുസ്തം നീട്ടി.
''ബര്‍ത്ത്‌ഡേ സമ്മാനം.''
''എന്നാതാടോ.''
''നിങ്ങടെ കൈപിടിച്ച് ഇവിടെ വന്നു കേറീപ്പം ഞാന്‍ കൊണ്ടുവന്ന സമ്പത്താ. എന്റമ്മ തന്നു വിട്ട വേദപുസ്തകം.''
അയാള്‍ അതു മേടിച്ചുനോക്കി. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പുതിയ നിയമം!
വിസ്മയം കൂറി.
''ഇയാളിത് എത്രവട്ടം വായിച്ചു കാണും?''
''പതിനായിരം പ്രാവശ്യം.''
''വായിച്ചിട്ട് ആരടെ കാര്യാ ഇപ്പഴും ഓര്‍ത്തിരിക്കുന്നെ?''
''മഗ്ദലേനമറിയത്തിന്റെ.''
''എന്താ അങ്ങനെ? ഓ! ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ ആദ്യം കണ്ട ഭാഗ്യവതിയാണല്ലോ.''
''അതുകൊണ്ടൊന്നുമല്ല.''
''പിന്നെ?''
''ഈശോയുടെ തൃപ്പാദങ്ങള്‍ കഴുകിയില്ലേ, കരഞ്ഞുകരഞ്ഞു കണ്ണീരൊഴുക്കി...''
അത്രയും പറഞ്ഞതും അയാളുടെ കാല്‍ച്ചുവട്ടിലിരുന്ന് അവള്‍ കരഞ്ഞുപോയി.
വെമ്പിപ്പോയ അയാള്‍ അവളുടെ നരച്ച തലയില്‍ തൊട്ടുതലോടി ഗദ്ഗദപ്പെട്ടു.
''എന്തിനാ കരേന്നേ? വേണ്ട, കരേണ്ടാ. ഇവിടാരും പാപിനിയല്ലല്ലോ.''
അവളുടെ ചുളുങ്ങിയ ചുണ്ടുകള്‍ തന്റെ പാദങ്ങളില്‍ പതിഞ്ഞത് അയാളറിഞ്ഞതേയില്ല.